തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 9)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 17.07.2017) മാപ്പിളച്ചെറുക്കന്‍മാര്‍ക്ക് ജീവിതത്തില്‍ അനുഭവിക്കാന്‍ ഭയമുളവാക്കുന്ന കാര്യമുണ്ടായിരുന്നു. ചെറുപ്രായത്തില്‍ കുരുത്തക്കേട് കാണിക്കുമ്പോള്‍ വീട്ടിലെ പ്രായമുള്ളവര്‍ പറഞ്ഞു പേടിപ്പിക്കും നിന്റെ കുരുത്തക്കേട് നില്‍ക്കും മാര്‍ക്കം ചെയ്യല് കഴിയട്ടെയെന്ന്. അയല്‍പക്കത്തുളളവരും കളിക്കൂട്ടുകാരും അതേ കാര്യം അല്പം ലൈംഗികച്ചുവയോടെ ചോദിക്കും 'നിന്റെ പച്ചി മുറി എപ്പഴാ'. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പേടി തോന്നും. ഇങ്ങനെയൊരുസംഭവം നടന്നേ പറ്റൂ എന്നറിയാം. എങ്കിലേ തികഞ്ഞ മാപ്പിളയാവൂ.

അറുപതുകളിലെ സംഭവമാണ് പറയുന്നത്. ഏഴാം ക്ലാസ് പരീക്ഷ കഴിഞ്ഞുളള വെക്കേഷനില്‍ കാര്യം നടത്തുമെന്ന് ഏതാണ്ട് ഉറപ്പായി. ഓര്‍ക്കുന്തോറും പേടിയാവുന്നു. നാടുവിടണോ, ബന്ധുവീട്ടില്‍ അഭയം തേടണോ ചിന്ത ആ വഴിക്കൊക്കെ പോയി. വെക്കേഷനായി. ഏപ്രില്‍ മാസം കഴിഞ്ഞു. ഇനി മെയ് മാസം. അമ്മാവന്മാര്‍ പറയുന്നത് കേട്ടു. മെയ് എട്ടിന് ചെക്കന്റെ സുന്നത്ത് നടത്തണം. പിന്നീട് മെയ് എട്ട് ആവാതിരിക്കാനുള്ള പ്രാര്‍ത്ഥനയായിരുന്നു.

അങ്ങിനെ മെയ് 8 പുലര്‍ന്നു. രാത്രിയാണ് കര്‍മ്മം നടത്തുക. അന്ന് പുറത്തിറങ്ങാതെ വീട്ടിനുളളില്‍ കഴിച്ചു കൂട്ടി. നല്ല ആഹാരങ്ങളൊക്കെ സ്‌നേഹത്തോടെ വീട്ടുകാര്‍ നല്‍കുന്നുണ്ട്. ബന്ധുജനങ്ങള്‍ വരുന്നുണ്ട്. ചിലര്‍ പലഹാരങ്ങളുമായി വരുന്നു. ചിലര്‍ സമ്മാനങ്ങള്‍ നല്‍കുന്നു. പണം തരുന്ന അടുത്ത ബന്ധുക്കളുമുണ്ട്. ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ സന്തോഷം തോന്നിച്ചു. പക്ഷേ രാത്രിയില്‍ നടക്കുന്ന സംഭവം ഓര്‍ക്കാന്‍ കൂടി വയ്യ. തലകറങ്ങുന്നതായി തോന്നുന്നു........

സന്ധ്യയായി പെട്രോമാക്‌സ് വീടിനകത്തും പുറത്തും കത്തിച്ചു വെച്ചിട്ടുണ്ട്. 'ഒസ്സാന്‍ എത്തി' ആരോ വിളിച്ചു പറഞ്ഞു. ഒസ്സാന്‍ ആ പേരുകേള്‍ക്കുമ്പോള്‍ ഭയം ഒന്നുകൂടി ഇരട്ടിച്ചു. ഹൃദയമിടിപ്പ് കൂടി. തായലക്കൊട്ടിലിലെ തിണ്ണമേല്‍ വന്നിരിക്കുന്ന ഒസ്സാനെ ഒന്നു എത്തിനോക്കി. നീണ്ടവെളുത്ത താടി. ചുവന്ന കണ്ണ്. പച്ചത്തലേക്കെട്ട്. ഒരു പെട്ടി സമീപത്തുവെച്ചിട്ടുണ്ട്. ആ പെട്ടിയിലായിരിക്കാം തന്റെ സുന്നത്ത് ചെയ്യാനുളള കത്തി. ഹാവൂ പേടിയാവുന്നു. എന്തുചെയ്യാന്‍? ഉമ്മ കരയാന്‍ തുടങ്ങിയിട്ടുണ്ട്. ആകെ പരിഭ്രമമായി.......

Article, Kookanam-Rahman, Food, Doctors, Child hood, Memories, Vecation, Friends, Gifts, Sweets, Story of my foot steps part-9.

നെയ്‌ച്ചോറിന്റെയും കോഴിക്കറിയുടെയും മണം മൂക്കില്‍ അരിച്ചു കയറുന്നുണ്ട്. ക്ഷണിതാക്കള്‍ക്ക് നല്‍കാനാണ്. മനസ്സില്‍ കരുതി വേദന ഞാന്‍ അനുഭവിക്കണം. ഇവര്‍ക്കൊക്കെ അതിന്റെ പേരില്‍ സന്തോഷത്തോടെ വയറു നിറച്ചും അവ കഴിക്കാം. വെറുപ്പ് തോന്നി എല്ലാവരോടും..... മീത്തലെ കൊട്ടിലില്‍ ( വീട്ടിലെ പ്രധാന മുറി ) എന്തൊക്കെയോ പരിപാടി നടക്കുന്നുണ്ട്. അവിടെ വെച്ചാണ് ഭയാനകമായ ആ സംഭവം നടക്കുക. ആണി തറക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ഇരിക്കാനുളള രണ്ട് പലക വേണമെന്ന് ആരോ വിളിച്ചു പറയുന്നു.

പൂഴി നിറച്ച് ചിരട്ട കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുന്നത് കേട്ടു. എന്റെ സമയമടുക്കാറായി..... ഞാന്‍ കരുതി. രണ്ടുപേര്‍ എന്നെ ബലമായി പിടിച്ചു കൊണ്ടുപോയി. ഒസ്സാന്‍ പലക മേല്‍ ഇരിക്കുന്നത് കണ്ടു. പേടിച്ചു കരഞ്ഞു പോയി. ഒരാള്‍ പെട്ടെന്ന് ഞാനുടുത്തമുണ്ട് അഴിച്ചു മാറ്റി. അയ്യോ നാണം മൂലം ആ ഭാഗം കൈകൊണ്ട് പൊത്തിപ്പിടിച്ചു. പെട്ടെന്ന് കാതടക്കുന്ന ശബ്ദത്തില്‍ ഒരടി. അടി കിട്ടിയത് തുടയ്ക്കാണെന്ന് ഓര്‍മ്മയുണ്ട്. (അക്കാലത്തെ അനസ്തീഷ്യ) ഒസ്സാന്റെ നേരെ മുന്നിലിരുത്തിയതും ഓര്‍മ്മ. തൊലിപിടിച്ചു വലിച്ച് ഒറ്റ മുറിക്കല്‍. തിളങ്ങുന്ന മുറിക്കത്തി കൊണ്ടാണ് ഓപ്പറേഷന്‍. വേദന കൊണ്ട് പുളഞ്ഞു. നിലവിളിച്ചു. കൈ മുറുകെ ആരോ പിടിച്ചിട്ടുണ്ട്. കാലും മുറുകെ പിടിച്ചു വെച്ചു. ശരിക്കും ഒരറവു തന്നെ. ചോരവാര്‍ന്നൊഴുകു ന്നു. മുന്നില്‍ പൂഴി നിറച്ചു വെച്ച ചിരട്ടയിലാണ് രക്തം നിറയു ന്നത്.....

ഏതോ ഓയിന്റ്‌മെന്റ് വെച്ച് മുറിവായില്‍ തുണിക്കഷ്ണം വെച്ച് കെട്ടിയിട്ടുണ്ട്. പായവിരിച്ചു റെഡിയാക്കിയിട്ടുണ്ട്. അതിലെന്നെ കിടത്തി. മുറിയുടെ ഉത്തരത്തില്‍ ആണി തറച്ച് അതില്‍ ചരടു കെട്ടിയിട്ടുണ്ട്. പുതക്കാനുളള മുണ്ടിന്റെ നടുഭാഗത്ത് ഒരു നാണയം വെച്ച് കെട്ടിയിട്ടുണ്ട്. പുതച്ച തുണി മുറിവില്‍ തട്ടാതിരിക്കാനായിരുന്നു അങ്ങിനെ ചെയ്തത്. രണ്ടുമൂന്നു ദിവസം കൂടി വേദന സഹിച്ചു കിടന്നു. മുറിവായില്‍ ധാര ചെയ്യണം. മരുന്നു വെളളം എന്നാണ് അന്നു പറഞ്ഞത്. പിന്നീടാണ് മനസ്സിലായത് വെളളത്തില്‍ കലര്‍ത്തിയത് പൊട്ടാസ്യം പെര്‍മാംഗനേറ്റാണ്. മുന്നുനേരവും നല്ല ഭക്ഷണം കിട്ടുന്നു ണ്ട്. പക്ഷേ കുടിവെളളം തരില്ല. ചോറും വറവും പേരിന് അല്പം കറിയും, ചുട്ട പപ്പടവും ഒക്കെ കിട്ടും.

ഒരാഴ്ച കഴിഞ്ഞു. കുളിച്ചു. പുതിയ മുണ്ടും ഷര്‍ട്ടും ഇട്ട് പുറത്തിറങ്ങി. വീട്ടില്‍ എന്നും മീന്‍കൊണ്ടു വരുന്ന മീന്‍കാരത്തി ഗെയ്റ്റ് കടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ അവരുടെ മുന്നില്‍ പെട്ടു. സ്‌നേഹത്തോടെ കവിളില്‍ നുളളി. 'വേദനിച്ചില്ലേ മോനേ..... ചോര വന്നില്ലേ മോനേ..... മുഴുവനും മുറിച്ചു കളഞ്ഞുവോ മോനേ..... ഞാന്‍ നോക്കട്ടെ' അവര്‍ അവിടെ പിടിച്ചു നോക്കി.... സ്‌നേഹം കൊണ്ടാണവര്‍ അങ്ങിനെ ചെയ്തത്..... അന്ന് ലൈംഗികതയെക്കുറിച്ചോ അത്തരം ചോദ്യങ്ങളെക്കുറിച്ചോ ഒന്നും അറിയാത്തവരായിരുന്നു ഞങ്ങളുടെ പ്രായക്കാര്‍.

അക്കാലത്ത് പുല്ലും വിറകും ശേഖരിച്ചു തലച്ചുമടായി സ്ത്രീകള്‍ ഞങ്ങള്‍ നടന്നു പോകുന്ന ഇടവഴിയരികിലെ കയ്യാലയില്‍ ചുമട് താങ്ങി വെക്കും. അല്പം വിശ്രമിക്കലാണ്. കൂട്ടത്തില്‍ നിന്നനില്‍പ്പില്‍ അവര്‍ മൂത്ര ശങ്കയും തീര്‍ക്കും. അതാരും ശ്രദ്ധിക്കാറില്ല. സത്യത്തില്‍ പഴയ കാല കുട്ടികള്‍ എത്ര നിഷ്‌ക്കളങ്കരാണ്? വികാര രഹിതമായ ഒരു നിഷ്‌ക്കളങ്കത. ഹോട്ടലുകളിലും മാളുകളിലുമുളള മൂത്രപ്പുരകളിലും മറ്റും ഒളിക്യാമറ വെച്ച് സ്ത്രീ നഗ്നത പിടിച്ചെടുത്തു ആസ്വദിക്കുന്ന ആധുനിക കാല ചെറുപ്പക്കാരെക്കുറിച്ചു ഓര്‍ത്തുപോയി പഴയ കാല അനുഭവം മനസ്സിലോടിയെത്തിയപ്പോള്‍. തമാശയായിട്ടാണെങ്കിലും തന്റെ ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞുപോലും. മൂത്ര ശങ്ക തോന്നിയാല്‍ ടോയ്‌ലറ്റില്‍ പോകേണ്ട വഴിവക്കില്‍ അത് സാധിച്ചോളൂ. നാലോ അഞ്ചോ ആളുകളേ അതുകാണൂ....

ടോയ്‌ലറ്റില്‍ ചെന്നാല്‍ മലയാളികള്‍ മൊത്തം അതുകാണും..... ഗൗരവത്തോടെ ചിന്തിക്കേണ്ട കാ ര്യം......മാര്‍ക്കക്കല്യാണക്കാര്യം ഓര്‍മ്മിച്ചപ്പോള്‍ ഇക്കാലത്തെ ലൈംഗിക പരാക്രമങ്ങളും പഴയകാല നിഷ്‌ക്കളങ്കമായ സമീപനവും ബന്ധപ്പെട്ടു കുറിച്ചു പോയതാണ് ഇത്. അപരിഷ്‌കൃത രീതികളെല്ലാം മാറി. അന്നങ്ങിനെയൊക്കെയേ പറ്റൂ. ശാസ്ത്ര രംഗം വളര്‍ന്നു. ഇന്നത്തെ കുട്ടികള്‍ക്ക് സര്‍ക്കംസിഷന്‍ നടത്താന്‍ ഡോക്ടര്‍മാരുണ്ട്. വേദന സഹിക്കേണ്ട. ഒന്നോ രണ്ടോ ദിവസത്തെ വിശ്രമം മാത്രം. ഞങ്ങളുടെ പ്രായത്തിലുളള മാപ്പിളച്ചെറുക്കന്മാര്‍ അനുഭവിച്ച വേദന അതേപടി പകര്‍ത്തിയതാണ്. ഇങ്ങിനെയും അനുഭവങ്ങളുണ്ടായിരുന്നു എന്ന് ഓര്‍മ്മിക്കാനും, ഓര്‍മ്മപ്പെടുത്താനും മാത്രം.....

Also Read: നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Food, Doctors, Child hood, Memories, Vecation, Friends, Gifts, Sweets, Story of my foot steps part-9.