Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font

ഹോട്ടലില്‍ നിന്നും ന്യൂഡില്‍സ് കഴിച്ച 6 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

Written By kvarthakgd1 on Monday, 2 March 2015 | 11:25 pm

കാസര്‍കോട്: (www.kasargodvartha.com 02/03/2015) ഹോട്ടലില്‍ നിന്നും ന്യൂഡില്‍സ് കഴിച്ച ആറ് വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റു. ഇതില്‍ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്.

സ്‌കൂളിനടുത്ത ഒരു ഹോട്ടലില്‍ നിന്ന് ന്യൂഡില്‍സ് കഴിച്ചതിന് ശേഷമാണ് കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ന്യൂഡില്‍സ് പഴകിയതായിരിക്കുമെന്ന് സംശയിക്കുന്നതായി കുട്ടികള്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫീസര്‍ വി.കെ. പ്രദീപ് കുമാര്‍ ആശുപത്രിയിലെത്തി കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

നിലഗുരുതരമല്ലാത്തതിനാല്‍ ചികിത്സ നല്‍കിയ ശേഷം കുട്ടികളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kerala, Chemnad, Students, Hotel, Food, Hospital, Treatment, Noodles, Chemnad School, Students hospitalized after food poison.

11:25 pm | 0 comments

മൂന്ന് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ വസ്ത്രവ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 02/03/2015) മൂന്ന് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ വസ്ത്ര വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എരിയാല്‍ ചേരങ്കൈ കടപ്പുറത്തെ പരേതരായ മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകനും റിയാദ് ബത്തയിലെ സില്‍വര്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായ അബ്ദുല്‍ ഹമീദ് (55) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹമീദ് നാട്ടിലെത്തിയത്. കാല്‍ വേദനയ്ക്ക് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. 

ഭാര്യ: ജമീല. ഏകമകള്‍ ജസീല. മരുമകന്‍: ഹമീദ് ചെട്ടുംകുഴി. സഹോദരങ്ങള്‍: ഇബ്രാഹിം, നഫീസ, റുഖിയ, ആസിയ. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kerala, Death, Obituary, Eriyal, Hospital, Treatment, Merchant, Abdul Hameed, Abdul Hameed Cheranhai passes away.

11:16 pm | 0 comments

10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി

കാസര്‍കോട്: (www.kasargodvartha.com 02/03/2015) 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. പെരിയടുക്കയിലെ കെ.ഇ അബ്ദുല്ല - ഫാത്വിമ ദമ്പതികളുടെ മകനും ബെദിരടുക്ക ടെക്‌നിക്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ അന്‍സാറിനെ (16)യാണ് കാണാതായത്.

ഞായറാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അന്‍സാര്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഇതിന് ശേഷം ഉച്ചയോടെ നാട്ടില്‍ തിരിച്ചെത്തിയിരുന്നെങ്കിലും വീട്ടിലേക്ക് വന്നിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സംഭവം സംബന്ധിച്ച് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ, 9995403900, 9567062576 എന്നീ നമ്പറുകളിലോ വിവരം അറിയിക്കുക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

10th class student goes missing

Keywords: Badiyadukka, Kasaragod, Kerala, Missing, Student, Police, Complaint, Hospital, Ansar, 10th class student goes missing.

11:11 pm | 0 comments

ട്രെയിനില്‍ യുവാവിന് പത്തംഗ സംഘത്തിന്റെ ക്രൂര മര്‍ദനം

കാസര്‍കോട്: (www.kasargodvartha.com 02/03/2015) ട്രെയിനില്‍ യുവാവിന് പത്തംഗ സംഘത്തിന്റെ ക്രൂര മര്‍ദനം. മന്നിപ്പാടിയിലെ രാജേഷിന്റെ മകന്‍ അനീഷി (23)നെയാണ് ഒരു സംഘം മര്‍ദിച്ചവശനാക്കിയത്.

മംഗളൂരുവില്‍ നിന്ന് 4.35ന് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനില്‍ കയറിയ അനീഷിനെ മഞ്ചേശ്വരത്തു നിന്ന് കയറിയ 10 പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. പരിക്കേറ്റ അനീഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനീഷിനെ മര്‍ദിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചെയിന്‍ വലിച്ചപ്പോള്‍ ട്രെയിന്‍ നിന്നെങ്കിലും അക്രമികള്‍ ഓടിരക്ഷപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Train, Youth, Assault, Kasaragod, Kerala, Injured, Hospital, Treatment, Aneesh. 

9:43 pm | 0 comments

നീലേശ്വരത്ത് ഉത്സവ സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ; നൂറോളം പേര്‍ ചികിത്സ തേടി

നീലേശ്വരം: (www.kasargodvartha.com 02/03/2015) ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ച നൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. നീലേശ്വരം കരിന്തളം കിളിയളത്ത് സുബ്രഹ്മണ്യം കോവിലിലെ ആണ്ഡിയൂട്ട് മഹോത്സവത്തിനിടെ ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.

