തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത പദ്ധതികള്‍ക്ക് ആസൂത്രണ സമിതിയുടെ സാധൂകരണം

തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത പദ്ധതികള്‍ക്ക് ആസൂത്രണ സമിതിയുടെ സാധൂകരണം

കാസര്‍കോട്: മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം സാധൂകരണം നല്‍കി. 39 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം അനിവാര്യമാണെങ്കിലും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ ഏറ്റെടുത്ത പദ്ധതികള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതികളാണിവ.

നടപ്പു സാമ്പത്തിക വര്‍ഷം ഏറ്റെടുക്കുന്ന പദ്ധതികളില്‍ പരിസര ശുചിത്വം, പാലിയേറ്റീവ് കെയര്‍, പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തല്‍ എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി എന്നിവര്‍ നിര്‍ദ്ദേശിച്ചു.

കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി അദ്ധ്യക്ഷയായി. ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, അംഗങ്ങളായ കെ.എസ്.കുര്യാക്കോസ്, പി.ജനാര്‍ദ്ദനന്‍, കെ.സുജാത, സി.ശ്യാമള, ഫരീദ സക്കീര്‍ അഹമ്മദ്, ഓമനാരാമചന്ദ്രന്‍, കെ.ബി.മുഹമ്മദ് കുഞ്ഞി, സി.എച്ച്.മുഹമ്മദ് കുഞ്ഞി, രാജു കട്ടക്കയം, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ കെ.ജയ തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments: