Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇങ്ങനെയും ചില ലൈംഗീക വൈകൃതങ്ങള്‍; ഇതില്‍ കിട്ടുന്ന സുഖം എന്താണാവോ?

മകന്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച ചില സാധനങ്ങളുമായി എന്റെ സുഹൃത്ത് വീട്ടില്‍ വന്നു. സുഹൃത്തിന്റെ അച്ഛന്‍ വയ്യാതായി കിടപ്പിലാണെന്ന് Article, Kookanam-Rahman, Story of my footsteps -104
നടന്നു വന്ന വഴിയിലൂടെ (ഭാഗം 103) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 17.07.2019)
മകന്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച ചില സാധനങ്ങളുമായി എന്റെ സുഹൃത്ത് വീട്ടില്‍ വന്നു. സുഹൃത്തിന്റെ അച്ഛന്‍ വയ്യാതായി കിടപ്പിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. അസുഖമായി കിടപ്പിലാണെന്നറിഞ്ഞപ്പോള്‍, ഒന്ന് നേരിട്ടു കാണണമെന്ന് തോന്നി. സുഹൃത്തിനൊപ്പം ഞാനും കാറില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. പലതും സംസാരിച്ചു കൊണ്ടാണ് യാത്ര. സന്ധ്യ മയങ്ങിത്തുടങ്ങി. കുന്നിന്‍ മുകളിലെ റോഡിലൂടെ വേണം സുഹൃത്തിന്റെ വീട്ടിലേക്ക് പോകാന്‍. കാറിന്റെ ലൈറ്റില്‍ കുറ്റിക്കാട്ടിനുള്ളില്‍ ഒരു മനുഷ്യ രൂപം എന്റെ കണ്ണില്‍ പെട്ടു. ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്ന സുഹൃത്തിനെ ആ കാഴ്ച കാണിച്ചു കൊടുത്തു.

കാറ് അടുത്തെത്തിയപ്പോള്‍ അവന്‍ കാടിനു മറവില്‍ കുത്തിയിരിക്കുന്നത് കണ്ടു. പത്ത് പന്ത്രണ്ട് വയസ്സുള്ള കറുത്ത ഉയരം കുറഞ്ഞ കുട്ടിയായിരുന്നു അവന്‍. രാത്രി ഏതോ കളവ് ആസൂത്രണം ചെയ്തു നില്‍ക്കുന്നവനോ, മറ്റ് വലിയ കള്ളന്മാരെ പ്രതീക്ഷിച്ച് അവരെ സഹായിയായി പോകാനോ തയ്യാറായി നില്‍ക്കുന്നവനായിരിക്കും ഈ കുട്ടിയെന്ന് ഞാന്‍ സംശയിച്ചു.

'എന്താടാ ഈ സമയത്ത് ഇവിടെ നില്‍ക്കുന്നത്?' കുറച്ച് ശബ്ദം കനപ്പിച്ചാണ് ഞാന്‍ ചോദ്യമുന്നയിച്ചത്. 'ഞാന്‍ മൂത്രമൊഴിക്കാനിരുന്നതാ' അവന്റെ മറുപടി. ഞങ്ങള്‍ ടോര്‍ച്ചടിച്ച് അവന്റെ അടുത്തേക്ക് എത്തി. അവന്റെ മുഖമാകെ വിവര്‍ണ്ണമായിട്ടുണ്ട്. വേദന കടിച്ചമര്‍ത്തി നില്‍ക്കുന്നത് പോലെ തോന്നി. സുഹൃത്ത് അവന്റെ വീടും അച്ഛന്റെ പേരും മറ്റും ചോദിച്ചു മനസ്സിലാക്കി. സുഹൃത്തിന് അറിയാവുന്ന ആളായിരുന്നു അവന്റെ അച്ഛന്‍.

'വാ കാറില്‍ കയറൂ.. നിന്റെ വീട്ടില്‍ കൊണ്ടുവിടാം' സുഹൃത്ത് പറഞ്ഞു.
'ഞാന്‍ മൂത്രമൊഴിച്ചില്ല'
'ഒഴിച്ചിട്ടു വരൂ' ഞങ്ങള്‍ പറഞ്ഞു.
മൂത്രമൊഴിക്കാനിരുന്ന കുട്ടി വേദന കൊണ്ട് പ്രയാസപ്പെടുന്നുണ്ട്. കരയുന്നുണ്ട്.
'എന്തിനാ കരയുന്നത്' ഞങ്ങളുടെ ചോദ്യം.

'അത്..അത് എന്റെ മൂത്രമൊഴിക്കുന്ന ഭാഗത്ത് വല്ലാത്ത വേദന...' അവന്‍ വിങ്ങുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ അവന്‍ കൂസലന്യേ പറഞ്ഞത്. 'പാന്റ്‌സിന്റെ സിബ്ബ് കൊണ്ട് മുറിഞ്ഞതാണ്. കുറച്ച് ദിവസമായി. ഡോക്ടറെ കാണിച്ചില്ല. മൂത്രമൊഴിക്കുമ്പോള്‍ വല്ലാതെ വേദനിക്കുന്നു.'

അവനെ ഞങ്ങള്‍ അവന്റെ വീട്ടിലെത്തിച്ചു. അവനും അച്ഛനും മാത്രമെ വീട്ടിലുള്ളൂ. അമ്മ മരിച്ചു പോയി. അച്ഛനോട് കാര്യം തിരക്കിയപ്പോള്‍ അച്ഛന്‍ പറഞ്ഞു. 'കുറച്ചു ദിവസമായി മൂത്രമൊഴിക്കമ്പോള്‍ പ്രയാസപ്പെടുന്നത് ഞാനും ശ്രദ്ധിച്ചു. ചോദിക്കുമ്പോള്‍ സിബ്ബ് കൊണ്ട് മുറിഞ്ഞതാണെന്നാണ് പറഞ്ഞത്'. എന്തോ അവന്‍ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അവന്റെ മുഖഭാവത്തില്‍ നിന്ന് ഞങ്ങള്‍  വായിച്ചെടുത്തു. അവനെയും കൂട്ടി ഞങ്ങള്‍ വീടിന് പുറത്തിറങ്ങി.

സ്വകാര്യമായി വിളിച്ചിരുത്തി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ഉള്ളുതുറന്നു പറയാന്‍ തുടങ്ങി,  'ഞങ്ങളുടെ കുടുംബം ഇവിടെ താമസമാക്കിയിട്ട് മൂന്നു വര്‍ഷമായി.. അച്ഛന്റെ കൂടെ ഞാനും ജ്യേഷ്ഠനും ഇവിടേക്ക് വന്നു. അച്ഛന് വേറൊരു ഭാര്യയില്‍ പ്രായമുളള മക്കളുണ്ട്. അവരെല്ലാം നാട്ടിലാണ്. ഞങ്ങളുടെ നാട്ടില്‍ നിന്ന് വന്ന ഒരു ചേട്ടനും ഭാര്യയും കുറച്ചകലെയായി താമസിക്കുന്നുണ്ട്. ആ ചേട്ടന്‍ എന്നേയും ജ്യേഷ്ഠനേയും അവര്‍ വാടകയ്ക്ക് താമസിക്കുന്നിടത്തേക്ക് എപ്പോഴും നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോവും. മദ്യവും മറ്റും വാങ്ങിച്ചു കൊണ്ടു വരാന്‍ ഞങ്ങളെ പറഞ്ഞുവിടും. അതൊക്കെ ഞങ്ങള്‍ ചെയ്തു കൊടുക്കും. സ്‌കൂളില്‍ പോകാനൊന്നും ആ ചേട്ടന്‍ ഞങ്ങളെ അനുവദിക്കില്ല. സ്‌കൂളിലൊന്നും പഠിക്കേണ്ട നമുക്കിങ്ങിനെ കഴിയാം എന്നാണ് ആ ചേട്ടന്‍ പറയാറ്.'

'നിങ്ങള്‍ രണ്ടു പേരും ഈ കാര്യങ്ങളൊന്നും അച്ഛനോട് പറഞ്ഞില്ലേ?'

ഇല്ല. അച്ഛനറിഞ്ഞാല്‍ വഴക്കാവും. ആ ചേട്ടന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവനാണ്. ആ ചേട്ടന്‍ നാട്ടിലും കുറേ പ്രശ്‌നങ്ങളുണ്ടാക്കി വന്നവനാണ്. അദ്ദേഹത്തെ ഞങ്ങള്‍ക്ക് ഭയമാണ്. വീട്ടില്‍ നിന്ന് പുസ്തകവുമെടുത്ത് സ്‌കൂളിലേക്കെന്ന് പറഞ്ഞു പുറപ്പെടും. ജ്യേഷ്ഠന്‍ മിക്കവാറും ദിവസങ്ങളില്‍ സ്‌കൂളില്‍ ചെല്ലാറുണ്ട്. ഞാന്‍ പോവാറില്ല. ഈ ചേട്ടന്റെ കൂടെത്തന്നെ കഴിയുകയാണ് പതിവ്.. അച്ഛന്‍ കാലത്തേ പണിക്കുപോവും. അതിന് ശേഷമാണ് ഞങ്ങള്‍ സ്‌കൂളിലേക്ക് പോകുന്നെന്ന് പറഞ്ഞ് ഇറങ്ങാറ്. നന്നേ വൈകിട്ടേ അച്ഛന്‍ തിരിച്ചുവരൂ. അപ്പോഴെക്കും ഞങ്ങള്‍ വീട്ടിലെത്തും.

'അതൊക്കെ മനസ്സിലായി. എപ്പോഴാണ് പാന്റ്‌സിന്റെ സിബ്ബ് കൊണ്ട് മൂത്രക്കുഴലിന് പരിക്കുപറ്റിയത്? കുറേകാലമായോ? ഇപ്പോഴും നല്ല വേദനയുണ്ടോ? എന്തേ ആശുപത്രീല് പോയില്ല?'

ഇത്രയും ചോദ്യങ്ങള്‍ കേട്ടപ്പോള്‍ അവന്‍ പ്രതിസന്ധിയിലായി. 'ഇപ്പഴും നല്ല വേദനയുണ്ട് സാറെ.. മൂത്രമൊഴിക്കാന്‍ പറ്റുന്നില്ല.. ആശുപത്രിയില്‍ പോകാന്‍ പേടിയാ.' അവന് വേദന സഹിക്കാന്‍ പറ്റുന്നില്ല എന്ന് മനസ്സിലായി.

'എന്താ ആശൂപത്രിയില്‍ പോകാന്‍ പേടി?'

'ഡോക്ടര്‍ മാര്‍ അത് കണ്ടുപിടിച്ചെങ്കിലോ?'

'എന്ത് കണ്ടു പിടിച്ചെങ്കിലോ എന്നാണ്'

അവന്‍ തുടര്‍ന്നു.. എനിക്ക് പേടിയാവുന്നു സാറെ അതു പറയാന്‍, ഇക്കാര്യം നിങ്ങളോട് പറഞ്ഞാല്‍ അയാള്‍ എന്നെ കൊല്ലും. പേടി കൊണ്ടാണ് സാറെ സ്‌കൂളില്‍ പോകാതെ ആ ചേട്ടന്റെ താമസസ്ഥലത്തേക്ക് ഞാന്‍ അച്ഛനോട് കള്ളം പറഞ്ഞ് പോയിരുന്നത്.

'ആട്ടെ.. എന്താ സംഭവിച്ചത് എന്ന് പറയൂ?'

'സാറെ ആ ചേട്ടന്റെ താമസ സ്ഥലത്തെത്തിയാല്‍ എന്റെ പേന്റും ഷഡ്ഡിയുമൊക്കെ അഴിച്ചു വെക്കാന്‍ പറയും. എന്നെ പിടിച്ച് മടിയിലിരുത്തും. എന്റെ മൂത്രക്കുഴല്‍ ചേട്ടന്‍ മുറുക്കെ പിടിക്കും. വേദനിച്ച് കരഞ്ഞാലും പിടിവിടില്ല. ഉറക്കെ കരയാന്‍ തുടങ്ങിയാല്‍ പിടിവിടും. വിണ്ടും അതേ പോലെ ആവര്‍ത്തിക്കും. ഇതേ പോലെ ജ്യേഷ്ഠനെയും ആ ചേട്ടന്‍ ചെയ്യാറുണ്ട്. ഇങ്ങിനെ കുറേകാലമായി ചെയ്തു കൊണ്ടിരിക്കുകയാണ്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നാണ് ആ ചേട്ടന്‍ പേടിപ്പിക്കുന്നത്.'

അവനെയും കൂട്ടി അച്ഛന്റെ അടുത്തു ചെന്ന് സത്യസന്ധമായി നടന്ന കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ക്കൊടുത്തു. അടുത്ത ദിവസം ആശുപത്രിയില്‍ ചെല്ലാനും പോലിസില്‍ പരാതി കൊടുക്കാനും നിര്‍ദേശിച്ചാണ് ഞങ്ങള്‍ അവിടെ നിന്നിറങ്ങിയത്.

നോക്കണേ ഒരു തരം സാഡിസമല്ലേയിത്? ചെറിയ ആണ്‍കുട്ടികളുടെ മൂത്രക്കുഴല്‍ അമര്‍ത്തിപ്പിടിച്ചാല്‍ കിട്ടുന്ന ലൈംഗിക സുഖം എന്താണാവോ? ആദ്യമായാണ് ഇത്തരമൊരു ലൈംഗിക പീഡനാനുഭവം കേട്ടറിയുന്നത്. ചെറിയ ആണ്‍മക്കളെ പോലും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്ന മനുഷ്യ രൂപം പൂണ്ട മൃഗങ്ങളെ പേടിക്കേണ്ടിയിരിക്കുന്നു. ശ്രദ്ധിക്കണം.. രക്ഷിതാക്കള്‍ ജാഗരൂകരാകണം.. എന്നും എല്ലാ കാര്യവും മക്കളെ കൊണ്ട് തുറന്നു പറയിക്കാനുള്ള ശ്രമം രക്ഷിതാക്കള്‍ നടത്തിയേ പറ്റൂ..


Keywords: Article, Kookanam-Rahman, Story of my footsteps -104