ഞായറാഴ്ച സമാപിച്ച ആണ്ഡിയൂട്ട് മഹോത്സവത്തില്‍ രണ്ട് ദിവസം മുമ്പ് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഛര്‍ദിയും തലകറക്കവും മറ്റു അസ്വസ്തയും അനുഭവപ്പെട്ടത്. ഇവരെ നീലേശ്വരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരുടെയും നില ഗുരുതരമല്ലാത്തതിനാല്‍ വീട്ടിലേക്കയച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് കടുത്ത തലവേദനയും, ഛര്‍ദിയും കാരണം സ്ത്രീകളെയും കുട്ടികളെയും അടക്കം ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ എത്തിയവര്‍ക്ക് ശിശുരോഗ വിദഗ്ധന്‍ ഡോ. വി. സുരേശന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കി. ഡി.എം.ഒ ഡോ. ഇ മോഹനന്‍, പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ചുമതല വഹിക്കുന്ന ജില്ലാതല സാങ്കേതിക സമിതിയിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ആശുപത്രിയില്‍ എത്തിയവരില്‍ തൊണ്ണൂറോളം പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഇരുപതോളം പേര്‍ ചികിത്സയിലാണ്. കിളിയളത്തെ അമ്മു, ആര്യ, വരഞ്ഞൂരിലെ അശ്വിന്‍, പയ്യംകുളത്തെ ദീപിക, മേലാഞ്ചേരിയിലെ സുജിത്ത്, കൂവാറ്റിയിലെ നവ്യ, കൊല്ലംപാറയിലെ സാവിത്രി, നിവേദിത, വട്ടപ്പോയിലിലെ ഹൃദയ ലക്ഷ്മി തുടങ്ങിയവരാണ് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്.

കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് കെ. ലക്ഷണന്‍ ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. രണ്ടാഴ്ച മുമ്പ് രാജപുരത്തെ ഒരു ക്ഷേത്രത്തില്‍ അന്നദാനം കഴിച്ച മൂന്നോറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Nileshwaram, Kasaragod, Kanhangad, Temple, Food, Hospital, Treatment, Poison, Food poison in Nileshwaram. 

8:03 pm | 0 comments

സിംഗപ്പൂരില്‍ കപ്പല്‍ ജോലി വാഗ്ദ്ധാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: 2 പേര്‍ അറസ്റ്റില്‍; അന്വേഷണം മുംബൈയിലേക്കും

കാസര്‍കോട്: (www.kasargodvartha.com 02/03/2015) സിംഗപ്പൂരില്‍ കപ്പല്‍ ജോലി വാഗ്ദ്ധാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി സൂചന പുറത്തുവന്നിട്ടുണ്ട്. ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് പേരെ അറസ്റ്റുചെ്തത്.

മുള്ളേരിയ നെട്ടണിഗെ നടഗട്ടെയിലെ അബ്ദുല്‍ ലത്തീഫ് (35), പാലക്കുന്നിലെ രാഗേഷ് (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മലപ്പുറം കണ്ണമംഗലം പരിശ്ശേരിയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുഹമ്മദ് ശരീഫും മറ്റു ഏതാനും പേരും ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയിലാണ് വന്‍ വിസാറാക്കറ്റ് സംഘത്തിലെ രണ്ട് പേരെ പിടികൂടിയത്.

മുഹമ്മദ് ശരീഫിനെ കൂടാതെ മലപ്പുറം സ്വദേശികളായ മുഹമ്മദ്, അഷ്‌റഫ്, യൂനുസ്, റാഷിദ്, മുജീബ്, കാസര്‍കോട് സ്വദേശികളായ നാഗരാജന്‍, രതീഷ്, അനീഷ്, നിരഞ്ജന്‍, അജിത്ത്, സജിത്ത്, തിരുവനന്തപുരം സ്വദേശി രാജേന്ദ്രന്‍ എന്നിവരില്‍നിന്നും പ്രതികള്‍ അരലക്ഷം മുതല്‍ മുക്കാല്‍ ലക്ഷം രൂപ വരെ തട്ടിയെടുത്തതായി പോലീസ് വെളിപ്പെടുത്തി.

40,000 രൂപ മുതല്‍ 80,000 രൂപ വരെ ശമ്പളം വാഗ്ദ്ധാനം ചെയ്താണ് സിംഗപ്പൂരില്‍ കപ്പല്‍ ജോലിക്കായി വിസ തരപ്പെടുത്തിത്തരാമെന്ന് അറിയിച്ചത്. 1,25,000 രൂപയാണ് വിസയ്ക്കായി ഇവര്‍ ആവശ്യപ്പെടുന്നത്. ഇതില്‍ 50,000 രൂപ മുതലാണ് അഡ്വാന്‍സ് വേണമെന്ന് ആവശ്യപ്പെടുന്നത്. പരാതിക്കാരായ ആറ് യുവാക്കളെ ജോലിക്കായി എസ്.ടി.സി.ഡബ്ല്യു. എന്ന കോഴ്‌സ് നല്‍കാമെന്ന പേരില്‍ മുംബൈയിലെ പനവേലില്‍ റഫീഖ് എന്നയാളുടെ അടുക്കല്‍ എത്തിച്ചിരുന്നു. ഭക്ഷണവും താമസ സൗകര്യവുമില്ലാതെ നരകയാതനയാണ് യുവാക്കള്‍ക്ക് മുംബൈയില്‍ അനുഭവിക്കേണ്ടി വന്നത്.

സിംഗപ്പൂര്‍ വിസയില്‍ കപ്പലില്‍ വെയ്റ്ററുടെ ജോലിയാണ് വാഗ്ദ്ധാനം ചെയ്യുന്നത്. വലിയ തുക ശമ്പളമായി കിട്ടുമെന്ന് മോഹിച്ചാണ് പലരും ഇവരുടെ കെണിയില്‍ വീണത്. സ്വര്‍ണവും വീടിന്റെ ആധാരവും മറ്റും പണയപ്പെടുത്തിയും പലരില്‍നിന്നും കടംവാങ്ങിയുമാണ് യുവാക്കള്‍ വിസയ്ക്ക് പണം നല്‍കിയത്. പിടിയിലായ റാക്കറ്റില്‍പെട്ടവര്‍ക്ക് കേരളത്തിനകത്തും പുറത്തും വേരുകളുള്ളതായി പോലീസ് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഇപ്പോള്‍ പരാതിനല്‍കിയ ആറുപേരേയും ഫെബ്രുവരി 27ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്താന്‍ പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. സി.ഡി.സി. എന്ന മറ്റൊരു കോഴ്‌സ് കൂടി നല്‍കാനുണ്ടെന്ന് പറഞ്ഞാണ് ഇവരെ കാസര്‍കോട്ടേക്ക് വരുത്തിയത്.

കാസര്‍കോട് സ്‌റ്റേറ്റ് ഹോട്ടലില്‍ പാര്‍പ്പിച്ച ഇവരെ വീണ്ടും സംഘം പലതും പറഞ്ഞ് കബളിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ കാസര്‍കോട്ടെ ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ സഹായത്തോടെ ജില്ലാ പോലീസ് ചീഫിനെ സമീപിച്ച് പരാതി നല്‍കിയത്. അതിനിടെ സംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രതി അബ്ദുല്‍ ലത്തീഫിന്റെ നാട്ടുകാരനായ നെട്ടണിഗയിലെ ഉപേന്ദ്രന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മലപ്പുറം സ്വദേശികള്‍ പണം നിക്ഷേപിച്ചിരുന്നു.

അബ്ദുല്‍ ലത്തിഫീനെ അന്വേഷിച്ച് കണ്ടെത്താത്തതിനാല്‍ ഉപേന്ദ്രനെ പണംനഷ്ടപ്പെട്ടവര്‍ കാസര്‍കോട്ടേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തിരുന്നു. ഇതിനിടയില്‍ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചെത്തിയ കേസിലെ മറ്റൊരു പ്രതിയായ രാഗേഷ് കൂട്ടുപ്രതി അബ്ദുല്‍ ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം തട്ടിപ്പിന് ഇരയായവര്‍ക്ക് പറഞ്ഞുകൊടുത്തതിന്റെ പേരില്‍ ഉപേന്ദ്രനെ മര്‍ദിച്ചിരുന്നു. ഉപേന്ദ്രനെ മര്‍ദിച്ചതിന് പ്രതികള്‍ക്കെതിരെ മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും കാസര്‍കോട്ടെ ലോഡ്ജില്‍ തങ്ങുകയാണ്. വിസതട്ടിപ്പ് സംഘം കേരളത്തില്‍ ഉടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Kasaragod, Cheating, Arrest, Kerala, Accused, Visa, Job, Two arrested for visa scam.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
5:45 pm | 0 comments

അസിസ്റ്റന്റ് ലേബര്‍ ഓഫീസിന് ഒടുവില്‍ ശാപമോക്ഷം

കാസര്‍കോട്: (www.kasargodvartha.com 02/03/2015) തായലങ്ങാടി റെയില്‍വേസ്റ്റഷന്‍ റോഡില്‍ കാലപഴക്കം കൊണ്ട് നിലം പൊത്താവുന്ന സ്ഥിതിയിലായ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അസിസ്റ്റന്റ് ലേബര്‍ ഓഫീസിന് ഒടുവില്‍ ശാപമോക്ഷം. സിവില്‍ സ്‌റ്റേഷനിലെ എഫ് ബ്ലോക്കിലെ പ്രൊബേഷന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്കാണ് സ്ഥാപനത്തെ മാറ്റിയത്. പ്രൊബേഷന്‍ ഓഫീസിന് വേറെ കെട്ടിടം കിട്ടിയ സാഹചര്യത്തിലാണ് ലേബര്‍ ഓഫീസ് ദുരിതത്തില്‍ നിന്ന് കരകയറാന്‍ കാരണമായത്.

നാലുപതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കെട്ടിടം കാലപ്പഴക്കം കാരണം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായിരുന്നു. മഴക്കാലത്ത് മുഴുവന്‍ മുറിയും ചോര്‍ന്നൊലിക്കുന്ന സാഹചര്യമാണ് ജീവനക്കാര്‍ അനുഭവിച്ചിരുന്നത്. വാടക കെട്ടിടമായതിനാല്‍ പുതുക്കിപ്പണിയാന്‍ പോലും കെട്ടിട ഉടമ തയ്യാറായിരുന്നില്ല. സ്ഥാപനത്തിലെ വിലപ്പെട്ട രേഖകള്‍ മുഴുവനും എലികളും മറ്റും കാര്‍ന്നുതിന്നു നശിപ്പിച്ചിരുന്നു. ജീവനക്കാര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യം പോലും കെട്ടിടത്തിലുണ്ടായിരുന്നില്ല.

തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇടപെട്ട് ഓഫീസ് മാറ്റാന്‍ ആവശ്യമായ സാഹചര്യമൊരുക്കുമെന്ന് ലേബര്‍ ഓഫീസിന് ഉറപ്പുനല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പുതിയ ബ്ലോക്ക് കെട്ടിടത്തിന്റെ പണിപൂര്‍ത്തിയായതോടെ സിവില്‍ സ്‌റ്റേഷനിലെ പല ഓഫീസുകളുടെ മുറികളില്‍ ഒഴിവ് വന്നിരുന്നു. എന്നാല്‍ പ്രൊബേഷന്‍ ഓഫീസ് മാറാതിരുന്നതാണ് പ്രശ്‌നത്തിന് വഴിയൊരുക്കിയത്. തുടര്‍ന്ന് കലക്ടര്‍ നേരിട്ട് ഇടപെട്ട് പ്രശ്‌നം തീര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസിനു സമീപത്തുള്ള മുറിയിലേക്ക് സ്ഥാപനം മാറ്റി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kerala, Thayalangadi, Office, Assistant labour office shifted in new building.

5:30 pm | 0 comments

പഞ്ചായത്തുകള്‍ ഉല്‍പാദനമേഖലയ്ക്ക് ഊന്നല്‍ നല്‍കണം: കൃഷിവകുപ്പ് മന്ത്രി

കാസര്‍കോട്: (www.kasargodvartha.com 02/03/2015) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി രൂപീകരണത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മൃഗസംരക്ഷണ മേഖലയ്ക്കും ഊന്നല്‍ നല്‍കണമെന്നും ഉല്‍പാദന മേഖലയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ വിഹിതം അനുവദിക്കുമെന്നും കൃഷി, മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.പി മോഹനന്‍.

ഡിപിസി ഹാളില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖലയ്ക്ക് 40 ശതമാനം തുക വകയിരുത്തണം. വിനിയോഗിച്ച തുകയുടെ  ബാക്കി ഈ വര്‍ഷം അനുവദിക്കും. കാര്‍ഷികമേഖലയുടെ  അടിസ്ഥാന സൗകര്യവികസനത്തിന്  സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.

ജലസേചന സൗകര്യമൊരുക്കാന്‍  250 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുക അനുവദിച്ചാല്‍ ജില്ലയ്ക്ക്  കൂടുതല്‍ വിഹിതം ലഭിക്കും. ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുന്നതിനും  ചെറുകിട ജലസേചന മാര്‍ഗ്ഗങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും  പഞ്ചായത്തുകള്‍ മുന്‍ഗണന നല്‍കണം. രൂക്ഷമായ വരള്‍ച്ച തടയാനും ചെക്ക്ഡാമുകള്‍ കൂടുതല്‍  നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്.  വെച്ചൂര്‍ പശുക്കളുടെയും കാസര്‍കോട് കുളളന്‍ പശുക്കളുടെയും  സംരക്ഷണത്തിന്  80 കോടി രൂപ  കേന്ദ്രം പ്രത്യേക ഫണ്ട്  അനുവദിച്ചു. ഏപ്രിലില്‍ കേന്ദ്രകൃഷി വകുപ്പ് മന്ത്രി കാസര്‍കോട് കുളളന്‍  സംരക്ഷണകേന്ദ്രം സന്ദര്‍ശിക്കും.

മൃഗസംരക്ഷണ മേഖലയില്‍് കൂടുതല്‍ ഫണ്ട് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.  കേരളത്തെ സമ്പൂര്‍ണ്ണ ജൈവകൃഷി സംസ്ഥാനമായി  മാറ്റുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്.  കാസര്‍കോട് ജില്ലയാണ് ഇതിന് മാതൃക.  സമ്പൂര്‍ണ്ണ ജൈവകൃഷി ജില്ലയായി മാറുന്നതിന് ത്രിതല പഞ്ചായത്തുകളുടെ ശാന്തമായ ഇടപെടലുണ്ടാകണം. തരിശ്‌നിലങ്ങളെ  കൃഷിയോഗ്യമാക്കുന്നതിനും അതുവഴി ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കുന്നതിനും  ഊന്നല്‍ നല്‍കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള വികസന പദ്ധതികള്‍ക്കുപുറമെ കാസര്‍കോട് വികസന പാക്കേജ്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍, ജൈവകൃഷി തുടങ്ങിയ പദ്ധതികള്‍ക്ക് കോടി കണക്കിന് രൂപയാണ്  സര്‍ക്കാര്‍  കാസര്‍കോട് ജില്ലയ്ക്ക് അനുവദിക്കുന്നത്.

എന്നാല്‍ നിര്‍വ്വഹണഉദ്യോഗസ്ഥര്‍ കുറവായതിനാല്‍ പദ്ധതി പൂര്‍ത്തീകരണത്തില്‍ കാലതാമസം നേരിടുകയാണ്.  ഇതരജില്ലകളില്‍ നിന്നെത്തുന്ന  ഉദ്യോഗസ്ഥര്‍ ജില്ലയില്‍  തുടരാന്‍ വൈമുഖ്യം കാണിക്കുന്നതാണ് പ്രധാന പ്രശ്‌നം. ജില്ലയില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ  ഒഴിവുകള്‍ നികത്തുന്നതിന് പ്രത്യേക ഇടപെടല്‍ നടത്തും. മൃഗസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥക്ഷാമം  പരിഹരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമെന്ന്  മന്ത്രി പറഞ്ഞു. ക്വാറി സമരം പരിഹരിക്കാന്‍  സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  അഡ്വ. പി.പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Panchayath, Kasaragod, Kerala, Minister, Inauguration, Minister K.P Mohan.  

5:23 pm | 0 comments

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നിയമസഭക്ക് മുമ്പില്‍ വീണ്ടും പട്ടിണി സമരത്തിനൊരുങ്ങുന്നു

കാസര്‍കോട്: (www.kasargodvartha.com 02/03/2015) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതൃത്വത്തില്‍ കേരള നിയമസഭക്ക് മുമ്പില്‍ അമ്മമാരും കുട്ടികളും പട്ടിണി സമരം നടത്താന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നിരന്തരമായി ലംഘിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭ ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്.

അതിര്‍ത്തികള്‍ നോക്കാതെ അര്‍ഹരായ മുഴുവന്‍ ദുരിതബാധിതര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സാമ്പത്തിക സഹായങ്ങള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പലതവണ ഉത്തരവുകള്‍ പുറപ്പെടുവിച്ചെങ്കിലും അത് കടലാസില്‍ മാത്രം ഒതുങ്ങുന്നു. കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവും നടപടിയാകാതെ തുടരുന്നു. പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ രോഗികളെ പറ്റിക്കാനുള്ള ഒരു ഏര്‍പ്പാട് മാത്രമായി ചുരുങ്ങുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. പട്ടിണി സമരത്തിന്റെ മുന്നോടിയായി കാസര്‍കോട് വെച്ച് ജനകീയ കൂട്ടായ്മ നടത്താനും തീരുമാനമായി.

യോഗത്തില്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.വി രാജേന്ദ്രന്‍, മുനീസ അമ്പലത്തറ, ടി. ശോഭന, വി. രോഹിണി, രാഘവന്‍ ചന്തേര, കെ.ടി ബിന്ദു മോള്‍, പി.കെ ഗോവിന്ദന്‍, മിസിരിയ ചെങ്കള, പ്രേമചന്ദ്രന്‍ ചോമ്പാല, നസീമ എം.കെ, അഖിലകുമാരി ടി, പി. കൃഷ്ണന്‍, സജിത കെ, ചന്ദ്രമതി കെ, പി.വി ദേവി, ശ്രീദേവി വി, ശശിധരന്‍ പി, കുഞ്ഞിക്കണ്ണന്‍ പി എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും സി.വി. നളിനി നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Endosulfan, Kasaragod, Endosulfan-victim, Strike, Meeting, Kanhangad. 

Advertisement:
4:24 pm | 0 comments

കയ്യൂര്‍ - ചീമേനി പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 02/03/2015) കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്തിന് അന്താരാഷ്ട്ര അംഗീകരമായ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ കൃഷിമന്ത്രി കെ.പി മോഹനന്‍, ഐഎസ്ഒ പ്രഖ്യാപനം നടത്തി.

തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ബാലകൃഷ്ണന് മന്ത്രി ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി.   കെ. കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) അധ്യക്ഷത വഹിച്ചു. പ്രഖ്യാപനത്തിന്റെ ഭാഗമായി ഘോഷയാത്രയും സംഘടിപ്പിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരും , ജനപ്രതിനിധികളും സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kanhangad, Kasaragod, Kerala, Kayyur, Cheemeni, Certificates, ISO. 

3:00 pm | 0 comments

കെ.എസ്.ടി.പി തീരദേശ റോഡ് നിര്‍മാണം ആശാസ്ത്രീയമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി

ചെമ്മനാട്: (www.kasargodvartha.com 02/03/2015) കെ.എസ്.ടി.പി നിര്‍മിക്കുന്ന കാസര്‍കോട് - കാഞ്ഞങ്ങാട് തീരദേശ റോഡ് നിര്‍മാണം അശാസ്ത്രീയമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ചെമ്മനാട് പഞ്ചായത്ത് സമ്മേളനം ആരോപിച്ചു. ജനസാന്ദ്രത ഏറിയ നിരവധി സ്‌കൂളുകള്‍ സ്ഥിതിചെയ്യുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ദിവസേന യാത്രചെയ്യുന്ന തീരദേശ റോഡില്‍ ഒരു സുരക്ഷാ സംവിധാനവും ഒരുക്കാതെയുള്ള കെഎസ്ടിപിയുടെ നിര്‍മാണം അപകടം വിളിച്ചു വരുത്തുന്നതാണ്.

കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ 10 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്ത റോഡാണ് കെഎസ്ടിപി നിര്‍മിക്കുന്നത്. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും അന്താരാഷ്ട്രനിലവാരമുള്ള റോഡ് നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒരു സുരക്ഷാ സംവിധാനവുമില്ലാതെ നിര്‍മിക്കുന്ന റോഡ് എങ്ങനെ അന്താരഷ്ട്ര നിലവാരമുള്ളതാവുമെന്നും സമ്മേളനം ചോദിച്ചു.

കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ റോഡ് പൂര്‍ണമായും ഡിവൈഡര്‍ സ്ഥാപിക്കണം, സ്‌കൂള്‍ പരിസരങ്ങളില്‍ റോഡില്‍ ഇരുവശത്തും കൈവരിയോടുകൂടിയ ഫൂട്പാത്ത് നിര്‍മിക്കണം, റോഡ് ടാര്‍ചെയ്ത വീതിയില്‍ മാത്രമാണ് പുതിയ കള്‍വേര്‍ട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഇതു കാരണം വാഹനങ്ങള്‍ കള്‍വേര്‍ട്ടിലിടിച്ച് അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. പഴയ കള്‍വേര്‍ട്ടുകളുടെ വീതി വര്‍ധിപ്പിക്കാത്തതും അപകടത്തിന് കാരണമാവും. കോടികള്‍ ചിലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതി കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥരും കെ എസ് ടി പിയുടെയും ജാഗ്രതപുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം വെല്‍ഫെയര്‍പാര്‍ട്ടി ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നല്‍കും. ജില്ലാ വൈസ് പ്രസിഡണ്ട് സിഎച്ച് മുത്തലിബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, അബ്ദുല്‍ ലത്വീഫ്, പി.കെ അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kanhangad, Road, Construction Plan, Oommen Chandy, Inauguration, Chemnad, Divider, KSTP Road.  

2:17 pm | 0 comments

ജില്ലാ ജയിലില്‍ സൈനുല്‍ ആബിദ് വധക്കേസിലെ പ്രതികളുടെ അക്രമം; 7 പ്രതികളേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കാഞ്ഞങ്ങാട്: (www.kasargodvartha.com 02/03/2015) കാസര്‍കോട് എം.ജി. റോഡിലെ ജെ.ജെ. ബെഡ് സെന്റര്‍ ജീവനക്കാരന്‍ തളങ്കര നുസ്രത്ത് നഗറിലെ സൈനൂല്‍ ആബിദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികള്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ അക്രമം നടത്തുകയും വാര്‍ഡന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഏഴ് പ്രതികളേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പ്രതികള്‍ക്കെതിരെ ജയില്‍ സുപ്രണ്ടിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ജയിലില്‍വെച്ച് പ്രതികള്‍ സിഗരറ്റ് വലിക്കുന്നത് കണ്ട് ജയില്‍വാര്‍ഡന്‍ തടഞ്ഞപ്പോഴായിരുന്നു പ്രതികള്‍ അക്രമം നടത്തിയത്. ജയില്‍വാര്‍ഡനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മേശയും കസേരയും മറ്റുഫര്‍ണിച്ചറുകളും അടിച്ചുതകര്‍ക്കുകയുമായിരുന്നുവെന്നുമാണ് പരാതി. പ്രതികള്‍ ജയില്‍ വാര്‍ഡന്റെ ഓദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

