Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ഷുക്കൂര്‍ ചെര്‍ക്കളയെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി, നടപടി നിയമപരമായി നേരിടുമെന്ന് ഷുക്കൂര്‍

കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷുക്കൂര്‍ ചെര്‍ക്കളയെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. news, Kerala, kasaragod, Cherkala, Membership, Shukoor Cherkala dismissed from Kasargod Cricket Association membership
കാസര്‍കോട്:(www.kasargodvartha.com 04.12.2019) കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ഷുക്കൂര്‍ ചെര്‍ക്കളയെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ഞായറാഴ്ച കെ സി എ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഷുക്കൂര്‍ ചെര്‍ക്കളയെ പുറത്താക്കാന്‍ തീരുമാനിച്ചത്.

മെയ് മാസം നടന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഷുക്കൂര്‍ ചെര്‍ക്കളയും സംഘടനയുടെ ഭാരവാഹികളും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിനുപിന്നാലെ തന്നെ ഭാരവാഹികളായ രണ്ട് പേര്‍ മര്‍ദിച്ചുവെന്നാരോപിച്ച് ഷുക്കൂര്‍ ചെങ്കള നായനാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ടി എം ഇഖ്ബാല്‍, കെ ടി നിയാസ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.


ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയും കേസില്‍ കുടുക്കുകയും സംഘടനയെ പൊതുജനമധ്യത്തില്‍ താറടിച്ചുകാണിക്കുകയും ചെയ്തുവെന്നാരോപിച്ച് ഷുക്കൂറിനെതിരെ ചിലര്‍ നടപടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഷുക്കൂറിന് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ഷുക്കൂര്‍ വിശദീകരണം നല്‍കിയിരുന്നില്ലെന്നാണ് കെ സി എ ഭാരവാഹികള്‍ പറയുന്നത്.

ഭാരവാഹികള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണത്തിനായി അഭിഭാഷകനായ ഒരാളെ അന്വേഷണ കമ്മീഷനായി നിയമിക്കാന്‍ പിന്നീട് ഷുക്കൂര്‍ കൂടി പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ പലതവണ ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ ഷുക്കൂര്‍ വിസമ്മതിച്ചതും നടപടിയിലേക്ക് നീങ്ങാന്‍ കാരണമായതായി കെ സി എ ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 57 അംഗ ജനറല്‍ ബോഡിയില്‍ 50 പേരാണ് പങ്കെടുത്തത്. ഇതില്‍ ഏതാണ്ട് എല്ലാവരും നടപടിയെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്ന് കെ സി എ ഭാരവാഹി വെളിപ്പെടുത്തി.

അതേസമയം തനിക്കെതിരെയുള്ള നടപടിയെ നിയമപരമായും സംഘടനാപരമായും നേരിടുമെന്ന് പുറത്താക്കപ്പെട്ട ഷുക്കൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പുറത്താക്കിയതായി അറിയിച്ച് നോട്ടീസ് നല്‍കിയിട്ടില്ല. താന്‍ കൂടി പങ്കെടുത്ത യോഗത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ ഭാരവാഹികള്‍ തയ്യാറായില്ലെന്ന് ഷുക്കൂര്‍ പറഞ്ഞു. സംഘടനാ ഭാരവാഹികളുടെ തെറ്റായ പല നടപടികളെയും ചോദ്യം ചെയ്തതാണ് തനിക്കെതിരെ നടപടി സ്വീകരിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സംഘടനാ ഭാരവാഹികള്‍ക്കെതിരെ ഓംബുഡ്‌സ്മാന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ഇതുവരെ തീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പുറത്താക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ഷുക്കൂര്‍ പറയുന്നു.

മെയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തന്നെ ആക്രമിച്ചതിന്റെ പേരിലാണ് രണ്ട് ഭാരവാഹികള്‍ക്കെതിരെ കേസെടുത്തത്. സംസ്ഥാന ട്രഷററെ കോളറിന് പിടിച്ചുവെന്നാണ് തനിക്കെതിരെയുള്ള ആരോപണം. ഇങ്ങനെയൊരു സംഭവം അവിടെ ഉണ്ടായിട്ടില്ല. മാസങ്ങള്‍ക്ക് ശേഷം തന്നെ പുറത്താക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ചില ഭാരവാഹികള്‍ ജനറല്‍ ബോഡി വിളിച്ചത്. ഷുക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:news, Kerala, kasaragod, Cherkala, Membership, Shukoor Cherkala dismissed from Kasargod Cricket Association membership