Join Whatsapp Group. Join now!
Aster MIMS 10/10/2023

നൂറ പ്രസവിച്ചു; അമ്മയും മകളും സുഖത്തിലാണ്; കടിഞ്ഞൂല്‍ പ്രസവത്തിലെ കണ്മണിയെ കാണാന്‍ ആളുകളുടെ തിരക്ക്

നൂറ പ്രസവിച്ചു. അമ്മയും മകളും സുഖത്തിലാണ്. കണ്മണിയെ കാണാന്‍ ഇപ്പോള്‍ ആളുകളുടെ തിരക്കാണ്. News, Uduma, Kasaragod, Kerala, Animal,
ഉദുമ:(www.kasargodvartha.com 20/09/2019) നൂറ പ്രസവിച്ചു. അമ്മയും മകളും സുഖത്തിലാണ്. കണ്മണിയെ കാണാന്‍ ഇപ്പോള്‍ ആളുകളുടെ തിരക്കാണ്. ഉദുമ പാക്യരയിലെ നിഹാല്‍ മഹലിലെ കെ പി ഇബ്രാഹിം പൊന്നും വില കൊടുത്ത് ബംഗളൂരുവില്‍ നിന്നും കൊണ്ടു വന്ന നൂറ എന്ന കുതിരയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പെണ്‍കിടാവിനെ പ്രസവിച്ചത്. വിവരമറിഞ്ഞെത്തുന്നവര്‍ക്ക് കൗതുക കാഴ്ചയായി മാറുകയാണ് നൂറ എന്ന അമ്മ കുതിരയും സെല്‍മ എന്ന പെണ്‍ കുതിരയും. ആറര വയസുള്ള നൂറയുടേത് കടിഞ്ഞൂല്‍ പ്രസവമായിരുന്നു . സുഖപ്രസവമായിരുന്നുവെന്ന് ഇബ്രഹിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒരുമാസം ഗര്‍ഭിണി ആയരിക്കെ ബംഗളൂരുവില്‍ നിന്നുംകൊണ്ടു വന്നതാണ് നൂറയെ.


കുതിരയുടെ ഗര്‍ഭകാലമായ പത്തു മാസവും പത്തു ദിവസവും നൂറയെ വീട്ടുകാര്‍ ഒരംഗത്തെപ്പോലെ പരിചരിച്ചു.സെല്‍മയെന്ന സുന്ദരികുട്ടിയെ കിട്ടിയതിലുള്ള സന്തോഷത്തിലാണ് വീട്ടുകാര്‍. പുതിയ അഥിതി കൂടി വന്നതോടെ നിഹാല്‍ മഹലില്‍ കുതിരകളുടെ എണ്ണം അഞ്ചായി. ഇതില്‍ രണ്ടര വയസ് പ്രായമുള്ള ദുല്‍ദുല്‍ എന്ന പോണി കുതിര ഇപ്പോള്‍ അഞ്ചര മാസം ഗര്‍ഭിണിയാണെന്നും ഇബ്രഹിം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തി ഇനമായ ഖത്തിയവാരി (ഖദിയവാഡി) ഇനത്തില്‍പ്പെട്ട രണ്ടു വയസുള്ള മാലിക്കെന്ന തലയെടുപ്പുള്ള ആണ്‍കുതിര ഇവരുടെയെല്ലാം നായകനെ പോലെ അരികില്‍ തന്നെ ഉണ്ട്.


മഴക്കാലത്ത് പച്ചപ്പുല്ല് തിന്നാന്‍ കുതിരകളെ പറമ്പിലെ മതില്‍ കെട്ടിനുള്ളില്‍ അഴിച്ചു വിടുകയാണ് പതിവ്. വേനല്‍ക്കാലത്ത് തണ്ണിമത്തനും മുതിരയും കാരറ്റു മൊക്കെയായ ഇഷ്ട ഭക്ഷണം നല്‍കും. പ്രസവ ശുശ്രഷയുടെ ഭാഗമായി നൂറയ്ക്ക് കുതിര്‍ത്ത ഗോതമ്പ്, ചോളപ്പൊടി, തവിട്, എള്ളുണ്ട, ബിസ്‌ക്കറ്റ് എന്നിവയെല്ലാം നല്‍കി വരുന്നുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇബ്രാഹിമിന്റെ മംഗളൂരുവിലുള്ള മക്കളായ അഹമ്മദ് ഷാഹിദ്, മുഹമ്മദ് ഷുഹൈദ്, അക്കീബ് അബ്ദുള്ള, മുഹമ്മദ് അക്രം, നിഹാല്‍ ഇസ്മയില്‍ എന്നിവര്‍ അടുത്ത അവധി ദിവസം പുതിയ അതിഥിയെ കാണാന്‍ ഉദുമയിലെ വീട്ടിലെത്തുന്നതോടെ വീട്ടില്‍ ഉത്സവാന്തരീക്ഷമാകും.

കാസര്‍കോട്ടെ വെറ്റിനറി ഡോക്ടര്‍മാരാണ് കുതിരകളെ പരിശോധിച്ച് ചികിത്സ നല്‍കുന്നത്. സവാരിക്കായാണ് ഇബ്രാഹിം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കുതിരയെ വാങ്ങിയത്. കുതിരയെ ഇഷ്ടപ്പെട്ടതോടെ എല്ലാ മക്കള്‍ക്കും ഓരോ കുതിരയെ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നല്ലയിനം കുതിരകളെ വാങ്ങുമ്പോള്‍ വില നോക്കാറില്ലെന്ന് ഇബ്രാഹിം പറഞ്ഞു. കാല്‍ നൂറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വീട്ടിലെത്തിയതോടെയാണ് കുതിരകളോടുള്ള കമ്പം തോന്നിയതെന്നും ഇബ്രാഹിം വ്യക്തമാക്കി. മൂന്ന് തവണ അറ്റാക്ക് വന്നതിനാല്‍ കുതിരകളോടൊത്ത് സമയം ചിലവഴിക്കുന്നത് രോഗിയാണെന്ന് ഓര്‍മ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 28 വര്‍ഷം പ്രവാസിയായിരുന്ന ഇബ്രാഹിം ഇനി ഒരു കുതിര സവാരി പരിശീലന കേന്ദ്രം തുടങ്ങുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Uduma, Kasaragod, Kerala, Animal,And Noora horse brought birth