Join Whatsapp Group. Join now!
Aster MIMS 10/10/2023

അഭിലാഷിനും കുടുംബത്തിനും ആശ്വാസവുമായി ദയ, കുടിശ്ശിക തീര്‍ത്ത് ആധാരം കൈപറ്റി

ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിമൂലം ഉറക്കം നഷ്ടപ്പെട്ട,ചിറ്റൂര്‍ പൊല്‍പ്പുള്ളി സ്വദേശി അഭിലാഷിനും News, Top-Headlines, Kerala, Bank Loans,
ചിറ്റൂര്‍:(www.kasargodvartha.com 20/11/2018) ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിമൂലം ഉറക്കം നഷ്ടപ്പെട്ട,ചിറ്റൂര്‍ പൊല്‍പ്പുള്ളി സ്വദേശി അഭിലാഷിനും രോഗികളായ മാതാപിതാക്കള്‍ക്കും ഇനി മനസ്സമാധാനത്തോടെ ഉറങ്ങാം. കടങ്ങളും കഷ്ടപ്പാടും ഉണ്ടെങ്കിലും നട്ടെല്ലിന് ക്ഷതം സംഭവിച്ച് കഴിഞ്ഞ 13 വര്‍ഷമായി വീല്‍ചെയറില്‍ കഴിയുന്ന അഭിലാഷിനെയും കുടുംബത്തെയും സഹായിക്കാന്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് രംഗത്തു വരികയായിരുന്നു. ബാങ്കിലെ കുടിശ്ശിക മുഴുവന്‍ തീര്‍ത്ത് തിരിച്ചെടുത്ത ആധാരം ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണകുട്ടി അഭിലാഷിനു കൈമാറി.

News, Top-Headlines, Kerala, Bank Loans,Daya charitable trust helps Abhilash

പ്രത്യേകിച്ച് മൂലധനമൊന്നുമില്ലാത്ത ഒരു സംഘടന സാമൂഹിക മാധ്യമങ്ങളെ മാത്രം അവലംബമാക്കി നിരന്തരം ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നത് മറ്റുള്ളവര്‍ക്ക് മാതൃകയും പ്രശംസനീയവുമാണെന്ന് എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അത്തിക്കോട് ശിശു വിഹാര്‍ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയന്തി മുഖ്യാതിഥിയായി.

ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ.ബി.രമേഷ് അധ്യക്ഷനായി. ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും പൗര പ്രമുഖരും ദയാകുടുംബാംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. തെങ്ങില്‍ നിന്ന് വീണ് നട്ടെല്ലിനു ക്ഷതം സംഭവിച്ച് കിടപ്പു രോഗിയായതാണ് അഭിലാഷ്.

കിടപ്പാടം പണയം വച്ചും കടം വാങ്ങിയും ചികിത്സകള്‍ ഒരുപാട് നടത്തിയെങ്കിലും അരയ്ക്കു കീഴെ തളര്‍ന്നുപോയ അവസ്ഥയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല. നിത്യരോഗിയായ അമ്മയോടൊപ്പം ഒരു ഭാഗം തളര്‍ന്ന് അച്ഛനും കിടപ്പിലായപ്പോള്‍, തളര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കാന്‍ അഭിലാഷിനായില്ല. ബാങ്ക് വായ്പ തരപ്പെടുത്തി ബൈക്കിന്റെ ടാങ്ക് കവര്‍ തുന്നുന്ന മെഷീന്‍ വാങ്ങി കൈകളുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന രീതിയില്‍ അതിനെ രൂപാന്തരപ്പെടുത്തി തന്റെ തളരാത്ത പാതി ശരീരവും ഇച്ഛാശക്തിയുമുപയോഗിച്ച് അഭിലാഷ് കഠിനാദ്ധ്വാനം തുടങ്ങി. പാലക്കാട് നിന്നും പരിചയപ്പെട്ട ഒരു നല്ല മനുഷ്യന്‍ അടിക്കാനുള്ള സാധന സാമഗ്രികള്‍ വീട്ടിലെത്തിച്ചുകൊടുക്കുകയും തുന്നിക്കഴിഞ്ഞവ എടുത്തുകൊണ്ടുപോവുകയും ചെയ്തു.

ദിവസേന 300 രൂപയോളം അത്യദ്ധ്വാനം ചെയ്ത് സമ്പാദിച്ചു തുടങ്ങിയപ്പോള്‍ കഠിനമായ വേദനക്കിടയിലും അഭിലാഷിന്റെ മുഖത്ത് പുഞ്ചിരി വിരിയുമായിരുന്നു. ഇപ്പോള്‍ പണിയെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. എന്നിരുന്നാലും അഭിലാഷ് വേദനാ സംഹാരികളുടെ സഹായത്താല്‍ സ്റ്റിച്ചിംഗ് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അരമണിക്കൂര്‍ തുടര്‍ച്ചയായി ഇരുന്നാല്‍ രണ്ടു മണിക്കൂര്‍ കിടക്കേണ്ടി വരുന്നു. ബാങ്കില്‍ നിന്നുമെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ബാങ്കധികൃതര്‍ ജപ്തി നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് പെരിങ്ങോട്ടുകുറുശ്ശി ആസ്ഥാനമായുള്ള ദയ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ സഹായ ഹസ്തം നീട്ടിയത്. വാര്‍ഡ് മെമ്പര്‍ അബ്ബാസ്,പുതുനഗരം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ എം.ഹംസ,അജിത്ത് നാരങ്ങാലില്‍,മുരുകേശന്‍ മാസ്റ്റര്‍,ശങ്കര്‍ജി കോങ്ങാട്,ബൈജു,മിനി ടീച്ചര്‍,സമദ് കല്ലടിക്കോട്, ഉഷ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദീപ ജയപ്രകാശ് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, Kerala, Bank Loans,Daya charitable trust helps Abhilash