Join Whatsapp Group. Join now!
Aster MIMS 10/10/2023

'ജനകീയം ഈ അതിജീവനം'; പ്രളയദുരന്തത്തില്‍ നിന്നും ഉയര്‍ത്തിയെഴുന്നേല്‍പ്പിന്റെ സ്മരണകളുമായ അതിജീവനം സെമിനാര്‍

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയ ദുരന്തത്തില്‍ നിന്നും കേരളീയ സമൂഹം ഉയര്‍ത്തെഴുന്നേറ്റ് വന്നതിന്റെ ത്യാഗോജ്ജ്വലമായ Kasaragod, Kerala, news, Seminar, Top-Headlines, Seminar conducted with subject of Kerala flood
കാസര്‍കോട്: (www.kasargodvartha.com 20.07.2019) കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയ ദുരന്തത്തില്‍ നിന്നും കേരളീയ സമൂഹം ഉയര്‍ത്തെഴുന്നേറ്റ് വന്നതിന്റെ ത്യാഗോജ്ജ്വലമായ സ്മരണകളുമായി കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 'ജനകീയം ഈ അതിജീവനം' സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു.

പ്രളയകാലത്ത് കേരളീയ സമൂഹം കാഴ്ചവച്ച മാനവികതയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അതിജീവനത്തിനുള്ള ആത്മധൈര്യം നല്‍കുന്നവയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിവിധങ്ങളായി വിഭജിക്കപ്പെട്ടിരുന്ന മലയാള സമൂഹം ദുരന്തനാളുകളില്‍ എല്ലാ വ്യത്യാസങ്ങളും മറന്നു അതിജീവനത്തിനായി പ്രവര്‍ത്തിച്ചു. മനസുവച്ചാല്‍ മാനവികതയുടെ ഉത്തമ മാതൃക സൃഷ്ടിക്കാമെന്നും കേരളീയര്‍ തെളിയിച്ചെന്നും പ്രളയം പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നമുക്ക് കൂടുതല്‍ മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സാമൂഹിക മേഖലകളില്‍ കേരള മാതൃക സൃഷ്ടിച്ച സംസ്ഥാനത്തിന് പ്രളയ അതിജീവനത്തിലും മാതൃകയാവാന്‍ സാധിച്ചെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലേക്ക് ജില്ലാ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച നൈപുണ്യ സേന 480 വീടുകളില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ പ്രശംസ നേടിയതായി അദ്ദേഹം പറഞ്ഞു. ആപത്തിനെ അവസരമായി കണ്ട് വിദ്യാര്‍ത്ഥികളില്‍ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ശക്തമായ ബോധവല്‍ക്കരണം നടത്താനായെന്നും ഇതുവഴി മുപ്പത് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പരിസരപ്രദേശങ്ങളില്‍ നിന്നും പാഴ്വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച ഒരുലക്ഷം രൂപയിലധികം നവകേരള നിര്‍മ്മിതിക്ക് സംഭാവന ചെയ്തതായും അദ്ദേഹം പറഞ്ഞു.

പ്രളയ കാലത്ത് എറണാകുളം ജില്ലയില്‍ തഹസില്‍ദാരായി സേവനമനുഷ്ടിച്ചിരുന്ന ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) പി ആര്‍ രാധിക അന്ന് നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പങ്കുവച്ചു. ദുരന്തസമയത്ത് ജില്ലയിലെ ഐടി പ്രൊഫഷണലുകള്‍ രാപ്പകല്‍ ഭേദമന്യേ നടത്തിയ നിസ്വാര്‍ത്ഥ സേവനം മറക്കാനാവാത്തതാണ്. മലയാളികളെന്നതിലുപരി മനുഷ്യര്‍ക്ക് എത്ര പെട്ടെന്ന് അടുക്കുവാനും പിന്നീട് അതേവേഗത്തില്‍ അകലാനും സാധിക്കുമെന്ന് പ്രളയം പഠിപ്പിച്ചു. മനുഷ്യജീവിതങ്ങളുടെ വ്യത്യസ്ഥമായ കാഴ്ചകള്‍ പ്രളയകാലത്ത് കാണാനായെന്നും ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു.

പ്രളയ ദുരന്തത്തില്‍ നിന്നും അതിജീവിക്കാനുള്ള നവകേരള നിര്‍മ്മിതിക്കായി ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയ ഉദുമ സ്വദേശി പി.എ രവീന്ദ്രനെ യോഗത്തില്‍ ജില്ലാ കളക്ടര്‍ ആദരിച്ചു. സഹകരണ വകുപ്പിന്റ കെയര്‍ ഹോം പദ്ധതി പ്രകാരം ജില്ലയില്‍ ഏഴു വീടുകള്‍ നിര്‍മ്മിച്ച സഹകരണ സംഘങ്ങളെ ജില്ലാ പ്രസിഡന്റ് ആദരിച്ചു. മൂന്നു വീടുകള്‍ നിര്‍മ്മിച്ച ഉദയപുരം ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം, ഓരോ വീടുകള്‍ നിര്‍മ്മിച്ച കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘം, കാടകം, മഞ്ചേശ്വരം, തായന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നീ സ്ഥാപനങ്ങളെയാണ് ആദരിച്ചത്. എഡിഎം:എന്‍.ദേവീദാസ്, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.വത്സന്‍, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) കെ.മുരളീധരന്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

നവകേരള നിര്‍മ്മാണത്തിനായി കാസര്‍കോട് നല്‍കിയ സഹായങ്ങള്‍ വിലമതിക്കാനാകാത്തത്: ജില്ലാ കളക്ടര്‍

സംസ്ഥാനം നേരിട്ട നൂറ്റാണ്ടിലെ വലിയ പ്രളയം ജില്ലയെ താരതമ്യേന ബാധിച്ചിരുന്നില്ലെങ്കിലും കാസര്‍കോട്ടുകാര്‍ നവകേരള നിര്‍മ്മാണത്തിനായി നല്‍കിയ സഹായ സഹകരണങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. പ്രളയ ദുരന്തത്തിന്റെ ഓര്‍മ്മകളുണര്‍ത്തി കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ പ്രളയ സമാനമായ സ്ഥിതിയുണ്ടായിട്ടും ദുരിതബാധിതര്‍ക്കായി പരമാവധി സഹായമെത്തിക്കുന്നതിലായിരുന്നു പൊതുസമൂഹത്തിന്റെ ശ്രദ്ധ. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഫലപ്രദമായി സഹായങ്ങള്‍ സമാഹരിക്കുന്നതിനായി സാധിച്ചു. പൊതുജനങ്ങളുടെ പിന്തുണയോടെ മറ്റു ജില്ലകളിലേക്ക് 18 ലോഡ് സാധന സാമഗ്രികള്‍ എത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളില്‍ നിന്നും 7.60 കോടിരൂപ സമാഹരിച്ചു. 23.67 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. പ്രളയ പുനരധിവാസത്തിനായി ഉദുമ കഞ്ഞിക്കുളങ്ങര പി എ നിവാസിലെ അപ്പക്കുഞ്ഞിയുടെ മകന്‍ പി എ രവീന്ദ്രനും കുടുംബവും ഒരേക്കര്‍ ഭൂമിയാണ് നല്‍കിയത്. കൂടാതെ ജില്ലയില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും യാനങ്ങളും പ്രളയമുഖത്ത് സഹായം ലഭ്യമാക്കിയിരുന്നു. ജില്ലാ ഭരണകൂടം സമാഹരിച്ച സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ വ്യക്തികളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രളയ ദുരിതബാധിതരെ അകമഴിഞ്ഞ് സഹായിച്ചതിനെയും കളക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Seminar, Top-Headlines, Seminar conducted with subject of Kerala flood
  < !- START disable copy paste -->