ജയില്‍ അധികൃതരുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പ്രതികള്‍ക്ക് ജയിലില്‍ എങ്ങനെ സിഗരറ്റ് ലഭിച്ചു എന്നതിനെകുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലിലെ മതിലിന് പുറത്തുവെച്ച് സിഗരറ്റും മറ്റും അകത്തേക്ക് എറിഞ്ഞുകൊടുക്കുന്നതായി നേരത്തെതന്നെ പരാതി ഉയര്‍ന്നിരുന്നു. പ്രതികളെ കാണാന്‍ എത്തുന്നവര്‍ വഴിയും രഹസ്യമായി സിഗരറ്റും മറ്റും കൈമാറുന്നതായി ആരോപണം ഉയരുന്നുണ്ട്.
Kanhangad, District Jail, Murder-case, Accuse, Attack, Case, Kasaragod, Kerala,  Central Jail, Cigarette.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
1:18 pm | 0 comments

സാമൂഹ്യപ്രവര്‍ത്തക മാസാചരണം: സായിറാം ഭട്ടിനെ ആദരിച്ചു

കാസര്‍കോട്: (www.kasargodvartha.com 02/03/2015) പി.എന്‍ പണിക്കരുടെ സ്മരണാര്‍ത്ഥം നടത്തുന്ന സാമൂഹ്യപ്രവര്‍ത്തക മാസാചരണത്തിന്റെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും കാന്‍ഫെഡും സംയുക്തമായാണ് മാസാചരണം സംഘടിപ്പിക്കുന്നത്.

224 വീടുകള്‍  പാവപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ചു നല്‍കുകയും നിരവധി പേര്‍ക്ക് വിവാഹ ധനസഹായവും  ചികിത്സാ സഹായവും നല്‍കി  മാതൃക കാട്ടിയ  സായിറാം ഭട്ടിനെ  ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു.  സീതാംഗോളിയില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.പി ജയരാജന്‍ അധ്യക്ഷനായി. മുന്‍എംഎല്‍എ  കെ.പി കുഞ്ഞിക്കണ്ണന്‍, പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. പ്രൊഫ. ശ്രീനാഥ്, ഇ. രാഘവന്‍ , വി.വി കൃഷ്ണന്‍, കാവുങ്കല്‍ നാരായണന്‍, ചന്ദ്രിക മോനാച്ച, ശോഭന ശശിധരന്‍, ശംസുദ്ദീന്‍ ആയിറ്റി, എസ്.വി അബ്ദുളള , സി.എം ബാലകൃഷ്ണന്‍, കെ. സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി രാഘവന്‍ മാസ്റ്റര്‍ സ്വാഗതവും സി.കെ ഭാസ്‌ക്കരന്‍ നന്ദിയും  പറഞ്ഞു.

13ന് കാസര്‍കോട് ഡിപിസി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണവും ഇ- സാക്ഷരതാ സെമിനാറും നടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kerala, Felicitation, Sairam Bhat. 

12:30 pm | 0 comments

ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങി മധ്യവയസ്‌ക്കന്‍ മരിച്ചു

മടിക്കൈ: (www.kasargodvartha.com 02/03/2015) ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങി മധ്യവയസ്‌ക്കന്‍ മരിച്ചു. മടിക്കൈ ചാളക്കടവിലെ എന്‍ അബൂബക്കറാണ് (45) മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടുപറമ്പിലെ രണ്ട് മരങ്ങള്‍ക്കിടയിലാണ് വഴിയാത്രക്കാര്‍ അബൂബക്കറിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പോസ്റ്റുമോര്‍ട്ടത്തിലാണ് ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങിയാണ് അബൂബക്കര്‍ മരണപ്പെട്ടതെന്ന് വ്യക്തമായത്. ഏറെ കാലമായി അബൂബക്കര്‍ കുടുംബ വീട്ടില്‍ തനിച്ചാണ് താമസം. അഞ്ച് മാസം മുമ്പാണ് അബൂബക്കര്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വന്നത്.

ചാളക്കടവിലെ പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ സി. എറമുള്ളാന്‍ ഹാജി - ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ കുഞ്ഞായിഷ. മക്കള്‍: ആരിഫ്, ആരിഫ, അസ്‌റ. സഹോദരങ്ങള്‍ മുഹമ്മദ്കുഞ്ഞി, സാറ, സലാമു, അബ്ദുല്‍ റസാഖ്, അഷ്‌റഫ്, സിദ്ദീഖ്, പാത്തു, സഫിയ, സുബൈദ, മൈമൂന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Madikai, Kerala, Death, Obituary, Aboobacker. 

