Join Whatsapp Group. Join now!
Aster MIMS 10/10/2023

തലയോട്ടി കണ്ടെത്തി; യുവാവിന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്കയച്ചു

Kerala, kasaragod, news, Well, Deadbody, Postmortem, water, Youth, Head, Skull found; Dead body sent for post mortem ആനക്കാല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തലയോട്ടി കണ്ടെത്തി.
കാസര്‍കോട്: (www.kasargodvartha.com 21.10.2019) ആനക്കാല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തലയോട്ടി കണ്ടെത്തി. കിണറിലെ വെള്ളം വറ്റിച്ച് നടത്തിയ പരിശോധനയിലാണ് തലയോട്ടി കണ്ടെത്താനായത്. ഞായറാഴ്ച വൈകിട്ടോടെയാണ് കിണറ്റില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- പ്രമീള എന്ന ഫമീന ദമ്പതികളുടെ മകന്‍ ഷൈന്‍കുമാര്‍ എന്ന ഷാനവാസിന്റെ (27) മൃതദേഹമാണെന്ന് വ്യക്തമായി.

മൃതദേഹം പുറത്തെടുക്കുന്നതിനിടെയാണ് തല വേര്‍പെട്ടു പോയത്. മൃതദേഹം മുഴുവന്‍ അഴുകി ദ്രവിച്ചിരുന്നു. വെള്ളം വൃത്തികേടായിരുന്നതിനാല്‍ ഇറങ്ങി പരിശോധിക്കാനായിരുന്നില്ല. ഇതോടെയാണ് വെള്ളം വറ്റിച്ച് തലയോട്ടി കണ്ടെടുത്തത്. തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. യുവാവ് ഉപയോഗിച്ചിരുന്ന കറുത്ത മാലയും കൂളിംഗ് ഗ്ലാസും കിണറിന് 15 മീറ്റര്‍ അകലെയുള്ള ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്കിന് സമീപം കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണോ എന്ന സംശയത്തിലാണ് പോലീസിപ്പോള്‍.

മൂന്നു വര്‍ഷം മുമ്പ് ചെട്ടുംകുഴിയിലെ ഒരു വിവാഹ വീട്ടില്‍ വെച്ച് സുഹൃത്തുക്കളുമായുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്റെ കാലിനു പിന്നില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും അവിടെ സ്റ്റീലിടുകയും ചെയ്തിരുന്നു. ഇതുകൂടാതെ യുവാവ് ധരിച്ച മൂന്ന് സ്റ്റീല്‍ മോതിരവും കൈവിരലുകളിലുണ്ടായിരുന്നു. ഇതുകണ്ടാണ് മരിച്ചത് ഷാനവാസാണെന്ന് മാതാവും സഹോദരീ ഭര്‍ത്താവും തിരിച്ചറിഞ്ഞത്.

എറണാകുളത്തെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്ന ഷാനവാസ് മൂന്നു വര്‍ഷം മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ ആവശ്യത്തിനായി കഴിഞ്ഞ മാസം നാട്ടിലെത്തിയതായിരുന്നു. സെപ്തംബര്‍ 25ന് കോടതിയില്‍ ഹാജരായതിനു ശേഷം സുഹൃത്തായ സമൂസ റഷീദിനും, മറ്റൊരാള്‍ക്കുമൊപ്പം ബൈക്കില്‍ പോയതായിരുന്നു ഷാനവാസെന്നാണ് സഹോദരി ഭര്‍ത്താവ് നൗഷാദും മാതാവ് ഫമീനയും പറയുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ കുറിച്ച് ഇപ്പോള്‍ വിവരമില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഷാനവാസിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും സംശയിക്കുന്നതായും മാതാവും സഹോദരീ ഭര്‍ത്താവും കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Well, Deadbody, Postmortem, water, Youth, Head, Skull found; Dead body sent for post mortem