city-gold-ad-for-blogger
Aster MIMS 10/10/2023

സുഗന്ധപൂരിതമായ ദിനരാത്രങ്ങള്‍

ഇബ്രാഹിം ചെര്‍ക്കള / അനുഭവം 19

(www.kvartha.com 11.09.2018) ന്നത്തെ വൈകുന്നേരത്തിന് പ്രത്യേകം ആവേശം തോന്നി. ഒരു കമ്പനിയില്‍ ജോലിക്ക് ചേരുകയാണ്. രാത്രി ജോലിയാണെങ്കിലും നിയമപരമായി എന്നെ അടിമച്ചങ്ങലകളില്‍ ബന്ധിക്കില്ല. ഇഷ്ടപ്പെട്ടാല്‍ മാത്രം മുന്നോട്ട് നീങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്. മനസ്സില്‍ സന്തോഷം തോന്നി. ചായകുടി കഴിഞ്ഞ് അല്‍പസമയം കടയില്‍ തന്നെ ചിലവഴിച്ചു. ശരീഫിന്റെ മുഖത്തും തെളിച്ചം. എന്റെ വിഷമങ്ങള്‍ക്ക് നേരിയ ശമനം ഉണ്ടാകാന്‍ പോകുന്നു. നേരെ കമ്പനിയിലേക്ക് നടന്നു. മമ്മു ഹാജിയും അതുപോലെ പരിചിതരായ മറ്റു ചില സുഹൃത്തുക്കളും എല്ലാം ഉണ്ട്. കമ്പനിയുടെ ആള്‍ക്കാര്‍ക്ക് ഓവര്‍ടൈം ഉണ്ട്. എന്നെപ്പോലെ രാത്രി ജോലി തേടിയെത്തിയവരും എല്ലാം കൂടി കുറേ തൊഴിലാളികള്‍ ഉണ്ട്. സമയം അടുക്കുമ്പോള്‍ മനസ്സില്‍ നേരിയ ആശങ്ക. എന്തായിരിക്കും ജോലി.? ശരിയായി മുന്നോട്ട് പോകുമോ?
സുഗന്ധപൂരിതമായ ദിനരാത്രങ്ങള്‍

ഗേറ്റ് തുറക്കപ്പെട്ടു. ചിതറി നിന്നവര്‍ വരിയായി കമ്പനിക്ക് അകത്തേക്ക് പ്രവേശിച്ചു തുടങ്ങി. പുറത്തു നിന്നു കാണുന്നത് പോലെ അല്ല. നിറയെ സാധനങ്ങള്‍ അടുക്കി വെച്ച ഗോഡൗണും പായ്ക്കുകളില്‍ അടുക്കി വെച്ച വിവിധ തരം അത്തറുകള്‍, സ്‌പ്രേകള്‍ എല്ലാം കൗതുകകരമായ കാഴ്ചകള്‍. മറ്റു തൊഴിലാളികള്‍ക്ക് ഒപ്പം മുന്നോട്ട് നീങ്ങി. ഓരോ ജോലികള്‍ക്ക് പ്രത്യേകം പ്രത്യേകം വലിയ ഇടങ്ങള്‍. നിരന്ന് നിന്ന് ജോലി ചെയ്യുന്നവര്‍. ഓരോന്നും നോക്കി നടന്നു. മമ്മു ഹാജി ചിരിച്ചു കൊണ്ട് അടുത്തു വന്നു. ''ഇതാണ് സൂപ്പര്‍വൈസര്‍ കണ്ണന്‍. ഞങ്ങളുടെ നാട്ടുകാരനും, എന്റെ അയല്‍ക്കാരനുമാണ്.'' ഹാജിയാര്‍ പരിചയപ്പെടുത്തി.

