city-gold-ad-for-blogger
Aster MIMS 10/10/2023

സ്വപ്ന സാഫല്യത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ പങ്കുവെച്ച് കാസര്‍കോട് ബ്ലോക്ക് ലൈഫ് കുടുംബ സംഗമം; പൂവണിഞ്ഞത് 792 കുടുംബങ്ങളുടെ സ്വപ്നങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 15.01.2020) അന്തിയുറങ്ങാന്‍ ഒരിടമെന്നതിനപ്പുറം ഗുണഭോക്താക്കളെ  ഉപജീവനമടക്കമുള്ള എല്ലാ സാമൂഹിക പ്രക്രിയകളിലും പങ്കാളികളാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു. നിരവധി കുടുംബങ്ങള്‍ കാലങ്ങളായി ഹൃദയത്തില്‍ ചേര്‍ത്തു വച്ചിരുന്ന സ്വപ്നങ്ങളുടെ സാക്ഷാത്കാരം പങ്കുവെക്കുന്നതിനുള്ള വേദിയായി കുടുംബ സംഗമം മാറി. കാസര്‍കോട് നഗരസഭാ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിച്ചു. ലൈഫ് ഭവന പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ കെ കുഞ്ഞിരാമന്‍ എംഎല്‍എ ആദരിച്ചു. ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു മുഖ്യാതിഥിയായി.

പൂവണിഞ്ഞത് 792 കുടുംബങ്ങളുടെ സ്വപ്നങ്ങള്‍

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പൂവണിഞ്ഞത് 792 കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികയിലുള്‍പ്പെട്ട 248 പേരില്‍ 238 പേരുടെയും വീട് നിര്‍മാണം പൂര്‍ത്തിയായി. ബദിയഡുക്ക പഞ്ചായത്തില്‍ 64 വീടും ചെമ്മനാട് 81ഉം, ചെങ്കള 128, കുമ്പള 89, മധൂര്‍ 69, മൊഗ്രാല്‍ പുത്തൂര്‍ 35 വീടുകളുമാണ് പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയായത്. എസ് സി വിഭാഗത്തില്‍ 18ഉം എസ്ടി വിഭാഗത്തില്‍ നാലും ഫിഷറീസ് വിഭാഗത്തില്‍ ഒമ്പതും ന്യൂനപക്ഷവിഭാഗത്തില്‍ 55 വീടുകളും നിര്‍മിച്ചിട്ടുണ്ട്. ഇത് കൂടാതെ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ഒന്നും പിഎംഎവൈ റൂറല്‍ പദ്ധതിയില്‍ 55 വീടും നിര്‍മിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 360 വീടും രണ്ടാം ഘട്ടത്തില്‍ 432 വീടുമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. നേരത്തേ വിവിധ പദ്ധതികളിലായി സഹായ ധനം അനുവദിച്ച ഗുണഭോക്താക്കള്‍ക്കുള്ള വീടുകളുടെ പണി പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തിയാണ് 2017 നവംബറില്‍ ആരംഭിച്ച ആദ്യ ഘട്ടത്തില്‍ നടത്തിയത്. 2018 മാര്‍ച്ചില്‍ ആരംഭിച്ച രണ്ടാമത്തെ ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരായ ഭവനരഹിതര്‍ക്കുള്ള വീട് നിര്‍മ്മാണവുമാണ് നടപ്പിലാക്കുന്നത്.

വീട് നല്‍കി കൈയൊഴിയില്ല, ചേര്‍ത്ത് പിടിച്ച് സര്‍ക്കാര്‍

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം കേവലം വീട് നല്‍കി കൈയൊഴിയാതെ ഗുണഭോക്താക്കള്‍ക്ക് എല്ലാവിധ തുടര്‍സേവനങ്ങളും ഉറപ്പാക്കാന്‍ കുടുംബ സംഗമത്തിനോടനുബന്ധിച്ച് അദാലത്തും സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടേതായി 18 സ്റ്റാളുകളാണ് അദാലത്തിനായി ഒരുക്കിയത്. ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ പങ്കാളികളാക്കുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം നേടാനും സ്റ്റാളുകളില്‍ സേവനം ലഭ്യമാക്കിയിരുന്നു. റേഷന്‍കാര്‍ഡ്, വിവിധ ക്ഷേമ പെന്‍ഷനുകള്‍, സ്വയം തൊഴില്‍ പദ്ധതി, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, തൊഴില്‍കാര്‍ഡ്, സംരംഭങ്ങള്‍ ആരംഭിക്കല്‍, ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍, ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കായി പ്രത്യേകം സ്റ്റാളുകളുണ്ടായിരുന്നു. പരമാവധി പരാതികള്‍ക്കും ഉടന്‍ തന്നെ പരിഹാരം ലഭ്യമാക്കി. ഇതു കൂടാതെ ഗുണഭോക്താക്കള്‍ക്ക് നിര്‍മാണ സാമഗ്രികള്‍ വിലക്കുറവോടെ ലഭ്യമാക്കാന്‍ പ്രത്യേകം സ്റ്റാള്‍ ഒരുക്കിയിരുന്നു. സിമന്റ്, പെയിന്റ്, പൈപ്പ്, ഇലക്ട്രിക്കല്‍ സാമഗ്രികള്‍ തുടങ്ങിയവ മിതമായ നിരക്കിലാണ് ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് നല്‍കിയത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ ഷിന്നൂന്‍, ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ട്, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ഡരികാക്ഷ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ടി ഡി കബീര്‍, ആയിഷ സഹദുല്ല, എ എസ് അഹമ്മദ്, എഡിസി ജനറല്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, ലൈഫ് മിഷന്‍ കോഡിനേറ്റര്‍ പി വല്‍സന്‍, ബ്ലോക്ക് അംഗങ്ങളായ സത്യശങ്കര ഭട്ട്,  പ്രഭാശങ്കര, താഹിറ താജുദ്ദീന്‍, യു പി താഹിറ യൂസഫ്, ബ്ലോക്ക് സെക്രട്ടറി എസ് അനുപം, ജോയിന്റ് ബിഡിഒ കെ സുന്ദര, എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ എം ഗംഗാധരന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 സ്വപ്ന സാഫല്യത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ പങ്കുവെച്ച് കാസര്‍കോട് ബ്ലോക്ക് ലൈഫ് കുടുംബ സംഗമം; പൂവണിഞ്ഞത് 792 കുടുംബങ്ങളുടെ സ്വപ്നങ്ങള്‍


അതിര്‍ത്തികള്‍ തടസമായില്ല, സുനിതയ്ക്കും വീട് ലഭിച്ചു

ആന്ധ്രാപ്രദേശില്‍ കുടുംബവേരുകളുള്ള സുനിത ഉമേഷിന് ഇനി സുരക്ഷിതയായി സ്വന്തം വീട്ടിലുറങ്ങാം. കുമ്പള കുണ്ടങ്കാരടുക്കയിലെ സുനിതയ്ക്ക് മലയാളം ഏറെ വഴങ്ങില്ലെങ്കിലും മലയാളനാടിനെ ഹൃദയത്തോടാണ് ചേര്‍ത്തുവെച്ചിട്ടുള്ളത്. വളരെ ചെറുപ്പത്തില്‍ തന്നെ തെലുഗുദേശത്ത് നിന്നും കാസര്‍കോട് എത്തിയ സുനിത കുമ്പളയിലെ എസ് ഉമേശിനെ വിവാഹം ചെയ്ത് കുണ്ടങ്കാരടുക്കയില്‍ താമസിച്ചു വരികയായിരുന്നു. രോഗബാധിതനായ ഉമേശ് 2018 ജൂലൈയില്‍ മരണപ്പെട്ടതിന് ശേഷം സുനിത തകരാന്‍ തുടങ്ങിയിരുന്ന ഓടു മേഞ്ഞ വീട്ടില്‍ രണ്ടു മക്കളുമായി ജീവിതം വഴിമുട്ടി നില്‍ക്കുകയായിരുന്നു. പന്ത്രണ്ടുവയസുകാരനായ മനീഷ് ഏഴാം ക്ലാസിലും ഒന്വതുകാരിയായ അനീഷ നാലാം ക്ലാസിലുമാണ് പഠനം നടത്തുന്നത്. മക്കളുടെ പഠനവും ജീവിതവും പ്രതിസന്ധിയിലായ ഘട്ടത്തിലാണ് പ്രകാശം പരത്തി സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ എത്തുന്നത്. പദ്ധതിയിലൂടെ രണ്ട് ബെഡ്‌റൂമും ഒരു ഹാളും അടുക്കളയുമുള്‍പ്പെട്ട വീടാണ് തന്റെ നാലു സെന്റ് ഭൂമിയില്‍ നിര്‍മിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതീകരണം പുരോഗമിക്കുന്നുണ്ട്. കൂലിപ്പണിയെടുത്താണ് സുനിത തന്റെ കൊച്ചു കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്. ഇത് കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ ലഭിക്കുന്ന ജോലികളും തനിക്ക് സഹായകമാവുന്നുണ്ടെന്നാണ് സുനിത പറയുന്നത്. കന്നഡ, തുളു, തെലുഗു എന്നീ ഭാഷകളും സുനിതയ്ക്ക് വഴങ്ങുന്നുണ്ട്. സര്‍ക്കാര്‍ വിദ്യാലയത്തില്‍ ലഭിക്കുന്ന സൗജന്യ വിദ്യാഭ്യാസം വളരെ ഉപകാരപ്രദമാണെന്നും മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി ഉന്നതങ്ങളിലെത്തിക്കണമെന്നാണ് ആഗ്രഹമെന്നും മുറിമലയാളത്തില്‍ അവര്‍ പറഞ്ഞൊപ്പിക്കുന്നു.

 സ്വപ്ന സാഫല്യത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ പങ്കുവെച്ച് കാസര്‍കോട് ബ്ലോക്ക് ലൈഫ് കുടുംബ സംഗമം; പൂവണിഞ്ഞത് 792 കുടുംബങ്ങളുടെ സ്വപ്നങ്ങള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Family-meet, Conducted, K.Kunhiraman MLA, N.A.Nellikunnu, Life mission family meet conducted
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL