city-gold-ad-for-blogger
Aster MIMS 10/10/2023

മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം ഇരുപത്തിയേഴ് )

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 14.11.2017) മരണം സുഖമുള്ളതാണെന്ന് ഇപ്പോഴാണ് അിറഞ്ഞത്. പലരില്‍ നിന്നും പറഞ്ഞു കേട്ടത് മരണം വേദനാജനകമാണെന്നും സഹിക്കാന്‍ പ്രയാസമാണ് എന്നൊക്കെയാണ്. അങ്ങിനെയൊന്നുമല്ലായെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. രണ്ടോ മൂന്നോ മിനുട്ടായിക്കാണും ശ്വാസം നിലച്ചിട്ട്. സുഖകരമായ മരണം. വായയില്‍ നിറയെ പൂഴി. ശരീരത്തിന്മേല്‍ വന്നു വീണ ഭാരം കുറഞ്ഞു കുറഞ്ഞു വരുന്നതായി തോന്നി. മെല്ലെ തല ഉയര്‍ത്തിനോക്കി. മുകള്‍ ഭാഗത്തുനിന്ന് വരുന്ന വെളിച്ചം കണ്ടു. ഇല്ല ഞാന്‍ മരിച്ചിട്ടില്ല. ആരൊക്കെയോ ചേര്‍ന്ന് എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നു. ബസ്സ് മറിഞ്ഞത് ഇടതുഭാഗം ചെരിഞ്ഞാണ്. ഞാന്‍ ഡോറിന്റെ അവസാന സ്റ്റെപ്പില്‍ നില്‍ക്കുകയായിരുന്നു. നിറയെ അധ്യാപകരും വിദ്യാര്‍ത്ഥികളും.

പടന്ന ഗവ: യു. പി സ്‌കൂളില്‍ നിന്ന് ചെറുവത്തൂര്‍ വെല്‍ഫേര്‍ യു പി സ്‌കൂളില്‍ നടക്കുന്ന സബ് ജില്ലാതല പ്രവര്‍ത്തി പരിചയ മത്സരം കാണാന്‍ ചെന്നതാണ്. ബസ്സ് അറേഞ്ച് ചെയ്താണ് പോയത്. തിരിച്ചു വരുമ്പോഴായിരുന്നു സംഭവം. നൂറിലധികം കുട്ടികളുണ്ട.് ഇരുപതോളം അധ്യാപകരും. ഓരിമുക്ക് കഴിഞ്ഞുകാണും. കുട്ടികളുടെ ശബ്ദകോലാഹലത്തിനിടയില്‍ ഒന്നും മനസ്സിലാവുന്നില്ല. ബസ്സ് മെല്ലെ ചരിയാന്‍ തുടങ്ങി. ബസ്സില്‍ നിലവിളി ഉയര്‍ന്നു. കുറച്ചുനിമിഷത്തിനുശേഷം കൂട്ടക്കരച്ചില്‍ കേട്ടു. പിന്നെ ശ്വാസം മുട്ടി. ഞാന്‍ ഏറ്റവും അടിയില്‍ എന്റെ ശരീരത്തിനുമുകളിലാണ് കുറേ കുട്ടികളും അധ്യാപകരും വീണുകിടക്കുന്നത്. മുകളിലുള്ളവരുടെ ശരീരഭാരം മാത്രമല്ല എനിക്ക് ഏല്‍ക്കേണ്ടിവന്നത്, എഴുന്നേല്‍ക്കാനും പുറത്തുകടക്കാനുമുള്ള വെപ്രാളത്തില്‍ അവരുടെ ചവിട്ടും ഞാന്‍ സഹിക്കേണ്ടി വന്നു. എല്ലാവരേയും പുറത്തെത്തിച്ചതിനുശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ എന്നെ കണ്ടത്. അവര്‍ എഴുന്നേല്‍പ്പിച്ച് ബസ്സിന് പുറത്തെത്തിച്ചു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മരിച്ചില്ല. പക്ഷേ തലയ്ക്കും കഴുത്തിനും ശരീരമാസകലവും ഏറ്റ ശക്തമായ ചവിട്ടുമൂലം ഇന്നും കഴുത്തുവേദനയും നടുവേദനയും അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഈ സംഭവം നടന്നത് 1983 ലാണ്.

മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത് 1975ലാണ്. കണ്ണൂര്‍ ജില്ലയിലെ പാണപ്പുഴ ഗവ: എല്‍ പി സ്‌കൂളിലാണ് ആദ്യ നിയമനം. രണ്ടു വര്‍ഷം അവിടെ ജോലി ചെയ്തു. മനോഹരമായ ഒരു മലയോര ഗ്രാമപ്രദേശം. സ്‌കൂളിന് തൊട്ടു താഴെ കൂടി ഒഴുകുന്ന പാണപ്പുഴ പേടിപ്പെടുത്തുന്ന ഒന്നായിരുന്നു. മഴക്കാലത്ത് രൗദ്രഭാവം പൂണ്ടിരിക്കുന്ന പാണപ്പുഴ കടന്നു കിട്ടുന്നത് ഇന്നും ഓര്‍ക്കുമ്പോള്‍ ഭയം. വലിയ മരത്തിന്റെ കമ്പിലേക്ക് തിരുകിവെച്ച കവുങ്ങിന്‍ തടികള്‍. മരം പുഴയുടെ മധ്യഭാഗത്താണ്. ഇക്കരെ പുഴയുടെ കരയില്‍ നിന്ന് ഒന്നോ രണ്ടോ കവുങ്ങിന്‍ തടി പുഴയുടെ മധ്യത്തിലുള്ള മരക്കൊമ്പിലേക്ക് തിരുകി വെക്കും. അതേപോലെ മറുകരയിലേക്കും കവുങ്ങിന്‍ തടിവെച്ചിട്ടുണ്ടാവും. കുത്തനെ കയറി മുകളിലെത്തി വീണ്ടും കുത്തനെ ഇറങ്ങണം. പുഴയില്‍ നിന്ന് 50 മീറ്ററോളം ഉയരത്തിലാണ് കവുങ്ങിന്‍ തടി അതിലൂടെ നടക്കുമ്പോള്‍ പുഴയിലൂടെ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലേക്ക് നോക്കിയാല്‍ തലകറങ്ങും. ഒരു കയ്യില്‍ ഭക്ഷണപ്പൊതിയും ബുക്കുകളും നിറച്ച ബാഗ്, മറുകയ്യില്‍ നിവര്‍ത്തിപ്പിടിച്ച കുട. കാലുതെന്നിയോ, മറ്റോ താഴേക്കു പതിച്ചാലുള്ള കാര്യം ഓര്‍ക്കുകയേ വേണ്ട. ശരിക്കും ജീവന്മരണ യാത്ര.

കാസര്‍കോട് ജില്ലയിലേക്ക് ട്രാന്‍സ്ഫറിന് അപേക്ഷ കൊടുത്തു. റെക്കമെന്‍ഡേഷനൊന്നും പോയില്ല. 197 ല്‍ കടലോര മേഖലയായ മാവിലാകടപ്പുറം ഗവ: എല്‍ പി സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടി. മലയോരത്തുനിന്ന് കടലോരത്തേക്ക് മാറ്റം. നീന്താന്‍ അറിയാത്ത വ്യക്തിയാണ് ഞാന്‍. രണ്ട് കടവ് കടന്നു വേണം, അറബിക്കടലിനു സമീപമുള്ള പ്രസ്തുത സ്‌കൂളില്‍ എത്താന്‍. മലയോരത്തെ സ്‌കൂളില്‍ നിന്ന് മനോഹരമായ കാറ്റും വൃക്ഷലതാദികളുടെ മര്‍മ്മര ശബ്ദവീചികളും ആസ്വദിച്ച ഞാന്‍ കടലിന്റെ ഇരമ്പലും തിരമാലകളുടെ ഗര്‍ജ്ജനവും കടല്‍കാറ്റിന്റെ ചൂടും അനുഭവിച്ചറിയുകയായിരുന്നു. വീടിന്റെ അടുത്ത് നിന്ന് ബസ്സ് കയറി ഓരിമുക്കിലിറങ്ങി അവിടുന്ന് പതിനഞ്ച് മിനുട്ടോളം നടന്ന് ഓരിക്കടവിലെത്തിയിട്ടു വേണം കടത്തുതോണി കിട്ടാന്‍. പ്രസ്തുത കടത്തു തോണി 45 മിനുട്ടോളം തുഴഞ്ഞുവേണം മാവിലാകടപ്പുറത്തെ കടവിലെത്താന്‍. ഇടക്ക് തെക്കേക്കാട്ട് ദ്വീപിലും ആളെ കയറ്റാനും ഇറക്കാനും തോണി അടുപ്പിക്കും. പലപ്പോഴും കാറ്റിന്റെ ശക്തിയില്‍ തോണി ഉലഞ്ഞാടും. നെഞ്ചിടിപ്പ് കൂടും.

ഒരു ദിവസം ഹെഡ്മാസ്റ്റര്‍ അവധി ആയതിനാല്‍ ചാര്‍ജ്ജ് എനിക്കായിരുന്നു. സ്‌കൂളിന്റെ താക്കോല്‍ എന്റെ കയ്യിലാണ്. നേരത്തെ പുറപ്പെട്ടിട്ടും ബസ്സ് ലേറ്റ് ആയി. കടവില്‍ എത്തുമ്പോള്‍ കടത്തു തോണി പുറപ്പെടുകയും ചെയ്തു. എന്തായാലും ടീച്ചേഴ്‌സ് സ്‌കൂളില്‍ എത്തുന്നതിനുമുമ്പേ എനിക്ക് എത്തിയേ പറ്റൂ. കാരണം ഓഫീസും ക്ലാസ് മുറികളും തുറന്നു കൊടുക്കണമല്ലോ. ഞാന്‍ വിഷമിച്ച് കടവില്‍ നില്‍ക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഒരു കുഞ്ഞു തോണിയുമായി എന്റെ മുന്‍പിലെത്തി. എന്നെ മാവിലാകടപ്പുറത്ത് എത്തിക്കാമോ എന്നന്വേഷിച്ചപ്പോള്‍ അവന്‍ റെഡിയായി. അത്രയും ചെറിയൊരു തോണിയില്‍ ഞാന്‍ ഇതേവരെ യാത്ര ചെയ്തിട്ടില്ല. എങ്ങനെയൊക്കെയോ അതില്‍ കയറിപ്പറ്റി ഇരുന്നു കൊടുത്തു. തോണിക്കാരന്‍ തുഴച്ചില്‍ ആരംഭിച്ചു. ചെറിയ തോണിയായതുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ആടി ഉലയുമ്പോള്‍ ടെന്‍ഷന്‍ കൂടി കൂടി വന്നു. വരുന്നതു വരട്ടെ എന്ന് കരുതി കണ്ണുമടച്ച് ശ്വാസം പിടിച്ച് അതിലിരുന്നു.

തോണി കടവിലെത്താറായി. കടവിനു തൊട്ടടുത്താണ് ബോട്ട് ജെട്ടി. ബോട്ട് ജെട്ടിക്കടുത്തെത്തിയപ്പോള്‍ 'മാഷ് ഇവിടെ ഇറങ്ങിക്കോ' അവന്‍ പറഞ്ഞു. ഞാന്‍ ജെട്ടിയുടെ തൂണ് മുറുക്കെ പിടിച്ചു. പെട്ടെന്ന് അവന്‍ വീണ്ടും പറഞ്ഞു 'കടവില്‍ തന്നെ ഇറങ്ങാം മാഷെ' അത് പറയലും അവന്‍ തോണി മുന്നോട്ടെടുത്തു. ഞാന്‍ തോണിയില്‍ നിന്നും പുഴയിലേക്ക് പതിച്ചു. ബോട്ടു ജെട്ടി ഏറ്റവും ആഴം കൂടിയ ഭാഗമാണ്. നീന്താനറിയാത്ത, വെള്ളം കാണുമ്പോള്‍ തന്നെ ഭയപ്പെടുന്ന ഞാന്‍ ആഴമേറിയ പുഴയില്‍ നിലംപതിച്ചപ്പോള്‍ കഥ കഴിഞ്ഞു എന്ന് ഞാന്‍ കരുതി. പക്ഷെ ഞാനതാപൊന്തി വരുന്നു. മുറുകെ ജെട്ടിയുടെ കരങ്കല്‍ തൂണ് ഞാന്‍ വീണ്ടും പിടിച്ചു. ആളുകള്‍ ഓടി വന്ന് എന്നെ പിടിച്ചു കയറ്റി. ആകെ നനഞ്ഞൊലിച്ച് തണുത്ത് വിറക്കുന്ന എന്നെ കടവിനടുത്ത ഒരു വീട്ടിലെത്തിച്ചു. ആ വീട്ടുകാര്‍ ഷര്‍ട്ടും മുണ്ടും എനിക്ക് തന്നു. അവിടുത്തെ ഗൃഹനാഥന്‍ വിളിച്ചു പറയുന്നതുകേട്ടു 'മാഷ്‌ക്ക് കഞ്ചിപ്രാക്ക് ഇടാന്‍ കൊടുക്ക്' (കൈയുള്ള ബനിയന് അവിടുത്തുകാര്‍ പറയുന്നത് കഞ്ചിപ്രാക്ക് എന്നാണ്) അങ്ങനെ ഒരു മരണത്തില്‍ നിന്ന് കൂടി ഈയുള്ളവന്‍ രക്ഷപ്പെട്ടു. അവിടുന്നും ട്രാന്‍സ്ഫര്‍ വാങ്ങി ചെറുവത്തൂര്‍ ഗവ: ഫിഷറീസ് ഹൈസ്‌കൂളില്‍ എത്തി. അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കടപ്പുറത്തു തന്നെ ഒരു എയ്ഡഡ് യു പി സ്‌കൂള്‍ അനുവദിച്ചു കിട്ടി. അവിടെ ഹെഡ്മാസ്റ്റര്‍ ആയിരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് മാനേജ്‌മെന്റ് എന്നെ സമീപിച്ചു. തോണിയില്‍ നിന്ന് വീണ അനുഭവമോര്‍ത്ത് ഒരിക്കലും അവിടേക്കില്ല എന്ന് ഞാന്‍ വിനീതമായി പറഞ്ഞു....

പതിനഞ്ചാം വയസ്സില്‍ നീന്തല്‍ പഠിക്കാന്‍ പോയതും മരണമുഖത്തേക്കായിരുന്നു. അതോടെയാണ് നീന്തല്‍ പഠനം ഉപേക്ഷിച്ചത്. 1965ല്‍ ജൂണ്‍ മാസത്തില്‍ തകര്‍ത്തു പെയ്യുന്ന മഴ. കൂക്കാനത്തുള്ള പഞ്ചായത്ത് കുളം അക്കാലത്ത് നിറഞ്ഞു കവിയും. നീന്തല്‍ പഠിക്കാനുള്ള തയ്യാറെടുപ്പോടെ സുഹൃത്തുക്കളായ കെ പി ലക്ഷ്മണന്‍, ടി വി ഗോവിന്ദന്‍, മോട്ടുമ്മല്‍ നാരായണന്‍ എന്നിവരോടൊപ്പം കുളക്കടവില്‍ എത്തി. അവര്‍ മൂന്നുപേരും കുളത്തിലിറങ്ങി. നിവര്‍ത്തി പിടിച്ച അവരുടെ കൈകളിലേക്ക് എന്നെ കിടത്തി. കൈയ്യും കാലുമിട്ട് അടിക്കാന്‍ പറഞ്ഞു. പറഞ്ഞ പോലെ ചെയ്തു. കുളത്തിന്റെ മൂലയിലേക്ക് കുറുകെ ഇതേ പ്രക്രിയയോടെ എന്നെ രണ്ട് മൂന്ന് തവണ നീന്തിപ്പിച്ചു. എനിക്ക് സ്വയം നീന്താന്‍ കഴിയുമെന്ന വിശ്വാസം വന്നു. അവര്‍ കുളത്തിന്റെ അരികിലേക്ക് മാറിനിന്നു. ഞാന്‍ സ്വയം നീന്താന്‍ തുടങ്ങി. കൂടെ വന്നവര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കി. കാലും കൈയും തളര്‍ന്നു. ഞാനതാകുളത്തിലേക്ക് മുങ്ങി താണു കൊണ്ടിരിക്കുന്നു. കൂട്ടത്തിലെ നീന്തല്‍ വിദഗ്ധനായ മോട്ടുമ്മല്‍ നാരായണന്‍ കുതിച്ചെത്തി. എന്റെ മുടിയില്‍ കടന്നു പിടിച്ച് കരയിലെത്തിച്ചു. അങ്ങനെ രക്ഷപ്പെട്ടു. പക്ഷെ ഏറ്റവും വലിയ ഒരു ദു:ഖമുണ്ടായത് മുങ്ങി മരിക്കുന്ന എന്നെ മുടിയില്‍ പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മോട്ടുമ്മല്‍ നാരായണന്‍ എന്ന ദിനേശ് ബീഡി തൊഴിലാളി അതേ കുളക്കടവില്‍ മരിച്ചു എന്നുള്ളതാണ്.

Also Read: 1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Bus, Teachers, Students, School, River, Experiences, Story of my foot steps part-27.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL