Join Whatsapp Group. Join now!
Aster MIMS 10/10/2023

ആഡംബര ബസുകള്‍ക്ക് ഇനി പെര്‍മിറ്റില്ലാതെ തന്നെ റൂട്ട് ബസുകളായി ഓടാം; കേന്ദ്ര മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാന്‍ നീക്കം; ടിക്കറ്റ് നിരക്കും മുതലാളിയുടെ ഇഷ്ടത്തിന്; കെ എസ് ആര്‍ ടി സിക്കും സാധാരണ ബസുകള്‍ക്കും ഭീഷണി

മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ റൂട്ട് ബസുകളായി ഓടാവുന്ന തരത്തിലാണ് ഭേദഗതി ചെയ്യുന്നത്Kerala, Thiruvananthapuram, news, Bus, Government, KSRTC, Center ready to amend Motor vehicle act, Public transport in dilemma
തിരുവനന്തപുരം: (www.kasargodvartha.com 14.01.2020) മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ റൂട്ട് ബസുകളായി ഓടാവുന്ന തരത്തിലാണ് ഭേദഗതി ചെയ്യുന്നത്. ഇതിനുള്ള കരട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഇതുപ്രകാരം, 22ല്‍ കൂടുതല്‍ സീറ്റുകളുള്ള ലക്ഷ്വറി എ സി ബസുകള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ റൂട്ട് ബസായി ഓടാനാകും. കെ എസ് ആര്‍ ടി സിയെയും ലക്ഷ്വറി അല്ലാത്ത സ്വകാര്യ ബസുകളെയും പുതിയ നിയമം സാരമായി ബാധിക്കും.


സംസ്ഥാനസര്‍ക്കാരിന്റെ സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് വേണമെന്ന നിബന്ധനയാണ് സ്വകാര്യ ലക്ഷ്വറി ബസുകള്‍ നിലവില്‍ നേരിടുന്ന പ്രധാന തടസം. കരാറടിസ്ഥാനത്തില്‍ ഒരു സ്ഥലത്തുനിന്നു യാത്രക്കാരെ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാനുള്ള കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റാണ് നിലവില്‍ ഇത്തരക്കാര്‍ക്ക് നല്‍കുക. റൂട്ട് നിശ്ചയിച്ച് നിരക്ക് പ്രഖ്യാപിച്ച് ഓരോ പോയന്റില്‍ നിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടു പോകാനുള്ളതാണ് സ്റ്റേജ് കാര്യേജ് പെര്‍മിറ്റ്. ഇതില്‍ റൂട്ട്, സമയം, പെര്‍മിറ്റ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിക്കും. എന്നാല്‍, പുതിയ ഭേദഗതി വന്നാല്‍ കോണ്‍ട്രാക്റ്റ് ക്യാരേജ് ബസുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള സമയത്തും പാതകളിലും ഓടാനാകും.

ഇത്തരം ക്യാരേജ് പെര്‍മിറ്റുമായി ഓടുന്ന ദീര്‍ഘദൂര ബസുകള്‍ക്ക് അംഗീകൃത നിരക്കില്ല. അന്തര്‍ സംസ്ഥാന പാതകളിലെയടക്കം സ്വകാര്യ ആഡംബര ബസുകള്‍ തിരക്കിനനുസരിച്ച് കൂട്ടിയും കുറച്ചുമാണ് ടിക്കറ്റ് തുക ഈടാക്കുന്നത്. പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്നതിന്റെ പേരില്‍ കേസെടുത്താണ് ഇവയെ നിലവില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നത്. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ ഇവയുടെമേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നഷ്ടമാകും. സ്വകാര്യ കുത്തക കമ്പനികള്‍ ഈ മേഖലയില്‍ യഥേഷ്ടം ലാഭം കൊയ്യും.

കേന്ദ്രനീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് ഭീഷണിയാകുന്ന നീക്കത്തെ സംസ്ഥാനസര്‍ക്കാര്‍ എതിര്‍ക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. 15ന് ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പ്രത്യേകയോഗം ചേരും. നിയമ സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നിവരുമായി കൂടിയാലോചിച്ച് ഭേദഗതിക്കെതിരേ ആക്ഷേപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Keywords: Kerala, Thiruvananthapuram, news, Bus, Government, KSRTC, Center ready to amend Motor vehicle act, Public transport in dilemma