Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്- മംഗളൂരു ദേശീയപാത തകര്‍ച്ച പൂര്‍ണം; കുലുക്കമില്ലാതെ അധികൃതര്‍

യാത്രക്കാര്‍ക്ക് പേടി സ്വപ്നമായി മാറുകയാണ് കാസര്‍കോട് ജില്ലയിലെ ദേശീയപാത. മഴ കനത്തതോടെ മംഗളൂരു- കാസര്‍കോട് Kasaragod, Kerala, news, Top-Headlines, National highway, Road-damage, Protest, Kasaragod-Mangalore National Highway completely damaged
കാസര്‍കോട്: (www.kasargodvartha.com 21.07.2019) യാത്രക്കാര്‍ക്ക് പേടി സ്വപ്നമായി മാറുകയാണ് കാസര്‍കോട് ജില്ലയിലെ ദേശീയപാത. മഴ കനത്തതോടെ മംഗളൂരു- കാസര്‍കോട് ദേശീയപാതയുടെ തകര്‍ച്ച പൂര്‍ണമായി. മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കുകള്‍ ജില്ലയുടെ ഗതാഗത സംവിധാനത്തെ നിശ്ചലമാക്കുകയാണ്. ജില്ലയിലെ ദേശീയപാത വികസനത്തില്‍ അധികൃതര്‍ വരുത്തിയ വീഴ്ചയുടെ ഫലമാണ് യാത്രക്കാര്‍ ഇന്ന് അനുഭവിക്കുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്.

ജില്ലയുടെ ജീവനാഡിയായ ദേശീയപാത സമയബന്ധിതമായി വിപുലീകരിക്കാനോ, അറ്റകുറ്റപ്പണികള്‍ നടത്താനോ അധികൃതര്‍ തയ്യാറാവുന്നില്ല. ഇത് പൂര്‍ണമായ റോഡ് തകര്‍ച്ചയ്ക്ക് കാരണമായി. റോഡുകള്‍ എത്ര മോശമായ കാലാവസ്ഥയിലായാലും സഞ്ചാരയോഗ്യമാക്കണമെന്ന് കോടതികള്‍ പല തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ അതിന് തയ്യാറായില്ല. കാലവര്‍ഷ കാലങ്ങളിലെ പതിവ് തെറ്റിക്കാതെ ജില്ലയിലെ റോഡുകള്‍ ഇത്തവണയും മരണ കുഴികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. കുഴിയുള്ള പാതയിലൂടെ യാത്രചെയ്ത് യാത്രക്കാരുടെ നടുവൊടിയുകയാണ്. വര്‍ഷംതോറും തകര്‍ന്നുതരിപ്പണമാകുന്ന റോഡുകളുടെ ഉത്തരവാദിത്വം മഴയുടെ തോളില്‍ ചാരിവെച്ചൊഴിയുകയാണ് അധികൃതര്‍ ചെയ്യുന്നത്. മഴക്കാലത്തെ അതിജീവിക്കാനാവാത്ത റോഡുകള്‍ക്ക് വേണ്ടിയാണ് അറ്റകുറ്റപ്പണികള്‍ എന്നപേരില്‍ വഴിപാടുപോലെ വര്‍ഷാവര്‍ഷം കോടികള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. വെള്ളം ഒഴുകി പോകാന്‍ സൗകര്യം ഇല്ലാത്തതാണ് ജില്ലയിലെ റോഡ് തകര്‍ച്ചയ്ക്ക് മുഖ്യ കാരണമാകുന്നത്. ഓവുചാലുകളോക്കെ അടഞ്ഞുകിടന്ന് വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. മഴയ്ക്ക് മുമ്പ് ഇവ നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തതും അധികൃതരുടെ അനാസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് മറ്റൊരു പ്രശ്‌നം. വാഹനങ്ങളുടെ എണ്ണമോ അവ വഹിക്കുന്ന ഭാരമോ കണക്കിലെടുക്കുന്നില്ല. അടിത്തറ പോലുമില്ലാതെ നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് അല്‍പായുസ്സ് ആണുള്ളത്. ഗുണനിലവാര പരിശോധനകളില്ലാത്തതും അഴിമതിയും റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിയാന്‍ കാരണമാകുന്നു. അതിനിടെ നിര്‍മാണത്തിലെ അപാകതകളും താത്കാലിക അറ്റകുറ്റപ്പണികളും സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനത വര്‍ദ്ധിക്കാന്‍ കാരണമാകുന്നുവെന്ന വിലയിരുത്തല്‍ നേരത്തെയുണ്ട്.

റോഡുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കണ്‍ട്രോളര്‍ ലാബ് ആരംഭിക്കുമെന്ന പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി. നിലവിലുള്ള റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനോടൊപ്പം നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നേരത്തെ പദ്ധതിക്കു രൂപം നല്‍കിയിരുന്നത്. റോഡുകളുടെ ഗുണനിലവാരവും യാത്രാ സുഖവും ദീര്‍ഘകാലം നിലനില്‍ക്കുമെന്ന പരിഗണനയും വെച്ചാണ് റോഡുകളെല്ലാം തന്നെ ബി എം ബി സി (വിറ്റമിന്‍ മെക്കാഡം വിറ്റമിന്‍ കോണ്‍ക്രീറ്റ്) നിലവാരത്തിലേക്ക് മാറിയെങ്കിലും റോഡുകളുടെ ആയുസ് കുറയുന്ന കാഴ്ചയാണ് കാണുന്നത്. ഇത് വലിയ അഴിമതിയിലേക്കാണ് വിരല്‍ചൂണ്ടുന്നതും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, National highway, Road-damage, Protest, Kasaragod-Mangalore National Highway completely damaged
  < !- START disable copy paste -->