ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 7)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 28.06.2017) ഉണ്ണുമ്മന്‍ നമ്പ്യാര്‍ സിങ്കപ്പൂരില്‍ നിന്ന് വന്നാല്‍ നാട്ടുകാര്‍ക്കെല്ലാം സന്തോഷമാണ്. സിങ്കപ്പൂരിലെ ജീവിതം അവസാനിപ്പിച്ചാണ് ഇത്തവണ നമ്പ്യാര്‍ വന്നത്. ആജാനുബാഹുവായ നമ്പ്യാര്‍ക്ക് മക്കളില്ല. നാട്ടില്‍ വന്നപ്പോള്‍ വെറുതെ ഇരിക്കാന്‍ കക്ഷിക്കാവുന്നില്ല. എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെ സുലൈമാനിച്ചാന്റെ പീടികയിലെ ഒരു മുറി വാടകയ്‌ക്കെടുത്തു. നമ്പ്യാര്‍ക്ക് മേലങ്ങാതെ സമയം കളയാനുള്ള ഒരു കച്ചവടം വേണമെന്നാണാഗ്രഹം.

ഞങ്ങളുടെ ഗ്രാമത്തില്‍ ആകെ മൂന്ന് കടകളേയുള്ളു. പാലത്തിന്റെ അടുത്ത് തീപ്പെട്ടിചെട്ട്യാന്റെ കട കുറച്ച് വടക്കുമാറി കുറുക്കന്‍ ഗോവിന്ദന്റെ കട പിന്നെ സുലൈമാനിച്ചാന്റെയും. ഗ്രാമത്തിലെ ആള്‍ക്കാരെല്ലാം തുണിയും മറ്റും വാങ്ങാന്‍ കരിവെള്ളൂരിലാണ് പോവുക. അതുകൊണ്ട് കൂക്കാനത്ത് ഒരു തുണിക്കട തുടങ്ങിയാല്‍ നല്ലതായിരിക്കുമെന്ന് നമ്പ്യാര്‍ ആഗ്രഹിച്ചു. ഗ്രാമീണരുടെ ആവശ്യമായ പട്ട് കോണകം, വെള്ള കോണകം, ബ്ലൗസ് തുണി തുടങ്ങിയവയാണ് മുഖ്യമായും നമ്പ്യാരുടെ പുതിയ തുണിക്കടയില്‍ സ്ഥാനം പിടിച്ചത്. ചെറുപ്പക്കാരനായ ഒരു ടൈലറേയും അദ്ദേഹം കണ്ടെത്തി. പാടാച്ചേരി നാരായണന്‍ ആയിരുന്നു ടൈലര്‍.

ഉച്ചയൂണിന് നമ്പ്യാര്‍ വലിയ നീളന്‍കാലന്‍ കുടയുമായി വീട്ടിലേക്ക് ചെല്ലും. ഉച്ച ഉറക്കവും കഴിഞ്ഞ് മൂന്നു മണിയാകുമ്പോള്‍ സിങ്കപ്പൂരില്‍ നിന്നുകൊണ്ടുവന്ന റേഡിയോയുമായിട്ടാണ് കടയിലേക്കുള്ള വരവ്. തുണിഷോപ്പ്, തയ്യില്‍ മെഷീന്‍, റേഡിയോ എന്നിവയെല്ലാം കൂക്കാനത്തെ കുട്ടികള്‍ക്ക് അത്ഭുതമായിരുന്നു. അക്കാലത്ത് മൂന്നര മണിക്ക് 'ശ്രീലങ്കന്‍ റേഡിയോ'യില്‍ മലയാളം പ്രക്ഷേപണം ഉണ്ടാകും. സിനിമാപാട്ട് കേള്‍ക്കാന്‍ എല്ലാവരും റേഡിയോവിനു ചുറ്റും നില്‍ക്കും. നമ്പ്യാരാണെങ്കില്‍ തന്റെ പ്രമാണിത്തം കാണിക്കാന്‍ കസേരയില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് ചാഞ്ഞും ചെരിഞ്ഞും ഇളകിയിരിക്കും.


Article, Kookanam-Rahman, Business, Shop, Tailor, Radio, General body, Story of my foot steps part-7.

അന്ന് ശ്രീലങ്കന്‍ റേഡിയോയില്‍ പ്രക്ഷേപണം ചെയ്ത പരിപാടിയായിരുന്നു 'വാനമുദം' ആത്മീയ കാര്യങ്ങള്‍ കഥയിലൂടെയും ഗാനങ്ങളിലൂടെയും പ്രക്ഷേപണം ചെയ്ത് ആളുകളെ ഈ ചിന്തയിലേക്ക് എത്തിക്കുക എന്നുള്ളതാണ് പ്രക്ഷേപണത്തിന്റെ ലക്ഷ്യം. ഇതിലേക്ക് പ്രക്ഷേപണ യോഗ്യമായ ഗാനങ്ങള്‍ സ്വീകരിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. അങ്ങിനെ ഞാനും ഒരു കവിതയെഴുതി ശ്രീലങ്കന്‍ റേഡിയോ ഡയരക്ടറുടെ പേരില്‍ അയച്ചു കൊടുത്തു. ഒന്നു രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ ആ ഗാനം അതിമനോഹരമായ സംഗീതാവിഷ്‌കരണത്തോടെ പ്രക്ഷേപണം ചെയ്ത് കേട്ടപ്പോള്‍ ഉണ്ടായ സന്തോഷാദിരേകം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.

ഇതിലെ ആദ്യത്തെ വരികള്‍ ഇങ്ങിനെയായിരുന്നു. കാല ചക്രം തിരിയുന്നു നിത്യം. കാണ്‍മു നമ്മളീ ശാശ്വത സത്യം അര്‍ക്കനങ്ങു കിഴക്കുന്നു വന്നു ശോഭ ചീന്തി പടിഞ്ഞാറു നീങ്ങി... രചന: കൂക്കാനം റഹ് മാന്‍ സംഗീതം: ബ്രിട്ടാസ് എന്ന് ആമുഖമായും അവസാനമായും പറയുമ്പോള്‍ അത് കേള്‍ക്കാന്‍ കാതോര്‍ത്തുനില്‍ക്കും. ആഴ്ചയില്‍ എല്ലാ വെള്ളിയാഴ്ചയും ഈ ഗാനം പ്രക്ഷേപണം ചെയ്തുകൊണ്ടേയിരുന്നു.

ആദ്യമായി റേഡിയോയിലൂടെ എന്റെ രചനയും പേരും വന്നപ്പോള്‍ ഗ്രാമത്തിലൂടെ ഒന്നു കൂടി തലയുയര്‍ത്തി നടക്കാന്‍ ആവേശം തോന്നി. പ്രസ്തുത ഗാനം മറ്റ് ഗാന രചയിതാക്കളുടെ ഗാനങ്ങളോടൊപ്പം വാനമുദം പ്രക്ഷേപകര്‍ പുസ്തക രൂപത്തിലാക്കി അയച്ചു തന്നിട്ടുണ്ട്. ഇതൊരു പത്താം ക്ലാസുകാരന്റെ അനുഭവമാണ്. അന്നെന്നോടൊപ്പം വാനമുദത്തില്‍ ഗാനരചയിതാവായി പ്രത്യക്ഷപ്പെട്ട പൂവച്ചല്‍ ഖാദര്‍ ഇന്ന് പ്രമുഖനായ സിനിമാഗാന രചയിതാവാണ്.

ക്രിസ്തീയ മത പ്രചാരണത്തിന്റെ ഭാഗമായി പ്രക്ഷേപണം ചെയ്യുന്ന വാനമുദം പരിപാടിയില്‍ വന്ന എന്റെ ഗാനത്തെക്കുറിച്ച് നാട്ടുകാരറിഞ്ഞു. പാര്‍ട്ടിസഖാക്കളറിഞ്ഞു. പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ചയായി. അന്ന് ഞാന്‍ കെ എസ് വൈ എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. പാര്‍ട്ടി സഖാക്കളില്‍ പലരും എന്നെ നേരിട്ട് കണ്ട് വിശദീകരണം തേടി. ഞാന്‍ എന്റെ ഭാഗത്തുള്ള ന്യായം അവരുമായി പങ്കിട്ടു.

കൂക്കാനം വായനശാലയില്‍ വിളിച്ചു ചേര്‍ത്ത കെ എസ് വൈ എഫ് യൂണിറ്റ് ജനറല്‍ ബോഡിയായിരുന്നു നടന്നു കൊണ്ടിരുന്നത്. അന്ന് വായനശാലയില്‍ ബെഞ്ചും ഡെസ്‌ക്കുമൊന്നുമില്ല. പായവിരിച്ച് നിലത്താണ് ഇരിക്കുക. യോഗം നടക്കുന്ന സമയത്ത് വായനശാലയ്ക്ക് പുറത്ത് സംഘടനയുടെ നേതാക്കളില്‍ ചിലര്‍ അകത്തു നടക്കുന്ന സംഭവം എന്താണെന്ന് അറിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു. യോഗത്തിന്റെ അവസാന അജണ്ട എന്റെ ഗാന
രചനയെക്കുറിച്ചായിരുന്നു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും എന്നോട് ഇനിയിതാവര്‍ത്തിക്കില്ല എന്നും വന്നതിന് മാപ്പു പറയണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഞാന്‍ ഒറ്റപ്പെട്ടുപോയി. മാപ്പ് പറയലേ രക്ഷയുള്ളു.

യോഗം പിരിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കുറച്ച് കൂടി ഗൗരവത്തിലാണ് കാര്യങ്ങളുടെ കിടപ്പ് എന്ന് മനസ്സിലായത്. മാപ്പുപറഞ്ഞില്ലായെങ്കില്‍ വേണ്ട നടപടി എടുക്കുന്നതിന് സജ്ജമായിട്ടായിരുന്നു അവര്‍ പുറത്ത് കാത്തിരുന്നത്. മാപ്പ് പറഞ്ഞില്ലായെങ്കില്‍ അവിടെ സംഭവം വേറൊന്നാകുമായിരുന്നു.

അന്ന് പുറത്തു എന്നെ കാത്തിരുന്നവരില്‍ ചിലര്‍ ഇന്ന് അവരുടെ വീട്ടിലില്‍ പൂജാകര്‍മ്മങ്ങള്‍ നടത്തുന്നവരായി മാറിയിട്ടുണ്ട്. ഞാന്‍ അന്നുള്ളതില്‍ നിന്ന് ഇന്നും അല്‍പ്പം പോലും വ്യതിചലിച്ചിട്ടില്ല. അരനൂറ്റാണ്ടിനപ്പുറമുള്ള ഇത്തരം കാര്യങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ മനസ്സില്‍ സന്തോഷവും ദു:ഖവും സമിശ്രവികാരങ്ങളായി മിന്നിമറയുന്നു......

Also Read: നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

മൊട്ടത്തലയില്‍ ചെളിയുണ്ട

ആശിച്ചുപോകുന്നു കാണാനും പറയാനും

പ്രണയം, നാടകം, ചീട്ടുകളി

കുട്ടേട്ടനൊരു കത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Business, Shop, Tailor, Radio, General body, Story of my foot steps part-7.