Advertisement:
11:44 am | 0 comments

കേന്ദ്രസര്‍വകലാശാലയുടെ ഏഴാമത് സ്ഥാപകദിനം ആഘോഷിച്ചു

കാസര്‍കോട്: (www.kasargodvartha.com 02/03/2015) കേന്ദ്രസര്‍വകലാശാലകള്‍ മറ്റു സംസ്ഥാന സര്‍വകലാശാലകളെക്കാള്‍ ഗവേഷണങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയും കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ടുകള്‍ ഗവേഷണ പുരോഗതിക്കുവേണ്ടി വിനിയോഗിക്കുകയും ചെയ്യുന്നുവെന്ന് പ്രമുഖ വിദ്യാഭ്യസ വിചക്ഷണനായ പദ്മശ്രീ പ്രൊഫ. എന്‍.ആര്‍ മാധവമേനോന്‍ പറഞ്ഞു. കേന്ദ്രസര്‍വകലാശാലയുടെ ഏഴാമത് സ്ഥാപകദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍വകലാശാലകളില്‍ മറ്റു സര്‍വകലാശാലകളേക്കാള്‍ രാഷ്ട്രീയവല്‍ക്കരണം കുറവായതിനാല്‍ വിദ്യാഭ്യാസ നിലവാരം കൂടുതലാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ കാസര്‍കോടിന്റെ സമഗ്രമായ വികസനത്തിന് അത്ഭുതാവാഹമായ പങ്ക് വഹിക്കുവാന്‍ കേന്ദ്ര സര്‍വകലാശാലയ്ക്ക് സാധിക്കും- അദ്ദേഹം വ്യക്തമാക്കി.

2009 ലെ പാര്‍ലമെന്റ് ആക്ട് പ്രകാരമാണ് കേന്ദ്ര സര്‍വകലശാല കേരളത്തില്‍ കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ലയായ കാസര്‍കോടിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ച് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാല പെരിയയില്‍ സ്ഥാപിക്കപ്പെട്ടത്. കാസര്‍കോട് വിദ്യാനഗര്‍ ക്യാംപസില്‍ രണ്ട് പഠനവകുപ്പുകളുമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സര്‍വകലാശാല 2013 കേരളപ്പിറവി ദിനത്തില്‍ സ്വന്തം ക്യാംപസായ പെരിയയില്‍ വിവിധ പഠന വകുപ്പുകളും സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ വകുപ്പുകളും പ്രവര്‍ത്തനം ആരംഭിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 17  പഠന വകുപ്പുകള്‍ സര്‍വകലാശാലയിലുണ്ട്. ഇതില്‍ തിരുവല്ല ലോ ക്യാംപസ്, തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലെ ബി.എ അന്താരാഷ്ട്ര പഠന വിഭാഗം എന്നിവ ഉള്‍പ്പെടുന്നു. 2011 ല്‍ ആദ്യമായി 310 ഏക്കര്‍ ഭൂമിയാണ് കേരളസര്‍ക്കാര്‍ സര്‍വകലാശാലയ്ക്ക് നല്‍കിയത്. ഇതിന്റെ കൂടെ ഇപ്പോള്‍ പെരിയയില്‍ 51 ഏക്കര്‍, തിരുവല്ലയില്‍ 10 ഏക്കര്‍  തിരുവനന്തപുരം കുടപ്പനകുന്നില്‍ അഞ്ച് ഏക്കര്‍ ഭൂമിയും സര്‍വകലാശാലയ്ക്ക് അനുവദിച്ചു.

പെരിയയില്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയാണ് സര്‍വകലാശാല. മൂന്ന് നിലകളിലായി 214 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുവാനുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ രണ്ട് ഹോസ്റ്റലുകളുടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിച്ച് വരികയാണ്.

കാസര്‍കോടിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. ആ വികസന പ്രതീക്ഷ സാക്ഷാത്കരിക്കാന്‍ സര്‍വകലാശാല പ്രതിജ്ഞാബന്ധമാണെന്നും വൈസ് ചാന്‍സലര്‍ ഡോ- ജി. ഗോപകുമാര്‍ റിപോര്‍ട്ട് അവതരണത്തില്‍ സൂചിപ്പിച്ചു.

സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ അച്ചടക്കത്തോടെ കാര്യക്ഷമതയോടെ നടത്തുന്നതിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും, എത്രയും പെട്ടെന്നു തന്നെ ഒഴിവ് വന്ന എല്ലാ അധ്യാപക - അനധ്യാപക തസ്തികള്‍ നികത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ഈ അധ്യായന വര്‍ഷം നാല് പുതിയ പഠന വകുപ്പുകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ ഓഫ് മെഡിസിന്റെ കീഴില്‍ മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, സ്‌കൂള്‍ ഓഫ് ലാംഗേ്വജസ് ആന്‍ഡ് ലിറ്ററേച്ചറിന്റെ കീഴില്‍ എം.എ മലയാളം, എന്‍വയോണ്‍മെന്റ് സയന്‍സിന്റെ കീഴില്‍ എം.എസ്.സി ജിയോ സയന്‍സ്, സോഷ്യല്‍ സയന്‍സിന്റെ കീഴില്‍ മാസ്റ്റര്‍ ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

ചടങ്ങില്‍ കേരളകേന്ദ്ര സര്‍വകലാശാലയുടെ ചാന്‍സലറായ പദ്മഭൂഷണ്‍ വീരേന്ദര്‍ലാല്‍ ചോപ്ര അധ്യക്ഷത വഹിച്ചു. പരീക്ഷ കണ്‍ട്രോളര്‍ വി. ശശിധരന്‍ സ്വാഗതവും, റജിസ്ട്രാര്‍ എസ്. ഗോപിനാഥ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.Keywords: Kasaragod, Kerala, Periya, Central University, Inauguration, Anniversary, Celebration, Programme, Education, Central University of Kerala Foundation Day Celebration.

11:00 am | 0 comments

ഉദുമയില്‍ കാന്‍സര്‍ രോഗികള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം: വെല്‍ഫയര്‍ പാര്‍ട്ടി

ഉദുമ: (www.kasargodvartha.com 02/03/2015) ഉദുമയില്‍ കാന്‍സര്‍ രോഗികള്‍ വര്‍ധിച്ചു വരുന്നെന്ന വിലയിരുത്തലുകള്‍ ആശങ്കാജനകമാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ഉദുമ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് പൂര്‍ണമായ ആരോഗ്യ സുരക്ഷിതത്വം ലഭിക്കാന്‍ ജില്ലാ ഭരണകൂടവും പഞ്ചായത്ത് അധികൃതരും ജാഗ്രത കാട്ടേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.

മദ്യമുള്‍പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ സമ്പൂര്‍ണമായി നിരോധിക്കേണ്ടതുണ്ട്. കോടതി ഉത്തരവുണ്ടായിട്ടും പഞ്ചായത്ത് ഓഫീസിന് മൂക്കിന് താഴെയുള്ള ബീവറേജസ് ഔട്ട്‌ലെറ്റ് തഴച്ചു വളരുന്നത് പഞ്ചായത്ത് ഭരണ സമിതിയുടെ ദൗര്‍ബല്യമാണെന്ന് കുറ്റപ്പെടുത്തി.

ജില്ലാ ജനറല്‍ സെക്രട്ടറി അംബുഞ്ഞി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല, ജില്ലാ കമ്മിറ്റി അംഗം എം. അബ്ദുല്‍ ലത്വീഫ്, മണ്ഡലം പ്രസിഡണ്ട് മഹ്മൂദ് പള്ളിപ്പുഴ, പഞ്ചായത്ത് പ്രസിഡണ്ട് ബഷീര്‍ പാലക്കുന്ന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാഫി കാപ്പില്‍ സ്വാഗതവും സെക്രട്ടറി ശെരീഫ് പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Udma, Health, Cancer, Patients, Welfare party shares anxiety about increase of cancer patients in Udma.

11:00 am | 0 comments

കാസര്‍കോട് സ്വദേശി തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 02/03/2015) കാസര്‍കോട് സ്വദേശി തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. മാലക്കല്ല് പൂക്കുന്നം ചെറുമ്പച്ചാലില്‍ തോമസിന്റെ മകന്‍ സനീഷാ (30) ണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വേളാങ്കണ്ണിയില്‍ പോവുകയായിരുന്ന തീര്‍ഥാടക സംഘം സഞ്ചരിച്ച സ്‌കോര്‍പിയോ കാറാണ് തമിഴ്‌നാട് തഞ്ചാവൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ സനീഷിന്റെ ഭാര്യ ലിബിന(26), മറുതാപ്പറമ്പില്‍ ജെയ്‌സണ്‍(28) ഭാര്യ ലിമ(23), ആനിമൂട്ടില്‍ ടോജന്‍(30) ഭാര്യ അനു (25) മകള്‍ ജോസ്‌ന ടോജോ (മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ ഒരുമണിയോടെ തഞ്ചാവൂരിനടുത്താണ് സംഭവം. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോ വാഹനം മരത്തിലിടിക്കുകയായിരുന്നു. ഇതിനുശേഷം വാഹനം നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.

സനീഷ് തല്‍ക്ഷണം തന്നെ മരണപ്പെട്ടു. തലക്കേറ്റ മാരകമായ മുറിവാണ് സനീഷിന്റെ മരണത്തിന് കാരണമായത്. പരിക്കേറ്റവരെ തഞ്ചാവൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഇവരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി. സനീഷിന്റെ മരണം കുടുംബത്തിന് താങ്ങാനാവാത്ത ആഘാതമായി. ഫെബ്രുവരി 28നാണ് സനീഷും കുടുംബാംഗങ്ങളും ഉള്‍പെടെയുള്ളവര്‍ വേളാങ്കണ്ണിയിലേക്ക് പോയത്. അപകട  വിവരമറിഞ്ഞ് ബന്ധുക്കള്‍ തഞ്ചാവൂരിലേക്ക് പോയിട്ടുണ്ട്. ലൗവിംങ്ങ് ട്രാവല്‍സിലെ ഡ്രൈവറാണ് മരണപ്പെട്ട സനീഷ്. സഹോദരങ്ങള്‍: സനോജ് തോമസ്, സജേഷ് തോമസ്.

Kasaragod, Kerala, car-driver, Driver, died, Obituary, Accidental-Death, Accident, Car-Accident,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
10:26 am | 0 comments

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ 90-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു

നെല്ലിക്കുന്ന്: (www.kasargodvartha.com 02/03/2015) നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ 90-ാം വാര്‍ഷികാഘോഷം ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം. സുബൈര്‍ പതാക ഉയര്‍ത്തി.

നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കേള്‍വളപ്പില്‍ ഇബ്രാഹിം ഹാജി, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പോഴ്‌സണ്‍ സൈബുന്നിസ ഹനീഫ്, കൗണ്‍സിലര്‍ ഖാദര്‍ ബങ്കര, എ.ഇ.ഒ രവീന്ദ്ര നാഥ റാവു, ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എന്‍.എ. അബ്ദുല്‍ ഖാദര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, പി.ടി.എ. പ്രസിഡണ്ട് എ.എം. ഹാരിസ്, ഷാഫി എ. നെല്ലിക്കുന്ന്, ഇബ്രാഹിം തൈവളപ്പില്‍, എ.കെ. അബൂബക്കര്‍ ഹാജി, അബ്ദു തൈവളപ്പില്‍, മഹ്മൂദ് പ്രസംഗിച്ചു.

ഹെഡ്മാസ്റ്റര്‍ പി.കെ. മുഹമ്മദ് കുട്ടി സ്വാഗതവും, ബാബു തോമസ് നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Nellikunnu, School, Anniversary, Celebration, Programme, District Collector, Nellikkunnu Anwarul Uloom AUP school. 

10:00 am | 0 comments

for MORE News select date here

KVARTHA: LATEST NEWS

Obituary

Read More Obituary News

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories