Join Whatsapp Group. Join now!
Aster MIMS 10/10/2023

ചികിത്സയും ഓണ്‍ലൈനിലേക്ക്; കാര്യങ്ങള്‍ ഇനി ഹെല്‍ത്ത് കാര്‍ഡ് നോക്കിക്കോളും, മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതി ആരംഭിച്ചു

സംസ്ഥാനത്തിന്റെ ആരോഗ്യവികസനത്തിന് ഊര്‍ജം പകര്‍ന്ന് കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഇ- ഹെല്‍ത്ത് പദ്ധതി ജില്ലയിലും പ്രചാരം Kasaragod, Kerala, news, health, Treatment, Mogral puthur, E-Health project started in Mogral Puthur CHC
കാസര്‍കോട്: (www.kasargodvartha.com 17.06.2019) സംസ്ഥാനത്തിന്റെ ആരോഗ്യവികസനത്തിന് ഊര്‍ജം പകര്‍ന്ന് കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഇ- ഹെല്‍ത്ത് പദ്ധതി ജില്ലയിലും പ്രചാരം നേടുന്നു. ആരോഗ്യമേഖലയില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ ഇ-ഹെല്‍ത്ത് പദ്ധതി മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും ആരംഭിച്ചു. ഇതോടെ കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ചികിത്സാ രേഖകളൊന്നുമില്ലാതെ ഹെല്‍ത്ത് കാര്‍ഡ് മാത്രമുപയോഗിച്ച് ചികിത്സ നേടാന്‍ സാധിക്കും.


ആധാര്‍ ഇ-ഹെല്‍ത്തുമായി ലിങ്ക് ചെയ്തവര്‍ക്കാണ് യുണീക് ഹെല്‍ത്ത് ഐഡി (യുഎച്ച്ഐഡി) കാര്‍ഡ് നല്‍കുന്നത്. ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ ആധാര്‍നമ്പര്‍ റിസപ്ഷന്‍ കൗണ്ടറില്‍ നല്‍കിയാല്‍ ഐഡി കാര്‍ഡ് ലഭിക്കും. ഇതോടൊപ്പം ആധാര്‍ ലിങ്ക് ചെയ്യുന്ന വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍, നേരത്തെയുണ്ടായിരുന്ന രോഗവിവരങ്ങള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍, ജീവിച്ചു വരുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയ ആരോഗ്യസംബന്ധമായ എല്ലാ വിവരങ്ങളും രേഖപ്പെടുത്തും.

ചികിത്സയുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം ഹെല്‍ത്ത് കാര്‍ഡിലേക്ക് ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യും. ഈ കാര്‍ഡ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ക്ക് ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും മനസ്സിലാക്കാം. വീട്ടിലിരുന്നു കൊണ്ടു തന്നെ രോഗികള്‍ക്ക് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കാനും ലാബ്, ഫാര്‍മസി തുടങ്ങിയവയിലേക്കുള്ള ടോക്കണ്‍ എടുക്കാനും ഇതുവഴി ഒപിയിലെ തിരക്ക് ഒഴിവാക്കാനും സാധിക്കും. ഇ-ഹെല്‍ത്തുമായി ബന്ധിപ്പിച്ചിട്ടുള്ള കേരളത്തിലെ ഏത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടേയും ടോക്കണും ഈ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും  ലഭിക്കും. രോഗികള്‍ ചികിത്സ രേഖകള്‍ കൊണ്ടു പോകേണ്ട ആവശ്യമില്ല. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ പകര്‍ച്ചവ്യാധികളും മറ്റും നേരത്തെ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇ-ഹെല്‍ത്ത് പദ്ധതി സഹായിക്കും. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കാനും ഹെല്‍ത്ത് കാര്‍ഡ് സംവിധാനം പ്രയോജനപ്പെടും.

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ 70 ശതമാനം വീടുകളും നിലവില്‍ ഇ-ഹെല്‍ത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് നൂറുശതമാനമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരുന്നു. സംസ്ഥാനത്ത് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആദ്യത്തെ എഫ്എച്ച്സിയാണ് ഈ കേന്ദ്രം. ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമാണ് മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം.

ഇ ഹെല്‍ത്ത് പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. നാസ്മില്‍ ജെ നസീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫ്, പഞ്ചായത്ത് അംഗം ഇ പ്രമീള, ഇ-ഹെല്‍ത്ത് കോഡിനേറ്റര്‍ സജിത, ആശുപത്രി വികസന സമിതി അംഗം നാം ഹനീഫ്, ഫാര്‍മസിസ്റ്റ് രതീഷ്, ആശുപത്രി ജീവനക്കാര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, news, health, Treatment, Mogral puthur, E-Health project started in Mogral Puthur Family Health Centre
  < !- START disable copy paste -->