Join Whatsapp Group. Join now!
Aster MIMS 10/10/2023

കുഴികളടച്ച് ഒരുമാസം തികയും മുമ്പേ പാതാളക്കുഴികള്‍ രൂപപ്പെട്ടു; ദേശീയപാത അറ്റകുറ്റപണിയില്‍ കൃത്രിമമെന്ന് കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി

ജനങ്ങളുടെ ഏറെക്കാലത്തെ മുറവിളികള്‍ക്ക് ശേഷം അറ്റകുറ്റപ്പണി നടത്തിയ കാസര്‍കോട് - മംഗളൂരു ദേശീയപാത ഭാഗം ഒരു മാസം തികയും മുമ്പേ Kasaragod, Kerala, news, complaint, National highway, Road-damage, Minister, Irregularities in NH maintenance, Complaint lodged
മൊഗ്രാല്‍: (www.kasargodvartha.com 27.10.2019)  ജനങ്ങളുടെ ഏറെക്കാലത്തെ മുറവിളികള്‍ക്ക് ശേഷം അറ്റകുറ്റപ്പണി നടത്തിയ കാസര്‍കോട് - മംഗളൂരു ദേശീയപാത ഭാഗം ഒരു മാസം തികയും മുമ്പേ തകര്‍ന്ന് പഴയപടിയായി. പലയിടത്തും പാതാളക്കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ഏറെ നാളത്തെ മുറവിളിക്കൊടുവില്‍ ഈ മാസം ആദ്യമാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്.

കുമ്പള മുതല്‍ കാസര്‍കോട് വരെയുള്ള പാത വീണ്ടും തകര്‍ന്നിരിക്കുകയാണ്. പെര്‍വാഡ് മുതല്‍ മൊഗ്രാല്‍ പാലം വരെയുള്ള ദേശീയപാതയുടെ അവസ്ഥയാണ് ഏറെ ദയനീയം. അറ്റകുറ്റപ്പണി നടത്തിയെങ്കിലും പല കുഴികളും വീണ്ടും പഴയപടിയായിരിക്കുകയാണ്. വളരെ പ്രയാസപ്പെട്ടാണ് ഇത് വഴി വാഹനങ്ങള്‍ കടന്ന് പോവുന്നത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ച പല കുഴികളും മഴ പെയ്തതോടെ മെറ്റല്‍ ഇളകി വീണ്ടും പഴയ അവസ്ഥയിലായിരിക്കുകയാണ്.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നിരവധിയുള്ള മംഗളൂരുവിലേക്ക് നൂറു കണക്കിന് ആംബുലന്‍സുകളും സ്വകാര്യ വാഹനങ്ങളും കടന്ന് പോകുന്നത് തകര്‍ന്ന ഈ ദേശീയപാതയിലൂടെയാണ്. ദിവസേന സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്കും ദുരിത യാത്ര തന്നെ. സമയബന്ധിതമായി വാഹനങ്ങള്‍ക്ക് ഓടിയെത്താന്‍ കഴിയാറില്ല. ഇതിനു പുറമെയാണ് കുഴിവെട്ടിക്കാനുള്ള ശ്രമത്തില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്. പലപ്പോഴും വലിയ കുഴികളില്‍ വീണ് വാഹനങ്ങളുടെ ആക്‌സില്‍ ഒടിയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് കുഴിവെട്ടിക്കുന്നതിനിടെ പിറകില്‍ വന്ന വാഹനമിടിച്ച് ഇരുചക്രവാഹനയാത്രക്കാരന്‍ ദാരുണമായി മരിച്ചത്.

അറ്റകുറ്റപ്പണിയിലെ അപകാതയാണ് വീണ്ടും കുഴികള്‍ രൂപപ്പെടാന്‍ കാരണമായതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അറ്റകുറ്റപണിയില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് മൊഗ്രാല്‍ ദേശീയവേദി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിവേദനം നല്‍കി. ഇത്തരത്തില്‍ കൃത്രിമം കാണിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കയാണെന്നും അവര്‍ ആരോപിച്ചു.

പ്രസ്തുത പ്രവൃത്തികളുടെ തുക കരാറുകാര്‍ക്ക് അനുവദിക്കുന്നതിന് മുമ്പ് എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തി ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കുറ്റമറ്റ രീതിയില്‍ അറ്റകുറ്റപണികള്‍ ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് പുതിയ തുക അനുവദിക്കാതെ അവരോട് തന്നെ ആവശ്യപ്പെടണമെന്നും ദേശീയവേദി പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി റിയാസ് മൊഗ്രാല്‍ എന്നിവര്‍ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, complaint, National highway, Road-damage, Minister, Irregularities in NH maintenance, Complaint lodged < !- START disable copy paste -->