Join Whatsapp Group. Join now!
Aster MIMS 10/10/2023

'നാം ഇതിലേ....'; കാസര്‍കോടിന് ടിക് ടോക്കും മാഷപ്പും നല്‍കുന്ന പോസിറ്റീവ് വൈബ്‌സ്

'മേല്‍ മേല്‍ മേല്‍ വിണ്ണിലേ ചേക്കേറാന്‍ കിളികളായി വെറുതെ നാം ഇതിലേ....'' വിവിധ വര്‍ണ്ണങ്ങള്‍ കൂടിചേര്‍ന്നുണ്ടാകുന്ന മഴവില്ലിന്‍ അഴക് പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലാത്തത് Article, kasaragod, Positive vibes, Asrar BA
അസ്‌റാര്‍ ബി എ

(www.kasargodvartha.com 23.11.2018) 
'മേല്‍ മേല്‍ മേല്‍ വിണ്ണിലേ
ചേക്കേറാന്‍ കിളികളായി
വെറുതെ നാം ഇതിലേ....''

വിവിധ വര്‍ണ്ണങ്ങള്‍ കൂടിചേര്‍ന്നുണ്ടാകുന്ന മഴവില്ലിന്‍ അഴക് പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലാത്തത് പോലെ വിവിധ തരം കഴിവുകളുള്ളവര്‍ അത് പ്രകടമാക്കുമ്പോള്‍ ആ സമൂഹത്തിന് വന്നു ചേരുന്ന സൗന്ദര്യവും അത്രമേല്‍ കണ്ട് അനുഭവിക്കേണ്ട സുഖമുള്ള കാഴ്ച തന്നെയാണ്.

'ഉസ്താദ് ഹോട്ടല്‍' എന്ന സിനിമയില്‍ കേവല പണികള്‍ക്കപ്പുറം തദ് നാമമുള്ള ഹോട്ടലിനെ ആകര്‍ഷണീയമാം വിധം ഉഷാറാക്കാന്‍ വേണ്ടി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നടത്തുന്ന ശ്രമങ്ങളാണ് ആ പാട്ടിന്റെ രംഗം.

പറഞ്ഞു വരുന്നത് നമുക്കിടയില്‍ നിന്നും നമ്മുടെ ജില്ലയില്‍ ചെറുപ്രായക്കാരും വലിയ പ്രായക്കാരുമായ അനേകം ആളുകള്‍ വ്യത്യസ്തമായ കഴിവുകള്‍ കാട്ടുന്നുണ്ട്. അവര്‍ തെളിയിക്കുന്ന മഴവില്ലിനെ നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുതല്ലോ. ഇല്ലാ, അതൊക്കെ കുറഞ്ഞിട്ടുണ്ട്, ഇപ്പോള്‍ നമ്മള്‍ ക്രിയാത്മകമായ കാര്യങ്ങളെ 'സപ്പോര്‍ട്ടും' 'പ്രൊമോട്ടും' ചെയ്യാറുള്ളവര്‍ തന്നെയാണ്.

ചിത്രകലാ, കാര്‍ട്ടൂണ്‍, കാലിഗ്രാഫി, പെയിന്റിംഗ്, വാള്‍ ആര്‍ട്ട്, ഫോട്ടോഗ്രാഫി, ഡിസൈനിംഗ്, ലോഗോ, യാത്ര, എഴുത്ത്, ക്രാഫ്റ്റ് മേക്കിങ് തുടങ്ങി ഇനിയും പറഞ്ഞാല്‍ തീരാത്ത ആശ്ചര്യമാം വിധം വ്യത്യസ്തമായ കഴിവുകള്‍ കൊണ്ട് മികവിന്റെ വഴികള്‍ വെട്ടിത്തെളിച്ചിട്ടുണ്ട് ഇവര്‍. അവരുടേതായ രീതിയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങും നടക്കുന്നുണ്ട്.

ഇങ്ങനെ 'നമ്മളെ പുള്ളോ ഉസ്സാറാകുന്നുണ്ട്', എന്തിനേറേ ടിക് ടോക്ക് പ്രകടനങ്ങളും ഒന്നിന് പിറകെ ഒന്നായി 'മാഷപ്പ്' വീഡിയോകളും ഇറങ്ങുമ്പോള്‍ നമ്മള്‍ നോക്കുകയും എന്നിട്ട് കുറ്റം പറയാറുമാണ് പലപ്പോഴും. എങ്കില്‍ അതിലൂടെ എത്ര ആള്‍ക്കാരാണ് നന്നായി അഭിനയിച്ച് കൊണ്ടും പിന്നെ 'ഐഡിയാസ്' ഉപയോഗിച്ച് കൊണ്ടുള്ള എഡിറ്റിംഗിലൂടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇതിനൊക്കെയായി അവര്‍ ഇറങ്ങി പുറപ്പെടുന്നുണ്ട് എന്നതൊക്കെ 'പോസിറ്റീവ് വൈബ്' അല്ലെ.

ഇങ്ങനെ നമ്മുടെ പുതു തലമുറ, അവരുടേതായ രീതിയില്‍ കാലത്തിന്റെ മാറില്‍ കഴിവുകള്‍ പ്രകടിപ്പിക്കുമ്പോള്‍, അതൊക്കെ അവരുടെ കാട്ടിക്കൂട്ടലുകള്‍ എന്ന മനോഭാവത്തോടെ അതിനോട് പുറം തിരിയാതെ നല്ല പ്ലാനിംഗിലൂടെ അതിനെയൊക്കെ സംഘടിതമാക്കിയാല്‍ നമ്മുടെ കുട്ടികള്‍ ഉന്നതങ്ങളില്‍ ചേക്കേറും.

സമൂഹത്തിന്റെ സമൂലമായ മാറ്റത്തിന്ന് ഉപകരിക്കും വിധം അവരില്‍ നിന്നുള്ള ഉല്‍പന്നങ്ങളെ രൂപപ്പെടുത്താന്‍ പറ്റിയാല്‍, അവകാശം നേടാന്‍ വേണ്ടി നമ്മള്‍ 'കാസ്രോട്ടാര്‍' പലനാള്‍ ഉയര്‍ത്തുന്ന കൈകളോടൊപ്പം നമുക്കും സ്വയം പര്യാപ്തതയോടെ ഉയരാന്‍ സാധിക്കും.

ആ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടവും വിവിധ സോഷ്യല്‍ മീഡിയ കൂട്ടായ്മകളും പിന്തുണ നല്‍കുന്നുണ്ട്. ഇത്തരം കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പരിപാടികളും മറ്റും ആസൂത്രണം ചെയ്യേണ്ടതുണ്ട്. അത് 'എക്‌സിബിഷന്‍' ആയോ വ്യത്യസ്തമായ രീതിയിലുള്ള 'ഫെസ്റ്റ്' നടത്തിയോ 'ഫ്‌ലീ മാര്‍ക്കറ്റ്' പോലുള്ളവയൊക്കെ നടത്തി ഇവരെ അംഗീകരിക്കാന്‍ വണ്ണം ഒരു മഴ പെയ്യിച്ചാല്‍ ജില്ലയ്ക്കഭിമാനമായി എന്നും വിരിഞ്ഞ് നില്‍ക്കുന്ന മഴവില്ല് നമുക്ക് കാണാം.

സംഘടിതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നാട്ടില്‍ നടമാടുന്ന ഫാഷിസത്തെയും തിന്മയുടെ അതിപ്രസരത്തെയും പ്രതിരോധിക്കാനും തടയാനും നമുക്ക് കഴിയും. ഏഴ് ഭാഷകള്‍ കളിച്ചുനടക്കുന്നിടത്ത് നിന്ന് ഒരു പുതിയ 'ബിസ്യം' ഉണ്ടാക്കി അത് പറയുന്ന നമ്മള്‍ക്ക് 'സര്‍ഗ്ഗാത്മകതയെ'
അറിയാതിരിക്കില്ല. നമുക്കൊന്നിച്ച്  പ്രയത്‌നിക്കാം ...


Keywords: Article, kasaragod, Positive vibes, Asrar BA