city-gold-ad-for-blogger
Aster MIMS 10/10/2023

ഷാഹിന സലീം; മാതൃകാ വനിതാ നേതാവ്

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 22/07/2019) തന്റെ ഇടം കൃത്യമായി അറിയുന്ന വനിതാ പഞ്ചായത്ത് പ്രസിഡണ്ടാണ് ഷാഹിന സലീം. അവര്‍ ഇടപെടുന്ന മേഖലകളിലെ വ്യക്തികളുടെ സഹകരണം പിടിച്ചുപറ്റാന്‍ കഴിയുന്ന വ്യക്തിത്വമാണവരുടേത്. അവരുടെ സംസാരം കാതുകള്‍ക്ക് ശ്രവണ മധുരമായിത്തോന്നും. ലാളിത്യമാണ് അവരുടെ മുഖമുദ്ര. അവകാശങ്ങള്‍ക്ക് വിലക്കുവെച്ചാല്‍ അത് പൊട്ടിച്ചെറിയാനും ശക്തിയാര്‍ജ്ജിച്ച വ്യക്തിയാണ് ഷാഹിന. പേരുകേട്ട കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകളാണ്. സൗമ്യനും ശാന്തശീലനുമായ അബ്ദുല്‍ സലീമാണ് ഭര്‍ത്താവ്.

ഷാഹിന സലീം; മാതൃകാ വനിതാ നേതാവ്

ഷാഹിനയുടെ വ്യക്തിത്വം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്ന പല കാര്യങ്ങളുമുണ്ട്. അവര്‍ ആരെയും അനുകരിക്കാറില്ല. മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കും, പക്ഷേ അതേപോലെ കാര്യങ്ങള്‍ പകര്‍ത്തിയെടുത്ത് പ്രവര്‍ത്തിക്കില്ല. എടുക്കുന്ന തീരുമാനം സഹപ്രവര്‍ത്തകരും ബന്ധുക്കളും സഹര്‍ഷം സ്വാഗതം ചെയ്യും.

എംബിഎ വിദ്യാഭ്യാസ യോഗ്യതയുണ്ട്. ഔപചാരികമായി പഠിപ്പ് നേടിയത് കൊണ്ട് മാത്രം സമൂഹമനസാക്ഷിയെ തന്നിലേക്കാകര്‍ഷിക്കാന്‍ വ്യക്തികള്‍ക്കാവില്ല. ഇവിടെ ഷാഹിന ചെയ്യുന്നത് തന്നിലര്‍പ്പിതമായ ചുമതല പക്ഷഭേദമന്യേ, കൃത്യമായും കണിശമായും ചെയ്യുന്നു എന്നതാണ്. വിമര്‍ശനത്തിന് ഒരു പഴുതും ഉണ്ടാക്കാതെ കൃത്യനിര്‍വ്വഹണം നടത്തുമ്പോള്‍ പരാതിക്കിടമുണ്ടാവില്ലായെന്ന് ഷാഹിനയ്ക്കറിയാം.

കുറച്ചു വീട്ടുകാര്യങ്ങള്‍ കൂടി പറയാനുണ്ട്. ഒരു സാമൂഹ്യപ്രവര്‍ത്തകയ്ക്ക് വീട്ടുകാരുടെ നിര്‍ലോഭമായ പിന്തുണ എങ്ങിനെ നേടിയെടുക്കാമെന്ന് ഷാഹിന സ്വ അനുഭവത്തിലൂടെ പറയുന്നത് ഇങ്ങനെയാണ്. വലിയ കൂട്ടുകുടുംബത്തിലാണ് താമസം. സലീമിന്റെ ബാപ്പയും, ഉമ്മയും, സഹോദരങ്ങളും അവരുടെ ഭാര്യമാരും മക്കളും എല്ലാവരും ഒപ്പം ഒരേ മനസോടെ കഴിഞ്ഞുവരുന്നു. കുടുംബത്തിലെ മൂത്ത മകനാണ് സലീം. അതു കൊണ്ട് തന്നെ ഷാഹിന വീട്ടിലെ മൂത്ത ഇണങ്ങത്തിയാണ്. ഭര്‍ത്താവിന്റെ ഉമ്മയെകുറിച്ചു പറയുമ്പോള്‍ ഷാഹിനയ്ക്ക് നൂറുനാവാണ്. ഷാഹിനയുടെ പൊതുപ്രവര്‍ത്തനത്തിന് താങ്ങും തണലുമായി അമ്മായിയമ്മയുണ്ട്. അവര്‍ എല്ലാം സന്തോഷത്തോടെ മാത്രം നോക്കിക്കാണുകയും പ്രതികരിക്കുകയും ചെയ്യും.

അനിയന്മാരുടെ ഭാര്യമാരും, പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ഷാഹിനയുടെ പൊതുപ്രവര്‍ത്തനത്തെ പ്രൊത്സാഹിപ്പിക്കുകയും പങ്കാളികളാവുകയും ചെയ്യുന്നു. രണ്ട് മിടുക്കികളായ പെണ്‍കുട്ടികളാണ് ഷാഹിനാ സലീമിനുള്ളത്. ആറാം ക്ലാസില്‍ പഠിക്കുന്ന പതിനൊന്നുകാരി ഷാനും, ഒന്നാം ക്ലാസില്‍ പഠിക്കുന്ന അഞ്ചുവയസ്സുകാരി ഷിനയും. രണ്ട് മക്കളും എന്റെയടുത്ത് വന്ന് ഷേക്ക് ഹാന്‍ഡ് ചെയ്തപ്പോള്‍, ഈ മിടുക്കികളും നല്ല സാമൂഹ്യ ബോധമുള്ളവരായി വളരുമെന്ന് ഞാന്‍ മനസില്‍ കരുതി.

ചെമ്മനാട്ടുകാരിയായ ഷാഹിന 2006ലാണ് സലീമിനെ കൂട്ടുകാരനാക്കി ചെങ്കളയിലെത്തുന്നത്. നാല് കൊല്ലം പിന്നിട്ടപ്പോള്‍ തന്നെ ഷാഹിന നാട്ടുകരുടെ സ്‌നേഹം പിടിച്ചു പറ്റിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ 2010ല്‍ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ പഞ്ചായത്തിന്റെ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായി പ്രമോഷന്‍ കിട്ടി. തീര്‍ന്നില്ല, 2015ല്‍ ചെങ്കള പഞ്ചായത്തിന്റെ പ്രഥമ വനിതയായി സ്ഥാനാരോഹണം ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടത്തിക്കൊണ്ട് പോകാന്‍ ഷാഹിനയ്ക്ക് കഴിഞ്ഞു.

ഷാഹിന രാഷ്ട്രീയരംഗത്തും സജീവമാണ്. 2006ല്‍ ലീഗില്‍ മെമ്പര്‍ഷിപ്പ് എടുത്തു. ഇപ്പോള്‍ വനിതാലീഗിന്റെ കാസര്‍കോട് ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ഇനിയും രാഷ്ട്രീയ രംഗത്ത് ഒരുപാട് ഉയരാന്‍ യോഗ്യതയും കഴിവുമുള്ള വ്യക്തിത്വമാണ് ഷാഹിനയ്ക്കുള്ളതെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. ഇക്കഴിഞ്ഞ വനിതാദിനത്തില്‍ ഗുജറാത്തില്‍ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം എത്തിയ ഷാഹിനയ്ക്കും കൂട്ടുകാര്‍ക്കും നേരിടേണ്ടിവന്ന വസ്ത്ര പ്രശ്‌നം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

കാസര്‍കോട് ജില്ലയില്‍ നിന്ന് അഞ്ച് വനിതാ പ്രസിഡണ്ടുമാരെയാണ് ദേശീയ സെമിനാറില്‍ പങ്കെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിരുന്നത്. ഇന്ത്യയില്‍ നിന്ന് ആറായിരത്തോളം വനിതാ പ്രതിനിധികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഉദ്ഘാടന സമ്മേളന ഹാളിലേക്ക് കടക്കുന്നതിന് വേണ്ടി വനിതാ പ്രവര്‍ത്തികര്‍ ക്യൂ നിന്നു. ഓരോ സംസ്ഥാനത്തിന്റെയും വ്യത്യസ്ത വേഷവിധാനങ്ങള്‍ അവിടെ കാണാന്‍ കഴിഞ്ഞു. കേരളത്തിലെ പ്രതിനിധികളില്‍ പര്‍ദ്ദ ധരിച്ച രണ്ട് സ്ത്രീകളുണ്ടായിരുന്നു. അതില്‍ ഒന്ന് ഷാഹിനയാണ്. ഗേറ്റില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാര്‍ പര്‍ദ്ദ ധരിച്ചവരെ ഹാളിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. പര്‍ദ്ദയിട്ട് കയറാന്‍ പറ്റില്ല. സുരക്ഷാ പ്രശ്‌നം ഉണ്ട് എന്ന് സെക്യൂരിറ്റിക്കാര്‍ പറഞ്ഞു.

ഷാഹിന വിട്ടില്ല. അവരോട് സ്‌നേഹത്തോടെ പ്രതിവചിച്ചു, 'ഞങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പില്‍ ഈ വേഷം ധരിക്കാന്‍ പാടില്ലായെന്ന് നിര്‍ദേശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ അത് കരുതി വരികയോ, വരാതിരിക്കുകയോ ചെയ്യുമായിരുന്നു. സുരക്ഷയുടെ പേരില്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ ശരീര പരിശോധന നടത്താം. ഇതൊന്നും ചെയ്യാതെ ഹാളിലേക്ക് കയറാന്‍ അനുവദിക്കാതിരിക്കുന്നത് ഞങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഞങ്ങളെ ക്ഷണിച്ചത്. അദ്ദേഹത്തിന് ഞങ്ങളുടെ പരാതി അറിയിച്ച ശേഷം ഞങ്ങള്‍ തിരിച്ചു പോയ്‌ക്കോളാം.'

ഇതൊക്കെ ശ്രദ്ധിച്ചുകേട്ട സെക്യൂരിറ്റി ജീവനക്കാര്‍ മേലധികാരികളോട് ബന്ധപ്പെട്ട ശേഷം അതേവേഷത്തില്‍ തന്നെ ഹാളിനുള്ളിലേക്ക് ഷാഹിനയ്ക്കും കൂട്ടുകാരിക്കും പ്രവേശനം അനുവദിച്ചു. എവിടെ ചെന്നാലും അനീതിയെ എതിര്‍ക്കാനും നീതിനേടാനും പോരാടാനുള്ള മനസിന്റെ ഉടമയാണ് ഷാഹിന സലീം. ഇത് ഇന്ത്യ മുഴുക്കെ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യമായിരുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ അതിപ്രാധാന്യത്തോടെ ഈ സംഭവം ലോക ശ്രദ്ധയിലെത്തിച്ചു. ഷാഹിനയ്ക്ക് ഒരു കയ്യടി കൊടുക്കാം ഇക്കാര്യത്തില്‍.

കാന്‍ഫെഡിന്റെ 42-ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ചെങ്കളയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ഷാഹിനാ സലീമിന് പി എന്‍ പണിക്കര്‍ അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്ത പ്രസ്തുത സമ്മേളനത്തില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറാണ് അവാര്‍ഡ് ദാനം ചെയ്തത്.
യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ ആള്‍ക്കാരും, അര്‍ഹതപ്പെട്ട വ്യക്തിക്കുതന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തകന്‍ പി എന്‍ പണിക്കരുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ലഭിച്ചതെന്ന് ഉറക്കെ പ്രഖ്യാപിച്ചു.

ഇടയ്ക്ക് ഞാനൊരു ചോദ്യം ചോദിച്ചു. 'നമ്മുടെ സമൂഹത്തില്‍ സ്ത്രീകളും പെണ്‍ കുട്ടികളും നടത്തുന്ന ഒളിച്ചോട്ടം, ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്മാരുടെ കൂടെ പോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ എന്തുകൊണ്ടാണ് സംഭവിക്കുന്നത്? അതിന് വല്ല പരിഹാരവുമുണ്ടോ?'

'ഇതിനെക്കുറിച്ച് ഞാന്‍ പഠിച്ചുകൊണ്ടിരിക്കയാണ്. ഇന്നത്തെ പെണ്‍കുട്ടികളും സ്ത്രീകളും തങ്ങളോട് സ്‌നേഹം കാണിക്കുന്ന പുരുഷന്മാരെ വല്ലാതെ വിശ്വസിച്ചു പോവുന്നു. എത്ര അനുഭവങ്ങള്‍ കണ്ടാലും, പഠിച്ചാലും, ഇവരുടെ ഉള്ളിലുള്ള വിശ്വാസത്തിന് ഭംഗം വരുന്നില്ല. അങ്ങിനെ കണ്ണടച്ചു വിശ്വസിക്കുന്ന പെണ്‍ സ്വഭാവത്തെക്കുറിച്ച് പഠിക്കുകയും അത് തിരുത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ പരിഹാര ഉണ്ടാവും എന്നാണ് എന്റെ വിശ്വാസം'. ഷാഹിന പറഞ്ഞു.

ഷാഹിന സലീം; മാതൃകാ വനിതാ നേതാവ്
പി എന്‍ പണിക്കര്‍ സ്മാരക അവാര്‍ഡ് ഏറ്റുവാങ്ങുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Leader,About Shahina Saleem 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL