കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരം കഞ്ചാവ്- മയക്കുമരുന്ന്- മദ്യ മാഫിയകളുടെ ഇടത്താവളമായി മാറി

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരം കഞ്ചാവ്- മയക്കുമരുന്ന്- മദ്യ മാഫിയകളുടെ ഇടത്താവളമായി മാറി

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2019) കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കഞ്ചാവ്, മയക്കുമരുന്ന്, മദ്യ മാഫിയകളുടെ ഇടത്താവളമായി ഇവിടം മാറിയതായി ആക്ഷേപം. അന്യസംസ്ഥാനക്കാരുടെ വിളയാട്ടം മൂലം സന്ധ്യ മയങ്ങിയാല്‍ ഇതുവഴി കടന്നുപോകാന്‍ ആളുകള്‍ ഭയപ്പെടുന്നു. മത്സ്യമാര്‍ക്കറ്റ് പരിസരവും റെയില്‍വേ സ്റ്റേഷന്‍ പരിസരവും കേന്ദ്രീകരിച്ചാണ് ഇവരുടെ താവളം. റെയില്‍വേ സ്റ്റേഷനിലേക്ക് വരികയും പോകുകയും ചെയ്യുന്ന ആളുകള്‍ക്ക് നേരെ പലപ്പോഴും ഇവര്‍ ആക്രമം അഴിച്ചുവിടാറുണ്ട്. ഇവരുടെ അക്രമത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടവര്‍ നിരവധിയാണ്. കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകന് നേരെയും ആക്രമണശ്രമമുണ്ടായി.

മദ്യലഹരിയില്‍ എത്തിയ ഇയാള്‍ മാധ്യമപ്രവര്‍ത്തകനെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ നടപടി ഇല്ലാത്തതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ ഈ പരിസരം ഭീതിജനകമാണ്. ഇതിനിടയില്‍ വൈദ്യുതിബന്ധം നിലച്ചാല്‍ ഈ ഭാഗം പൂര്‍ണമായും ഇരുട്ടിലാകുകയും ചെയ്യും. രാത്രിയില്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി നഗരത്തിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നടന്നുപോകാന്‍ തന്നെ ഭയപ്പെടുന്നു. പലപ്പോഴും ഇവിടെ ചേരിതിരിഞ്ഞ് ഉണ്ടാകുന്ന സംഘട്ടനങ്ങളും യാത്രക്കാരെ പേടിപ്പെടുത്തുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രിമിനല്‍ പ്രതികള്‍, ഭിക്ഷാടന മാഫിയ എന്നിവയില്‍പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ പോലെ ഭീതി പരത്തുന്നത്.

പരാതികള്‍ നിരവധി ഉണ്ടായിട്ടും പോലീസോ നഗരസഭയോ ഇക്കാര്യത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മത്സ്യമാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ തമ്പടിച്ച് ജനങ്ങളില്‍ ഭീതി പരത്തുന്ന ക്രമിനലുകള്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം മാവുങ്കാലിലെ നീലകണ്ഠന്‍ തന്റെ കെ എല്‍ 60 എഫ് 984 ബൈക്ക് നിര്‍ത്തിയിട്ട് കണ്ണൂരില്‍ പോയി രാത്രി തിരിച്ചെത്തിയപ്പോള്‍ ബൈക്ക് മുഴുവനും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ഇതിന്റെ സീറ്റ് കവറുകളും മറ്റും കീറിപ്പറിച്ചിട്ടുണ്ട്. ഇതിന് സമാനമായ നിരവധി സംഭവങ്ങള്‍ ദിവസേന ഇവിടെ അരങ്ങേറാറുണ്ട്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kanhangad, Ganja, Liquor, Ganja gang disturbs peoples in Kanhangad
  < !- START disable copy paste -->