 |
കെ.എസ്. അബ്ദുല്ല
|
 |
ഖാസി സി.എം. അബ്ദുല്ല മൗലവി
|
ഉറൂസ് സ്മരണകളിലെ നൊമ്പര പുഷ്പങ്ങള്‍
മാലിക് ദീനാര്‍ ഉറൂസിന്റെ ധന്യതയിലും ആനന്ദത്തിലും നാട് മുങ്ങി നില്‍ക്കുമ്പോള്‍ കഴിഞ്ഞ ഉറൂസിന് ഒത്തുകൂടിയ അനേകം പേരുടെ അഭാവം ഒരു വേദനയായി നമ്മുടെയാക്കെ മനസിലുണ്ട്. ഉറൂസിന്റെ അരങ്ങിലും അണിയറയിലും സജീവമായി നിന്ന ഒട്ടേറെ ആളുകള്‍ അരങ്ങൊഴിഞ്ഞു. ഇനി അടുത്ത ഉറൂസിന് ആരൊക്കെ ഇവിടെ അവശേഷിക്കുമെന്ന് ആര്‍ക്കറിയാം. എല്ലാം ജഗന്നിയന്താവിന്റെ നിശ്ചയം.
ഖാസി സി.എം. അബ്ദുല്ല മൗലവി, തളങ്കര ഇബ്രാഹീം ഖലീല്‍, കെ.എം. അഹമ്മദ്, എന്‍.എ. സുലൈമാന്‍, സമദ് ഹാജി തളങ്കര തുടങ്ങിയവര്‍ കഴിഞ്ഞ ഉറൂസുകളുടെ നടത്തിപ്പില്‍ സജീവമായി നിലകൊണ്ടവരാണ്. അവര്‍ ഈ ഉറൂസിനാകുമ്പോഴേക്കും പരലോകം പ്രാപിച്ചു. ഇങ്ങനെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എത്രയോ ആളുകള്‍ നമ്മുടെ കണ്‍മുമ്പില്‍ നിന്ന് മറഞ്ഞു പോയി.
നാട്ടിലെ ഉറൂസില്‍ സംബന്ധിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും കഴിയുക എന്നത് പലരും ഒരു ഭാഗ്യമായാണ് കണ്ടിരുന്നത്. അതിനു വേണ്ടിയാണ് വിദേശത്ത് ജോലി ചെയ്യുന്ന പലരും ഉറൂസ് വേളയില്‍ നാട്ടിലെത്തുന്നത്. ഈ ഉറൂസില്‍ സംബന്ധിച്ച എത്രപേര്‍ക്ക് അടുത്ത ഉറൂസില്‍ സംബന്ധിക്കാന്‍ കഴിയും എന്നത് ദൈവ നിയോഗം.
 |
തളങ്കര ഇബ്രാഹിം ഖലീല്‍
|
 |
കെ.എം. അഹ്മദ്
|
മുന്‍കാലങ്ങളിലെ ഉറൂസുകളിലും കാസര്‍കോടിന്റെയും വിശിഷ്യ തളങ്കരയുടെയും ചലനങ്ങളില്‍ സജീവമായിരുന്ന പ്രമുഖ വ്യക്തിയാണ് യശശ്ശരീരനായ കെ.എസ്. അബ്ദുല്ല. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു അഞ്ച് വര്‍ഷം തികയുന്നു. ഈ കാലയളവിലൊക്കെ ഒട്ടേറെ പേര്‍ നമ്മില്‍ നിന്ന് യാത്രയായി. പലപേരുകളും നമ്മുടെ സ്മരണയില്‍ തന്നെ എത്തുന്നില്ല. കാലത്തിന് ചിലത് മായ്ച്ചു കളയാന്‍ കഴിയുന്നു. അപ്പോഴും ജന മനസുകളില്‍ കുറേ കാലം അനേകം പേര്‍ ജീവിക്കുന്നു. അവരില്‍ ചിലരാണ് നേരത്തേ പറഞ്ഞ പ്രമുഖ വ്യക്തികള്‍.
കഴിഞ്ഞ ഉറൂസിന്റെ അരങ്ങിലും അണിയറയിലും സജീവമായി പ്രവര്‍ത്തിക്കുകയും ഈ ഉറൂസിനാകുമ്പോഴേക്കും പരലോകം പ്രാപിക്കുകയും ചെയ്ത മേല്‍പറഞ്ഞ വ്യക്തികള്‍ പലനിലക്കും പ്രഗല്‍ഭരാണ്. ഖാസി സി.എം. അബ്ദുല്ല മൗലവി ചെമ്പരിക്ക-മംഗലാപുരം ഖാസിയായിരുന്നു. അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനും ആത്മീയ തേജസ്സുമായിരുന്നു. ദുരൂഹ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ആ വിയോഗം സൃഷ്ടിച്ച ശൂന്യത ഇപ്പോഴും നീങ്ങിയിട്ടില്ല. മത പ്രഭാഷണ- ഉറൂസ് വേദികളിലെ നിറസാന്നിധ്യവും ആകര്‍ഷണ കേന്ദ്രവും ആയിരുന്നു ആ പണ്ഡിത വര്യന്‍. സമസ്ത വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരവെയാണ് ആ പണ്ഡിത തേജസ്സ് പൊടുന്നനെ അണഞ്ഞു പോയത്.
 |
| എന്‍.എ. സുലൈമാന്‍ |
തളങ്കര ഇബ്രാഹിം ഖലീല്‍ പ്രമുഖ വ്യവസായിയും മുസ്‌ലിം ലീഗിന്റെ നേതാവും, ജമാഅത്ത് ഭാരവാഹിയും, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. മംഗലാപുരം വിമാന ദുരന്തത്തിലാണ് ആ വിലപ്പെട്ട ജീവന്‍ പൊലിഞ്ഞു പോയത്. കഴിഞ്ഞ ഉറൂസ് വേളയില്‍ ജ്വലിച്ച് നിന്ന ആ സംഘടനാ മികവിന് സാക്ഷ്യം വഹിച്ചവര്‍ക്ക് അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല.
ഉറൂസിന്റെ പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും സജീവമായി ഇടപെടുകയും എഴുത്തിലൂടെ നാടിന്റെ കണ്ണുതുറപ്പിക്കുകയും ചെയ്ത പ്രശസ്ത പത്ര പ്രവര്‍ത്തകനായിരുന്നു രണ്ടു വര്‍ഷം മുമ്പ് നിര്യാതനായ കെ.എം. അഹമ്മദ്. ആ വിയോഗം ഇപ്പോഴും നമ്മെ നൊമ്പരപ്പെടുത്തുന്നു.
അകാലത്ത് പൊലിഞ്ഞു പോയ മറ്റൊരു പ്രമുഖ വ്യക്തിയാണ് എന്‍.എ. സുലൈമാന്‍. അദ്ദേഹത്തിന്റെ വിയോഗത്തിന് ഒരു വര്‍ഷം കഴിഞ്ഞു. സമദ് ഹാജി മാലിക് ദീനാര്‍ പള്ളിയുടെയും സ്ഥാപനങ്ങളുടെയും ഉന്നമനത്തിനായി നിറഞ്ഞു നിന്ന വ്യക്തിത്തമായിരുന്നു. നാടിന്റെ സ്മൃതികളില്‍ ഇവരെല്ലാം ഇപ്പോഴും ജീവിക്കുകയാണ്. ഓരോ ഉറൂസ് കഴിയുമ്പോഴും അടുത്ത ഉറൂസില്‍ പങ്കുകൊള്ളാന്‍ പരമകാരുണികനായ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയാണ് വിശ്വാസികള്‍.
തളങ്കര- ചരിത്ര പ്രാധാന്യമുള്ള നാട്
മജീദ് തളങ്കര
തളങ്കര കണ്ടത്തില്‍ ഹിദായത്തു സിബിയാന്‍ മദ്രസയുടെ ഒരു പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കാസര്‍കോട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല പറയുകയുണ്ടായി, തളങ്കരയിലെ യുവാക്കള്‍ എല്ലാ കാര്യങ്ങളിലും പ്രാവീണ്യം നേടിയവരാണെന്നും തങ്ങളുടേതായ സംഭാവനകള്‍ ചെയ്തവരാണെന്നും.
അതേ ചടങ്ങിലെ മറ്റൊരു പ്രാസംഗികന്‍, മുന്‍ ഷാര്‍ജ-ഇന്ത്യ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര അടിവരയിട്ടുകൊണ്ടു പറഞ്ഞു, തളങ്കരയിലെ യുവജനങ്ങള്‍ സുന്ദരികളും സുന്ദരന്‍മാരും ഏതു ഭാഷയും പെട്ടെന്ന് ഗ്രഹിക്കുന്നവരും ഏത് ഇന്റര്‍വ്യൂവിനേയും ചങ്കൂറ്റത്തോടെ നേരിടാന്‍ കഴിയുന്നവരുമാണെന്ന്. അവര്‍ രണ്ടുപേരും പറഞ്ഞ യോഗ്യതകള്‍ക്കു കാരണം തളങ്കരയുടെ ചരിത്ര പാരമ്പര്യമാണ്.
മാലിക്ബിന്‍ ദിനാര്‍ മുതല്‍ ഇതേവരെ തളങ്കരയ്ക്ക് ഒരു ചരിത്ര പാരമ്പര്യമുണ്ട്. കേരളം സന്ദര്‍ശിക്കാനെത്തിയ ഭൂരിഭാഗം ചരിത്രകാരന്‍മാരും സന്ദര്‍ശകരും ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ തളങ്കരയുടെ ഭൂപ്രകൃതിയെ സ്പര്‍ശിക്കാതെ മടങ്ങിയിട്ടില്ല.
മത-സാംസ്‌ക്കാരിക, സാമൂഹിക നിലവാരങ്ങളെപ്പറ്റി നമുക്ക് ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നും ധാരാളം അറിവ് ലഭിക്കുന്നുണ്ട്. എ.ഡി.644 (ഹിജ്‌റ .22) ലാണ് കാസര്‍കോടിന്റെ മണ്ണില്‍ വിശുദ്ധ ഇസ്‌ലാമിന്റെ സന്ദേശം കടന്നുവരുന്നത്.
അറേബ്യന്‍ തീരങ്ങളില്‍ നിന്നും അറബിക്കടല്‍ താണ്ടിയെത്തിയ തൗഹീദിന്റെ സന്ദേശം ഇവിടത്തുകാരായ ഹൈന്ദവരെ ഇസ്‌ലാംമതത്തിലേക്ക് ആകര്‍ഷിച്ചു.
മുഹമ്മദ് നബിയുടെ കാലത്തുതന്നെ ഇസ്‌ലാം കേരളക്കരയില്‍ എത്തിയിട്ടുണ്ടെന്നാണ് പ്രബലമായ അഭിപ്രായം. ഇസ്‌ലാമിക പ്രബോധനരംഗത്ത് പ്രഥമ ഉദ്യമം നടത്തിയ വ്യക്തികളില്‍ പ്രമുഖനായിരുന്നു മാലിക്ബിന്‍ ദിനാര്‍.
1969 ല്‍ പള്ളിക്കാല്‍ സീതിക്കുഞ്ഞി സാഹിബ് രചിച്ച അറബി മലയാള കവിതയായ മാണിക്യ മാലയില്‍ മാലിക്ബിന്‍ ദിനാര്‍ അവര്‍കളെപ്പറ്റി വിവരിക്കുന്നുണ്ട്. തളങ്കരയിലെ സാംസ്‌ക്കാരിക രംഗത്ത് ഏറ്റവും അധികം സംഭാവന ചെയ്ത വ്യക്തിത്വത്തിന്റെ ഉടമ തളങ്കര പള്ളിക്കാല്‍ സീതിക്കുഞ്ഞി സാഹിബ് (കവി പി.എസ്. ഹമീദിന്റെ പിതാവ്) രചിച്ച, ആവേശം ഉണര്‍ത്തിയ ആ ഗാനം ഇപ്പോഴും ഓര്‍ക്കുന്നു.
വന്നല്ലോ മാലിക് ദിനാര്‍ ഖാജാവലിയുല്ലാഹ് എന്നാരംഭിക്കുന്ന ഗാനം അന്നത്തെ തലമുറയ്ക്ക് ആവേശം പകര്‍ന്നിരുന്നു. എല്ലാ വീടുകളിലും സബീനയില്‍ കൂടി അത് പ്രചരിച്ചു.
ആ ഗാനം എനിക്ക് ചെറുപ്പത്തില്‍ എന്റെ മൂത്ത സഹോദരി പാടിക്കേള്‍പിച്ചിരുന്നു. .ഇന്നും ഞാനത് ഓര്‍ക്കുന്നു. ഇസ്ലാമിക ആവേശം ചെറുപ്പത്തില്‍ തന്നെ എന്റെ മനസ്സില്‍ തഴച്ചുവരാന്‍ അത് സഹായകമായി.
പ്രഥമ ഖാസിയായ മാലിക്ബിന്‍ മുഹമ്മദിന്റെ കാലം മുതല്‍ ഇന്നേവരെ കാസര്‍കോട്ടെ ഖാസിമാര്‍ താമസിച്ചിരുന്നത് തളങ്കരയിലാണ്.
സാമൂഹ്യവും, സാംസ്‌ക്കാരികവും, മതപരവുമായ എല്ലാ കാര്യങ്ങളിലും നേതൃത്വം നല്‍കിയിരുന്നതും ഖാസിമാരാണ്.. ഈ വിഷയത്തില്‍ തളങ്കരയെപ്പോലെ ഭാഗ്യം സിദ്ധിച്ച മറ്റൊരു സ്ഥലവും കേരളത്തിലുണ്ടാവാനിടയില്ല.
കാസര്‍കോടിന്റെ വിദ്യാഭ്യാസരംഗത്ത് ഒരു വഴിത്തിരിവായിരുന്നു തളങ്കര ഗവ.. മുസ്‌ലിം ഹൈസ്‌കൂള്‍. 1944 ല്‍ സ്ഥാപിതമായ ഈ ഹൈസ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്ന മുസ്‌ലിംങ്ങളെ യോഗ്യരാക്കി. പല പ്രമുഖ പണ്ഡിതന്‍മാര്‍ക്കും, എഴുത്തുകാര്‍ക്കും, കവികള്‍ക്കും വ്യവസായികള്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും ജന്മം നല്‍കിയ തളങ്കര ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ഒന്നാംസ്ഥാനത്താണ്.
മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയില്‍ നിന്നും വിദ്യ അഭ്യസിച്ച ഖാസി അബ്ദുല്ല ഹാജി വൈജ്ഞാനിക നവോത്ഥാനത്തിനു നേതൃത്വം നല്‍കി. എല്ലാത്തിലും സമഗ്രമായ ചരിത്ര പ്രാധാന്യമുള്ള നാടാണ് തളങ്കര.
