കിടപ്പാടമില്ലാത്ത 10 പേര്‍ക്ക് ഭൂമി നല്‍കി റമദാനില്‍ ഇബ്രാഹിമിന്റെ കാരുണ്യസ്പര്‍ശം; ഒപ്പം 2500 പേര്‍ക്ക് റമദാന്‍ കിറ്റും

കിടപ്പാടമില്ലാത്ത 10 പേര്‍ക്ക് ഭൂമി നല്‍കി റമദാനില്‍ ഇബ്രാഹിമിന്റെ കാരുണ്യസ്പര്‍ശം; ഒപ്പം 2500 പേര്‍ക്ക് റമദാന്‍ കിറ്റും

കാസര്‍കോട്:(www.kasargodvartha.com 13/05/2019) കിടപ്പാടമില്ലാത്ത 10 പേര്‍ക്ക് ഭൂമി നല്‍കി ഖത്തറിലെ വ്യവസായിയും കാസര്‍കോട് ബെള്ളൂര്‍ നെട്ടണിഗെ സ്വദേശിയുമായ ഇബ്രാഹിം മദക്കത്തിന്റെ കാരുണ്യസ്പര്‍ശം. 11 വര്‍ഷമായി റമദാനിലും ഓണത്തിനും നാട്ടിലെ ജനങ്ങള്‍ക്ക് ഇബ്രാഹിം സഹായമെത്തിക്കുന്നു. 2500 പേര്‍ക്ക് റമദാന്‍ കിറ്റും 10 പേര്‍ക്ക് അഞ്ച് സെന്റ് വീതം നല്‍കുന്ന ഭൂമിയുടെ ആധാരവും കഴിഞ്ഞ ദിവസം നെട്ടണിഗെയിലെ വീട്ടുപരിസരത്ത് നടന്ന ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.


സഹായം നല്‍കുന്നതിനായി ഒരാഴ്ച മുമ്പാണ് അദ്ദേഹം നാട്ടിലെത്തിയത്. ബെള്ളൂര്‍ നെട്ടണിഗെ വില്ലേജിലാണ് ഭൂമി നല്‍കിയത്. ഇദ്ദേഹത്തിന്റെ കീഴിലുള്ള പള്ളപ്പാടി മദക്കം ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് സഹായവിതരണം നടത്തുന്നതിന് ചുക്കാന്‍ പിടിക്കുന്നത്. ഒരു മാസത്തേക്കുള്ള അവശ്യസാധനങ്ങളടങ്ങിയതാണ് കിറ്റ്.

കഴിഞ്ഞ 33 വര്‍ഷമായി ഖത്തറില്‍ ബിസിനസുകാരനാണ് ഇബ്രാഹിം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായാണ് ഇത്തവണ കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമി കൂടി വിതരണം ചെയ്തത്. നേരത്തെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള മലയോരമേഖലയില്‍ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേരിലേക്ക് സഹായം എത്തിക്കാനാണ് ശ്രമമെന്ന് ഇബ്രാഹിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.റിലീഫ് പരിപാടി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ എം എ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഖാസി ത്വാഖ അഹ് മദ് മൗലവി കൂട്ടു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ മദക്കം, സെയ്‌സ് ഇബ്രാഹിം മദക്കം, സൂഫി തങ്ങള്‍ ബെള്ളാരെ, ഷംസുദ്ദീന്‍ കിന്നിങ്കാര്‍, എം സി പള്ളിക്കുഞ്ഞി ഹാജി, ബഷീര്‍ മുസ്ല്യാര്‍, മൂസ സഖാഫി, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ സംസാരിച്ചു. ബെള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു.

ഖത്തറില്‍ ചുമട്ട് തൊഴിലാളിയായും വീട്ടുജോലിക്ക് നിന്നും പ്രവാസജീവിതത്തിന് തുടക്കം കുറിച്ച ഇബ്രാഹിം ഖത്തറിലെ പെനിസ്വല റെന്റ് എ കാര്‍ സ്ഥാപനത്തിന്റെ ഉടമയാണ്. ഇതിന് പുറമെ നാട്ടിലും റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപങ്ങളുണ്ട്. ജീവിതത്തിന്റെ ഉന്നതിയില്‍ എത്തുമ്പോഴും തന്റെ ഇന്നലെകളെയും നാട്ടുകാരെയും മറക്കാത്ത ഇബ്രാഹിം കാരുണ്യ പ്രവര്‍ത്തനത്തിന്റെ വേറിട്ട മുഖമാവുകയാണ്.Related News:

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഭക്ഷണസാധനങ്ങളുമായി ഇബ്രാഹിം മദക്കത്തിന്റെ കാരുണ്യ വഴി

 എ അബ്ദുര്‍ റഹ് മാനും ഇബ്രാഹിം മദക്കത്തിനും സ്വീകരണം നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Students, Inauguration, Financial aid by Ibrahim