Join Whatsapp Group. Join now!
Aster MIMS 10/10/2023

ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുരുഷ സ്വയംസഹായസംഘം പാര്‍ട്ടിവിരുദ്ധമെന്ന് ലോക്കല്‍ സമ്മേളന റിപോര്‍ട്ട്

സി പി എം ശക്തികേന്ദ്രമായ അതിയാമ്പൂരില്‍ പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'സഖാവ്' പുരുഷ സ്വയംസഹായ സംഘം പാര്‍ട്ടിവിരുദ്ധമാണെന്ന് ലോക്കല്‍ സമ്മേളന Kanhangad, News, CPM, Conference, Athiyamboor, Local Conference
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.10.2017) സി പി എം ശക്തികേന്ദ്രമായ അതിയാമ്പൂരില്‍ പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'സഖാവ്' പുരുഷ സ്വയംസഹായ സംഘം പാര്‍ട്ടിവിരുദ്ധമാണെന്ന് ലോക്കല്‍ സമ്മേളന റിപോര്‍ട്ട്. അതിയാമ്പൂരില്‍ പാര്‍ട്ടിയോട് ആലോചിക്കാതെ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വിരുദ്ധരെ ഉള്‍പെടുത്തി പുരുഷ സഹായസംഘം രൂപീകരിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരം പ്രവണതകള്‍ മാറ്റിയെടുക്കണമെന്നും ലോക്കല്‍ സെക്രട്ടറി അവതരിപ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.


ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി സജീവമായി ഇടപെടാറുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ പേരില്‍ മറ്റൊരു സംഘടനയുടെ ആവശ്യമില്ലെന്നാണ് റിപോര്‍ട്ട് സൂചന നല്‍കുന്നത്. പാര്‍ട്ടി മെമ്പര്‍മാരില്‍ മാനസിക ഐക്യമുണ്ടാകണമെന്നും പാര്‍ട്ടി മെമ്പര്‍മാര്‍ പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി മാറണമെന്നും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് അതിയാമ്പൂരില്‍ നിലനില്‍ക്കുന്ന ഭിന്നതക്കുള്ള താക്കീതായാണ് വിലയിരുത്തപ്പെടുന്നത്.

പാര്‍ട്ടിയുടെ പ്രക്ഷോഭ പരിപാടികളില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ തയ്യാറാകണമെന്ന് റിപോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പും വിഭാഗീയത മൂലം സമരസംഘടനാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വന്നു എന്നതിന്റെ തെളിവാണ്. ഇക്കാര്യത്തില്‍ രൂക്ഷമായ ചര്‍ച്ചയും വിമര്‍ശനവുമാണ് ഉയര്‍ന്നുവന്നത്. സഖാവുമായി ബന്ധപ്പെട്ട വിവാദമുയര്‍ന്നപ്പോള്‍ അക്കാര്യം യഥാസമയം മേല്‍ഘടകത്തില്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ ചുമതലയുണ്ടായിരുന്ന ലോക്കല്‍ കമ്മിറ്റി അംഗം തയ്യാറാവാത്തതിനെ പ്രതിനിധികള്‍ ചോദ്യം ചെയ്തപ്പോള്‍ സഖാവ് രൂപീകരിച്ചത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണെന്നും ചിലര്‍ വാദിച്ചു.

എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി തന്നെ നേതൃത്വം നല്‍കുന്നുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് അതിയാമ്പൂരിലെ ഒരു പഴയകാല സി പി എം പ്രവര്‍ത്തകന്റെ വീട്ടില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പുരുഷ സംഘം രൂപീകരിച്ചത്. നേരത്തെ സി പി എം ബ്രാഞ്ച് സെക്രട്ടറി ബല്ലാ ബാബുവിന്റെ നേതൃത്വത്തിലാണ് 'സഖാവ്' പുരുഷ സ്വയംസഹായസംഘം രൂപീകരിച്ചത്. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടി അതിയാമ്പൂര്‍ രണ്ടാം ബ്രാഞ്ച് കമ്മിറ്റി അടിയന്തിര യോഗം ചേര്‍ന്ന് ബല്ലാ ലോക്കല്‍ കമ്മിറ്റിക്ക് പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് സഖാവിന്റെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. പാര്‍ട്ടി ചട്ടക്കൂടുകള്‍ പാടേ ലംഘിച്ചുകൊണ്ടാണ് 'സഖാവി'ന് രൂപം നല്‍കിയതെന്ന് ലോക്കല്‍ കമ്മിറ്റി യോഗത്തിലും ചര്‍ച്ച ഉയര്‍ന്നിരുന്നു. സഖാവ് എന്ന പേരില്‍ സംഘടന രൂപീകരിക്കുന്നത് പാര്‍ട്ടിക്കകത്ത് വിഭാഗീയ പ്രവര്‍ത്തനം വീണ്ടും ശക്തിപ്പെടുത്തുമെന്ന് നേതൃത്വം അന്നു തന്നെ താക്കീത് നല്‍കിയിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമെ പാര്‍ട്ടി ശത്രുക്കള്‍ വരെ സഖാവില്‍ അണിനിരത്തിയത് ഇതിന്റെ ഭാഗമാണെന്നും ഇവര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സഖാവിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചുവെങ്കിലും ഒരു വിഭാഗം സമാന്തരമായി നീങ്ങാന്‍ തന്നെയാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമാണ് അതിയാമ്പൂരില്‍ നടന്ന ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ ബദല്‍ പാനല്‍ അവതരിപ്പിക്കുകയും ഇതില്‍ രണ്ടുപേര്‍ വിജയിക്കുകയും ചെയ്തത്. ഏരിയാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് വരെ വോട്ടെടുപ്പ് നടന്നിരുന്നു. ഒരു തവണ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അതിയാമ്പൂര്‍ വാര്‍ഡില്‍ നിന്നും എതിരാളികളില്ലാതെ വിജയിച്ച ലീല വോട്ടെടുപ്പിലൂടെ പരാജയപ്പെടാന്‍ ഇടയായതും ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏതായാലും ലോക്കല്‍ സമ്മേളനത്തോടെ ഏറെക്കാലമായി അതിയാമ്പൂരില്‍ ഒതുങ്ങി നിന്നിരുന്ന സി പി എമ്മിലെ ഗ്രൂപ്പിസം വീണ്ടും രൂക്ഷമായി മറനീക്കി പുറത്തുവരുമെന്നാണ് കരുതുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ നടന്ന ലോക്കല്‍ സമ്മേളനത്തില്‍ വിഭാഗീയത തലപൊക്കിയത് നേതൃത്വത്തെ ഏറെ അലോസരപ്പെടുത്തുന്നുണ്ട്. അതേസമയം ലോക്കല്‍ സമ്മേളനത്തില്‍ പാര്‍ട്ടി പ്ലീനത്തിന്റെ നിര്‍ദേശം ലംഘിച്ചതായി അണികള്‍ ആരോപിക്കുന്നു. വനിതകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്ന നിര്‍ദേശമാണ് അവഗണിക്കപ്പെട്ടത്.

തീരദേശ മേഖലകളില്‍ ഉള്‍പെടെയുള്ള പത്തോളം പിന്നോക്ക വിഭാഗക്കാര്‍ സമ്മേളന പ്രതിനിധികളായി ഉണ്ടായിരുന്നുവെങ്കിലും ഇവരെ ആരെയും ലോക്കല്‍ കമ്മിറ്റികളിലേക്ക് പരിഗണിച്ചില്ല. ഇത് അണികള്‍ക്കിടയില്‍ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, News, CPM, Conference, Athiyamboor, Local Conference.