പുഴകളിലെയും നദികളിലെയും മണല്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം; വിജയിച്ചത് കാസര്‍കോട്ടെ വ്യവസായി യു കെ യൂസുഫിന്റെ നിയമപോരാട്ടം, പ്രളയത്തിന് കാരണം മണല്‍ നീക്കം ചെയ്യാത്തതാണെന്നും ഉന്നതാധികാര സമിതി

കാസര്‍കോട്: (www.kasargodvartha.com 12.10.2019)  പുഴകളിലെയും നദികളിലെയും മണല്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. കാസര്‍കോട് സ്വദേശിയും വ്യവസായിയുമായ യു കെ യൂസുഫ് രണ്ട് വര്‍ഷത്തോളമായി നടത്തിയ നിയമപോരാട്ടത്തിന്റെ വിജയം കൂടിയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. പുഴകളിലെയും നദികളിലെയും ഡാമുകളിലെയും മണല്‍ നീക്കം ചെയ്ത് ജനകീയ ആവശ്യങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് കാണിച്ച് രണ്ടു വര്‍ഷം മുമ്പാണ് യു കെ യൂസുഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കുകയും തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹര്‍ജിക്കാരന്റെ വാദത്തെ സര്‍ക്കാര്‍ അഭിഭാഷകരും കോടതിയില്‍ പിന്തുണക്കുകയാണ് ചെയ്തിരുന്നത്. മണല്‍ നിയമപരമായി ലഭ്യമാക്കുക വഴി മുടങ്ങിക്കിടക്കുന്ന നിര്‍മാണ മേഖല സജീവമാകുകയും നിലവില്‍ മണല്‍ മാഫിയകള്‍ കൈയ്യടക്കി വെച്ചിരിക്കുന്ന മണല്‍ യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് തന്നെ കഴിയുമെന്നതു തന്നെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം വഴി ഉണ്ടാകാന്‍ പോകുന്നതെന്ന് ഹര്‍ജിക്കാരനായ യു കെ യൂസുഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


2018ലെ മഹാപ്രളയത്തിലും ഈ വര്‍ഷത്തെ തീവ്രമഴയിലും പുഴകളിലും നദികളിലും അടിഞ്ഞുകൂടിയ മണലും എക്കല്‍ മണ്ണും നീക്കം ചെയ്യാന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. പുഴകളുടെയും നദികളുടെയും സംരക്ഷണത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും ഈ നടപടി അനിവാര്യമാണെന്നാണ് യോഗം വിലയിരുത്തിയത്.

മണല്‍ നീക്കല്‍ സംബന്ധിച്ച നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. ജലവിഭവം, തദ്ദേശ സ്വയംഭരണം വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ എന്നിവര്‍ അടങ്ങുന്നതാണ് കമ്മിറ്റി. പ്രളയകാലത്ത് അടിഞ്ഞുകൂടിയ അധിക മണലും എക്കലും അടിയന്തരമായി നീക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം കലക്ടര്‍മാര്‍ക്ക് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മണല്‍ നീക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ അംഗീകാരത്തോടെ മംഗളം, ചുള്ളിയാര്‍ ഡാമുകളില്‍ നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ മണല്‍ നീക്കാന്‍ ജലവിഭവ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും കീഴിലുള്ള ഡാമുകളില്‍ നിന്നും മണല്‍ നീക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തിയിട്ടുണ്ട്. ജലവിഭവം, വൈദ്യുതി, വനം വകുപ്പുകളെ ഏകോപിപ്പിച്ച് സമയബന്ധിതമായി ഇത് ചെയ്യണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്.

കാലവര്‍ഷത്തിനു ശേഷം ലഭിക്കുന്ന മഴവെള്ളം ഫലപ്രദമായി സംഭരിക്കുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കഴിയാവുന്നത്ര സ്ഥലങ്ങളില്‍ പരമാവധി മഴവെള്ളം സംഭരിക്കണം. അതോടൊപ്പം കുളങ്ങളും മറ്റു ജലസ്രോതസ്സുകളും ശുദ്ധീകരിക്കാനും നടപടി വേണമെന്നും തദ്ദേശസ്വയംഭരണ, ജലവിഭവ വകുപ്പുകളും ഹരിതകേരള മിഷനും യോജിച്ച് നവംബര്‍ മുതല്‍ തന്നെ ഈ പ്രവൃത്തി ആരംഭിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ഏകോപനത്തിന് സംവിധാനം ഉണ്ടാക്കാനും ഓരോ പഞ്ചായത്തിലും ഈ പരിപാടി കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്നും എല്ലാ മാസവും ഇക്കാര്യത്തിനായി അവലോകനം ചെയ്യണമെന്നുമാണ് തീരുമാനിച്ചിട്ടുള്ളത്.

യു കെ യൂസുഫ് 10 വര്‍ഷത്തോളമായി ഈ ആവശ്യങ്ങള്‍ വിവിധ വേദികളില്‍ ഉന്നയിച്ചുവരികയായിരുന്നു. അധികൃതര്‍ ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ച് ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞിരിക്കുന്നത്. സര്‍ക്കാരിന്റെ തീരുമാനം ഉണ്ടായതിനാല്‍ ഹര്‍ജി ഹൈക്കോടതിയില്‍ തീര്‍പ്പാക്കാനാണ് സാധ്യത.

Related News:
ഡാം- നദി നയം തിരുത്തണമെന്ന ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Driver, Sand, Government, Strike, Trending, Govt. decided to remove sand from Rivers  < !- START disable copy paste -->  
Previous Post Next Post