city-gold-ad-for-blogger
Aster MIMS 10/10/2023

അധ്യാപക ദിനത്തില്‍ ഗുരുവിനെ വന്ദിച്ചപ്പോള്‍

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 06.09.2017) അറുപത് കൊല്ലം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1957 ല്‍ എന്നെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച മാഷിനെ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിക്കാനുള്ള ഭാഗ്യം ലഭിച്ചു. 95 കാരനായ പട്ടേരി മാഷ്‌ക്ക് മറവി പിടിപെട്ടിട്ടേയില്ല. കണ്ട ഉടനെ എന്നെ തിരിച്ചറിഞ്ഞു. എന്റെ റഹിമാനല്ലേ, നിന്നെ മറക്വോ. എന്റെ കൂടെ മകള്‍ ജുബീനയും ഉണ്ടായിരുന്നു. അവളോടായി മാഷ് പറഞ്ഞു. 'ഇവന്‍ എന്റെ ക്ലാസിലെ ലീഡറായിരുന്നു. ഇവനെ ഏഴാം ക്ലാസിലെത്തിയപ്പോള്‍ സ്‌കൂള്‍ ലീഡറാക്കി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകത്തില്‍ അഭിനയിപ്പിച്ചു. അന്നേ മിടുക്കനാണിവന്‍.'

അധ്യാപക ദിനത്തില്‍ ഗുരുവിനെ വന്ദിച്ചപ്പോള്‍

ഞാന്‍ മകളുടെ മുഖത്തേക്ക് നോക്കി. മാഷിന്റെ ഓര്‍മയെക്കുറിച്ച് ഞങ്ങള്‍ അത്ഭുതപ്പെട്ടു. നടക്കാന്‍ അല്‍പം വിഷമമുണ്ട്. എങ്കിലും വെറുതെയിരിക്കില്ല. പറമ്പില്‍ എന്തെങ്കിലും ചെയ്തു കൊണ്ടേയിരിക്കും. എന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്തെന്ന് പറഞ്ഞുതരാം. 'ചായ, കാപ്പി ഇവ കുടിക്കില്ല. പൂര്‍ണമായും സസ്യാഹാരം, പൊടി പുകവലിയില്ല, ലഹരി തൊട്ടിട്ടില്ലിതേവരെ' ആവേശപൂര്‍വം പറയുകയാണദ്ദേഹം.

ഒന്നാം ക്ലാസിലെ ഒന്നാന്തരം മാഷായിരുന്നു പട്ടേരിമാഷ്. കാണാന്‍ നല്ല സ്റ്റൈലുള്ള ആള്‍. എന്നും വെള്ള അരക്കയ്യന്‍ ഷര്‍ട്ടും വെള്ളമുണ്ടും ധരിക്കും. നെറ്റിയില്‍ വലിയൊരു കുങ്കുമപ്പൊട്ട്. നാവ് ചവച്ചുകൊണ്ടിരിക്കുന്ന സ്വഭാവമുണ്ട്. ഇന്നും പട്ടേരി മാഷിന്റെ യഥാര്‍ത്ഥപേര് എനിക്കറിയില്ല. അന്നത്തെ മാഷന്മാരെ കുട്ടികളും രക്ഷിതാക്കളും തിരിച്ചറിയുക ജാതിപേരിലൂടെയാണ്. നമ്പൂതിരിമാഷ്, മാരാര്‍മാഷ്, അടിയോടി മാഷ്, ഉണിത്തിരിമാഷ്, നമ്പ്യാര്‍ മാഷ്, പട്ടേരിമാഷ്, (ഭട്ടതിരി) ആണ് ശരിയെന്ന് തോന്നുന്നു.

ഇവരെല്ലാം കുട്ടികളെ സ്‌നേഹിച്ചവരായിരുന്നു. കുട്ടികളുടെ വീട്ടുകാരുമായി സ്ഥിരമായി ബന്ധപ്പെടുമായിരുന്നു. പല്ല് തേക്കാത്തവരേയും നഖം വെട്ടാത്തവരെയും കണ്ടെത്തി ശുചിത്വകാര്യം പഠിപ്പിക്കുകയും ചെയ്യിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നെ പ്രൈമറി ക്ലാസില്‍ (ഓലാട്ട് എ യു പി സ്‌കൂള്‍) പഠിപ്പിച്ച രണ്ട് മാഷന്മാരെ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. മറ്റൊരാള്‍ കൂക്കാനത്ത് താമസിക്കുന്ന കുമാരന്‍ മാഷാണ്.

