പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍; രണ്ടുപേര്‍ ഒളിവില്‍

കുമ്പള: (www.kasargodvartha.com 29/02/2016) പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള  ബംബ്രാണ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ രവീന്ദ്രനെ(22)യാണ് തിങ്കളാഴ്ച രാവിലെ സി ഐ കെ പി സുരേഷ്ബാബു അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഒരു മാസം മുമ്പ് കുമ്പള സ്വദേശിനിയായ പത്തൊമ്പതുകാരിയെ രവീന്ദ്രന്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച രവീന്ദ്രന്‍ ബലമായി പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് രവീന്ദ്രന്റെ ഒത്താശയോടെ മറ്റ് രണ്ടുപേരും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയാണുണ്ടായത്. ഇവര്‍ വ്യത്യസ്തദിവസങ്ങളില്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയി അവിടത്തെ ലോഡ്ജില്‍ താമസിപ്പിച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ വീട്ടുകാരുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തിരുന്നു. പോലീസ് അന്വേഷണം നടത്തി ഉപ്പളയില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതോടയാണ് പെണ്‍കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവിട്ടത്. മജിസ്‌ട്രേറ്റ് വിശദമായ മൊഴി രേഖപ്പെടുത്തുകയും മൂന്നുപേര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.

Keywords: Kumbala, Arrest, Kasaragod, Kerala, Molestation: main accused arrested

Post a Comment

Previous Post Next Post