Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പെരായട്ടടുക്കം കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകി (65) Kasaragod, Kerala, Murder, Police, Investigation, Housewife, Devaki's dead body send for detailed postmortem
ബേക്കല്‍: (www.kasargodvartha.com 14/01/2017) ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പെരായട്ടടുക്കം കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകി (65) ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബേക്കല്‍ സി ഐ വിശ്വംഭരന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. മരണകാരണം സംബന്ധിച്ച് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്ണും സി ഐ വിശ്വംഭരനും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Kasaragod, Kerala, Murder, Police, Investigation, Housewife, Devaki's dead body send for detailed postmortem

അതിനിടെ ബലപ്രയോഗം നടന്നിട്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് വ്യക്തമാകണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലൂടെമാത്രമേ സാധിക്കുകയുള്ളുവെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. തറയില്‍ കമിഴ്ന്ന് കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. ബ്ലാങ്കറ്റും മറ്റും വലിച്ചിട്ടനിലയിരുന്നു. ദേവകിയുടെ മറ്റൊരു പാവാട ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ട് വാതിലുകള്‍ മാത്രമുള്ള വീട്ടില്‍ ദേവകി തനിച്ചാണ് താമസിക്കുന്നത്. മകന്റെ വീടും അയല്‍വാസിയുടെ മറ്റൊരു വീടും ഏതാണ്ട് 400 മീറ്ററിനുള്ളിലുണ്ട്. അയല്‍പക്കത്തെവീട്ടില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നുവെങ്കിലും ശബ്ദമൊന്നും കേട്ടതായി അറിഞ്ഞില്ലെന്ന് അവര്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെ കല്‍പണി ജോലിചെയ്യുന്ന മൂത്ത മകന്‍ ശ്രീധരന്‍ പണികഴിഞ്ഞ് വീട്ടില്‍വന്ന് കുളിച്ച് മാതാവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ ചാരിയനിലയിലാണ് ഉണ്ടായിരുന്നത്. അടുക്കള വാതില്‍ പൂട്ടിയിരുന്നു. പുറത്ത്‌നിന്ന് വിളിച്ചപ്പോള്‍ ശബ്ദം കേള്‍ക്കാത്തതിനാല്‍ അയല്‍പക്കത്തെ വീട്ടില്‍ അവിടെനിന്നുതന്നെ വിളിച്ചുചോദിച്ചശേഷം വീട് തുറന്നുനോക്കിയപ്പോഴാണ് മാതാവ് തറയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. നോക്കിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തിയതോടെ ശ്രീധരന്‍ നിലവിളിച്ച് ആളെകൂട്ടി. പിന്നീടാണ് പോലീസില്‍ വിവരം നല്‍കിയത്.

ബേക്കല്‍ പോലീസും ജില്ലാ പോലീസ് ചീഫ് ഉള്‍പെടെയുള്ള ഉദ്യോഗസ്ഥരുമെത്തി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പോലീസ് നായയേയും മറ്റും കൊണ്ടുവന്ന് അന്വേഷണം നടത്തേണ്ടതിനാല്‍ ശനിയാഴ്ച രാവിലെയാണ് വിശദമായ അന്വേഷണം നടത്തിയത്. പോലീസ് നായയും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സിമന്റ് തേക്കാത്ത ഓടിട്ട വീട് ചെറിയ കുന്നുള്ള സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ആര്‍ക്കും ഏത് സമയത്തും ഇവിടെയെത്തിപ്പെടാവുന്ന സാഹചര്യമുണ്ട്. പോലീസ് നായ മണംപിടിച്ച് പരിസരത്തുമാത്രം കറങ്ങി തിരിച്ചുവരികയായിരുന്നു.

വിശദമായ പരിശോധന തുടരുകയാണെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സൈബര്‍സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണവും നടത്തുന്നുണ്ട്. മോഷണമല്ല കൊലയ്ക്ക് കാരണമെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. മൂക്കുത്തിയും കമ്മലുമാണ് മാതാവ് സ്ഥിരമായി അണിയാറുള്ളതെന്നും ഇത് നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് മകനും പോലീസും പറയുന്നത്. ദേവകിയുടെ സ്വര്‍ണമാല മകന് വീട് നിര്‍മാണത്തിനായി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെയാണ് കവര്‍ച്ചയ്ക്കിടയിലല്ല കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ദേവകിയുടെ ഇടതു കൈക്ക് ചെറിയ മുറിവുള്ളതല്ലാതെ മറ്റു കാര്യമായ പരിക്കുകളൊന്നും പുറമേക്ക് കാണാനില്ല.

ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

ഒടുവില്‍ കിട്ടിയത്
അതിനിടെ പരിയാരം മെഡിക്കല്‍ കോളജിലെ സര്‍ജന്‍ വൈകിട്ട് നാലു മണിയോടെ എത്തുമെന്ന് അറിയിച്ചതിനാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പോലീസ് ഒടുവില്‍ അറിയിച്ചു.

Updated


Related News:
ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി

Keywords: Kasaragod, Kerala, Murder, Police, Investigation, Housewife, Devaki's dead body send for detailed postmortem