ബേവിഞ്ച വളവ് നികത്താനുള്ള 18 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് കോള്‍ഡ് സ്‌റ്റോറേജില്‍; വീണ്ടും അപകടം

കാസര്‍കോട്: (www.kasargodvartha.com 30.07.2014) ബേവിഞ്ചയിലെ എന്‍.എച്ച് കെ.എം-59 ദേശിയ പാതയിലെ അപകടക്കെണിയായ വളവ് നികത്താനുള്ള 18 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തിരുവനന്തപുരത്തെ എന്‍.എച്ച് ചീഫ് എഞ്ചിനിയറുടെ ഓഫീസില്‍ കോള്‍ഡ് സ്‌റ്റോറേജില്‍ കിടക്കുന്നു.

ഒരു വര്‍ഷം മുമ്പ് ലോറി കാറിലിടിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ ആവശ്യം കണക്കിലെടുത്താണ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുന്‍കൈ എടുത്ത് ദേശീയ പാത അധികൃതര്‍ വളവ് നികത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഇവിടെ വളവില്‍ അപകടം നിത്യ സംഭവമായി മാറിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

വളവ് നേരെയാക്കുന്നതിന് 18 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരത്തിനും ടെന്‍ഡര്‍ നടപടികള്‍ക്കുമായി തിരുവനന്തപുരം എന്‍.എച്ച് ചീഫ് എഞ്ചിനിയറുടെ ഓഫീസിലേക്ക് അയക്കുകയായിരുന്നു. ഒരു വര്‍ഷമായി എസ്റ്റിമേറ്റ് അടങ്ങുന്ന ഫയല്‍ അവിടെ കോള്‍ഡ് സ്‌റ്റോറേജില്‍ തന്നെയാണുള്ളത്. ഇവിടെ കഴിഞ്ഞ ദിവസം മാര്‍ബിള്‍ കയറ്റിവരികയായരുന്ന ലോറി വളവിലെ കുന്നിലിടിച്ചു. ഭാഗ്യംകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. എതിരെ വന്ന വാഹനത്തെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മാര്‍ബിള്‍ ലോറി കുന്നിലിടിച്ചത്. അപകടം എതിര്‍വശത്തായിരുന്നുവെങ്കില്‍ ലോറി 100 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുമായിരുന്നു.

വളവുള്ള സ്ഥലത്തിന്റെ ഒരുഭാഗം കുന്നായതുകൊണ്ട് മുന്നില്‍ വരുന്ന വാഹനങ്ങള്‍ കാണാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. എന്‍.എച്ച് ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച കമ്മീഷന്‍ കാസര്‍കോട്ടെത്തിയപ്പോള്‍ ബേവിഞ്ച വളവ് കണ്ട് ശരിക്കും ഞെട്ടിയിരുന്നു. ഏതു സമയത്തും അപകടം സംഭവിക്കാവുന്ന രീതിയിലാണ് ബേവിഞ്ച വളവിന്റെ ഘടനയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

പൊതുമരാമത്ത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ മനുഷ്യജീവന് തന്നെ ഭീഷണിയായി മാറുകയാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വെറും 18 ലക്ഷത്തിന്റെ പ്രവര്‍ത്തികൊണ്ട് നിരവധി മനുഷ്യ ജീവനുകള്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്നിരിക്കെ അപകടക്കെണിയായ വളവ് അതേപടി നിലനിര്‍ത്താന്‍ പൊതുമരാമത്ത് വകുപ്പില്‍ ആര്‍ക്കാണ് താത്പര്യമെന്നാണ് ജനം ചോദിക്കുന്നത്.

Kasaragod, Bevinja, Road, NH, N.A.Nellikunnu, MLA, Accident, Lorry,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment

Previous Post Next Post