മാലിക് ദീനാര്‍ എന്ന ശാന്തിതീരം
രവീന്ദ്രന്‍ പാടി
അസ്വസ്ഥമായ മനസുമായി അലയുന്നവര്‍ക്കുള്ള ശാന്തി തീരമാണ് മാലിക് ദീനാര്‍. ജാതി-മത ഭേദമന്യേ ആര്‍ക്കും ആ തീരത്തണഞ്ഞ് ആവോളം ശാന്തി നുകരാം. നാനാതരം പ്രയാസങ്ങള്‍ അനുഭവിക്കുന്ന കാസര്‍കോടിന്റെ ഏറ്റവും ഉയരത്തിലുള്ള വിളക്കാണ് മാലിക് ദീനാര്‍. അവിടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്.
ഇന്ത്യയില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്തേക്കാണ് മാലിക് ദീനാര്‍ ജുമാമസ്ജിദിന്റെ ചരിത്രം നീളുന്നത്. അതു കൊണ്ടു തന്നെ നൂറ്റാണ്ടുകളുടെ ചരിത്രമാണ് മാലിക് ദീനാറിന് പറയാനുള്ളത്. അവയില്‍ കല്‍പിത കഥകള്‍ നന്നേ കുറവായിരിക്കും. ചേരമാന്‍ പെരുമാള്‍ ഇസ്ലാം ആശ്ലേഷിച്ചതും തുടര്‍ന്ന് അറേബ്യയില്‍ നിന്ന് ഇസ്ലാം മത പ്രചാരകര്‍ കൊടുങ്ങല്ലൂരിലും, തളങ്കരയിലും എത്തിയതും അവര്‍ തദ്ദേശ വാസികളുടെ സഹകരണത്തോടെ പള്ളികള്‍ പണിതതും ചരിത്രമാണ്. ഇസ്ലാം സന്ദേശങ്ങളില്‍ പ്രചോദിതരായ നിരവധി ഹൈന്ദവര്‍ ഇസ്ലാം മതം സ്വീകരിക്കുകയും തങ്ങളുടെ സ്ത്രീകളെ മുസ്ലിംങ്ങള്‍ക്ക് വിവാഹം ചെയ്തു കൊടുത്തതും ചരിത്രമാണ്.
നിരവധി സംസ്‌കാരങ്ങളും വൈവിധ്യങ്ങളും ഭാഷകളും കൊണ്ട് അനുഗ്രഹീതമായ കാസര്‍കോട് ഒരു സാംസ്‌കാരിക സര്‍വകലാശാലയാണ്. ഇവിടെ പഠന വിഷയങ്ങള്‍ എത്രയോ ഉണ്ട്. മത സൗഹാര്‍ദവും സാമൂഹിക മൈത്രിയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ഔന്നത്യവും കലകളുടെ മേളനവും മൊഗ്രാല്‍ എന്ന ഇശല്‍ ഗ്രാമവും അവയില്‍ ചിലതാണ്. യക്ഷഗാനത്തിന്റെ ഈറ്റില്ലമായ കുമ്പള, അതിന്റെ ആചാര്യന്‍ പാര്‍ത്ഥി സുബ്ബ, 18 ഭാഷകളില്‍ പാണ്ഡിത്യമുള്ള രാഷ്ട്ര കവി മഞ്ചേശ്വരം ഗോവിന്ദ പൈ, കാസര്‍കോട്ടെ മുഹമ്മദ് അബ്ദുര്‍ റഹ്മാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന പുത്തിഗെയിലെ മുഹമ്മദ് ശെറൂള്‍ സാഹിബ്, മാപ്പിളപ്പാട്ട് രചയിതാവും ചരിത്രകാരനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ടി. ഉബൈദ്, മാപ്പിള കവി പി. സീതിക്കുഞ്ഞി മാസ്റ്റര്‍, ലോകമെങ്ങും പുകള്‍ കൊണ്ട തളങ്കര തൊപ്പി, തളങ്കര ഉരു......
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി. കേളുനായര്‍, പാടുന്ന പടവാള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട വിപ്ലവ കവി ടി.എസ്. തിരുമുമ്പ്, തുളുനാടിന്റെ ആത്മാവ് കണ്ടറിഞ്ഞ ബഹുഭാഷാ പണ്ഡിതന്‍ സി. രാഘവന്‍ മാസ്റ്റര്‍, ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പേനയുമായി കഴിയുന്ന തുളുനാടിന്റെ പുണ്യം കയ്യാര്‍ കിഞ്ഞണ്ണറൈ, തുളു ഭാഷാ പണ്ഡിതന്‍ പി. വെങ്കിട രാജ പുണിഞ്ചിത്തായ, ചിത്ര കലയില്‍ കാസര്‍കോടിനെ വിശ്വത്തോളമുയര്‍ത്തിയ ആര്‍ട്ടിസ്റ്റ് പി.എസ്. പുണിഞ്ചിത്തായ........ജാതിക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞടിച്ച സ്വാമി ആനന്ദതീര്‍ത്ഥന്‍, ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാക്കളായ എ.സി. കണ്ണന്‍ നായര്‍, കെ. മാധവന്‍, വിശ്വ പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍.....
നെല്ലിക്കുന്ന് ജുമാമസ്ജിദ്, കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ വ്യാകുല മാതാ ദേവാലയം, മധൂര്‍ ശ്രീ മദനന്തേശ്വര ക്ഷേത്രം, മഞ്ചേശ്വരത്തെ ജൈന ബസ്തി, അഡൂര്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, മാവുങ്കാലിലെ ആനന്ദാശ്രമം, കാഞ്ഞങ്ങാട്ടെ സ്വാമി നിത്യാനന്ദാശ്രമം, മടിയന്‍ കോവിലകം, കോട്ടപ്പുറം മഖാം, പാറപ്പള്ളി മഖാം, എടനീര്‍ മഠം, ഉദ്യാവരം മാഡയിലെ പള്ളിയും അമ്പലവും......
ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ട, ഹൊസ്ദുര്‍ഗ് കോട്ട, മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തേജസ്വിനി പുഴ, ചന്ദ്രഗിരി പുഴ, റാണിപുരം -രാജപുരം മലനിരകള്‍, കിഴക്കന്‍ മേഖലയിലെ വനങ്ങള്‍......... എല്ലാം കാസര്‍കോടിന്റെ പുണ്യം.
ഇങ്ങനെയൊക്കെയാണെങ്കിലും ഇടക്കിടെ തലപൊക്കുന്ന കാലുഷ്യങ്ങളും ചോരക്കൊതിയും നമ്മുടെ നാടിന്റെ യശസ്സിന് മങ്ങലേല്‍പിക്കാറുണ്ട്. അപ്പോഴൊക്കെ മാലിക് ദീനാറിന്റെ ശാന്തി തീരം നമ്മുടെ മനസില്‍ എത്തുകയും പെട്ടെന്നു തന്നെ കാലുഷ്യ വഴികളില്‍ ശാന്തി മന്ത്രം മുഴങ്ങുകയും ചെയ്യുന്നു. മാലിക് ദീനാര്‍ ജുമാമസ്ജിദ് പരിസരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന മഹാന്‍മാരുടെ അനുഗ്രഹം കൊണ്ട് കൂടിയാവാം നമ്മുടെ നാട്ടില്‍ ഇപ്പോഴും സമാധാനത്തിന്റെ വെള്ളിവെളിച്ചം പുലര്‍ന്നു കാണുന്നത്. ഏതൊരു പ്രദേശത്തിനും ചരിത്രത്തില്‍ ഒരിടമുണ്ട്.
കാസര്‍കോടിന് അത് വേണ്ടുവോളമുണ്ട്. ബ്രിട്ടീഷുകാരോട് പോരാടിയ ധീര വനിത ഉള്ളാളിലെ റാണി അബ്ബക്കയുടെ ചരിത്രം വായിച്ച് നാം പുളകം കൊള്ളേണ്ടതാണ്. മതമൈത്രിക്കും മാനവ മൈത്രിക്കും നിലകൊണ്ട് രക്തസാക്ഷികളായ വീരന്‍മാര്‍ തെയ്യങ്ങളായി ഇപ്പോഴും കാസര്‍കോട്ടുകാരുടെ ആരാധനാ പാത്രങ്ങളാണ്.
മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാലിക് ദീനാര്‍ ഉറൂസിന്റെ ആത്മീയ തേജസ്സിലാണ് കാസര്‍കോടും പരിസരവും ഇപ്പോള്‍. വിദേശങ്ങളില്‍ നിന്നും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമെത്തുന്ന ജന സഞ്ചയങ്ങള്‍ കൊതിക്കുന്നത് അല്‍പം ശാന്തിയും സമാധാനവും തന്നെയാണ്. അത് എന്നെന്നും ഈ മണ്ണില്‍ പുലരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
ചേരമാന്‍ ചക്രവര്‍ത്തിയും മാലിക് ദീനാറും
ഭാരതത്തില്‍ പാവനമായ ഇസ്ലാം മതത്തിന്റെ ശാന്തിസന്ദേശം എത്തിക്കുവാന്‍ ആദ്യമായി കേരളക്കരയിലെത്തിയ ദൗത്യസംഘത്തിന്റെ നേതൃത്വം വഹിച്ച മഹാത്മാവായിരുന്നു ബഹുമാനപ്പെട്ട മാലിക് ദീനാര്‍ (റ) തങ്ങളവര്‍കള്‍. ഈ ദൗത്യസമഘമാണ് കേരളത്തിലാദ്യമായി പള്ളികള്‍ നിര്‍മ്മിച്ചത്.
കൊടുങ്ങല്ലൂര്‍ ആസ്ഥാനായി ഭരിച്ചിരുന്ന ചക്രവര്‍ത്തി ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് അറേബ്യയിലേക്ക് പോയെന്നും അത് പ്രവാചക ശിരോമണിയായ മുഹമ്മദ് മുസ്തഫ്വ (സ:അ)യുടെ ജീവിത കാലത്ത് തന്നെയായിരുന്നുവെന്നുമാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചേരമാന്‍ പൊതുവാള്‍ ചക്രവര്‍ത്തി അറേബ്യയില്‍ തമാസിക്കുന്ന കാലത്ത് താജുദ്ദീന്‍ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.
അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കമായ പരിശ്രമത്തിന്റെ ഫലമായി കൊടുങ്ങല്ലൂര്‍ രാജാവിന് ഒരെഴുത്തുമായി മാലിക് ദീനാര്‍ (റ)ന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ആദ്യമായി കൊടുങ്ങല്ലൂരില്‍ വന്നിറങ്ങി. അവിടത്തെ രാജാവിനെ സന്ദര്‍ശിച്ചു. ചേരമാന്‍ പെരുമാളിന്റെ എഴുത്തു കൊടുത്തു. അതില്‍ ദൗത്യസംഘത്തിന് പള്ളി പണിയുവാന്‍ എല്ലാവിധ സഹായങ്ങളും സ്ഥലവും കൊടുക്കണമെന്ന് എഴുതിയിരുന്നു.
കൊടുങ്ങല്ലൂര്‍ രാജാവ് ദൗത്യസംഘത്തെ ആദരപൂര്‍വം സ്വീകരിക്കുകയും പള്ളികള്‍ നിര്‍മ്മിക്കുവാനുള്ള സ്ഥലവും അതിന്റെ പരിപാലനത്തിനുവേണ്ടിയുള്ള സ്വത്തുക്കളും വഖഫ് ചെയ്തുകൊടുക്കുകയും ചെയ്തു. അക്കാലത്ത് നാട് ഭരിച്ചിരുന്ന രാജക്കന്മാരുടെ പൂര്‍ണപിന്തുണയോടും എല്ലാ വിധ സഹായസഹകരണങ്ങളോടും കൂടിയായിരുന്നു കേരളത്തിലും തെക്കന്‍ കര്‍ണാടകയിലുമായി പ്രസ്തുത ദൗത്യ സംഘം ആദ്യത്തെ 10 പള്ളികള്‍ നിര്‍മിച്ചത്. അതിലൊന്നാണ് ചരിത്രപ്രസിദ്ധമായ കാസര്‍കോട് തളങ്കര വിലയ ജമാഅത്ത് പള്ളി.
കാസര്‍കോട് പട്ടണത്തില്‍ നിന്നും ഏകദേശം ഒന്നര കി.മി. തെക്കുമാറി അറബിക്കടലിന്റെയും ചന്ദ്രഗിരിപുഴ അഴിമുഖത്തിന്റെയും പാര്‍ശ്വങ്ങളിലായി തലഉയര്‍ത്തിനില്‍ക്കുന്ന കാസര്‍കോട് തളങ്കര വലിയ ജുമാഅത്ത് പള്ളി എന്നറിയപ്പെടുന്ന ഈ പള്ളി സയ്യിദുനാ മാലിക് ദീനാര്‍ (റ) തങ്ങളവര്‍കള്‍ സ്ഥാപിച്ചതാണ്.
ഈ പള്ളിക്ക് തൊട്ട് തെക്കുഭാഗത്ത് സയ്യിദുനാ മാലിക് ദീനാര്‍ (റ) തങ്ങളവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുകയാണ്. ഈ ചരിത്രസത്യങ്ങള്‍ ഏതൊരു വ്യക്തിക്കും കാണുവാനും ഗ്രഹിക്കുവാനും സഹായകമാകുംവിധം പ്രധാനരേഖയായി പ്രസ്തുത പള്ളിയില്‍ കൊത്തിവെച്ച ശില്‍പരേഖ സാക്ഷ്യം വഹിക്കുന്നു.
ഈപുണ്യപുരുഷന്റെ ജീവിതകാലത്തും മരണാനന്തരവും നിരവധി കറാമത്തുകളാല്‍ ജനങ്ങളെ മതഭേദമന്യേ ആകര്‍ഷിക്കുകയും ആശിര്‍വദിക്കപ്പെടുകയും ചെയ്തുവരികയാണ്. റസൂല്‍ കരീം (സ:അ) തങ്ങളവര്‍കളുടെ സ്വഹാബികളില്‍പെടുന്ന ഈ മഹാപുരുഷന്റെ സ്മരണയ്ക്കായാണ് ഉറൂസ് നേര്‍ച്ച നടത്തിവരുന്നത്.
മാലിക് ദീനാര്‍ മഖാം ശരീഫ്
1975ല്‍ നടന്ന മാലിക്ബ്‌നു ദീനാര്‍ ഉറൂസില്‍ സംബന്ധിക്കാനായി ഈജിപ്തില്‍ നിന്നും ശേഖ് സാമീ അഹ്മദ് ഫര്‍ഹാത്ത് എന്നൊരു മഹാന്‍ വരികയുണ്ടായി. ഒരു ദീനീഭക്തനും സൂഫീ വര്യനുമായിരുന്ന അദ്ദഹത്തെ വളരെഅധികം വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇങ്ങോട്ട് ആനയിച്ചുവന്നിരുന്നത്. അദ്ദേഹം അല്ലാഹുവിന്റെ 'വലീയ്യാ'ണെന്നതിനുള്ള പല ലക്ഷണങ്ങളും കാണാന്‍ കഴിഞ്ഞിരുന്നു എന്നതിനും പലസംഭവങ്ങളും ഉദ്ധരിച്ചുകൊണ്ട് അന്ന് അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്താനും മറ്റും ചുമതലപ്പെട്ടിരുന്ന ത്വാഖ അഹ്മദ് മൗലവി സ്മരിക്കുന്നു. അദ്ദേഹം അന്നിങ്ങനെ പറയുകയുണ്ടായി. ''ഈ മഖാമില്‍ അന്ത്യവിശ്രമംകൊള്ളുന്ന ഉന്നതവ്യക്തിത്വം നിങ്ങള്‍ കരുതുന്നതുപോലെ 'താബിഈങ്ങളായ' മാലിക്ബ്‌നു മുഹമ്മദോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് ഇബ്‌നു മാലിക്കോ അല്ല. ഇത് സാക്ഷാല്‍ സ്വഹാബിയും ചന്ദ്രന്‍ പിളര്‍ന്ന സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായ മാലിക് തങ്ങള്‍ തന്നെയാണ്.
നിങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഇവിടെവന്ന് ദുആ ചെയ്താല്‍ ഉത്തരം റെഡിയാണ്.'' തുടര്‍ന്ന് ഇന്നാട്ടിലുള്ള പലകാര്യങ്ങളും വളരെ അഗാധമായ ജ്ഞാനമുള്ളതുപോലെ അദ്ദേഹം സംസാരിക്കുകയുണ്ടായി. ഖാസി അബ്ദുല്ല ഹാജിയുടെയും മറ്റും ഖബറിടങ്ങള്‍ ചെന്ന് അതിലുള്ള നൂറി (പ്രകാശം)ന്റെ അളവുകളെകുറിച്ചും മറ്റും അദ്ദേഹം വാചാലനായി.
നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ മഖാമിനുള്ള വിശിഷ്ടവ്യക്തി മാലിക്ബിന്‍ ദീനാറെന്ന് വിശ്വസിക്കുകയും മാലിക്ബിന്‍ ദീനാര്‍ മഖാമാണെന്ന് പരമ്പരാകതമായി പറഞ്ഞുപോരുകയുംചെയ്യുന്നതിന് എന്തെങ്കിലും ഒരടിസ്ഥാനം ഇല്ലാതിരിക്കില്ലല്ലോ!.. കാസര്‍കോട് സംയുക്തഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍ ഇങ്ങനെ എഴുതുന്നു. ''അങ്ങനെ കുറേകാലം ഇവിടെ കഴിഞ്ഞുകൂടിയ ശേഷം അദ്ദേഹം ഖുറാസാനിലേക്ക്‌പോയി എന്ന് ചരിത്രങ്ങളില്‍ ബലപ്പെട്ടുകാണുന്നു. തുഹ്ഫത്തുല്‍ മുജാഹിദിനില്‍ 'അദ്ദേഹം ഖുറാസാനില്‍ വഫാത്തായി അവിടെയാണ് ഖബര്‍' എന്നും കാണുന്നുണ്ടെങ്കിലും മറ്റുതെളിവുകളുടെ അടിസ്ഥാനത്തില്‍ അതത്ര പ്രശസ്തമായി കാണാന്‍ സാധ്യമല്ല.
മഹാനവര്‍കള്‍ ഖുറാസാനില്‍നിന്ന് തിരിച്ചുവന്നു കാസര്‍കോട്ട് താമസമാക്കി ഇസ്‌ലാമിക കാര്യങ്ങള്‍ക്ക് നേതൃത്വംനല്‍കുകയുമായിരുന്നു. അതുകൊണ്ടുതന്നെയാണ് മാലിക്ബിന്‍ ദീനാര്‍ പള്ളിയെന്നും മാലിക്ബിന്‍ ദീനാര്‍ മഖാമെന്നും ലോകത്ത് പ്രസിദ്ധപ്പെടുകയും പരമ്പരാഗതമായി മഹാനവര്‍കളുടെ പേരില്‍ ഉറൂസ് നടത്തിപ്പോരാനും കാരണമായത്.
മഖാമില്‍ അന്തിയുറങ്ങുന്ന മഹാന്‍ മാലിക്ബ്‌നു ദീനാറാണെന്നതിന് ചരിത്രപരമായ യാതൊരു തെളിവുമില്ലെന്ന് പറയുന്നത് ശരിയല്ല. പ്രശസ്തചരിത്രപണ്ഡിതന്‍ ഇമാം സുഹ്രവര്‍ദി തന്റെ രിഹ്‌ലത്തുല്‍ മുലൂക് എന്ന ഗ്രന്ഥത്തില്‍ മാലിക്ബിന്‍ ദീനാര്‍ കാസര്‍കോട്ടുവെച്ചാണ് വഫാത്തായതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മഹാനവര്‍കളുടെ പ്രവര്‍ത്തന തലസ്ഥാനം തുടക്കത്തില്‍ കൊടുങ്ങല്ലൂരിലും പിന്നീട് കാസര്‍കോട്ടുമായിരുന്നുവെന്ന് ഊഹിക്കാന്‍ കാരണമുണ്ടെന്ന് ചിലര്‍ എഴുതിവെച്ചിട്ടുണ്ട്. അദ്ദേഹം മാലിക്ബ്‌നു ദീനാര്‍ രണ്ടാമനാണെന്നാണ് ചിലരുടെ ഭാഷ്യം. മഖാമിലുള്ള മഹാന്‍ ചരിത്ര പ്രസിദ്ധനായ മാലിക്ബിന്‍ ദീനാര്‍ അല്ല എന്നും വാദിക്കുന്നവരുടെ കൂട്ടത്തില്‍തന്നെ രണ്ടുപക്ഷമുണ്ട്.
ഒരു കൂട്ടര്‍ കാസര്‍കോട്ടെ പ്രഥമ ഖാസി മാലിക്ബ്ന്‍ മുഹമ്മദാണെന്നും അദ്ദേഹം തന്നെയാണ് മഖാമിലുള്ളതെന്നും പറയുമ്പോള്‍ മറ്റൊരു കൂട്ടരുടെ വാദം പ്രഥമ ഖാസി അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദേബിന്‍ മാലിക്കാണെന്നും മഖാമിലുള്ളത് അദ്ദേഹമല്ലാതെ മറ്റാരുമല്ല എന്നുമാണ്. പി.എ. സെയ്തു മുഹമ്മദിന്റെ അഭിപ്രായം നോക്കു. ''കാസര്‍കോട്ട് കാണുന്ന വലിയ ജുമുഅത്ത് പള്ളിയുടെ സ്ഥാനത്തായിരുന്നു ആദ്യത്തെ പള്ളി. ഇവിടെ മാലിക്ബിന്‍ ദീനാറിന്റെ കുടുബത്തില്‍പെട്ട മാലിക്ബ്‌നു മുഹമ്മദിന്റെ സ്ഥലംകാണാം. ജനങ്ങള്‍ ഭയഭക്തി ബഹുമാനത്തോടുകൂടി ഇന്നും വഴിപാടുകള്‍ നേര്‍ന്ന് തങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്നു.
കാസര്‍കോട്ടെ ജുമുഅത്ത് പള്ളിയില്‍ ഖാസിയായി നിയോഗിക്കപ്പെട്ടത് മുഹമ്മദ്ബിന്‍ മാലിക്ബിന്‍ ദീനാറാണെന്ന് മറ്റുചിലര്‍ എഴുതിക്കാണുന്നുണ്ട്. ഇതുകൊണ്ടായിരിക്കാം അദ്ദേഹത്തെ ചിലര്‍ മാലിക്ബിന്‍ ദീനാര്‍ രണ്ടാമന്‍ എന്ന് വിളിക്കുന്നത്. പ്രശസ്ത എഴുത്തുകാരന്‍ പ്രഫസര്‍ കൊടുവള്ളി അബ്ദുല്‍ ഖാദര്‍ സാഹിബ് ഇങ്ങനെ കുറിക്കുന്നു. ''മാലിക് ദീനാറിന്റെ അടുത്ത ബന്ധുക്കളില്‍പെട്ട ഒന്നിലേറെ പുണ്യാത്മാക്കള്‍ കാസര്‍കോട്ട് അന്ത്യവിശ്രമം കൊള്ളുന്നതായി കരുതപ്പെടുന്നു. കൊല്ലത്തുനിന്നു കപ്പല്‍കയറി ശഹര്‍മുഖല്ലയിലേക്കും അവിടെനിന്ന് ഖുറാസാനിലേക്കുംപോയ മാലിക്ബിനു ദീനാര്‍ വീണ്ടും കേരളത്തിലേക്ക് മടങ്ങിവന്നു. കാസര്‍കോട്ട് വെച്ച് അന്തരിച്ചുവെന്നും വിശ്വസിക്കുന്നവരുണ്ട്. മാലിക്ബ്‌നു ദീനാര്‍ എന്ന് പേരുള്ള ഒന്നിലേറെപേര്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്ന് കരുതുന്നവരാണ് ചിലര്‍. ദീനിന്റെ ഉടമ എന്ന അര്‍ത്ഥത്തിലാണത്രെ മാലിക് ദീനാര്‍ എന്ന പ്രയോഗം.
എങ്ങനെയായാലും ഒരുമഹാ പുണ്യാത്മാവ് ഇവിടെ അന്തിയുറങ്ങുന്നു എന്നതില്‍ പക്ഷാന്തരമില്ല. പല അത്ഭുതസംഭവങ്ങളും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍വെച്ച് അരങ്ങേറിയതും ഇവിടെവന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ പല ആവശ്യങ്ങളും ആശ്ചര്യജനകമാം വിധം നിറവേറിക്കൊണ്ടിരിക്കുന്നതും ഇതിന്റെ പച്ചയായ തെളിവുകളാണ്.
(അവലംബം: മാലിക്ബിന്‍ ദീനാറും കാസര്‍കോട് പുരാതന പള്ളിയും-അനസ് ഹുദവി)
മാലിക് ദീനാര്‍ ഉറൂസ് പ്രത്യേക പതിപ്പ് 1
മാലിക് ദീനാര്‍ ഉറൂസ് പ്രത്യേക പതിപ്പ് 3
മാലിക് ദീനാര്‍ ഉറൂസ്
- PDF
Keywords: Malik Deenar Uroos, Thalangara, Majeed Thalangara, Ravindran Pady, Malayalam News, Uroos Supplement, Kasargod Vartha, K.S. Abdulla