City Gold
news portal
» » » » » » » » » » » » ജയ്ശ്രീറാം വിളിച്ചുകൊണ്ട് ഒരു തെറ്റും ചെയ്യാത്ത നിരപരാധികളെ തല്ലിക്കൊല്ലുന്ന ഭ്രാന്തിനെപറ്റി ബി ജെ പിക്കും ആര്‍ എസ് എസിനും എന്താണ് പറയാനുള്ളത്?: ബിനോയ് വിശ്വം

കാസര്‍കോട്: (www.kasargodvartha.com 09.10.2019)
ജയ്ശ്രീറാം വിളിച്ചുകൊണ്ട് ഒരു തെറ്റും ചെയ്യാത്ത നിരപരാധികളെ തല്ലിക്കൊല്ലുന്ന ഭ്രാന്തിനെപറ്റി ബി ജെ പിക്കും ആര്‍ എസ് എസിനും എന്താണ് പറയാനുള്ളതെന്ന് സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം ചോദിച്ചു. കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. മോബ് ലിന്‍ച്ചിംഗ് എന്നത് പാശ്ചാത്യ വാക്കായതുകൊണ്ട് ആ വിഷയത്തില്‍ ചര്‍ച്ച വേണ്ട എന്നാണ് ആര്‍ എസ് എസും ബി ജെ പിയും ആവശ്യപ്പെടുന്നത്. ആ വാക്കിനെ ഇരുവരും ഭയപ്പെടുന്നതുകൊണ്ടാണ് ചര്‍ച്ച വേണ്ടെന്ന് അവര്‍ പറയുന്നത്. ഇതൊരു വാക്കിനെ പിടിച്ചുള്ള പ്രശ്നമല്ലിത്. ബി ജെ പി ക്കും ആര്‍ എസ് എസിനും ആ പ്രവര്‍ത്തിയെപറ്റി എന്താണ് പറയാനുള്ളതെന്നും ബിനോയ് വിശ്വം ചോദിച്ചു.

മോബ് ലിന്‍ച്ചിംഗ് എന്ന വാക്ക് പാശ്ചാത്യമാണെന്ന തൊടുന്യായം പറഞ്ഞുകൊണ്ട് യഥാര്‍ത്ഥ പ്രശ്നത്തിലെ സ്വന്തം കുറ്റം മൂടിവെക്കാനുള്ള രാഷ്ട്രീയ കൗശലമാണ് ആര്‍ എസ്എസും ബി ജെ പിയും കാണിക്കുന്നത്. ഈ ചര്‍ച്ചയില്‍ എല്ലാതലത്തിലും പ്രതിയാകേണ്ടത് ആര്‍ എസ് എസാണ്. ആര്‍ എസ് എസ് സര്‍ സംഘ്ചാലക് ആയ മോഹന്‍ഭഗവത് അദ്ദേഹത്തിന്റെ വിജയദശമി പ്രസംഗത്തില്‍ പറഞ്ഞത് ആ വാക്ക് പാശ്ചാത്യവാക്ക് എന്നാണ്. എന്നാല്‍ ആള്‍ക്കൂട്ടകൊലകള്‍ ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷത്ത് മുഴുവനും നടുക്കുന്ന യാഥാര്‍ത്ഥ്യമാണ്. സംസ്ഥാനങ്ങള്‍തോറും ആര്‍ എസ് എസിന്റെ മുന്‍കൈയില്‍ ബി ജെ പിയും ആര്‍എസ് എസും ചേര്‍ന്നൊരുക്കിയ ആശയ ചിന്തയുടെ കൂട്ടകൊലകള്‍ നിരന്തരമുണ്ടാകുന്നുണ്ട്. പശുവിന്റെ പേരില്‍, ശ്രീരാമസേനയുടെ പേരില്‍, വെളിയിടത്തില്‍ വിസര്‍ജ്ജനം നടത്തിയതിന്റെ പേരില്‍ തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ കൊലപാതക പരമ്പരകള്‍. ഈ പരമ്പരയാണ് അടൂര്‍ ഗോപാലകൃഷ്ണനെയും അദ്ദേഹത്തെപോലെയുള്ള രാജ്യം മാനിക്കുന്ന 49 പ്രമുഖരായ ബുദ്ധിജീവികളെ നടുക്കിയത്. ആ നടുക്കം ഇന്ത്യ മൊത്തം ഏറ്റുവാങ്ങിയ നടുക്കമാണ്. ആ നടുക്കം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇത്തരം സംഭവത്തില്‍ ജയ്ശ്രീറാം വിളികള്‍ കൊലവിളിയായി മാറിക്കൂട എന്ന് ഉറപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് രാജ്യം മാനിക്കുന്ന പ്രമുഖരായ സാംസ്‌കാരിക നായകര്‍ ഉള്‍പ്പെടെയുള്ളവര്‍ കത്ത് എഴുതിയത്. ആ കത്തിന്റെ പേരിലാണ് അവര്‍ക്കെതിരെ ദേശദ്രോഹത്തിന്റെ പേരില്‍ കേസെടുക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതക പരമ്പരകളുമായി ആര്‍ എസ് എസും ബി ജെ പിയും ജനങ്ങളെ എല്ലാതലങ്ങളിലും വേട്ടായാടുമ്പോഴാണ് കോണ്‍ഗ്രസിന്റെ മൗനം നമ്മളെ അമ്പരപ്പിക്കുന്നത്. ഇതില്‍ മാത്രമല്ല, എല്ലാ മൂര്‍ത്തമായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളിലും കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. ബി ജെ പിയുടെ മുമ്പില്‍ കോണ്‍ഗ്രസ് പരിപൂര്‍ണമായ വിധേയത്വം പ്രഖ്യാപിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കന്മാര്‍ കൂട്ടംകൂട്ടമായി ബി ജെ പിയിലേക്ക് ഒഴുകി പോവുകയാണ്. ഇപ്പോഴും ഒഴുക്ക് അവസാനിച്ചിട്ടില്ല. ബി ജെ പിയിലേക്ക് ആളെ കൊടുക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. ഒരുതരം അങ്കമാലി റെയില്‍വേ സ്റ്റേഷനായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പരിഹസിച്ചു. മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയെന്ന് വലിയ അക്ഷരത്തില്‍ എഴുതി അതിന് താഴെ ബി ജെ പിയിലേക്ക് എത്തുവാന്‍ ഇതിലോട്ട് കയറുക എന്ന് എഴുതിവെച്ചിരിക്കുകയാണെന്ന് അങ്കമാലി റെയില്‍വേ സ്റ്റേഷനിലെ ബോര്‍ഡിന് ഉദാഹരണമായി കാണിച്ച് അദ്ദേഹം പറഞ്ഞു.

ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് ആ ജനങ്ങള്‍ കോണ്‍ഗ്രസിനെയും ബി ജെ പി -ആര്‍ എസ് എസ് കൂട്ടുകെട്ടിനെയും തോല്‍പ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ നിര്‍ണായകമായ പങ്കുവഹിക്കേണ്ട സംസ്ഥാനമാണ് കേരളം. ആര്‍ എസ് എസ് കെട്ടഴിച്ചുവിട്ട വര്‍ഗീയം ജനങ്ങളെ വേട്ടയാടുമ്പോള്‍ ആ ഭയത്തില്‍ നിന്ന് മുക്തമായ രാജ്യമായി ഇന്ത്യയെ മാറ്റുവാന്‍ വഴികാണിക്കേണ്ടത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് എല്‍ ഡി എഫ് ഒറ്റക്കെട്ടായി ഈ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അഞ്ച് മണ്ഡലങ്ങളിലും പാലായിലെ വിജയം ആവര്‍ത്തിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സി പി ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി, സംസ്ഥാന കൗണ്‍സിലംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, BJP, RSS, CPI, cow, Prime Minister, case, Press Club, Binoy Vishwam against BJP on Mob lynching

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date