നഗരസഭ ഭവനനിര്‍മാണ പദ്ധതിയിലെ ഉപഭോക്താവിന് ബാക്കി തുക നല്‍കിയില്ല; അന്വേഷണത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

നഗരസഭ ഭവനനിര്‍മാണ പദ്ധതിയിലെ ഉപഭോക്താവിന് ബാക്കി തുക നല്‍കിയില്ല; അന്വേഷണത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: (www.kasargodvartha.com 20.06.2018) കാസര്‍കോട് നഗരസഭയില്‍ ഭവനനിര്‍മാണ പദ്ധതിയിലെ ഉപഭോക്താവിന് ബാക്കി തുക നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും തെറ്റിദ്ധാരണജനകമായ റിപോര്‍ട്ട് നല്‍കുകയും ചെയ്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍.

നഗരസഭയിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി.എസ് അജിതയെയാണ് സസ്‌പെന്റ് ചെയ്തത്. 2015-16 വര്‍ഷത്തെ ബി.പി.എല്‍ ഭവന നിര്‍മ്മാണ പദ്ധതിയിലെ ഗുണഭോക്താവായ പി. പത്മനാഭ എന്ന വ്യക്തി 2015 ല്‍ രണ്ട് ഘട്ടങ്ങളിലായി 1,50,000 രൂപ കൈപറ്റിയിരുന്നു. പിന്നീട് വീട് നിയമപരമായ അളവില്‍ പൂര്‍ത്തീകരിച്ച് വീടിന് നമ്പറും ലഭിച്ചിരുന്നു. ഓവര്‍സിയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികളെല്ലാം പൂര്‍ത്തീകരിച്ചത്. എന്നാല്‍ മൂന്നും, നാലും ഗഡുക്കള്‍ നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു. ഓവര്‍സിയറുടെ പിന്നീടുള്ള റിപ്പോര്‍ട്ടില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മാണം നടന്നിട്ടുണ്ടെന്നും ഇതിനാല്‍ ഇദ്ദേഹത്തിന് ബാക്കി തുക നല്‍കാന്‍ കഴിയില്ലെന്നും, പത്മനാഭനെതിരെ നിയമ നടപടി കൈകൊള്ളണമെന്നും മേലുദ്യോഗസ്ഥരെ അറിയിക്കുകയാണുണ്ടായത്. എന്നാല്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇദ്ദേഹത്തിന് തുക നല്‍കാവുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മേലുദ്യോഗസ്ഥരേയും, കൗണ്‍സിലിനേയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഓവര്‍ സിയറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണിന്റെ നിര്‍ദേശ പ്രകാരമാണ് ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്തത്.

ചിലരുടെ താത്പര്യത്തിനു വഴങ്ങി അനര്‍ഹരെ ഗുണഭോക്തൃ പദ്ധതിയില്‍ ആളുകളെ തിരുകികയറ്റാന്‍ കൂട്ടുനില്‍ക്കാത്തതിന്റെ പേരിലാണ് തനിക്കെതിരെ ആരോപണമുന്നയിച്ചതെന്നാണ് ഓവര്‍സിയറുടെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, suspension, Kasaragod-Municipality, Mistakes in Job; Municipal overseer suspended
  < !- START disable copy paste -->