City Gold
news portal
» » » » » » » » » » » എന്തുകൊണ്ട് ഉണ്ണിത്താന്‍ പാര്‍ലമെന്റിലെത്തണം?

കാസര്‍കോട്: (www.kasargodvartha.com 19.04.2019) ദേശീയ രാഷ്ട്രീയം എല്ലാവിധത്തിലുള്ള പ്രതിസന്ധികളും നേരിടുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ കരുത്തുറ്റ ഭാവി മുന്നില്‍ കണ്ട് ഒരു ജനാധിപത്യ മതേതരത്വ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന പൊതുചിന്ത ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനോടുള്ള ജനങ്ങളുടെ സമീപനം അനുകൂലമായിരിക്കുകയാണ്. മുന്‍ യുപിഎ സര്‍ക്കാരുകളുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും നിലവിലുള്ള ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും വോട്ടര്‍മാരില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്ന കണക്കെടുപ്പ് കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ അടിത്തറ ഭദ്രമാക്കുന്നതിന് ഏറ്റവും വലിയ ഒറ്റകക്ഷിയായി തന്നെ അധികാരത്തിലെത്താനുള്ള തയ്യാറെടുരപ്പിലാണ് കോണ്‍ഗ്രസ്. ഒപ്പം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് മതേതര സര്‍ക്കാരിനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ കേരളത്തില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.


പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറെ സാധ്യത കല്‍പ്പിക്കുന്ന ഒരാള്‍ കേരളത്തില്‍ നിന്നും മത്സരിക്കുന്നു എന്നത് കേരളത്തിന് അഭിമാനം തന്നെയാണ്. ഇത് യുഡിഎഫിന് മികച്ച സാധ്യതയാണ് കല്‍പ്പിക്കുന്നത്. രാഹുലിന്റെ വരവോടെ കേരളത്തിലെ യുഡിഎഫ് ക്യാമ്പ് ഏറെ ആവേശത്തിലാണ്. യുഡിഎഫ് തരംഗം തന്നെ കേരളത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. എല്ലാ മണ്ഡലങ്ങളിലും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെയാണ് യുഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത് എന്നതും അനുകൂലഘടകമാണ്.

രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ശബ്ദം പാര്‍വലമെന്റില്‍ മുഴങ്ങണമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് വക്താവ് എന്ന നിലയിലും മികച്ച പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചെയ്ത സേവനങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.

30 വര്‍ഷക്കാലം കാസര്‍കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച എല്‍ഡിഎഫ് വികസനങ്ങളെ പിന്നോട്ടടിച്ചു

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം നിലവില്‍ വന്ന ശേഷം കഴിഞ്ഞ 30 വര്‍ഷക്കാലം മണ്ഡലത്തില്‍ നിന്നും വിജയിച്ചുപോയത് ഇടതുമുന്നണി നേതാക്കളാണെന്നും ഇവര്‍ കാസര്‍കോടിന്റെ വികസനത്തെ പിന്നോട്ടടിക്കുകയാണ് ചെയ്തതെന്നും യുഡിഎഫ് നേതൃത്വവും സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും പറയുന്നു. കാസര്‍കോട് ജില്ലയില്‍ കൊണ്ടുവന്ന എല്ലാ കേന്ദ്ര പദ്ധതികളും സ്ഥാപനങ്ങളും കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സംഭാവനയാണെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു.

എന്തുകൊണ്ട് യുഡിഎഫ്? സ്ഥാനാര്‍ത്ഥി പറയുന്നു

കഴിഞ്ഞ 30 വര്‍ഷം തുടര്‍ച്ചയായി എല്‍ഡിഎഫ് സാരഥികളെ വിജയിപ്പിച്ച മണ്ണാണ് കാസര്‍കോട്. ഈ ദശാബ്ദങ്ങള്‍ കാസര്‍കോടിന് വികസന മുരടിപ്പിന്റെ കാലമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലും ഭരണകൂടങ്ങളിലും സ്വാധിനം ചെലുത്താന്‍ കഴിയാതെ പോയ എല്‍ഡിഎഫ് എംപിമാര്‍ കിട്ടിയ എംപി ഫണ്ട് മുഴുവന്‍ പാര്‍ട്ടി സ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഏറ്റവും കൂടുതല്‍ റെയില്‍വേ സ്റ്റേഷനുകളുള്ള കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലമാണ് കാസര്‍കോട്. പാലക്കാട് ഡിവിഷനു കീഴില്‍ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന സ്റ്റേഷനുകളും ഇവിടെ തന്നെയാണ്, പക്ഷ ജനപ്രതിനിധികളുടെ കഴിവില്ലായ്മയും പോരായ്മയും റെയില്‍വേ വികസന സ്വപ്നങ്ങളുടെ ചിറകൊടിക്കുകയായിരുന്നുവെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.

കാസര്‍കോട്ട് കാണുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെല്ലാം യുഡിഎഫ് നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ട് യുപിഎ - കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവദിച്ചതാണെന്നും നേതാക്കള്‍ അവകാശപ്പെട്ടു. 360 ഏക്കര്‍ പടര്‍ന്നു കിടക്കുന്ന കേന്ദ്രസര്‍വ്വകലശാല, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ്, കെല്‍ട്രോണ്‍, തോട്ടവിള ഗവേഷണ ക്വേന്ദമായ സിപിസിആര്‍ഐ, ഏഴിമല നാവിക അക്കാദമി തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങളെല്ലാം യുപിഎ ഭരിക്കുമ്പോഴാണ് നടപ്പിലാക്കിയത്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിന് മികച്ച പരിഗണനയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ളതെന്നും നേതാക്കള്‍ വോട്ടര്‍മാരെ ഓര്‍മിപ്പിക്കുന്നു.

സംസഥാന തലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സംഭാവനകളും മഹത്തരമാണ്. കാസര്‍കോട് എന്ന ജില്ല തന്നെ അനുവദിച്ച് വികസന സ്വപ്നങ്ങള്‍ ഉണ്ടാക്കിത്തന്നത് കെ കരുണാകരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. പ്രഭാകരന്‍ കമ്മീഷനെ നിയമിക്കുകയും സമര്‍പ്പിച്ച റിപോര്‍ട്ടിലെ നിര്‍ദേശപ്രകാരം എന്‍ഡോസള്‍ഫാന്‍ ഇള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍
അനുവദിച്ചത് പതിനൊന്നായിരം കോടി രൂപയാണ്. ആദ്യത്തെ സ്വാശ്രയ കോളജായ എല്‍ബിഎസ് എഞ്ചിനിയറിംഗ് കോളജ്, പോളിടെക്‌നിക്, ഐടിഐ ടെക്‌നിക്കല്‍ സ്‌കൂള്‍, വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകള്‍, നിരവധി ഫിഷിംഗ് ഹാര്‍ബറുകള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങി യുഡിഎഫ് സര്‍ക്കാരുകള്‍ കനിഞ്ഞനുഗ്രഹിച്ച മണ്ണാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചരണം.


ഈ തെരഞ്ഞെടുപ്പ് കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് നേതാക്കള്‍

ഈ തെരഞ്ഞെടുപ്പ് കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് യുഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥിയും പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ ആഘോഷിച്ചത് പെരിയയില്‍ രണ്ട് യുവാക്കളെ കൊലപ്പെടുത്തിക്കൊണ്ടാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അരുംകൊല സംസ്ഥാനതലത്തില്‍ സിപിഎമ്മിനെയും സര്‍്ക്കാരിനെയും ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറയേണ്ട സാഹചര്യം പോലും ഈ സംഭവം സിപിഎമ്മിനെ കൊണ്ടെത്തിച്ചിരുന്നു. ഇക്കാര്യം മുഖ്യപ്രചരണായുധമാക്കി എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കല്യോട്ട് എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത് ദേശീയതലത്തില്‍ തന്നെ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. രാഹുല്‍ ഗാന്ധി പലപ്പോഴായി കേരളത്തില്‍ എത്തിയപ്പോള്‍ മോദിക്കെതിരെയും ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ആഞ്ഞടിക്കുമ്പോഴും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെയും നഖശിഖാന്തം വിമര്‍ശിക്കുന്നുണ്ട്.

കൃപേഷിന്റെയും ശരത്‌ലാലും മരിച്ചതിന്റെ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി കാസര്‍കോട്ടെത്തിയിട്ടും കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദര്‍ശിക്കാത്തതും യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നു. അതോടൊപ്പം തന്നെ ജില്ലയില്‍ നടത്തിയ ആഡംബരമായ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുകയാണ് ചെയ്തതെന്ന് നേതാക്കള്‍ പറഞ്ഞു.

പ്രളയത്തില്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് ആരോപണം

പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ പിടിച്ചുകയറ്റാന്‍ സാധിക്കാത്ത സര്‍ക്കാരാണ് നിലവിലുള്ളതെന്ന് യുഡിഎഫ് ആരോപിച്ചു. വ്യാപാരികള്‍ക്ക് ലോണ്‍ കൊടുക്കുമെന്ന വാഗ്ദാനം പാലിച്ചില്ല. ഓഖി ദുരിതാശ്വാസത്തില്‍ വീഴ്ച വരുത്തി. സംസഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടിരിക്കുന്നു. യുഡിഎഫ് നേതൃത്വം കുറ്റപ്പെടുത്തി. 450 ലധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ പ്രളയത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

വിശ്വാസ സമൂഹം എങ്ങനെ ചിന്തിക്കും

ശബരിമലയുടെ കാര്യത്തില്‍ സുപ്രീംകോടതി വിധിക്ക് ശേഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിശ്വാസിസമൂഹം എങ്ങനെ ചിന്തിക്കുമെന്ന് ഉറ്റുനോക്കുകയാണ് പാര്‍ട്ടികള്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കരുതെന്ന് കമ്മീഷന്‍ വിലക്കിയിട്ടുണ്ടെങ്കിലും ഇതിനെതിരെ യുഡിഎഫ് ശക്തമായി തന്നെ രംഗത്തുവന്നിരുന്നു. വിഷയം സജീവമായ പ്രചരണായുധമാക്കിയില്ലെങ്കിലും വിശ്വാസിസമൂഹത്തിന്റെ പ്രതിഷേധം വോട്ടായി മാറുമെന്ന ചിന്തയിലാണ് യുഡിഎഫ്. വിശ്വാസങ്ങളെ ചവിട്ടിമെതിച്ച സര്‍ക്കാര്‍ അവിശ്വാസികളുടെ മണ്ണാക്കി കേരളത്തെ മാറ്റാന്‍ ശ്രമം നടത്തുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.


കേരളത്തെ സാമ്പത്തികമായി തളര്‍ത്തി

സംസ്ഥാനത്ത് നടക്കുന്നത് സാമ്പത്തിക അരാജകത്വമെന്നും പിണറായി സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ചിരിക്കുകാണെന്നും യുഡിഎഫ് നേതൃത്വം ആരോപിച്ചു. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. സംസ്ഥാനത്തിന്റെ പൊതുകടം 68,405 കോടി രൂപയായി വര്‍ദ്ധിച്ചു. കിഫ്ബി കടലാസില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ബ്രൂവറി ഡിസ്റ്റലറി അഴിമതി സംസ്ഥാനത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നുവെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. അതിനിടെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന മസാല ബോണ്ട് വിഷയവും യുഡിഎഫ് മുഖ്യപ്രചരണമാക്കുന്നുണ്ട്.

കേരള ബാങ്ക് സഹകരണ രംഗത്തെ തകര്‍ക്കുമെന്ന്

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ബാങ്ക് എന്ന ആശയം സംസ്ഥാനത്തെ സഹകരണരംഗത്തെ തകര്‍ക്കുമെന്നാണ് യുഡിഎഫിന്റെ മറ്റൊരു ആരോപണം. കേരള ബാങ്ക് കൂടിയാലോചനകളില്ലാതെയാണ് നടപ്പിലാക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.


പോലീസ് രാഷ്ട്രീയക്കാരുടെ തത്ത

പോലിസിന്റെ രാഷ്ടീയ വത്ക്കരണം ഏറെ അപകടരമാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയക്കാരുടെ തത്തയാക്കി പോലീസിനെ മാറ്റി. കേരളത്തെ ഏറ്റവും കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമാക്കി മാറ്റുകയാണ് ചെയ്തത്. രണ്ട് വര്‍ഷം കൊണ്ട് 29 രാഷ്ട്രീയ
കൊലപാതകങ്ങള്‍ നടന്നപ്പോള്‍ കസ്റ്റഡി മരണങ്ങള്‍ 22 ആണെന്നത് നാടിനെ ഞെട്ടിക്കുന്നതാണ്. തകര്‍ന്നടിയുന്ന കാര്‍ഷിക രംഗങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും ഈ നാടിന്റെ ദുരന്തമായി നില്‍ക്കുകയാണ്.


വാക്ക് പാലിക്കാത്ത കേന്ദ്രസര്‍ക്കാര്‍

നര്രേന്ദമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും താന്നെ പാലിച്ചില്ലെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. വിദേശബാങ്കുകളിലെ കള്ളപ്പണം തിരികെക്കൊണ്ടുവന്ന് ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഒരു വര്‍ഷം രണ്ട് കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അതും പാടേമറന്നു. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞ ആറു മാസമായി സ്താഭനാവസ്ഥയിലാണ്. 19 ലക്ഷം കോടി രൂപയുടെ നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ സാമ്പത്തിക മണ്ഡലത്തെ തകര്‍ത്തെറിഞ്ഞു. ജിഎസ്ടി നടപ്പിലാക്കുക വഴി ചെറുകിട ഇടത്തരം കച്ചവടത്തെ സാമ്പത്തികമായി തകര്‍ത്തു. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിച്ചു. ഭരണഘടനാ സ്ഥാപനങ്ങളായ ആര്‍ബിഐ, സിബിഐ, സുപ്രീംകോടതി എന്നിവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. മതവും ഭക്ഷണവും നാട്ടില്‍ ഏറ്റവും വലിയ ഭയമായി മാറുന്ന രീതിയിലേക്ക് സ്യുനപക്ഷങ്ങളെ എത്തിച്ചുവെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.

ഇന്ത്യന്‍ പ്രധാനമ്യന്ത്രിയായ മോദി ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിച്ചതല്ലാതെ വിദേശ നയതന്ത്ര രംഗത്ത് ഉണ്ടായിരുന്ന പുരോഗതിയെ വരെ തകര്‍ത്തെറിയുകയായിരുന്നു. റഫാല്‍ യുദ്ധവിമാന ഇടപാടിലൂടെ രാജ്യത്തിന്റെ പൊതുമേഖലക്കുണ്ടായ നഷ്ടം വലുതാണ്. വന്‍ അഴിമതിയാരോപണത്തില്‍ മുങ്ങിക്കുളിച്ചാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ

രാഹുല്‍ ഗാന്ധിയുടെ നേത്യത്വത്തില്‍ പുതിയൊരു ഇന്ത്യ പടുത്തയര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും യുപിഎയും. കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപ്രതിക രാജ്യത്തെ എല്ലാ വിഭാഗം ആളുകളേയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ളതാണ്. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് വാര്‍ഷിക മിനിമം വരുമാനമായി 72,000 രുപ നല്‍കുമെന്നതാണ് പ്രധാന വാഗ്ദാനം. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു വര്‍ഷം സ്ത്രീകള്‍ക്ക് കുറഞ്ഞ ജോലി ദിവസം 190 ആയി വര്‍ധിപ്പിക്കും.

എല്ലാ മേഖലയിലും സ്തീകള്‍ക്ക് 33% സ്തീ സംവരണം ഉറപ്പു വരുത്തുന്ന പ്രകടനപത്രിക യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയിലെ 34 ലക്ഷം ഒഴിവുകള്‍ നികത്തും. ജിഎസ്ടി, പുനക്രമീകരണം, കാര്‍ഷിക മേഖലക്കുവേണ്ടി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഇനി കര്‍ഷകര്‍ക്ക് ജയിലില്‍ പോകേണ്ടി വരില്ലെന്നും ഉറപ്പുനല്‍കുന്നു. ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കാനുള്ള ദിര്‍ഘവിക്ഷണത്തോടുകൂടിയുള്ള പ്രകടന പ്രതികയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്.


ഹൃദയത്തില്‍ ഉണ്ണിത്താന്‍

ഹൃദയത്തില്‍ ഉണ്ണിത്താന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫും രാജ്‌മോഹന്‍ ഉണ്ണിത്താനും വോട്ടര്‍മാരെ സമീപിക്കുന്നത്. രക്തമാംസാദികളില്‍ ഇഴകിച്ചേര്‍ന്ന മഹത്തായ പാരമ്പര്യവും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ധീരദേശാഭിമാനികള്‍ പൊരുതിയ മണ്ണാണ് കാസര്‍കോടെന്നും ഒരു അവസരം തന്നാല്‍ കാസര്‍കോടിന്റെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയിച്ചാല്‍ കാസര്‍കോട്ടുകാരനായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

മതമൈത്രി നിലനില്‍ക്കുന്ന കാസര്‍കോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അവസരം കിട്ടിയത് മഹാഭാഗ്യമായി കരുതുന്നു. 50 വര്‍ഷത്തെ നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനമാണ് എന്റെ ജീവിതസമ്പാദ്യം. രാഷ്ട്രീയത്തോടൊപ്പം കലാസാംസ്‌കാരിക മേഖലകളിലും പ്രവര്‍ത്തിക്കാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന ഞാന്‍ 20 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഉണ്ണിത്താന്‍ പറയുന്നു.

ഈ തെരഞ്ഞെടുപ്പില്‍ രണ്ട് പ്രധാന വിഷയങ്ങളായ സംസ്ഥാന സര്‍ക്കാരിന്റെ കൊലപാതക രാഷ്ട്രീയവും കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗ്ഗീയതയും മതവിദ്വേഷവും ചര്‍ച്ച ചെയ്യപ്പെടുമെന്നും വ്യക്തമാക്കിയ അദ്ദേഹം പൊതുപ്രവര്‍ത്തനത്തിന്റെ അഞ്ച് ദശാബ്ദങ്ങള്‍ക്കിടയില്‍ നിരവധി തവണ കാസര്‍കോട് വന്നിട്ടുണ്ടെന്നും ഇനി ജയിപ്പിച്ച് പാര്‍ലമെന്റിലേക്കയച്ചാല്‍ കാസര്‍കോട്ടുകാരനായി തന്നെ മാറുമെന്നും കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, UDF, Election, Rahul_Gandhi, National, Politics, Trending, Rajmohan Unnithan, Unnithan hope with Kasargod, Why should Rajmohan Unnithan to Parliament?

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date