Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗാന്ധിഭവനുനേരെ ആക്രമണം; അതിര്‍ത്തി ചുമരുകള്‍ തകര്‍ത്തു

ജീവകാരുണ്യ കേന്ദ്രമായ പത്തനാപുരത്തെ ഗാന്ധിഭവനുനേരെ ഗുണ്ടാആക്രമണം. കുഞ്ഞുങ്ങള്‍, വൃദ്ധര്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍, മനോ Kerala, News, Attack, Police, Complaint, Criminal-gang, Gandhi Bhavan, Wall.
പത്തനാപുരം: (www.kasargodvartha.com 28.05.2017) ജീവകാരുണ്യകേന്ദ്രമായ പത്തനാപുരത്തെ ഗാന്ധിഭവനുനേരെ ആക്രമണം. കുഞ്ഞുങ്ങള്‍, വൃദ്ധര്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍, മനോരോഗികള്‍, പാലിയേറ്റീവ് രോഗികള്‍ അടക്കം ആയിരത്തിലധികം നിരാശ്രയര്‍ വസിക്കുന്ന ഗാന്ധിഭവന് വേണ്ടി പുതുതായി നിര്‍മ്മാണം നടക്കുന്ന രണ്ടേകാല്‍ ഏക്കര്‍ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ചുറ്റുമതില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തു.


ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. കുണ്ടയം ഭാഗത്തെ അക്രമിസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ഗാന്ധിഭവന്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവം കണ്ട് കോമ്പൗണ്ടോടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുരുന്നുകള്‍ അടക്കമുള്ള കുട്ടികള്‍ ഭയന്നോടി.

അക്രമസംഭവത്തെപ്പറ്റി അപ്പോള്‍ത്തന്നെ വിവരം അറിയിച്ചെങ്കിലും അക്രമികള്‍ പിരിഞ്ഞുപോയതിനുശേഷമാണ് പോലീസ് എത്തിയത്. അക്രമം നടത്തിയവര്‍ കഴിഞ്ഞ നാലുമാസങ്ങളായി ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളെ പലവിധത്തില്‍ തടസപ്പെടുത്തി വരുകയായിരുന്നു. ഗാന്ധഭവനിലേക്കുവരുന്ന സന്ദര്‍ശകരെ വഴിതടയുക, വാഹനങ്ങള്‍ ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി തിരിച്ചുവിടുക, ജീവനക്കാരെ തെറിവിളിക്കുക, ഗാന്ധിഭവനെതിരെ ഫഌക്‌സ്, പോസ്റ്ററുകള്‍ സ്ഥാപിച്ച് അപവാദപരമായും അപകീര്‍ത്തിപരമായും ദുഷ്പ്രചരണങ്ങള്‍ നടത്തുക എന്നിവയും നടത്തിവന്നിരുന്നതായി ബന്ധപ്പെട്ടവര്‍ ആരോപിച്ചു.

ഗാന്ധിഭവനുസമീപമുള്ള കല്ലടയാറ്റില്‍ നിന്ന് മണല്‍ ഊറ്റിയെടുത്ത് വില്‍പന നടത്തിവരുന്ന സംഘമാണ് ഇതിനെല്ലാം പിന്നിലെന്ന് ഗാന്ധിഭവന്‍ പത്തനാപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. അക്രമികളുടെ തലവന്‍ നിരവധി തവണ ഗാന്ധിഭവനില്‍ വന്‍ തുകകള്‍ ആവശ്യപ്പെട്ട് എത്തിയിട്ടുണ്ട്. ഒരു ജീവകാരുണ്യ സ്ഥാപനമായ ഗാന്ധിഭവന്‍ ഇയാളുടെ ഭീഷണിയില്‍ വഴങ്ങാതായതോടെയാണ് ഇപ്പോള്‍ ഗാന്ധിഭവന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ഗാന്ധിഭവന്‍ അധികൃതര്‍ പറഞ്ഞു.

ഗാന്ധിഭവന്റെ പ്രധാന കോമ്പൗണ്ടിനോടു ചേര്‍ന്നുള്ള ഭൂമിയില്‍ പൈപ്പും ഷീറ്റും ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച അതിര്‍ത്തി ചുമര്‍ രണ്ടുദിവസം മുന്‍പ് കുഴിച്ചിട്ട പൈപ്പുകള്‍ ഉള്‍പ്പെടെ കൈയ്യടക്കുകയും കടത്തുകയും ചെയ്തതിനുതൊട്ട് പിറകെയാണ് ചില്‍ഡ്രണ്‍സ് ഹോമിനോടുചേര്‍ന്ന ചുറ്റുമതില്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടത്.

കുണ്ടയം ആസ്ഥാനമായ സംഘത്തിന്റെ ശല്യം നിരാശ്രയരുടെ കൂട്ടുകുടുംബത്തിനുനേരെ ഉണ്ടായപ്പോഴൊക്കെ അപ്പപ്പോള്‍ പോലീസിനുപരാതി നല്‍കിവരുന്നുണ്ടെങ്കിലും മണല്‍ കള്ളക്കടത്തു തലവന്‍ കൂടിയായ ഗുണ്ടാനേതാവിനെയും വിരലിലെണ്ണാവുന്ന സംഘങ്ങളേയും അറസ്റ്റുചെയ്തു നിയമനടപടി സ്വീകരിക്കാന്‍ പോലീസ് മടികാണിക്കുകയാണെന്നാണ് ആക്ഷേപം.

ഇതേതുടര്‍ന്ന് ഗാന്ധിഭവനെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ ആയിരത്തിലധികം വരുന്ന കുടുംബാംഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ കേരള ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് നേടിയിരുന്നതാണ്. കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഗാന്ധിഭവനെതിരെ ഗുണ്ടാസംഘത്തിന്റെ അക്രമം നടന്നത്. സമൂഹത്തില്‍ ബന്ധുക്കളാല്‍ ഒഴിവാക്കപ്പെടവരും, നിരാശ്രയരും, രോഗികളും, വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടവരുമടക്കം പോലീസ്, സാമൂഹ്യക്ഷേമവകുപ്പ്, സന്നദ്ധസംഘടനകള്‍, സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ശുപാര്‍ശകളോടെയാണ് ഗാന്ധിഭവനില്‍ സമൂഹത്തില്‍ അനാഥരാക്കപ്പെട്ടവര്‍ക്ക് പ്രവേശനം നല്‍കിയിരിക്കുന്നത്.


Keywords: Kerala, News, Attack, Police, Complaint, Criminal-gang, Gandhi Bhavan, Wall.