17 കാരി ഫാത്വിമത്ത് സുഹറയെ കൊലപ്പെടുത്തിയ ഉമര്‍ ബ്യാരിയെ കാസര്‍കോട്ടെത്തിച്ചു

കാസര്‍കോട്: (www.kasargodvartha.com 29.08.2014) കുമ്പള ഉളുവാറിലെ അബൂബക്കര്‍ നസീമ ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് സുഹറയെ (17) കിടപ്പുമുറിയില്‍ ക്രൂരമായി കഴുത്തറുത്തുകൊന്ന കേസിലെ പ്രതിയായ കര്‍ണാടക ബെല്‍ത്തങ്ങാടിയിലെ ഉമര്‍ ബ്യാരിയെ (40) കാസര്‍കോട്ടെത്തിച്ചു.

മുംബൈക്കടുത്ത ഇന്‍ഡോറില്‍നിന്നും അറസ്റ്റിലായ പ്രതിയെ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ ട്രെയിന്‍ മാര്‍ഗം വെള്ളിയാഴ്ച ഉച്ചയോടെയാണ് കാസര്‍കോട്ടെത്തിച്ചത്. പിന്നീട് കുമ്പള സ്റ്റേഷനിലേക്ക് കൊണ്ടുവന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കും.

2006 ഡിസംബര്‍ 28ന് പുലര്‍ചെ 2.30 മണിക്കാണ് ഉമ്മയോടും സഹോദരനോടുമൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്വിമത്ത് സുഹറയെ പ്രതി ക്രൂരമായി കഴുത്തറുത്തുകൊന്നത്. ഉളുവാറിലെ പള്ളിയില്‍ ജോലിക്കാരനായിരുന്നു ഉമര്‍ ബ്യാരി. ഉമറിന് സ്ഥിരമായി ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത് സുഹറയുടെ വീട്ടില്‍നിന്നായിരുന്നു. ഇതിനിടയില്‍ സുഹറയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ ഉമ്മര്‍ ബ്യാരി രാത്രി വീടിന്റെ വാതില്‍ തുറന്നുവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വാതില്‍ തുറന്നില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു.

രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ തുറന്നുവെച്ചില്ലെന്നുകണ്ട് പ്രകോപിതനായി വീടിന് സമീപത്തെ തെങ്ങിലൂടെ വലിഞ്ഞുകയറി വീടിന്റെ ഓടിളക്കി അകത്തുകടന്നാണ് ക്രൂരമായി കഴുത്തറുത്തുകൊന്നത്. പിന്നീട് പ്രതി ചോരപുരണ്ട വസ്ത്രങ്ങളും കത്തിയും വൃത്തിയാക്കി പള്ളിയില്‍ എത്തി ഒന്നുമറിയാത്തതുപോലെ കിടന്നുറങ്ങുകയായിരുന്നു. കൊലനടന്ന ശേഷമാണ് സുഹറയുടെ മാതാവും ഒപ്പമുണ്ടായിരുന്ന സഹോദരനും വിവരമറിഞ്ഞത്.

അന്ന് കുമ്പള എസ്.ഐ. ആയിരുന്ന ഇപ്പോഴത്തെ ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ ഉമറിനെ അറസ്റ്റുചെയ്തത്. റിമാന്‍ഡിലായിരുന്ന ഉമര്‍ ബ്യാരി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കേസിന്റെ വിചാരണ മൂന്ന് വര്‍ഷം മുമ്പ് തന്നെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചെങ്കിലും പ്രതി ഹാജരാകാത്തതിനാല്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്‍ഡോറില്‍ കരാര്‍ ജോലി ഏറ്റെടുത്ത് കഴിഞ്ഞിരുന്ന ഉമര്‍ ബ്യാരി ആളെ തിരിച്ചറിയാതിരിക്കാന്‍ മുടി നീട്ടിവളര്‍ത്തുകയും മീശയും താടിയും വടിച്ചുകളയുകയും ചെയ്തിരുന്നു. കൊലയ്ക്കുമുമ്പ് കുമ്പള ഹേരൂറിലെ യുവതിയെ ഉമര്‍ ബ്യാരി വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ ഒരുകുട്ടിയുണ്ട്. ഇതിനിടയിലാണ് സുഹറയോടും പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ജാമ്യത്തിലറിങ്ങിയ ശേഷം കര്‍ണാടകയില്‍ മറ്റൊരു വിവാഹവും ഉമര്‍ നടത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഡി.വി.എസ്.പി. ടി.പി. രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ മുംബൈക്കടുത്ത ഇന്‍ഡോറില്‍വെച്ച് വ്യാഴാഴ്ച പിടികൂടിയത്. ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡംഗങ്ങളായ എ.എസ്.ഐ ബാലകൃഷ്ണന്‍, പ്രദീപ് കുമാര്‍ ചവറ, സനീഷ് സിറിയക്, സൈഫുദ്ദീന്‍, സുനില്‍ എബ്രഹാം എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് മുംബൈയില്‍നിന്നും കാസര്‍കോട്ടെത്തിച്ചത്. പ്രതി പിടിയിലായതോടെ കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കാന്‍ കഴിയും.
Arrest, Police, Murder Case, Accused, Love, Court, Mumbai, Kumbala, Kasaragod, Kerala

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment

Previous Post Next Post