Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

സര്‍വീസ് മേഖലകളിലും പുറംകരാര്‍ നിയമനം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു- സത്യന്‍മോകേരി

നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍വീസ് മേഖലകളിലും പുറം കരാര്‍ നിയമനം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സി പി ഐ സംസ്ഥാന അസി. Kanhangad, Programme, Inauguration, CPI, Sathyan Mokeri
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.07.2017) നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍വീസ് മേഖലകളിലും പുറം കരാര്‍ നിയമനം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍മോകേരി പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


സര്‍വീസ് മേഖലയില്‍ ഇന്നുള്ള ഘടനയൊന്നും ആവശ്യമില്ലെന്നും സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതില്ലെന്നുമാണ് നീതി ആയോഗിന്റെ നിഗമനം. പുറംകരാര്‍ സര്‍വീസ് മേഖലയില്‍ നടപ്പിലാക്കുന്നതിന് മുമ്പ് ബാങ്കിംഗ് മേഖലയില്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ പല പ്രോജക്ടുകളും പുറം കരാറിലൂടെ നടപ്പിലാക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും പ്രോജക്ടുകള്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ച് പുറം കരാറിലൂടെ നടപ്പിലാക്കുകയാണ്. അതാണ് പ്രൊഫഷണല്‍ ആതാണ് പ്രായോഗികം എന്ന വാദഗതികളാണ് ഉയര്‍ത്തികൊണ്ടു വരുന്നത്. പ്ലാനിംഗ് കമ്മീഷന്‍ ഒഴിവാക്കിയതിന് ശേഷം ക്യാമ്പിനറ്റിനേക്കാള്‍ ഉപരിയായി സര്‍ക്കാരിന് ഉപദേശം നല്‍കുന്നത് നീതി ആയോഗാണ്.

പ്രൊഫഷണലിസത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ എല്ലാ മേഖലകളിലും കോര്‍പറേറ്റുകള്‍ക്കും അതിലൂടെ വിദേശ കമ്പനികള്‍ക്കും ഔട്ട് സോഴ്‌സ് നടപ്പിലാക്കാനാണ് നീതി ആയോഗിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സുരക്ഷിതത്വമായി ബന്ധപ്പെട്ട ആയുധ നിര്‍മാണം പോലും കോര്‍പറേറ്റു കമ്പനികളെ ഏല്‍പ്പിക്കുകയാണ്. ഇതിലൂടെ ഇസ്രായേല്‍, അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയിലേക്ക് എത്താന്‍ പറ്റുന്ന സ്ഥിതിയാണ്. പൊതുമേഖല സ്ഥാപനങ്ങള്‍ പോലും സര്‍ക്കാര്‍ നടത്തേണ്ടതില്ലെന്നാണ് നീതി ആയോഗിന്റെ വിശദീകരണം. പൊതുമേഖലയിലുള്ള കമ്പനികളുടെ ഷെയര്‍ കൈമാറ്റം ചെയ്ത് സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ താത്പര്യമാണ് സംരക്ഷിക്കുന്നത്. ധനകാര്യമേഖലയിലെ പുറംകരാര്‍ രാജ്യത്തെ ബാങ്കിംഗ് മേഖലകളെയും പ്രതികൂലമായി ബാധിക്കുകയാണ്. ഇതിന്റെ ഫലമായി ബാങ്കിംഗ് ദേശസാല്‍ക്കരണം പോലും റിവേഴ്‌സിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ സര്‍വീസ് മേഖലയെ വലിയ രീതിയില്‍ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ രാജ്യം ഇന്ന് വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കാത്തതിനാല്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. കൃഷിക്കാരുടെ വിഷയങ്ങള്‍ പറഞ്ഞും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പറഞ്ഞ് അധികാരത്തില്‍ വന്ന മോഡി സര്‍ക്കാര്‍ കര്‍ഷകദ്രോഹ നടപടികളാണ് സ്വീകരിക്കുന്നത്. ഒറീസയിലും ഗുജറാത്തിലും ഉള്‍പെടെ കര്‍ഷകര്‍ തെരുവിലിറങ്ങുകയാണ്. അതുപോലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി പറഞ്ഞു പറ്റിച്ചത് ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളെയുമാണ്. ഒരു വര്‍ഷം രണ്ടുകോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് മൂന്നര ലക്ഷം പേര്‍ക്ക് പോലും ഒരു വര്‍ഷം തൊഴില്‍ നല്‍കാന്‍ സാധിച്ചില്ല. വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടികുറച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭം കഴിഞ്ഞ കാലങ്ങളില്‍ ശക്തമായിരുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഇവ തമസ്‌ക്കരിക്കുകയായിരുന്നു. ചെറുകിട തൊഴില്‍ മേഖലയില്‍ കോര്‍പറേറ്റുകളുടെ കടന്നുകയറ്റങ്ങള്‍മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞു. ഇക്കാരണങ്ങള്‍ കൊണട് രാജ്യത്ത് ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാവുമ്പോള്‍ ഇതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ പശുവിന്റെയും രാമജന്മഭൂമിയുടെയും വിഷയങ്ങള്‍ എടുത്തിടുകയാണ്.

ഇതിലൂടെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ജാതിയുടെ പേരിലും ഗോത്രത്തിന്റെ പേരിലും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയാണ്. ഇതെല്ലാം രാജ്യത്തെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയാണ്. ഇതിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും മതേതര വിശ്വാസികളും സാധാരണ ജനങ്ങളും പൊതുപ്ലാറ്റ് ഫോമില്‍ ഒരുമിക്കണമെന്നും ഇതിന് നേതൃത്വം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വീസ് സംഘടനകള്‍ക്ക് സാമൂഹ്യപ്രതിബന്ധതപരമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സംഘടനകള്‍ അപ്രശക്തമാകും. ജനങ്ങളും ജീവനക്കാരും തമ്മിലുള്ള ബന്ധം കാര്യക്ഷമാക്കണമെന്നും സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ വിജയിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ജീവനക്കാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി ഇപ്പോഴും തുടരുകയാണെന്നും ഇതില്‍ മാറ്റം വരുത്താന്‍ ജോയിന്റ് കൗണ്‍സില്‍പോലുള്ള സര്‍വീസ് സംഘടനകളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Programme, Inauguration, CPI, Sathyan Mokeri.