Join Whatsapp Group. Join now!
Aster MIMS 10/10/2023

അനുഭവത്തില്‍ നിന്നും പറയുന്നു: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യരുത്; നമുക്കു മുന്നിലെ ഓരോ അപകടങ്ങളും ഓരോ പാഠമാണ്...

അനുഭവത്തില്‍ നിന്നും പറയുന്നു, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യരുത് നമുക്കു മുന്നിലെ ഓരോ അപകടങ്ങളും Article, Kerala, Bike, Accident, Accidental Death, hospital, Doctor, Wear helmet and save Life
ജലാല്‍ കട്ടപ്പണി ബേവിഞ്ച

(www.kasargodvartha.com 04.12.2019) അനുഭവത്തില്‍ നിന്നും പറയുന്നു, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യരുത് നമുക്കു മുന്നിലെ ഓരോ അപകടങ്ങളും ഓരോ പാഠമാണ്. ജീവിതത്തില്‍ പലപ്പോഴും ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടാവുന്നു. കാര്യങ്ങളെ പക്വമായി നേരിടാന്‍ അത്തരം ഓര്‍മപ്പെടുത്തലുകള്‍ ഉപയോഗിക്കുക. ഇനി വിഷയത്തിലേക്ക്,

മുംബൈയിലായിരുന്നപ്പോള്‍ ഞായറാഴ്ച എന്നത് ശാന്തമായ ദിവസമാണ്. അവധി ദിവസമായതിനാല്‍ റോഡെല്ലാം വിജനമായിരിക്കും. കുട്ടികള്‍ റോഡില്‍ ക്രിക്കറ്റ് കളിക്കുന്നത് കാണാം. ഞായറാഴ്ചകളില്‍ സ്‌കൂട്ടറിലും, മോട്ടോര്‍ സൈക്കിളിലും ടാക്‌സിയിലായാലും യാത്ര ചെയ്യാന്‍ നല്ല രസമാണ്. ഒരു ദിവസം വൈകുന്നേരം സുഹൃത്ത് മുഹ്‌സിന്‍ നെല്ലിക്കുന്ന് എന്റെ ഫളാറ്റില്‍ വന്നു. അല്‍പം സംസാരിച്ചതിന് ശേഷം എന്നോട് പറഞ്ഞു, നമുക്ക് ഒരു സ്ഥലം വരെ പോയി വരാം.


ഞങ്ങള്‍ രണ്ടു പേരും റോഡിലേക്കിറങ്ങി. അവന്റെ സ്‌കൂട്ടറില്‍ പോകാനായിരുന്നു ഉദ്ദേശം. പക്ഷേ ഹെല്‍മിറ്റില്ലാത്തതിനാല്‍ കൂടെ പോരില്ലന്ന് പറഞ്ഞ് ഞാന്‍ പിന്മാറി. മുഹ്‌സിനും ഹെല്‍മിറ്റല്ലായിരുന്നു. അവനോട് ഹെല്‍മറ്റ് ധരിക്കണമെന്ന് ഞാന്‍ ഉപദേശിച്ചു. അവന്‍ യാത്രയായതിനു ശേഷം ഞാന്‍ ഫളാറ്റിലേക്ക് തന്നെ തിരിച്ചു വന്നു.

എന്റെ സുഹൃത്തും നാട്ടുകാരുമായ ബേവിഞ്ചയിലെ മഹമൂദ് കടവത്തും, ബഷീര്‍ തൊട്ടിയും നടത്തുന്ന സിറ്റി വോയിസ് എന്ന പത്രത്തിന്റെ മുംബൈ ലേഖകനായിരുന്നു ഞാന്‍. മുഹ്‌സിന്‍ ഹെല്‍മറ്റില്ലാതെ സകൂട്ടറില്‍ പോയത് എനിക്ക് വളരെ വിഷമം ഉണ്ടാക്കിയിരുന്നു. മുംബൈയിലെ തിരക്ക് കാരണം കൂടുതല്‍ പേരും ഉപയോഗിക്കുന്ന വാഹനമാണ് ബൈക്ക്. വര്‍ദ്ധിച്ചു വരുന്ന അപകടവും, ഹെല്‍മറ്റ് ഉപയോഗിക്കാതെയുള്ള യാത്രയും, ഞായറാഴ്ചകളില്‍ ഒഴിഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള അമിത വേഗതയെ പറ്റിയും ഒരു ലേഖനമെഴുതാന്‍ഞാന്‍ പേനയെടുത്തു.

ലേഖനമെഴുതി പകുതിയായപ്പോള്‍ ഫോണ്‍ റിംഗ് ചെയ്യുന്നു. എഴുതുന്നത് കാരണം ഫോണ്‍ എടുക്കാന്‍ തുനിഞ്ഞില്ല. നിര്‍ത്താതെയടിക്കുന്നത് കണ്ടപ്പോള്‍ ഫോണ്‍ എടുത്തു. ഹലോ... ജലാല്ലേ?
അതെ.
ഞാന്‍ മുഹ്‌സിന്റെ സുഹൃത്ത് അഷ്‌റഫ്.
എന്താ വിശേഷം ?
മുഹ്‌സിന് ഒരു അപകടം പറ്റി. ജെ ജെ ഹോസ്പിറ്റലിലാണ്. അല്‍പം സീരിയസാണ്.

ഞാനും എന്റെ നാട്ടുകാരനായ അഗല്‍പ്പാടി മൊയ്തുവും ഉടനെ ഹോസ്പിറ്റലിലേക്ക് ഓടി. രണ്ടു ഡോക്ടര്‍മാര്‍ മുഹ്‌സിന്റെ ജീവന്‍ രക്ഷിക്കാന്‍ പാടുപെടുകയാണ്. ചെവിയില്‍ നിന്നും നിര്‍ത്താതെ ചോരയൊലിക്കുന്നുണ്ട്. തലയല്‍പ്പം ചതഞ്ഞിട്ടുമുണ്ട്. തല മുണ്ഡനം ചെയ്തിരിക്കുന്നു. കണ്ണുകള്‍ക്ക് ചുറ്റും കറുത്ത്കരിവാളിച്ചിട്ടുണ്ട്. ചുണ്ടുകള്‍പൊട്ടി തടിച്ചിട്ടുണ്ട്. വെളുത്ത് സുന്ദരനായിരുന്ന മുഹ്‌സിന് ഇപ്പോള്‍ കാണാന്‍ പറ്റാത്തവസ്ഥയിലായിരിക്കുന്നു.

കുറച്ച് മുമ്പ് എന്നോട് യാത്ര പറഞ്ഞു വന്ന മുഹ്‌സിന്‍ തന്നെയാണോയിത് എന്ന് സംശയിച്ചു നിന്നു പോയ നിമിഷം. ജീവന്‍ നിലനിര്‍ത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ട ഡോക്ടര്‍ മുഹ്‌സിന്റെ വായിലേക്ക് വെള്ളത്തിന്റെ ട്യൂബ് ഇട്ടുകൊടുക്കാന്‍ നഴ്‌സിനോട് നിര്‍ദ്ദേശിച്ചു. അതെ, മുഹ്‌സിന്‍ എന്നെന്നേക്കുമായി വിട പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനോട് ദൈവം കരുണ കാണിക്കട്ടെ.

പോകാന്‍ നേരത്ത് ഡോക്ടര്‍ ഞങ്ങളോടായി പറഞ്ഞു. മുഹ്‌സിന്റെ എല്ലിന് പൊട്ടലോ, ചതവോ ശരീരത്തിന് ഒരു പോറലുപോലുമില്ല. തലയ്ക്കാണ് അടിപറ്റിയിരിക്കുന്നത്. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കില്‍... ചിലപ്പോള്‍ ജീവന്‍ അപകടത്തിലാകുമായിരുന്നില്ല. അന്ന് പകുതി എഴുതി വെച്ച ലേഖനം, കാല്‍നൂറ്റാണ്ടിനു ശേഷം ഇവിടെ പൂര്‍ത്തിയാക്കുന്നു. ഒന്നേ പറയാനുള്ളൂ, നമുക്കു മുന്നിലെ ഓരോ അപകടങ്ങളും ഓരോ പാഠമാണ്. ഹെല്‍മറ്റ് ധരിക്കു... ജീവന്‍ രക്ഷിക്കൂ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Kerala, Bike, Accident, Accidental Death, hospital, Doctor, Wear helmet and save Life