പുതിയ ആളാണ്. എനിക്ക് വേണ്ടപ്പെട്ടവന്‍. അധിക ബുദ്ധിമുട്ട് ഇല്ലാത്ത ഏതെങ്കിലും സെക്ഷനില്‍ ഇടണം. കണ്ണേട്ടന്‍ എന്നെ ഒന്ന് നോക്കി. മുഖത്ത് നേരിയ പുഞ്ചിരി. ''നന്നായി ജോലി ചെയ്താല്‍ ഇവിടെ പിടിച്ചുനില്‍ക്കാം. വര്‍ഷംതോറും ശമ്പളം കൂട്ടിക്കിട്ടുന്ന കമ്പനിയാണ്. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യണം.'' തല കുലുക്കി. ചെറിയ അത്തര്‍ കുപ്പികള്‍ പാക്ക് ചെയ്യുന്നവരുടെ അരികിലേക്ക് എന്നെയും കണ്ണേട്ടന്‍ കൊണ്ടുപോയി. ''ഇയാള്‍ക്ക് ജോലിയൊക്കെയൊന്ന് കാണിച്ചു കൊടുക്കണം.'' അവിടെ ജോലി ചെയ്യുന്ന അബ്ദുര്‍ റഹ് മാന്‍ എന്ന മാട്ടൂല്‍കാരനെ ഏല്‍പ്പിച്ചു. അയാള്‍ കമ്പനിയുടെ പഴയ ആളും എല്ലാ ജോലിയിലും മുന്‍പരിചയമുള്ളവനുമാണ്.

അയാള്‍ കാണിച്ചു തരും പോലെ ഓരോന്നും ചെയ്തു. നിരന്ന് നിന്നു ജോലി ചെയ്യുന്ന മലയാളികള്‍ക്കൊപ്പം ബംഗ്ലാദേശിയും പാകിസ്ഥാനിയും എല്ലാം ഉണ്ട്. കമ്പനി മുതലാളി മുംബൈക്കാരനാണ്. നാട്ടിലെ ബീഡി തെറുപ്പ് പോലെ കൈവേഗതയാണ് പല ജോലികളുടെയും മികവ്. കളിയും കാര്യവും പറഞ്ഞു ചിരിച്ചും ദേഷ്യപ്പെട്ടും രാത്രിയാണെന്ന സത്യം വിസ്മരിച്ച് ഒരേ മനസ്സോടെ അദ്ധ്വാനിക്കുന്ന ഒരു വലിയ ആള്‍ക്കൂട്ടത്തിന്റെ ആവേശ നിമിഷങ്ങള്‍ ഉണര്‍വ് പകര്‍ന്നു. ഓരോ രാജ്യക്കാരെയും നോക്കി നടന്നു കാര്യങ്ങള്‍ നിര്‍ദേശിക്കാന്‍ അവരുടെ നാട്ടുകാരായ മേല്‍നോട്ടക്കാര്‍ ഉണ്ട്. മലയാളികള്‍ക്ക് കണ്ണേട്ടനും, ബംഗാളികള്‍ക്ക് ഗുലാം മുഹമ്മദും, പാകിസ്ഥാനികള്‍ക്ക് മുക്താര്‍ അലിയും വഴികാട്ടിയായി. അവര്‍ ഓരോരുത്തരും അവരുടെ ഭാഷയില്‍ പറഞ്ഞു കൊടുത്തു മുന്നോട്ട് നീങ്ങുന്നു.

രാത്രി കമ്പനിയിലെ പണികഴിഞ്ഞ് ഇറങ്ങുമ്പോള്‍ അഞ്ചു മണിയാകും. പിന്നെ മുറിയില്‍ എത്തി കാറുകള്‍ കഴുകാനുള്ള വെള്ളവും ടൗവ്വലുമായി താഴെയിറങ്ങും. തണുപ്പ് കാലത്ത് കാറ് കഴുകുന്ന ജോലി ഏറെ വിഷമം പിടിച്ചതാണ്. തണുപ്പും പൊടിക്കാറ്റും ശരീരത്തെ വിറ കൊള്ളിക്കും. ചില നേരങ്ങളില്‍ കൈയ്യില്‍ മരവിപ്പ് തോന്നും. മാസങ്ങള്‍ കടന്നു പോകവെ കാറുകളുടെ എണ്ണം കൂടി വന്നു. പൈസ തക്ക സമയത്ത് ഉമ്മര്‍ പാഷ തരുന്നത് കൊണ്ട് അല്‍പം കഷ്ടപ്പെട്ടാലും ജോലി ചെയ്യാന്‍ ആവേശം തോന്നും. ഉമ്മര്‍ പാഷയുടെ അടുത്ത ബന്ധുക്കള്‍ രണ്ട് പേര്‍ - ഷാജഹാനും ജബ്ബാറും എന്റെ കൂടെ കാറ് കഴുകാന്‍ ഉണ്ടാകും. രണ്ടും പച്ച പാവങ്ങളാണ്. അവര്‍ക്ക് താമസവും ഭക്ഷണവും എല്ലാം ഉമ്മര്‍ പാഷ നല്‍കും. അതിന് കണക്കായി കെട്ടിടത്തിന്റെ എല്ലാ ജോലിയും അവരെക്കൊണ്ട് ചെയ്യിക്കും. ഉമ്മര്‍ പാഷ തേച്ച് മിനുക്കിയ വസ്ത്രവും ധരിച്ച് മുതലാളിയായി എല്ലാം നോക്കി നടക്കും. കൂടെ ജോലി ചെയ്യുന്നവര്‍ക്ക് സമയത്തിന് ശമ്പളം കൊടുക്കില്ല. അവരുടെ പണവും മറ്റും ചേര്‍ത്ത് പുതിയ പുതിയ ബിസിനസ്സുകള്‍ ചെയ്യും. ശരിക്കും ഒരു തമിഴ്‌നാടന്‍ ഗുണ്ടയുടെ എല്ലാ അടവും ഉമ്മര്‍ പാഷയ്ക്ക് ഉണ്ട്. അതുകൊണ്ട് തന്നെ അയാളെ കൂടെയുള്ളവര്‍ക്ക് ഭയവുമാണ്.  സങ്കടങ്ങള്‍ പറയുമ്പോള്‍ ഞാന്‍ പലപ്പോഴും അവരോട് ധൈര്യത്തില്‍ കാര്യങ്ങള്‍ ചോദിക്കാന്‍ ഉപദേശിക്കും.  അവര്‍ ഭയത്തോടെ പറയും. ''അവര്‍ പെരിയവര്‍, എന്തും സെല്ലക്കൂടാത്.'' അവരെ ഭരിക്കുന്ന അടിമത്വം എന്താണെന്ന് ഒരിക്കലും മനസ്സിലായില്ല.

കെട്ടിടത്തില്‍ താമസിക്കുന്നവരോടും അതുപോലെ കമ്പനിക്കാരോടും എന്നെപ്പോലുള്ള മറ്റു നാട്ടുകാരോടും ഒരു പാവത്താനായി അഭിനയിക്കുന്ന ഉമ്മര്‍ പാഷ സ്വന്തക്കാര്‍ക്ക് നേതാവാണ്. അധികാരിയാണ്. ചെറിയ കാലത്തെ ഗള്‍ഫ് ജീവിതം കൊണ്ട് നാട്ടില്‍ നല്ല നിലയില്‍ എത്തിയവനാണ് ഉമ്മര്‍ പാഷ. പല ബന്ധുക്കളെയും, നല്ല സംഖ്യ വിസയ്ക്ക് വാങ്ങിയാണ് ഇവിടെ എത്തിച്ച് അടിമകളെപ്പോലെ ജോലി ചെയ്യിക്കുന്നത്.  ഇതില്‍ ബന്ധുക്കളും അല്ലാത്തവരും എല്ലാം ഉണ്ട്.

ഉമ്മര്‍ പാഷ നടത്തുന്ന തയ്യല്‍ കടയില്‍ കുറേ മലയാളികളും ഉണ്ട്. ചിലര്‍ക്ക് തമിഴരെപ്പോലെ തന്നെ ഇയാള്‍ കണ്‍കണ്ട ദൈവം തന്നെ. എന്തു ചെയ്താലും എതിര്‍ക്കാന്‍ തയ്യാറല്ല. അയാള്‍ അറബിയുടെ സ്വന്തം ആളാ... എന്തെങ്കിലും ദേഷ്യപ്പെട്ടാല്‍ ചിലപ്പോള്‍ വിസ ക്യാന്‍സല്‍ ചെയ്ത് മടക്കി അയക്കും. അതാണ് ഇവരെ ഭയപ്പെടുത്തുന്ന ചിന്ത. ശരീഫിന്റെ അടുത്ത ബന്ധു ഉമ്മര്‍ പാഷയുടെ തയ്യല്‍ കടയുടെ വിസയില്‍ ജോലിക്ക് വന്നു. നല്ലൊരു സംഖ്യ നല്‍കിയാണ് എത്തിയത്. ആദ്യം വലിയ ശമ്പളം പറഞ്ഞാണ് കൊണ്ടു വന്നത്. ജോലിക്ക് എത്തിയപ്പോള്‍ പറയുന്നു, കമ്മീഷനാണെന്ന്.. പുതിയതായി വന്ന ആള്‍ക്ക് അത്ര നല്ല ജോലിയൊന്നും കിട്ടിയില്ല. മാസങ്ങള്‍ കടന്നു പോകുമ്പോള്‍ ഭക്ഷണവും റൂം വാടകയും മാത്രം മിച്ചം വരും. ഉമ്മര്‍ പാഷയുമായി ഇയാള്‍ തെറ്റി. പ്രശ്‌നം തമ്മിലടിയുടെ വക്കത്ത് എത്തി. ഉമ്മര്‍ പാഷയ്ക്ക് കുലുക്കമില്ല. ഏറെ കളിച്ചാല്‍ ക്യാന്‍സല്‍ ചെയ്തു വിടും- ഭീഷണി മുഴക്കി.

ശരീഫും ഒന്നിനും ഭയക്കുന്നവനല്ല. ഒന്നുകില്‍ ആദ്യം പറഞ്ഞ ശമ്പളം നല്‍കണം. ഇല്ലെങ്കില്‍ വിസയ്ക്ക് തന്ന പണം തിരിച്ച് നല്‍കണം. ശരീഫും ബന്ധുവും പിന്നെ മുഹമ്മദ് ഭായിയും എല്ലാം ചേര്‍ന്നപ്പോള്‍ ഉമ്മര്‍ പാഷയുടെ ധൈര്യം അല്‍പം ചോര്‍ന്നു. പിന്നെ സമാധാനത്തിന്റെ വഴിയിലായി. ''ആറ് മാസം സമയം വേണം. അതുവരെ അയാള്‍ മറ്റൊരു ജോലി ചെയ്യട്ടെ.'' ഉമര്‍ പാഷയുടെ കടയിലെ ഈ പരാജയ ഭാവം തയ്യല്‍ കടയിലെ മറ്റു തൊഴിലാളികള്‍ക്ക് ഉണര്‍വ്വ് പകര്‍ന്നു. അവരും കാര്യങ്ങള്‍ ചോദിച്ചു തുടങ്ങി. ആറ് മാസം അവധി പറഞ്ഞ ഉമ്മര്‍ പാഷ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ ശരിയാക്കി വിസക്കാരനെ നാട്ടിലേക്ക് കയറ്റി വിട്ടു.  പിന്നെ മലയാളികളോട് വിസ കച്ചവടം നടത്തിയില്ല.

അത്തര്‍ കമ്പനിയിലെ ജോലി ഏറെ സന്തോഷം പകരുന്നതാണ്. എത്ര മണിക്കൂര്‍ ജോലി ചെയ്താലും മടുപ്പ് തോന്നില്ല. എടുത്ത പണിയുടെ കണക്കിന് ശമ്പളവും കിട്ടും. പല വര്‍ഷങ്ങളായി ഗള്‍ഫില്‍ എത്തപ്പെട്ട പല രാജ്യക്കാരുമായി ഏറെ അടുക്കാനും അവരുടെ പ്രവാസത്തിന്റെ ചൂടും തണുപ്പും അനുഭവിക്കാനും കിട്ടിയ അവസരങ്ങള്‍ ധാരാളം. ഓരോ മനുഷ്യനും ജീവിത യാത്രക്കിടയില്‍ നേരിടുന്ന എന്തെല്ലാം ദുരന്തങ്ങള്‍... വേദനകള്‍... അവരുടെ തേങ്ങലുകള്‍ ചേര്‍ത്തു വെച്ചതാണ് എന്റെ ഗള്‍ഫ് ഓര്‍മകളുടെ ആദ്യ സൃഷ്ടിയായ ''മണലാരണ്യത്തിലെ നെടുവീര്‍പ്പുകള്‍'' എന്ന പുസ്തകം. അതിലെ ഓരോ വരികളും കമ്പനിയില്‍ ജോലി ചെയ്യുന്നവരും അതുപോലെ ഞാനുമായി ആദ്യനാളുകളില്‍ സൗഹൃദം പങ്കു വെച്ചവരുടെ ഹൃദയത്തുടിപ്പും എന്റെ വ്യഥയുമാണ്.

രാത്രി ജോലിയും കഴിഞ്ഞ് പകല്‍ മുഴുവനും ഉറങ്ങാന്‍ തോന്നില്ല. ഉച്ചവരെ മാത്രം ഉറങ്ങും. ഊണ് കഴിഞ്ഞ് അല്‍പസമയം ഒന്നു മയങ്ങി പെട്ടെന്ന് എഴുന്നേറ്റ് കടയില്‍ എത്തും. അങ്ങനെ അല്‍പം മണിക്കൂറുകള്‍ ബാക്കിയുണ്ട്. അടുത്ത് തന്നെയുള്ള ഒരു ഓഫീസിലെ ലബനോന്‍കാരനുമായി അടുപ്പത്തിലായി. അയാളുടെ ഓഫീസില്‍ ഒരു മണിക്കൂര്‍ ദിവസവും ജോലി ചെയ്യാന്‍ ഏല്‍പ്പിച്ചു. കാര്യമായി ജോലിയൊന്നുമില്ല. ഓഫീസിന്റെ ഗ്ലാസ്സുകള്‍ തുടച്ചു വൃത്തിയാക്കി വെക്കുക, വാക്വം ക്ലീനര്‍ ഉപയോഗിച്ച് കാര്‍പ്പെറ്റ് വൃത്തിയാക്കുക, മേശയും അതുപോലെ ഓഫീസ് ഫര്‍ണിച്ചറുകളും മറ്റും ഒതുക്കി വെക്കുക. ചെറിയ പണിയാണെങ്കിലും നല്ലൊരു സംഖ്യ മാസത്തില്‍ അതുവഴി വന്നു. മനസ്സിന് നല്ല സമാധാനം അനുഭവപ്പെട്ടു. എല്ലാ വഴിയും ചേരുമ്പോള്‍ മാസ വരുമാനം തെറ്റില്ലാത്ത സംഖ്യയായി.

സുഖമില്ലാതെ നാട്ടില്‍പ്പോകുമ്പോള്‍ സഹായിച്ചവരുടെ കടം ആദ്യം തന്നെ കൊടുത്തു തീര്‍ത്തു. ചിലര്‍ വേണ്ടെന്നു പറഞ്ഞെങ്കിലും നിര്‍ബന്ധിച്ച് തന്നെ കൈയില്‍ വെച്ചു കൊടുത്തു. നാട്ടിലെ ഓരോ ആവശ്യത്തിനും നല്ലൊരു സംഖ്യ അയക്കണം. അകന്ന് കഴിയുമ്പോള്‍ നാട്ടില്‍ നിന്നും ഓര്‍മ്മപ്പെടുത്തുന്ന എന്ത് ആവശ്യവും ചെയ്തു കൊടുക്കാന്‍ പ്രത്യേകമായൊരു സുഖമാണ്. അകലും തോറും സ്‌നേഹത്തിന്റെ ശക്തിയുടെ ആഴം വര്‍ദ്ധിക്കുന്നു. എന്ത് കഷ്ടത സഹിച്ചാലും ഉറ്റവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു. ഈ മനസ്സിനെയാണ് അപൂര്‍വ്വം പ്രവാസികളുടെ ആശ്രിതര്‍ ചൂഷണം ചെയ്യുന്നത്. അവര്‍ എങ്ങനെ കഴിഞ്ഞാലും പ്രശ്‌നമില്ല, നമ്മുടെ കാര്യങ്ങള്‍ ബുദ്ധിമുട്ട് കൂടാതെ നടന്നു പോകണം. ഗള്‍ഫുകാരന്‍ ഒരു കറവപ്പശുവായി. കാലം കടന്ന് പോകുന്നതറിയാതെ സ്വയം എരിഞ്ഞു തീരുന്നു.

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-5:
മഹാ നഗരങ്ങളിലെ ദുരിത ജീവിതങ്ങള്‍

അനുഭവം-6:
കാത്തിരിപ്പിന്റെ നാളുകള്‍

അനുഭവം-7:
ആകാശ യാത്ര എന്ന വിസ്മയം

അനുഭവം-8:
മരുഭൂമിയിലെ മരീചികക്കാഴ്ചകള്‍

അനുഭവം-9:
അവിചാരിതമായി നീണ്ട സഹായ ഹസ്തങ്ങള്‍

അനുഭവം-11:
പുതിയ സങ്കേതത്തില്‍

അനുഭവം-13:
വേദനയില്‍ കുതിര്‍ന്ന നാളുകള്‍

അനുഭവം-14:
മടക്കയാത്രയുടെ ഒരുക്കങ്ങള്‍

അനുഭവം-15:

അനുഭവം-16:
ആശുപത്രിയിലെ ദിനരാത്രങ്ങള്‍

അനുഭവം-17:
ഒരു രണ്ടാം വരവ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Ibrahim Cherkala, Article, Ibrahim Cherkalas experience 19, Story, Gulf

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL