അങ്കണ്‍വാടികള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ അനുവദിച്ച 5 ലക്ഷം സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് തിരിച്ചുപിടിക്കാനള്ള ഭരണസമിതി തീരുമാനം 5 മാസം കഴിഞ്ഞിട്ടും നടപ്പായില്ല, പഞ്ചായത്തിന്റെ ഒളിച്ചുകളിക്കെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്

അങ്കണ്‍വാടികള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ അനുവദിച്ച 5 ലക്ഷം സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് തിരിച്ചുപിടിക്കാനള്ള ഭരണസമിതി തീരുമാനം 5 മാസം കഴിഞ്ഞിട്ടും നടപ്പായില്ല, പഞ്ചായത്തിന്റെ ഒളിച്ചുകളിക്കെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്

ബദിയടുക്ക: (www.kasargodvartha.com 11.10.2019) അങ്കണ്‍വാടികള്‍ക്ക് കളിപ്പാട്ടവും ഉപകരണങ്ങളും വാങ്ങാന്‍ പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപ സ്വകാര്യവ്യക്തിയുടെ അക്കൗണ്ടില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള ഭരണ സമിതി തീരുമാനം അഞ്ച് മാസം കഴിഞ്ഞിട്ടും നടപ്പായില്ല. ഇതേതുടര്‍ന്ന് പഞ്ചായത്തിന്റെ ഒളിച്ചുകളിക്കെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. ബദിയഡുക്ക പഞ്ചായത്തിലാണ് കളിപ്പാട്ടത്തിന് അനുവദിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിക്കാതെ ചിലര്‍ വീതിച്ചെടുത്തെന്ന ആരോപണം ഉയര്‍ന്നത്.

2017-18 സാമ്പത്തിക വര്‍ഷം പ്രോജക്ട് നമ്പര്‍ 170/18 പ്രകാരം അങ്കണ്‍വാടികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനുവേണ്ടി നീക്കിവെച്ച അഞ്ച് ലക്ഷം രൂപയിലാണ് വന്‍ അഴിമതി നടന്നത്. കളേഴ്‌സ് ഗിഫ്റ്റ് ആന്‍ഡ് കിഡ്‌സ് എന്ന സ്ഥാപനത്തിന് ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കാന്‍ 2018 മാര്‍ച്ച് മൂന്നിന് ചേര്‍ന്ന യോഗം തീരുമാനിക്കുകയും ഇതിനായി ഐസിഡിഎസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

കുട്ടികള്‍ക്കുള്ള നില്‍ക്കാമല്‍ ബ്രാന്‍ഡിന്റെ കസേര 1000 എണ്ണം (ഒന്നിന് 245 രൂപ), കുട്ടികള്‍ക്കുള്ള സൈക്കിള്‍ 41 എണ്ണം (1045 രൂപ ഒന്നിന്), കുട്ടികള്‍ക്കുള്ള കുതിര 41 എണ്ണം (ഒന്നിന് 999 രൂപ), ആറര അടി ഉയരമുള്ള അലമാര ഒരെണ്ണം (5999 രൂപ), നീല്‍ക്കാമലിന്റെ വലിയ കസേര 368 എണ്ണം (ഒന്നിന് 465 രൂപ) എന്നിവ വാങ്ങാനായിരുന്നു അഞ്ച് ലക്ഷം രൂപ നീക്കിവെച്ചത്.

കരാര്‍ നല്‍കിയ ഉടനെ കളേഴ്‌സ് ഗിഫ്റ്റ് ആന്‍ഡ് കിഡ്‌സിന് പണം മുന്‍കൂറായി നല്‍കുകയും ചെയ്തു. പണം കൈപ്പറ്റിയിട്ടും ഉപകരണങ്ങള്‍ സ്ഥാപനം എത്തിച്ചില്ല. ഇത് പിന്നീട് ഓഡിറ്റ് വിഭാഗം പിടിക്കുകയും പണം 18 ശതമാനം പലിശ സഹിതം സ്ഥാപനത്തില്‍ നിന്ന് തിരിച്ചുപിടിക്കാനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 2019 മെയ് മൂന്നിന് ചേര്‍ന്ന യോഗത്തില്‍ സ്ഥാപനത്തിനെതിരെ റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. എന്നാല്‍ ഇതുവരെയായിട്ടും സ്ഥാപനത്തിനെതിരെ യാതൊരുവിധ നടപടികള്‍ സ്വീകരിക്കുകയോ പണം തിരിച്ചുപിടിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പരാതി.

അതേസമയം, സ്ഥാപനത്തിന്റെ പേര് പറഞ്ഞ് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിലേക്കാണ് അഞ്ച് ലക്ഷം രൂപ മാറ്റിയതെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കുമ്പോള്‍ മുന്‍കൂറായി പണം നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം. മാത്രമല്ല, ഉപകരണങ്ങള്‍ എത്തിച്ച് വിദഗ്ദരെ കൊണ്ട് പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷം മാത്രമേ പണം നല്‍കാന്‍ പാടുള്ളൂ. ഇതെല്ലാം കാറ്റില്‍പറത്തി ശരിയായ മേല്‍വിലാസം പോലും വെളിപ്പെടുത്താത്ത ഒരു സ്ഥാപനത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ ഫണ്ട് ചിലര്‍ അടിച്ചുമാറ്റിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

അതേസമയം, കരാര്‍ ഏറ്റെടുത്തവര്‍ കൃത്യസമയത്ത് സാധനങ്ങള്‍ എത്തിക്കാത്തതിനാല്‍ ഓഡിറ്റ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം നല്‍കിയ പണത്തിന്റെ പലിശ കൂടി ഈടാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന് നോട്ടീസ് നല്‍കിയതായും കൂടാതെ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയതായും പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കളിപ്പാട്ടവും ഫര്‍ണീച്ചറുകളും എത്തിക്കാന്‍ പത്ത് ദിവസം മുമ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala, kasaragod, news, Panchayath, Badiyadukka, Corruption, complaint, Corruption in Badiyadukka Panchayath.

Keywords: Kerala, kasaragod, news, Panchayath, Badiyadukka, Corruption, complaint, Corruption in Badiyadukka Panchayath.