എന്നും ഈ അധ്യാപകരെ ഓര്‍ക്കാറുണ്ട്. ഇന്നെങ്കിലും നേരിട്ടുകാണണമെന്ന് മോഹം തോന്നി. അധ്യാപക ദിനം അതിന് അനുയോജ്യമാണെന്നും ബോധ്യമായി. മറ്റൊന്നും ചെയ്യാന്‍ പറ്റില്ലെങ്കിലും ഒന്നു കാണുക, ആശിര്‍വാദം വാങ്ങുക, തിരിച്ചങ്ങോട്ടു മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന ആദരവ് പ്രകടിപ്പിക്കുക ഇതായിരുന്നു ലക്ഷ്യം.

നാലഞ്ച് വര്‍ഷം മുമ്പ് കൊഴുമ്മല്‍ എ യു പി സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പ്രസംഗികനായി ഞാന്‍ ചെന്നിരുന്നു. അന്ന് എന്റെ പഴയ ഒന്നാം ക്ലാസിന്റെ അവസ്ഥയെക്കുറിച്ചും സംസാരിച്ചു. എന്റെ പ്രസംഗം കേട്ടുകൊണ്ട് പട്ടേരിമാഷ് വളരെ അകലെയായി നില്‍പ്പുണ്ടായിരുന്നു. ഞാന്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആളെവിട്ട് എന്നെ വിളിപ്പിച്ചതും, പ്രസംഗം നന്നായിരുന്നു എന്ന് പറഞ്ഞതുമെല്ലാം ഇപ്പോഴും മാഷ് ഓര്‍ത്തു പറഞ്ഞു.

ആദ്യാക്ഷരം പഠിപ്പിച്ചു തന്ന ആ മാഷിന്റെ മുഖത്തേക്ക് തന്നെ ഞാന്‍ ദീര്‍ഘനേരം നോക്കി ഇരുന്നു പോയി. സ്ലേറ്റില്‍ സ്ലേറ്റ് പെന്‍സിലുപയോഗിച്ച് വിരല്‍ പിടിച്ച് എഴുതിച്ചതും, പൂഴിയില്‍ വിരല്‍ പിടിച്ച് എഴുതിച്ചതും ഓര്‍മയിലെത്തി. അന്ന് അക്ഷരം പഠിച്ചില്ലായിരുന്നെങ്കില്‍ എന്ന് മാഷിന്റെ മുന്നിലിരുന്നു ചിന്തിച്ചുപോയി. തെറ്റിപ്പോയാല്‍ ചെവി പിടിച്ച് തിരുമ്പലും വടികൊണ്ട് കൈവെള്ളയില്‍ അടികിട്ടിയതും, കുരുത്തക്കേടു കളിച്ചാല്‍ കാല്‍ വണ്ണയില്‍ കിട്ടിയ ചൂരല്‍ കഷായവും എല്ലാം ഓര്‍മയിലേക്ക് തെളിഞ്ഞു വന്നു.

ഇത്തരം ശിക്ഷ ലഭിച്ചാണ് ഞങ്ങള്‍ പഠിച്ചത്. ആ ശിക്ഷകള്‍ മനസ്സിനും, ശരീരത്തിനും വേദന ഉണ്ടാക്കിയിരുന്നു. ഗുരുക്കന്‍മാരോടുള്ള ഭയം പഠനത്തിന് സഹായകമായിട്ടുണ്ട്. ഇന്ന് കാലം മാറി. ഗുരു - ശിഷ്യ ബന്ധം സുഹൃത്ത് ബന്ധമായി മാറി. ഭയമില്ലാത്ത അന്തരീക്ഷത്തില്‍ പഠിക്കുവാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് കരഗതമായി.

അധ്യാപകരെ കുറിച്ച് നൊബേല്‍ ജേതാവായ മലാല യൂസഫ് സായ് പറഞ്ഞ കാര്യം ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. 'ഒരു പുസ്തകം ഒരു പേന, ഒരു കുട്ടി ഒരു നല്ല അധ്യാപകന്‍ ഇത്രമതി ലോകത്തെ മാറ്റാന്‍.' മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കാലാം പറഞ്ഞത് ഇതോടനുബന്ധമുള്ളതാണ്. 'വ്യക്തിയുടെ സ്വഭാവവും, കഴിവും, ഭാവിയും രൂപപ്പെടുത്തുന്ന മഹത്തായ സേവനമാണ് അധ്യാപകന്‍ ചെയ്യുന്നത്. ഒരധ്യാപകന്റെ വിജയത്തെ കുറിച്ച് മരിയാമോണ്ടിസ്സോറി പറയുന്നതിങ്ങനെ 'താനില്ലെങ്കിലും തന്റെ വിദ്യാര്‍ത്ഥികള്‍ സ്വയം ജയിക്കാന്‍ കഴിവുള്ളവരാണ് എന്നറിയുന്നതാണ് ഒരധ്യാപകന്റെ ഏറ്റവും വലിയ വിജയം.'

ഈ ഗുണങ്ങളൊക്കെയുള്ള എന്റെ ബഹുമാന്യനായ അധ്യാപകനായിരുന്നു പട്ടേരി മാഷ്. സ്‌കൂള്‍ വാര്‍ഷികത്തിന് കുട്ടികളുടെ നാടകത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ വേഷമെടുത്ത് എന്നെ അഭിനയിപ്പിച്ച് പഠിപ്പിച്ച് സ്റ്റേജില്‍ ഭംഗിയായി അവതരിപ്പിക്കാന്‍ അവസരം ഉണ്ടാക്കിയ ഗുരുവാണ് ഇദ്ദേഹം. കുട്ടികളുടെ കഴിവുകള്‍ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ സദാ സന്നദ്ധനായിരുന്നു മാഷ്. എന്നിലുള്ള നേതൃപാടവം കണ്ടറിഞ്ഞോ എന്തോ എന്നറിയില്ല എല്ലാക്ലാസിലും ക്ലാസ് ലീഡര്‍ സ്ഥാനത്തേക്കും എഴാം ക്ലാസിലെത്തുമ്പോള്‍ സ്‌കൂള്‍ ലീഡര്‍ സ്ഥാനത്തേക്കും എന്നെനിശ്ചയിക്കുന്നതിന് നിര്‍ദേശം നല്‍കിയ ആളാണ് ഇദ്ദേഹം.

ഓലഷെഡ്ഡിലാണ് അന്നത്തെ ഒന്നും, രണ്ടും ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. തുള വീണ ബെഞ്ചുകളും, കാലൊടിഞ്ഞ മേശയും കസേരയും ഓലമേഞ്ഞ മേല്‍ക്കൂരയില്‍ നിന്നും ക്ലാസ് മുറിയിലേക്ക് വീഴുന്ന പഴുതാരകളും ഇതാണ് അന്നത്തെ 'സ്മാര്‍ട്ട് ക്ലാസ് റൂം.' ഒരാഴ്ച മുഴുവന്‍ ധരിക്കുന്ന വള്ളി ട്രൗസറും ഷര്‍ട്ടും, മൂക്കില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മൂക്കട്ട കൊണ്ട് വികൃതമായ മുഖവും ഉള്ള കുട്ടികള്‍. ഇങ്ങനെയുള്ള അവസ്ഥയാണെങ്കിലും കുട്ടികളോട് സ്‌നേഹ വാത്സല്യത്തോടെ ഇടപെടുകയും വേണ്ടപ്പോള്‍ കഠിനമായ ശിക്ഷ നല്‍കുകയും ചെയ്താണ് ഞങ്ങളെ പട്ടേരി മാഷ് അടക്കമുള്ളവര്‍ അക്കാലത്ത് പഠിപ്പിച്ചിരുന്നത്.

അങ്ങനെയുള്ള ഒരു മഹാനായ ഗുരുവിനെയാണ് അദ്ദേഹത്തിന്റെ 95-ാം വയസില്‍ ഈ 65 കാരനായ ശിഷ്യന് ആദരിക്കാനുള്ള അവസരം കൈ വന്നത്. ആ മഹാന്‍ എന്റെ ശിരസ്സില്‍ കൈ വച്ച് തലോടിയപ്പോള്‍ അനിര്‍വചനീയമായ വികാരം വിക്ഷോഭങ്ങള്‍ എന്റെ ഹൃദയത്തില്‍ താളമിടുകയായിരുന്നു. ഇതൊക്കെ ഓര്‍ക്കാനും ഈ മാന്യ ഗുരുവന്ദ്യനെ കണ്ടനുഗ്രഹം വാങ്ങാനും സാധിച്ചത് എന്റെ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവവമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kookanam-Rahman, Article, Teachers, School, Felicitation, Pateri Teacher, Memories.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL