Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉത്പാദന മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്; ചട്ടഞ്ചാലില്‍ 50 കോടി രൂപ ചെലവില്‍ ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റ് സ്ഥാപിക്കും, വരള്‍ച്ച രഹിത ജില്ല, ക്യാന്‍സര്‍ വിമുക്ത ജില്ല, മാലിന്യ രഹിത ജില്ല പദ്ധതികളും

ഉത്പാദന മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ 2019-20 ബജറ്റ്. 108,02,54,629 രൂപ വരവും, 99,19,00,000 രൂപ ചെലവുമുള്‍പ്പെടെ 8,83,54,629 രൂപ Kasaragod, Kerala, news, Budget, chattanchal, Top-Headlines, District Panchayat Budget announced
കാസര്‍കോട്: (www.kasargodvartha.com 14.02.2019) ഉത്പാദന മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ 2019-20 ബജറ്റ്. 108,02,54,629 രൂപ വരവും, 99,19,00,000 രൂപ ചെലവുമുള്‍പ്പെടെ 8,83,54,629 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അവതരിപ്പിച്ചത്.
ഉല്‍പ്പാദന മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്ന ബജറ്റില്‍ അവതരിപ്പിച്ച പ്രധാന പദ്ധതിയാണ് ചട്ടഞ്ചാലില്‍ 50 കോടി രൂപ ചെലവില്‍ ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റ്. ജില്ലയുടെ വികസന മുഖച്ഛായ തന്നെ മാറ്റാന്‍ കെല്‍പ്പുള്ള പദ്ധതിയാണിത്.

ഗെയില്‍ പൈപ്പ്ലൈന്‍ യഥാര്‍ത്ഥ്യമാകുന്നതോടെ പൈപ്പ് ലൈന്‍ വഴിയുള്ള ഗ്യാസ് ഉപയോഗിച്ച് ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ കെഎസ്ഇബിയുടെ പിന്തുണയോടെയാണ് ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റ് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്. 50 കോടി ചെലവില്‍ രജിസ്ട്രേഡ്  കമ്പനിയായി തുടങ്ങാനുദ്ദേശിക്കുന്ന ഗ്യാസ് പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയുടെ വികസന ചരിത്രത്തില്‍ നാഴികകല്ലാകുമെന്നും  ഊര്‍ജ സ്രോതസ്സുകളുടെ ഉല്‍പ്പാദനത്തില്‍ തദ്ദേശ സ്വയംഭരണ സംവിധാനത്തിന് തന്നെ പുത്തന്‍ മാതൃക തീര്‍ക്കുവാനും ഇതുവഴി സാധിക്കുമെന്നും   ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് പറഞ്ഞു. ജില്ലയിലെ സ്‌കൂളുകളില്‍ സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമുള്‍പ്പെടെയുളള പദ്ധതികളുമായി സഹകരിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും കുടിവെളളം, ശുചിത്വം, ആസ്തി സംരക്ഷണം എന്നിവ ഉള്‍പ്പെടുത്തിയുളള പദ്ധതികള്‍ക്ക് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ഗേള്‍സ് ഫ്രണ്ട്ലി, ബോയ്സ് ഫ്രണ്ട്ലി ടോയ്ലറ്റുകള്‍, സ്മാര്‍ട് ക്ലാസ് റൂമുകള്‍, ലാബ് ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍ എന്നിവ വിവിധ പദ്ധതികളുടെ ഭാഗമായി സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ തുടരുന്നതിനായി ഇത്തവണയും ബജറ്റില്‍ തുക വകയിരുത്തിട്ടുണ്ട്.

എസ് എസ് എ പദ്ധതികള്‍ക്കുളള ജില്ലാ പഞ്ചായത്ത് വിഹിതമായുളള മൂന്നു കോടി രൂപയും ഈ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സ്‌കൂള്‍ പരിസരം ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി വനവല്‍ക്കരണത്തിനുള്ള പദ്ധതിക്കായും തുക വകയിരുത്തിയിട്ടുണ്ട്. വരള്‍ച്ച രഹിത ജില്ലയാക്കി മാറ്റുന്നതിനായി ജലജീവനം പദ്ധതിക്കായി 96 ലക്ഷം രൂപയും ക്യാന്‍സര്‍ വിമുക്ത ജില്ല എന്ന ലക്ഷ്യവുമായി സമഗ്ര ക്യാന്‍സര്‍ നിര്‍മ്മാര്‍ജന പദ്ധതി അതിജീവനത്തിനായി 50 ലക്ഷം രൂപയും വായോജനങ്ങള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന 'പാഥേയം' പദ്ധതിക്ക് 40 ലക്ഷവും സമ്പൂര്‍ണ്ണ മാലിന്യ രഹിത ജില്ലയാക്കുന്നതിന്റെ ഭാഗമായുള്ള ആധുനിക മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.

പോഷകാഹാരം ഉള്‍പ്പെടെ കൊറഗ കോളനികളുടെ സമഗ്രവികസനത്തിന് 15 ലക്ഷവും ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ കായിക മികവ് മെച്ചപ്പെടുത്തുന്നതിനുള്ള കുതിപ്പ് പദ്ധതിക്കായി 10 ലക്ഷവും സര്‍ക്കാര്‍ അംഗീകൃത വയോജന സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്താന്‍ 40 ലക്ഷം രൂപയും വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ കുട്ടികളെ ദീര്‍ഘവീക്ഷണത്തോടെ നീന്തല്‍ പരിശീലിപ്പിക്കുന്നതിനായി പോര്‍ട്ടബിള്‍ നീന്തല്‍ കുളം സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയുടെ ഗതാഗത രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മുഴുവന്‍ റോഡുകളുടേയും നിലവാരം ഉയര്‍ത്തുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് റോഡുകളെ മെക്കാഡം ടാറിംഗ് നടത്തി മികച്ച നിലവാരത്തിലേക്കുയര്‍ത്തുക എന്ന മാതൃകാ പദ്ധതിക്കായി 9.85 കോടി രൂപയും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 14 കോടി രൂപയും ജില്ലാ പഞ്ചായത്തിന്റെ റോഡുകളുടെ പുരോഗതിക്കായി 12 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ജില്ലാ ആശുപത്രിലെ സുപ്പര്‍ സ്പെഷാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും വൃക്കരോഗം ബാധിച്ചവര്‍ക്ക് ഡയാലിസിസ് സൗകര്യത്തിനായി ജനപങ്കാളിത്തത്തോടെ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക് 25 ലക്ഷം രൂപയും അലോപ്പതി, ആയൂര്‍വേദ, ഹോമിയോ ജില്ലാ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനും ബജറ്റില്‍ പ്രത്യേകതുക വകയിരുത്തിയിട്ടുണ്ട്. പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, വിദേശത്ത് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ധനസഹായം പദ്ധതികള്‍ക്ക് ബജറ്റ് പ്രാധാന്യം നല്‍കുന്നുണ്ട്. ഭവനരഹിത ജില്ലയാക്കാന്‍ ലക്ഷ്യമിട്ട് രണ്ടായിരത്തോളം ഭവനങ്ങളുടെ നിര്‍മ്മാണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനങ്ങളുടെ  ഭാഗമായുള്ള ലൈഫ്, പി.എം.എ.വൈ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് എട്ടുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ സമഗ്രമേഖയിലുമുള്ള വികസനത്തിന് ഉതകുന്നതും സാധാരണക്കാരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ജനപക്ഷത്ത് നില്‍ക്കുന്ന നടപടികള്‍ക്ക് ബജറ്റ് മാര്‍ഗദര്‍ശിയാകുമെന്ന് ആമുഖ പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബജറ്റവതരണത്തിന് ശേഷം നടന്ന ചര്‍ച്ചകളില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹര്‍ഷദ് വോര്‍ക്കാടി, അഡ്വ.എ.പി. ഉഷ, ഫരീദാ സക്കീര്‍ അഹ് മദ്, ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലയിലെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Budget, chattanchal, Top-Headlines, District Panchayat Budget announced
  < !- START  disable copy paste -->