ചട്ടഞ്ചാല്‍: കാസര്‍കോട് റവന്യൂ ജില്ലാ ശാസ്ത്ര- പ്രവൃത്തി പരിചയ- സാമൂഹ്യ ശാസ്ത്ര- ഐ.ടി മേളയ്ക്ക് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. കുരുന്നുകളുടെ കരവിരുതും ബുദ്ധി വൈഭവവും ഒരുപോലെ പ്രകടമാകുന്ന മേളയ്ക്ക് തിങ്കളാഴ്ച രാവിലെ പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തതോടെയാണ് തുടക്കമായത്.
ഏഴ് ഉപജില്ലകളില്‍ നിന്ന് വിജയികളായ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ പ്രതിഭകളാണ് മേളയില്‍ മാറ്റുരക്കുന്നത്. മേളയുടെ ഉദ്ഘാടന ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍എ അധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ., പാദൂര്‍ കുഞ്ഞാമു ഹാജി, കെ.മൊയ്തീന്‍ കുട്ടി ഹാജി, ശംസുദ്ദീന്‍ തെക്കില്‍, ഡി.ഇ.ഒ. കെ. സത്യനാരായണ, കെ. വേലായുധന്‍, മുഹമ്മദ് കുഞ്ഞി, രാഗിണി കരിച്ചേരി, കെ.കൃഷ്ണ അഗ്ഗിത്തായ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി സ്വാഗതം പറഞ്ഞു.
പ്രവൃത്തി പരിചയ മേളയില്‍ 1600 കുട്ടികളും സാമൂഹ്യ ശാസ്ത്ര മേളയില്‍ 325 കുട്ടികളും അപ്പീല്‍വഴിയെത്തിയ 30 ഓളം വിദ്യാര്‍ഥികളും പങ്കെടുക്കുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയില്‍ 3093 കുട്ടികളാണ് മൊത്തം പങ്കെടുക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന സയന്‍സ് മേളയില്‍ 468 കുട്ടികളും ഗണിതത്തില്‍ 500 പേരും ഐ.ടി മേളയില്‍ 200 വിദ്യാര്‍ഥികളും പങ്കെടുക്കുന്നു.
തിങ്കളാഴ്ച രാവിലെ മെയിന്‍ ബ്ലോക്ക് താഴെ നിലയില്‍ പഴം, പച്ചക്കറി സംരക്ഷണം, ചെലവ് ചുരുങ്ങിയ പോഷകാഹാര വിഭവങ്ങള്‍ എന്നീ ഇനങ്ങളിലും, മെയിന്‍ ബ്ലോക്ക് ഒന്നാം നിലയില്‍ ബുക്ക് ബയിന്റിംഗ്, പാവ നിര്‍മാണം, വസ്ത്ര നിര്‍മാണം, ലോഹതകിടില്‍ കൊത്തു പണി എന്നീ ഇനങ്ങളിലും മത്സരം ആരംഭിച്ചു. മെയിന്‍ ബ്ലോക്ക് രണ്ടാം നിലയിലെ വേദിയില്‍ വെജിറ്റബിള്‍ പ്രിന്റിംഗ്, തുണിയില്‍ ചിത്രം വരയ്ക്കല്‍ എന്നിവയും, മെയിന്‍ ബ്ലോക്ക് രണ്ടാം ഭാഗത്തെ വേദിയില്‍ ഇലക്‌ട്രോണിക്‌സ്, ഇലക്ട്രികല്‍ വയറിംഗ്, തുന്നല്‍, കാര്‍ഡ് ആന്റ് സ്‌ട്രോബോര്‍ഡ് വര്‍ക്ക്‌സ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ആരംഭിച്ചു.
സകൂള്‍ ഗ്രൗണ്ടിലെ വേദിയിലാണ് മറ്റു മത്സരങ്ങള്‍. ചൊവ്വാഴ്ചയും മത്സരങ്ങള്‍ തുടരും. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുല്ല അധ്യക്ഷത വഹിക്കും.
മത്സരാര്‍ഥികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഭക്ഷണത്തിനും വിശ്രമത്തിനും മറ്റും വേണ്ട സൗകര്യങ്ങള്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.
Photos: Zubair Pallickal
Keywords:
Science Mela, Chattanchal, Inaguration, P.Karunakaran-MP, Students, K.Kunhiraman MLA, P.B. Abdul Razak, P.P Shyamala Devi, Competition, School, N.A.Nellikunnu, Food, Kasaragod, Kerala.