city-gold-ad-for-blogger
Aster MIMS 10/10/2023

കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

നടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 15)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 22.08.2017) കൗമാര കാലത്തെ പ്രണയ കുതൂഹലങ്ങള്‍ പലവഴിക്കും സഞ്ചരിക്കും. അധ്യാപക പരിശീലന സമയത്ത് ഉണ്ടായ ഒരു പ്രണയ ചാപല്യം എന്നും മനസ്സിലേക്കോടിയെത്തും. ഞങ്ങളുടെ ബാച്ചില്‍ ഇരുപത് ആണ്‍കുട്ടികളും ഇരുപത് പെണ്‍കുട്ടികളുമാണുണ്ടായത്. പരിശീലനത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി വര്‍ക്ക് നിര്‍ബന്ധമായിരുന്നു. സ്‌കൂള്‍ പറമ്പില്‍ വോളിബോള്‍ ഗ്രൗണ്ട് നിര്‍മാണമാണ് ഞങ്ങള്‍ക്ക് കിട്ടിയ ഡ്യൂട്ടി. സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്. ആണ്‍കുട്ടികളായ ഞങ്ങളൊക്കെ ഡേ സ്‌കോളേഴ്‌സ് ആണ്.

കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

അന്നത്തെ വര്‍ക്ക് കഴിഞ്ഞ് ഇന്റര്‍വെല്‍ സമയത്ത് കാപ്പി ഏര്‍പാട് ചെയ്തത് ഹോസ്റ്റലില്‍ ആയിരുന്നു. സഹപാഠിയായ ചിന്നമ്മുവിന്റെ പ്ലേറ്റിലാണ് എനിക്ക് കാപ്പി കിട്ടിയത്. ഞാന്‍ കുടിച്ച് പകുതി ആയതേ ഉള്ളൂ. കാപ്പിക്ക് മധുരം കുറഞ്ഞുപോയോ എന്ന് ചോദിച്ച് പ്ലേറ്റിലെ ബാക്കിയുള്ള എന്റെ കാപ്പി വലിച്ചു കുടിക്കുന്നത് ഞാന്‍ കണ്ടു. എന്നെ കള്ളക്കണ്ണ് കൊണ്ട് ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു. അവളുടെ ആ പ്രവൃത്തി എന്റെ മനസില്‍ എന്തോ ഒരു വികാരം കോറിയിട്ടു. പിന്നെ ഇടക്കിടക്ക് ക്ലാസ് ഇന്റര്‍വെല്‍ സമയത്തൊക്കെ തമ്മില്‍ കാണാനും പറയാനും ഇഷ്ടമായി.

വെളുത്തതില്‍ കറുത്ത പുള്ളിയുള്ള സാരിയും, കറുത്ത ബ്ലൗസും പിന്നിയിട്ട ചുരുണ്ട മുടിയും മനസില്‍ അവളുടെ ചിത്രം മായാതെ കൊത്തി വച്ച പോലെയായി. പരസ്പരം ആരാണെന്നോ എന്താണെന്നോ കൂടുതല്‍ ഞങ്ങളറിഞ്ഞില്ല. മൂകഭാഷയില്‍ ആയിരുന്നു. ഞങ്ങളുടെ ആശയ വിനിമയം. ശരീരഭാഷയിലൂടെ സ്‌നേഹോഷ്മളത പങ്കിടാന്‍ ഞങ്ങള്‍ പ്രാവിണ്യം തെളിയിച്ചു.

എന്നും കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കില്ലെന്നറിയാം. ഒരു ഫോട്ടോ ആവശ്യപ്പെട്ടു. ഫോട്ടോ തരാന്‍ അവള്‍ കണ്ടുപിടിച്ച ഒരു വിദ്യ ഇങ്ങനെയായിരുന്നു. ഒറ്റക്ക് പലപ്പോഴും കാണാന്‍ പറ്റില്ല. സ്‌കൂള്‍ വിട്ട് കൂട്ടുകാരോടൊപ്പം ഒന്നിച്ച് നടക്കുമ്പോള്‍ പിന്നില്‍ നിന്ന് ചിന്നമ്മു വിളിച്ചു. 'റഹ് മാനെ നിനക്ക് സൈക്കോളജി നോട്ട് വേണ്ടെ?' കാര്യം മനസിലായ ഞാന്‍ വേണം എന്ന് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഞാന്‍ നോട്ട് ആവശ്യപ്പെടുകയുണ്ടായില്ല.

ആരും കാണാതെ അവളുടെ ഫോട്ടോ എനിക്ക് കൈമാറാനുള്ള വിദ്യയായിരുന്നു അവള്‍ കാണിച്ചത്. നോട്ട് ബുക്ക് നിവര്‍ത്തി നോക്കിയപ്പോള്‍ മനോഹരമായ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ കവറില്‍ പൊതിഞ്ഞ് വച്ചിരിക്കുന്നു. സൂക്ഷിച്ച് നോക്കി. അര നൂറ്റാണ്ടിനപ്പുറം തന്ന ആ ഫോട്ടോ എന്റെ ആല്‍ബത്തില്‍ ഇന്നുമുണ്ട്.

ക്ലാസിലെ കൂട്ടുക്കാര്‍ക്കെല്ലാമറിയാം ഞങ്ങള്‍ തമ്മിലുള്ള ബന്ധം. സ്‌കൂള്‍ വാര്‍ഷികദിനത്തില്‍ ചിന്നമ്മു പാടിയ 'കരയുന്നൂ പുഴ ചിരിക്കുന്നൂ' ഞാന്‍ വികാരാധീനനായി കേട്ടിരുന്നു പോയി. കൈവരിക്കാനാവാത്ത പ്രണയ സാഫല്യത്തെ മനസില്‍ സൂക്ഷിച്ചു കൊണ്ട് ഞാന്‍ കേള്‍ക്കാനായി മാത്രം അവള്‍ പാടിയതാവാം ആ പാട്ട്. അതിനെ കുറിച്ച് അവളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. 'അതെ റഹ് മാന്‍ ഞാന്‍ അങ്ങനെയൊക്കെയാണ്'.

പിന്നെയും ഒരു കൊല്ലം ബാക്കിയുണ്ട്. ഞങ്ങള്‍ കൂടുതല്‍ അടുത്തു. എന്നിട്ടും വ്യക്തിപരമായ കാര്യങ്ങളിലേക്കു കടന്നില്ല. ചിലപ്പോള്‍ അവള്‍ കരുതിക്കൂട്ടി അങ്ങനെ ചെയ്തതാവാം. ഓട്ടോ ഗ്രാഫിലെ വരികളും ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ട്. 'വേനലും മാഞ്ഞും മഴയുമായി കാലം പതുക്കെ കടന്നുപോയി'...

വിഷ്ണു നമ്പൂതിരി മാഷുടെ സോഷ്യല്‍ സയന്‍സ് ക്ലാസ് ഉറക്കം തൂങ്ങി ക്ലാസായിരുന്നു. മാഷ് കസേരയിലിരുന്നു ടെക്സ്റ്റ് നോക്കി പറഞ്ഞു കൊണ്ടേയിരിക്കും. ഒരു അറുബോറന്‍ ക്ലാസ്. പ്രസ്തുത ക്ലാസില്‍ ഇക്കാലത്തെ വാട്‌സ് ആപ്പ് മെസേജ് പോലെ കടലാസു കഷണത്തില്‍ എന്തെങ്കിലും കുറിച്ച് ചുരുട്ടി ഡസ്‌കിനടിയിലൂടെ കാലുകൊണ്ട് കൊളുത്തി അവള്‍ എറിഞ്ഞു തരും. വായിച്ച് മറുപടിയും അതേപോലെ ചെയ്യും.

'സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ കാണണം'
'കാണാം'
'ഇക്കാര്യം ആരും അറിയല്ലേ'
'ഒരിക്കലുമില്ല'
'കുഞ്ഞി കൃഷ്ണന്‍ മാസ്റ്റര്‍ ശ്രദ്ധിക്കുന്നുണ്ട്'
'സാരമില്ല അത് ഞാന്‍ നോക്കിക്കൊള്ളാം'
തുടങ്ങിയ സന്ദേശങ്ങളാണ് പരസ്പരം കൈമാറിയിരുന്നത്.

1970 മാര്‍ച്ച് 31ന് സ്ഥാപനം അടച്ചു. വീണ്ടും കാണണം എന്നൊക്കെ യാത്രാമൊഴിയും പറഞ്ഞു. മറക്കില്ലെന്നു തിരിച്ചു പറയുമ്പോള്‍ അവളുടെ കണ്ണീര്‍ ചാലുകളായി ഒഴുകുന്നുണ്ടായിരുന്നു. കത്തയക്കും മറുപടി അയക്കണേ എന്നാണവള്‍ അവസാനമായി പറഞ്ഞത്.

പറഞ്ഞ പോലെ രണ്ടാം ദിവസം തന്നെ അവളുടെ കത്ത് സ്‌കൂള്‍ അഡ്രസില്‍ എത്തി. രണ്ടു ദിവസം കഴിഞ്ഞതിന് ശേഷം കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ കവറുമായി ക്ലാസില്‍ വന്നു. ഞാന്‍ സ്‌കൂള്‍ ലീഡറായിരുന്നു. 'ഇത്തരം പരിപാടിയും റഹ് മാനുണ്ടോ?' ആകാംക്ഷയോടെ ഞാന്‍ തിരിച്ചു ചോദിച്ചു. ഇതാ, വായിച്ചു തിരിച്ചുതരണം. അത് ചിന്നമ്മുവിന്റെ കത്തായിരുന്നു. മാഷ് അങ്ങോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ യഥാര്‍ത്ഥ കത്ത് ഞാന്‍ കീശയില്‍ തിരുകി. നോട്ട് ബുക്കില്‍ നിന്ന് ചീന്തിയെടുത്ത വെറും പേപ്പര്‍ കവറിലിട്ട് ഭദ്രമായി മാഷ്‌ക്ക് തിരിച്ചു കൊടുത്തു.

അദ്ദേഹം അത് തുറന്നു നോക്കാത്തുഭാഗ്യം. സ്വകാര്യമായിരുന്ന് കത്ത് വായിച്ചു: വര്‍ത്തമാനം പറയുമ്പോഴുള്ള റഹ് മാന്റെ മുഖം എനിക്ക് മറക്കാന്‍ കഴിയില്ല... റഹ് മാന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആ ഭാഗ്യവതിയെ എനിക്ക് കാണാനെങ്കിലും പറ്റുമോ... നിര്‍ത്തുന്നു റഹ് മാനെ... ഭാഗ്യമുണ്ടെങ്കില്‍ കണ്ടുമുട്ടാം... ഇങ്ങിനെയായിരുന്നു കത്ത് അവസാനിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kookanam-Rahman, Article, Love, Class, Love Letter, Black and White Photo, Story of my foot steps part 15. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL