City Gold
news portal
» » » » » » » » » » പരസ്പര സ്‌നേഹത്തിലും സഹായത്തിലും തീവ്രത കാട്ടിയാല്‍ നമ്മള്‍ കൈവരിച്ച സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകും: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: (www.kasargodvartha.com 15.08.2019) പരസ്പര സ്‌നേഹത്തിലും സഹായത്തിലും തീവ്രത കാട്ടിയാല്‍ നമ്മള്‍ കൈവരിച്ച സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യ ദിനപരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. കേരളം ഇപ്പോള്‍ നേരിടുന്ന ഗുരുതരമായ പ്രകൃതിദുരന്തത്തെ അതിജീവിക്കാന്‍ നമുക്ക് സാധിക്കണം. ഈ ദുരന്തത്തെ നമുക്കെങ്ങനെ നേരിടാം. ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളെ എങ്ങനെ സഹായിക്കാം എന്ന ചിന്ത മനസ്സ് നിറയെയുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇനിയുള്ള ദിവസങ്ങളില്‍ വ്യാപൃതരാകണം.


രാജ്യത്തിന്റെ പല പ്രദേശങ്ങളിലും പ്രളയം നാശം വിതയ്ക്കുന്നു. കാലവര്‍ഷക്കെടുതി നൂറില്‍പരം ആളുകളുടെ ജീവനെടുത്ത് വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ 400 ല്‍ അധികം ആളുകള്‍ മരണപ്പെട്ടു. സങ്കല്‍പത്തിന് അതീതമായ നാശ നഷ്ടങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ കേരളം പൊരുതുകയാണ്. മഹാപ്രളയത്തെ ഒത്തൊരുമയോടെ നേരിട്ട് അതിജീവിച്ചവരാണ് നാം. രാജ്യം മുഴുവന്‍ കേരളത്തെ സഹായിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിരവധി പ്രകൃതിദുരന്തങ്ങളുണ്ടായി. 1993ലെ മഹാരാഷ്ട്ര ഭൂകമ്പം, 1999ലെ ഒറീസ ചുഴലിക്കാറ്റ് 2001 ലെ ഗുജറാത്ത് ഭൂകമ്പം 2004 ലെ സുനാമി 2013ലെ ഉത്തരാഖണ്ഡ് പ്രളയം 2014ലെ കശ്മീര്‍ പ്രളയം എന്നിവയെല്ലാം രാജ്യം ഒറ്റക്കെട്ടായാണ് അതിജീവിച്ചത്. കേരളം നേരിടുന്ന ഗുരുതരമായ പ്രകൃതിദുരന്തത്തെയും നമുക്ക് അതിജീവിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു

സ്വാതന്ത്ര്യ സമരം ഇന്ത്യന്‍ ജനതയെ പഠിപ്പിച്ചത് നമ്മുടെ ദേശീയതയുടെ ശക്തി നമ്മുടെ വൈവിധ്യങ്ങള്‍ ആണെന്ന് ആണ്. നാനാത്വത്തില്‍ ഏകത്വം എന്ന പാതയിലൂടെ സഞ്ചരിച്ച് ആധുനിക ലോകത്തിന് മാതൃകയായി മാറാന്‍ ഇന്ത്യയെ സഹായിച്ചത് ഈ വൈവിധ്യമാണ്. സ്വാതന്ത്ര്യ സമരവീഥികളില്‍ സര്‍വ്വവും സമര്‍പ്പിച്ച ധീര ദേശാഭിമാനികള്‍ സ്വപ്നം കണ്ട ക്ഷേമരാഷ്ട്രത്തിലേക്കള്ള യാത്രയില്‍ കാലിടറിയപ്പോഴൊക്കെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിന്നു പോരാടി. ഈ സന്ദര്‍ഭങ്ങളിലെല്ലാം നമ്മുടെ മതേതര ദേശീയത ലോകത്തിനു മുന്നില്‍ മാതൃകയായി. കലാപങ്ങളുടേയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടേയും കരിനിഴലിനെ സാഹോദരത്തിന്റെ സൂര്യശോഭ കൊണ്ട് ഇന്ത്യക്കാര്‍ മായ്ച്ചു കളഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലെ നമ്മുടെ ഐക്യം മറ്റ് സമയങ്ങളിലേക്ക് കൂടി തീവ്രമായി വ്യാപിപ്പിച്ചാല്‍ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ ലോകത്തെ നയിക്കുന്ന രാജ്യമായി മാറും. പരസ്പരം സ്‌നേഹിക്കുന്നതിലും സഹായിക്കുന്നതിലും നാം തീവ്രത കാട്ടിയാല്‍ നമ്മുടെ സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണമാകുമെന്നും അതിനായി ശ്രമിക്കണമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭ്യര്‍ത്ഥിച്ചു.

നൂറ്റാണ്ടുകളുടെ വൈദേശികാധിപത്യം അവസാനിപ്പിച്ച് നാം നേടിയെടുത്ത ജീവന് തുല്യമായ സ്വാതന്ത്ര്യത്തിന്റെ 73-ാമത് വാര്‍ഷികമാണിത്. 1947 ല്‍ നേടിയ സ്വാതന്ത്ര്യത്തെ ശാശ്വതമാക്കിയത് ദേശീയ ബോധത്തിന്റെ അടിസ്ഥാനത്തിലും ഭരണഘടനയുടെ കരുത്തിലും രൂപം നല്‍കിയ സ്വതന്ത്രപരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാണ്. ഒരേ ജനാധിപത്യ മതേതര മൂല്യങ്ങള്‍ പങ്കുവെക്കുന്ന ജനതയെന്ന നിലയില്‍ നിന്നും മാനവികതയുടെ തിളക്കമുള്ള ദേശീയതയായി ഇന്ത്യ വരുന്നത് ദേശീയ പ്രസ്ഥാനം ഉയര്‍ത്തി പിടിച്ച മതപരവും വംശീയവും പ്രാദേശികവുമായ സമത്വത്തിന്റേയും സാഹോദര്യത്തിന്റെയും കരുത്തിലാണ്.ഈ മഹാ രാജ്യത്തിലെ സമസ്ത ജനവിഭാഗങ്ങളും ഒത്തുചേര്‍ന്ന് കൂറ്റന്‍ തിരമാലകള്‍ പോലെ വിദേശ ഭരണത്തിനെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങിയത് അവിടെ നിന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന നാം ഇന്ത്യക്കാര്‍ എന്ന വികാരത്തിന് സമൂര്‍ത്തത കൈവരിച്ചതെന്ന് മന്ത്രി അനുസ്മരിച്ചു.

മാര്‍ച്ച് പാസ്റ്റിനു മുമ്പ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവര്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എ എ ജലീല്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, ജില്ലാ സ്പാര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ് മാന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ പൊതുജനങ്ങള്‍ പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷവും ശുചീകരണ പ്രവര്‍ത്തനവും നടത്തി

കാസര്‍കോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സഹൃദയ വേദി സ്‌പോര്‍ടിംഗ് ക്ലബ്ബ് ന്യൂ ബേവിഞ്ച വി കെ പാറ സ്വാതന്ത്ര്യ ദിനാഘോഷവും ശുചീകരണവും നടത്തി. ക്ലബ്ബ് പ്രസിഡണ്ട് റാഷിദ് ബേഡകം പതാക ഉയര്‍ത്തി. ക്ലബ്ബ് സെക്രട്ടറി നൈനുദ്ദീന്‍ സ്വാതന്ത്ര്യദിന സന്ദേശം അറിയിച്ചു. സമീര്‍, ഫസല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. ക്ലബ്ബ് ജി സി സി പ്രതിനിധികളായ തസ്ലീം, നുഅ്മാന്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസ അറിയിച്ചു.

തുടര്‍ന്ന് മധുര വിതരണവും നടത്തി. വി കെ പാറയും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. ശുചീകരണ പരിപാടി ക്ലബ്ബ് പ്രസിഡന്റ് റാഷിദ് ബേഡകം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി നൈനുദ്ദീന്‍, വൈസ് പ്രസിഡണ്ടുമാരായ യാസര്‍ അറഫാത്ത്, ഫസല്‍, ജോയിന്‍ സെക്രട്ടറിമാരായ പ്രജിത്ത്, ഇസ്ത്യാഖ്, മനോജ്, ജി സി സി പ്രതിനിധി നുഅ്മാന്‍ തുടങ്ങിയവരും നേതൃത്വം നല്‍കി. നാട്ടുകാരും ക്ലബ്ബ് മെമ്പര്‍മാരും സ്വാതന്ത്യദിന പരിപാടിയിലും ശുചീകരണ പരിപാടിയും പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Independence Day, E.Chandrashekharan, Independence Day celebrated in Kasaragod
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date