Join Whatsapp Group. Join now!
Aster MIMS 10/10/2023

മായക്കാഴ്ച

ഒരു കൂട്ടിലാടുന്ന തത്തയ്ക്ക് കിട്ടുന്ന കതിരുമണികളേ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിങ്ങളും പ്രതീക്ഷിക്കേണ്ടൂ. അവിടെ എന്ത് Train journey, Article, Aslam Mavile, Life, Whatsapp, Social media.
അസ്‌ലം മാവില 

(www.kasargodvartha.com 13.11.2018) രു കൂട്ടിലാടുന്ന തത്തയ്ക്ക് കിട്ടുന്ന കതിരുമണികളേ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിങ്ങളും പ്രതീക്ഷിക്കേണ്ടൂ. അവിടെ എന്ത് കൊണ്ടിട്ടോ അത് കഴിക്കാം, കൊറിക്കാം. അങ്ങനെയൊന്നും ചെയ്യാതെ നിങ്ങള്‍ക്കു നോമ്പു നോറ്റുമിരിക്കാം. മറ്റു സോഷ്യല്‍ മീഡിയകള്‍ വിശാലമാണ്, നമുക്ക് വേണ്ടത്, ആഗ്രഹിക്കുന്നത്, പ്രതീക്ഷിച്ചിരിക്കുന്നത് എല്ലാം ലഭിക്കും. അറിവുകള്‍ കിട്ടാന്‍ മാത്രമല്ല, നമ്മുടെ അനുഭവങ്ങള്‍ അവയ്ക്കു സമാനമായി കുപ്പായമിട്ടു മുന്നില്‍ നടത്താനും സോഷ്യല്‍ മീഡിയ സഹായിക്കും.

ഇന്നെന്റെ കണ്ണുടക്കിയത് മായക്കാഴ്ചയിലാണ്. ഒരു E-Bro എഴുതിയ പരാമര്‍ശം. ആ പ്രതിഭാസം ബാല്യകാലത്തെ മാത്രമല്ല ഈ നാല്‍പതുകളിലും കൗതുകമായി അനുഭവപ്പെടുന്നു. നിങ്ങള്‍ക്കുമതനുഭവപ്പെടുന്നുണ്ടാകും ഉറപ്പ്. ട്രെയിനിലിരിക്കുമ്പോള്‍ ഞാന്‍ കുട്ടിയല്ലെന്നെത്രവട്ടം പറഞ്ഞാലും വിശ്വസിപ്പിച്ചാലും optical Illussion (മായക്കാഴ്ച) എന്നെ വിടാതെ പിന്നാലെ കൂടും.
Train journey, Article, Aslam Mavile, Life, Whatsapp, Social media.

വണ്ടി ചില ജംഗ്ഷനുകളില്‍ മണിക്കൂറുകള്‍ നിര്‍ത്തിയിടുമല്ലോ. ഇടക്കിടക്ക് ഞാനിരുന്ന വണ്ടി ഇങ്ങനെ പൊ(യ്)ക്കൊണ്ടേയിരിക്കും. ഇടത് ഭാഗത്തെ പാളത്തില്‍ ഒരു വണ്ടി നിര്‍ത്തിയിട്ടത് പോലെ, ചിലപ്പോള്‍ ചെറിയ അനക്കത്തോടെ ആ ബോഗികളും നീങ്ങുന്നത് പോലെ.
എന്നാല്‍ വലത്തെ സൈഡ് ജനാലയില്‍ നോക്കുമ്പോള്‍, സ്റ്റേഷന്‍ പ്രിമൈസില്‍ തൂക്കിയിട്ട പരസ്യ ബോര്‍ഡുകളും സ്ഥല സൂചികാ ബോര്‍ഡും അനങ്ങാപ്പാറ നയത്തില്‍ ശ്വാസം പിടിച്ചു അവിടെ തന്നെയുണ്ടാകും! വിശ്വസിക്കാന്‍ തീരെ പറ്റില്ല. തൊട്ടടുത്തിരിക്കുന്നവനോട് നമ്മുടെ വണ്ടി നീങ്ങിത്തുടങ്ങി അല്ലേ എന്ന് സംശയം തീര്‍ക്കും. അയാളും അതേ ലോകത്തായിരിക്കും. ഞാനുമങ്ങോട്ട് ചോദിക്കാനിരിക്കുകയായിരുന്നെന്ന പോലെ അയാളുടെ മുഖഭാവം വാ തുറക്കാതെ മിണ്ടും. വീണ്ടും ത്സടുതിയില്‍ വലതു ഭാഗം നോക്കും. അല്ല, വണ്ടി പോവ്വാണല്ലോ. തെല്ലിട കഴിഞ്ഞ് ഒരു പച്ചക്കൊടി കാണിച്ച് സമാന്തരമായുള്ള പാളത്തില്‍ കൂടി ഒഴുകുന്ന ഒരു വണ്ടിയില്‍ നിന്ന് അവസാനത്തെ ഫ്‌ലാഗ്മാന്‍ കൈ വീശി അകലുമ്പോഴാണ് ഇപ്പോഴും അതേ സ്റ്റേഷനില്‍ അരയിഞ്ച് മുമ്പോട്ട് അനങ്ങാത്ത ബോഗിയില്‍ തന്നെ ഞാന്‍ ഇരിക്കുന്നുവെന്ന റിയാലിറ്റിയിലേക്ക് തിരിച്ചു വരുന്നത്.

കുട്ടിക്കാലത്ത് നമ്മുടെയെല്ലാം ബസ് യാത്രകളില്‍ അടുത്തുള്ള മരങ്ങള്‍ എതിര്‍വശത്തേക്കും അകലെയുളളവ പിന്നിലേക്കും പൊയ്‌ക്കൊണ്ടേയിരിക്കും. യാത്രകളില്‍ കുഞ്ഞു മക്കളെ നോക്കൂ. പുറം വാതിലുകള്‍ക്കിടയിലൂടെ നോക്കുന്ന അവറ്റകള്‍ക്കിതൊക്കെയായിരിക്കും എത്ര പറഞ്ഞാലും കണ്ണ് മാറ്റാതിരിക്കാന്‍ ഒരു കാരണം. ഒപ്റ്റിക്കല്‍ ഇല്യുഷന്റെ കാന്തിക വലയത്തില്‍  അവരും പെട്ടിരിക്കണം. അവരും അവരുടെ കുഞ്ഞു കൂട്ടുകാരോട് ഇതൊക്കെ അത്ഭുതത്തോടെ പറയുന്നുണ്ടാകണം.

അമ്പിളിമാമനെ എനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ട് പോകുമായിരുന്നു ചെറുപ്പത്തില്‍. ഞാനോടുമ്പോള്‍, തമ്പാച്ചു (അമ്പിളി) കൂടെ ഓടും. അല്‍പം ധൃതി കുറക്കുമ്പോള്‍, അമ്പിളി മാമനും സ്‌ളോ ആകും. നിന്നാല്‍ അതും ചിരിച്ചു കൊണ്ട് അവിടെ തന്നെ നിന്ന് കളയും. പിന്നോട്ടാഞ്ഞാല്‍ അമ്പിളിയും പിന്നോട്ട്. നിലാവുള്ള രാത്രിയില്‍ മിക്ക വീട്ടുമുറ്റത്തും കുഞ്ഞുകുട്ടികള്‍ അവനവന്റെ അമ്പിളിമാമനെ കൂടെകൂട്ടി ഓടാനും ചാടാനും കൊണ്ട് പോയിരുന്നൊരു കാലം !

പൊയ്‌പ്പോയ കുട്ടിത്തവും പൊയ്‌പ്പോകാന്‍ വൈകുന്ന ചില മായക്കാഴ്ചകളും നമ്മിലോരോരുത്തരിലും കൗതുകമായും അത്ഭുതമായും  ഇനിയും ബാക്കിയുണ്ട്. മായക്കാഴ്ച ഒരിക്കല്‍ കൂടി അനുഭവപ്പെടണോ?  ഒറ്റയ്ക്കുള്ള ഒരു തീവണ്ടിയാത്ര തന്നെ ധാരാളമാണ്. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Train journey, Article, Aslam Mavile, Life, Whatsapp, Social media, Article: Illumination.