City Gold
news portal
» » » » » » » » » » » ജില്ലയുടെ വികസനത്തിന് പിണറായിയെയും മോദിയെയും നേരില്‍കാണും; ആദ്യപരിഗണന ആരോഗ്യ, കുടിവെള്ള പദ്ധതികള്‍ക്ക്, കാസര്‍കോട്ട് കേന്ദ്ര മെഡിക്കല്‍ കോളജ് കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്ന് ഉണ്ണിത്താന്‍, ഇനി ശത്രുക്കളില്ല, എല്ലാവരും മിത്രങ്ങള്‍, കാസര്‍കോട് വഴി പോകുന്ന ഒരു ട്രെയിനും ഇനി നിര്‍ത്താതെ പോകില്ലെന്ന് നിയുക്ത എം പിയുടെ ഉറപ്പ്

കാസര്‍കോട്: (www.kasargodvartha.com 24.05.2019) ജില്ലയുടെ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നേരില്‍കാണുമെന്നും ആദ്യപരിഗണന ആരോഗ്യ- കുടിവെള്ള പദ്ധതികള്‍ക്കായിരിക്കുമെന്നും നിയുക്ത എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. എം പിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കാസര്‍കോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍.

 

കാസര്‍കോട്ട് കേന്ദ്ര സര്‍വ്വകലാശാലയുടെ ഭാഗമായി മെഡിക്കല്‍ കോളജ് കാസര്‍കോട്ട് കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നും ഉണ്ണിത്താന്‍ ഉറപ്പ് നല്‍കി. കാസര്‍കോട് വഴി പോകുന്ന ഒരു ദീര്‍ഘദൂര ട്രെയിനും ഇനി കാസര്‍കോട്ട് നിര്‍ത്താതെ പോകില്ലെന്നും നിയുക്ത എം പി വ്യക്തമാക്കി. ഇനി എനിക്ക് ശത്രുക്കളില്ല, മിത്രങ്ങള്‍ മാത്രമാണുള്ളത്. വെറുപ്പിന്റെയും പകയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഇല്ലാതാക്കണം. ശാന്തിയും സമാധാനവും പുലരണം. രാഷ്ട്രീയ പരിഗണനയില്ലാതെ മണ്ഡലത്തിലെ ജനങ്ങളെ സേവിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മണ്ഡലത്തിന്റെ സമഗ്ര വികസനം മാത്രമാണ് എന്റെ ലക്ഷ്യം. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തു നിന്നും കാസര്‍കോടിന് അര്‍ഹതപ്പെട്ട പദ്ധതികളും വിഹിതവും വാങ്ങിച്ചെടുക്കും. രാഷ്ട്രീയമായി അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും കാസര്‍കോട് മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരില്‍ കണ്ടു ചര്‍ച്ച ചെയ്യുകയും കിട്ടാനുള്ളത് വാങ്ങിക്കുകയും ചെയ്യും. വികസനം വേറെ രാഷ്ട്രീയം വേറെ എന്നതായിരിക്കും എന്റെ നയം. മണ്ഡലത്തിലെ ജനങ്ങളുടെ ആരോഗ്യ, കുടിവെള്ള പ്രശ്‌നങ്ങള്‍ക്കാണ് മുന്തിയ പരിഗണന കൊടുക്കുക. 12 നദികള്‍ ഉണ്ടായിട്ടും വേനല്‍ കാലത്ത് കടുത്ത വരള്‍ച്ച നേരിടുന്ന ജില്ലയാണ് കാസര്‍കോട്. മണ്ഡലത്തില്‍ നേരത്തെ പ്രഖ്യാപിച്ച രണ്ട് മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കും. കേന്ദ്ര സര്‍വ്വകലാശാല മെഡിക്കല്‍ കോളേജ്, ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് എന്നിവ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ കോളേജ് പത്തനംതിട്ടയിലേക്ക് മാറ്റുന്നു എന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും അങ്ങോട്ട് പോയിട്ടില്ല. കാസര്‍കോട് ജില്ലയില്‍ ഉന്നത മെഡിക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരാതിരിക്കാന്‍ മംഗളൂരുവില്‍ വലിയ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയ നേതാക്കള്‍ക്കും ആ കച്ചവടത്തില്‍ പങ്കുണ്ട്. അത് തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കും. അത്തരക്കാരെ പൊതുജന മധ്യത്തില്‍ കൊണ്ടുവരുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രഖ്യാപിച്ചിരുന്ന എയിംസ് കാസര്‍കോട് കൊണ്ടുവരാന്‍ ഇതുവരെ എം പി ഒന്നും ചെയ്തില്ല. കിഡ്നി രോഗികള്‍ ഏറെയുള്ള മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ എം പി ഫണ്ടില്‍ നിന്ന് പണം ചിലവഴിക്കും. ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തും. മഴക്കാലം വന്നാല്‍ കയറി നില്‍ക്കാന്‍ പോലും സൗകര്യം ഇല്ലാതെ ജനങ്ങള്‍ കഷ്ടപ്പെടുന്ന മണ്ഡലത്തിലെ റെയില്‍വേ വികസനവും കാസര്‍കോട് എച്ച് എ എല്‍ (ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്കല്‍ ലിമിറ്റഡ്) പ്രതിസന്ധിയും പരിഹരിക്കാന്‍ പരിശ്രമിക്കും. എം പിയായി ആദ്യം ഡല്‍ഹിയില്‍ പോയി തിരിച്ചുവരുന്നത് ഏതെങ്കിലും ഒരു ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചു കൊണ്ടായിരിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

പ്രസ് ക്ലബ് പ്രസിഡണ്ട് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. അഡ്വ. സി കെ ശ്രീധരന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവരും പങ്കെടുത്തു. സെക്രട്ടറി കെ വി പത്മേഷ് സ്വാഗതം പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Development project, Unnithan About Development of Kasaragod
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date