Join Whatsapp Group. Join now!
Aster MIMS 10/10/2023

പിന്നെങ്ങനെ ഈ റോഡുകളും പാലങ്ങളും തകരാതിരിക്കും; കരാറുകള്‍ ബിലോ തുകയ്ക്ക് നേടിയെടുക്കുന്നു, 12 ശതമാനം ജിഎസ്ടിയും 3 ശതമാനം സെസും 10 ശതമാനം കരാറുകാരന്റെ ലാഭവും കഴിച്ചാല്‍ പണി നടക്കുന്നത് പകുതി തുകയ്ക്ക്, കോടികളുടെ 4 പ്രവര്‍ത്തികളുടെ കണക്ക് നോക്കാം

പിന്നെങ്ങനെ ഈ റോഡുകളും പാലങ്ങളും തകരാതിരിക്കും. കരാറുകാര്‍ ഏറ്റെടുക്കുന്ന കരാറുകള്‍ ബിലോ തുകയ്ക്ക് നേടിയെടുക്കുമ്പോള്‍ റോഡുകളുടെയും പാലങ്ങളുടെയുംKasaragod, Kerala, news, Contractors, Top-Headlines, How is done corruption in Road- Bridge Constructions
കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാസര്‍കോട്: (www.kasargodvartha.com 28.10.2017) പിന്നെങ്ങനെ ഈ റോഡുകളും പാലങ്ങളും തകരാതിരിക്കും. കരാറുകാര്‍ ഏറ്റെടുക്കുന്ന കരാറുകള്‍ ബിലോ തുകയ്ക്ക് നേടിയെടുക്കുമ്പോള്‍ റോഡുകളുടെയും പാലങ്ങളുടെയും ഗുണനിലവാരമാണ് ഇല്ലാതാകുന്നതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍  ചൂണ്ടിക്കാട്ടുന്നു. കാസര്‍കോട്ടെ നാല് പ്രവര്‍ത്തികള്‍ ഏറ്റെടുത്തതിന്റെ കണക്കുകള്‍ നോക്കിയാല്‍ തന്നെ പകുതി തുക പോലും നിര്‍മാണ പ്രവര്‍ത്തനത്തിന് ചിലവഴിക്കുന്നില്ലെന്ന് വ്യക്തമാകും.

12 ശതമാനം ജിഎസ്ടിയും മൂന്നു ശതമാനം സെസും 10 ശതമാനം കരാറുകാരന്റെ ലാഭവും കിഴിച്ച് ബാക്കി തുകയിലാണ് മിക്കയിടത്തും പണി നടക്കുന്നത്. ചെറിയ തുകയ്ക്ക് ഏറ്റെടുക്കുന്ന കരാറുകളില്‍ ക്രമക്കേട് എളുപ്പം കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കിലും വലിയ തുകയുടെ കരാറുകളിലെ കൃത്രിമം പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് മത്സര ബുദ്ധിയോടെ കരാറുകാര്‍ ബിലോ തുകയ്ക്ക് ടെണ്ടര്‍ എടുക്കുന്നത്.

അഡൂര്‍ പള്ളഞ്ചി പാലത്തിന് 4.5 കോടി രൂപയാണ് പദ്ധതി തുകയായി വകയിരുത്തിയത്. ഇത് ടെണ്ടറിന് വെച്ചപ്പോള്‍ കരാറുകാരായ ബേര്‍ക്കാ ഷരീഫും, സി.എല്‍. റഷീദും  25 ശതമാനം ബിലോയിലാണ് പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്. ഇവര്‍ ഈ പദ്ധതി ഏറ്റെടുത്താല്‍ 12 ശതമാനം ജിഎസ്ടിയും മൂന്ന് ശതമാനം സെസും 10 ശതമാനം കരാറുകാരന്റെ ലാഭവും കണക്കാക്കിയാല്‍ പദ്ധതി വകയിരുത്തിയതിന്റെ 50 ശതമാനം കുറവുവരും. 4.5 രൂപയുടെ പദ്ധതിക്ക് 2.25 കോടി രൂപയ്ക്കാണ് പാലം നിര്‍മിക്കേണ്ടി വരിക. കരാര്‍ ഏറ്റെടുക്കുന്നവര്‍ ബിലോയായി കാണിക്കുന്ന ശതമാനത്തിന് തുല്യമായി 1.35 കോടി രൂപ സര്‍ക്കാരിന് ഗ്യാരണ്ടിയായി കെട്ടിവെക്കേണ്ടതുണ്ട്. ഇതിന്റെ ബാങ്ക് പലിശയും മറ്റും കണക്കാക്കിയാല്‍ കരാറുകാരന് പിന്നെങ്ങനെ കൃത്യമായ രീതിയില്‍ പണി നടത്താന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. തട്ടിക്കൂട്ടി പണി നടത്തി കൊള്ളലാഭം കൊയ്യുന്ന ഇത്തരം കരാറുകാര്‍ക്കെതിരെ സര്‍ക്കാര്‍ തന്നെ നടപടി കൈകൊള്ളണമെന്നാണ് ആവശ്യം ഉയരുന്നത്.

ഉദുമ മുല്ലച്ചേരി പാലത്തിന് 3.50 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. ഇതിന്റെ 24 ശതമാനം ബിലോയിലാണ് ഹക്കീം എന്നയാള്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 12 ശതമാനം ജിഎസ്ടിയും മൂന്ന് ശതമാനം സെസും 10 ശതമാനം കരാറുകാരന്റെ ലാഭവും കഴിച്ച് 1.78 കോടി രൂപയ്ക്കാണ് കരാര്‍ പണി നടക്കുക. ഇതിനും 84 ലക്ഷം രൂപ ഗ്യാരണ്ടിയായി കരാറുകാരന്‍ കെട്ടിവെക്കേണ്ടതുണ്ട്.


ബന്തടുക്ക ചാമക്കൊച്ചി റെഗുലേറ്റര്‍ കംബ്രിഡ്ജിന് 80 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. ഈ പദ്ധതിക്ക് 30 ശതമാനം കുറച്ചാണ് കരാറുകാരന്‍ അബ്ദുല്ല കുറ്റിക്കോല്‍ കരാര്‍ ഏറ്റെടുത്തത്. ഇതിന്റെ 12 ശതമാനം ജിഎസ്ടിയും മൂന്ന് ശതമാനം സെസും 10 ശതമാനം കരാറുകാരന്റെ ലാഭവും കഴിച്ചാല്‍ 36 ലക്ഷം രൂപയാണ് കരാര്‍ പ്രവര്‍ത്തിക്ക് വിനിയോഗിക്കുക. ഈ പദ്ധതിക്കും 24 ലക്ഷം രൂപ ഗ്യാരണ്ടിയായി സര്‍ക്കാരില്‍ കെട്ടിവെക്കേണ്ടതുണ്ട്.

പട്‌ളയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 38 ലക്ഷം രൂപയുടെ പ്രവര്‍ത്തിയിലും ഇതേ പോലെ 20 ശതമാനം ബിലോയിലാണ് എം എ ഇഖ്ബാല്‍ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതിന്റെ 12 ശതമാനം ജിഎസ്ടിയും മൂന്ന് ശതമാനം സെസും 10 ശതമാനം കരാറുകാരന്റെ ലാഭവും കഴിച്ചാല്‍ 20.9 ലക്ഷം രൂപയാണ് പ്രവര്‍ത്തിക്ക് വിനിയോഗിക്കേണ്ടി വരിക. ഈ പദ്ധതിക്കും 7.6 ലക്ഷം രൂപ ഗ്യാരണ്ടിയായി സര്‍ക്കാരില്‍ കെട്ടിവെക്കേണ്ടതുണ്ട്.

ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് എസ്റ്റിമേറ്റ് തുക കുറയുന്നതുമൂലം പ്രവര്‍ത്തികള്‍ക്ക് ഗുണനിലവാരം ഒട്ടും തന്നെ ഉണ്ടാകില്ലെന്നതാണ്. പെര്‍ഫോമന്‍സ് ഗ്യാരണ്ടിയായി വന്‍ തുക കെട്ടിവെക്കേണ്ടതും കരാറുകാര്‍ക്ക് വലിയ ബാധ്യത ഉണ്ടാക്കും. അപ്പോള്‍ സ്വാഭാവികമായും നിര്‍മാണപ്രവര്‍ത്തനത്തില്‍ ക്രമക്കേട് നടത്താന്‍ കരാറുകാര്‍ നിര്‍ബന്ധിതരാകും. 12 ശതമാനം ജിഎസ്ടി തുക കുറക്കണമെന്നാവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്ന കരാറുകാരുടെ സംഘടന 20 ഉം 30 ഉം ശതമാനം ബിലോയില്‍ കരാര്‍ ഏറ്റെടുക്കുന്നതിനെ കുറിച്ച് മൗനം നടിക്കുന്നു. ഇതൊന്നും കൂടാതെ പദ്ധതിയുടെ മൊത്തം സെക്യൂരിറ്റി ഡിപോസിറ്റായി അഞ്ച് ശതമാനം വേറെയും സര്‍ക്കാരിന് കെട്ടിവെക്കേണ്ടതുണ്ട്.

എസ്റ്റിമേറ്റ് തുകയേക്കാള്‍ ബിലോയില്‍ കരാറുകള്‍ ഏറ്റെടുക്കുന്നതു മൂലം കരാറില്‍ പറയുന്നതു പോലുള്ള നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഈ പദ്ധതികളിലെല്ലാം ജനജാഗ്രത സമിതി രൂപീകരിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചിരിക്കുകയാണ്. അഡൂര്‍ പള്ളഞ്ചി പാലത്തിന്റെ ജാഗ്രത സമിതി രൂപീകരിക്കുന്നതിനായി സാദിഖ് സാച്ചയെയും ഉദുമ മുല്ലച്ചേരി പാലം നിര്‍മാണത്തിന്റെ ജനജാഗ്രത സമിതി രൂപീകരിക്കുന്നതിനായി ബുര്‍ഹാന്‍ തളങ്കരയെയും ചാമക്കൊച്ചി റെഗുലേറ്റര്‍ കംബ്രിഡ്ജിന്റെ ജനജാഗ്രത സമിതി രൂപീകരിക്കുന്നതിനായി സര്‍ഫ്രാസ് മാന്യയെയും പട്ളയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ജനജാഗ്രത സമിതി രൂപീകരിക്കുന്നതിനായി താജൂദ്ദീന്‍ ചേരങ്കൈയെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്.

സാധാരണ പല ചെറുകിട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും പ്രവര്‍ത്തി ഏറ്റെടുക്കുന്നതിനായി കരാര്‍ തുകയുടെ നാലോ അഞ്ചോ ശതമാനം കൂടുതലായി നല്‍കാറാണ് ചെയ്യുന്നത്. ഇതിനിടയിലാണ് വന്‍കിട പദ്ധതികള്‍ ബിലോയിലായി കരാറുകാര്‍ ലേലം കൊള്ളുന്നത്. വെള്ളത്തില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കണക്ക് പലപ്പോഴും പരിശോധിക്കാന്‍ സാധിക്കില്ലെന്നത് കൊണ്ട് ഇത്തരം പ്രവര്‍ത്തികളില്‍ വന്‍ തുക ബിലോയായി കരാര്‍ ഏറ്റെടുക്കുന്നു. കോണ്‍ക്രീറ്റ് ബീമിന്റെ താഴ്ച്ച കുറച്ചുകൊണ്ടായിരിക്കാം പണി നടക്കുക. ആളുകള്‍ കാണുന്ന മുകള്‍ ഭാഗം മാത്രം മിനുക്കിക്കൊണ്ടാണ് പണികഴിപ്പിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ മെഷര്‍മെന്റ് ബുക്കിലും ഡേ ബുക്കിലും അതാത് ദിവസം കോണ്‍ട്രാക്ടറും ഓവര്‍സീയറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഓരോ സാധനങ്ങളുടെയും കൃത്യമായ അളവ് രേഖപ്പെടുത്തണമെന്നാണ് നിയമം. ഉപയോഗിച്ച കമ്പിയും സിമെന്റും ഉള്‍പെടെ എല്ലാ കാര്യങ്ങളിലും പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത് വെച്ച് അതാത് ദിവസം രേഖപ്പെടുത്തേണ്ടതാണെങ്കിലും പലപ്പോഴും ഇതെല്ലാം നടക്കുന്നത് കരാറുകാരന്റെ സൗകര്യപ്രദമായ സ്ഥലത്തുവെച്ചായിരിക്കുമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Contractors, Top-Headlines, How is done corruption in Road- Bridge Constructions