Join Whatsapp Group. Join now!
Aster MIMS 10/10/2023

വികസനം കൊതിച്ചൊരു മലയോരനാട്‌; ജനങ്ങള്‍ ദുരിതത്തില്‍

കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നായിട്ടും വേണ്ടത്ര വികസനമില്ലാത്ത സ്ഥിതിയിലാണ് Kerala, News, Kasaragod, Karinthalam, Road, Panchayath, Birikulam,
ബിരിക്കുളം: (www.kasargodvartha.com 30.05.2018) കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നായിട്ടും വേണ്ടത്ര വികസനമില്ലാത്ത സ്ഥിതിയിലാണ് ബിരിക്കുളം. കൊല്ലമ്പാറ - പരപ്പ, കാലിച്ചാമരം - പരപ്പ റോഡുകളുടെ സംഗമ സ്ഥലമാണ് ഇവിടം. കാളിയാനം, ചെന്നക്കോട്, മേലാഞ്ചേരി, കൂടോല്‍, കരിയാര്‍പ്പ്, പ്ലാത്തടം, നെല്ലിയര, കൊട്ടമടല്‍, പാമ്പങ്ങാനം, ചേമ്പേന, ചെറൂളി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശ്രയമാണ് ഈ ടൗണ്‍. ദിനംപ്രതി വിവിധ ആവശ്യങ്ങള്‍ക്കായി ഇതര ടൗണുകളെ ആശ്രയിക്കാന്‍ ജനങ്ങള്‍ ബസ് കയറുന്നത് ഇവിടെയെത്തിയാണ്.

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസ്, കന്നുകാലി പരിപാലനകേന്ദ്രം, കുടുംബക്ഷേമ ഉപകേന്ദ്രം എന്നിവയാണ് ഇവിടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. വിഇഒ ഓഫിസില്‍ ഓഫിസര്‍ വരാത്തതിനാല്‍ കെട്ടിടം കാടുമൂടിയ നിലയിലാണ്. രാത്രി കാലങ്ങളില്‍ സാമൂഹ്യ ദ്രോഹികളുടെ കേന്ദ്രമായും ഇതു മാറിയിട്ടുണ്ട്. കന്നുകാലി പരിപാലന കേന്ദ്രത്തില്‍ ഒരു അസിസ്റ്റന്റിന്റെ സേവനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. വളര്‍ത്തുമൃഗങ്ങള്‍ക്കും, കോഴികള്‍ക്കും അസുഖം വന്നാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കോയിത്തട്ടയെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് ഇവിടെയുള്ളവര്‍.



പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും, ഹെല്‍ത്ത് നഴ്‌സിന്റേയും മികച്ച നിലയിലുള്ള സേവനം ലഭ്യമാണ്. എന്നാല്‍ രോഗങ്ങള്‍ ബാധിച്ചാല്‍ കോയിത്തട്ട, വെള്ളരിക്കുണ്ട് , നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തേണ്ട സ്ഥിതിയിലാണ്. അതു കൊണ്ടു തന്നെ ഡോക്ടറുടെ പരിശോധന ലഭ്യമാകുന്ന സര്‍ക്കാര്‍ ക്ലിനിക്ക് ബിരിക്കുളത്തു തുടങ്ങണമെന്ന ആവശ്യം ശക്തമാണ്.

വിദ്യാഭ്യാസ മേഖലയില്‍ കിനാനൂര്‍ സെക്കന്റ് ഗ്രാമസേവാ സംഘത്തിന്റെ കീഴിലുള്ള എയ്ഡഡ് യു പി സ്‌കൂളാണ് ഇവിടെയുള്ളത്. അക്കാദമികമായി മികവു പുലര്‍ത്തുന്ന ഈ സ്‌കൂള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ബിരിക്കുളത്തിനടുത്ത് കൂടോല്‍ കടലാടിപ്പാറയില്‍ കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് പോളിടെക്‌നിക് അനുവദിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇത് മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

ഇവിടെയുള്ള സര്‍ക്കാര്‍ ഭൂമി ഉപയോഗിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ നിലവില്‍ വെള്ളരിക്കുണ്ട് ജോയിന്റ് ആര്‍ടി ഓഫിസിന്റെ കീഴിലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിനായി കണ്ടെത്തിയ പുലിയംകുളത്തിനടുത്തുള്ള സ്ഥലവും സര്‍ക്കാര്‍ സ്ഥാപനം ആരംഭിക്കാന്‍ മാത്രമേ വിട്ടുകൊടുക്കാന്‍ പാടുള്ളൂ എന്ന ആവശ്യവും ശക്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Karinthalam, Road, Panchayath, Birikulam,