City Gold
news portal
» » » » » » » » പുരുഷന്മാരുടെ പുനര്‍ വിവാഹം നിരുത്സാഹപ്പെടുത്തണം; വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ അവരുടെ സ്വത്തായി പരിഗണിക്കുന്ന നിയമം ഉണ്ടാകണം: വനിതാ കമ്മീഷന്‍

കാസര്‍കോട്: (www.kasargodvartha.com 12.06.2019) വിവാഹിതരാകുന്ന സ്ത്രീകള്‍ക്കു ലഭിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ അവരുടെ സ്വത്തായി പരിഗണിക്കുന്ന നിയമം ഉണ്ടാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. ഇന്നത്തെ സമൂഹത്തില്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും സ്വത്തുക്കളുടെ അവകാശത്തിനോ വസ്തുവകകളുടെ ക്രയവിക്രയത്തിനോ അധികാരം ലഭിക്കുന്നില്ല. അതിനു മാറ്റമുണ്ടാകണമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.

18-ാം വയസില്‍ വിവാഹിതയായ യുവതിയെ രണ്ടു മക്കള്‍ ജനിച്ചശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചുവെന്ന പരാതി കമ്മീഷന്‍ പരിഗണിച്ചു. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു വിദേശത്തു ജീവിക്കുകയാണ്. ഇപ്പോള്‍ 30 വയസുള്ള യുവതിയെ വിവാഹമോചനം പോലും ചെയ്യാതെയാണ് ഇയാള്‍ മറ്റൊരു വിവാഹത്തിനു തയ്യാറായത്. വിവാഹസമയത്ത് ഈ യുവതിക്കു വീട്ടുകാര്‍ സമ്മാനമായി ഒരു ലക്ഷം രൂപയും 45 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് ഈ തുകയും സ്വര്‍ണ്ണാഭരണങ്ങളും കൈക്കലാക്കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഈ പരാതി പരിഗണിക്കവേയാണ് കമ്മീഷന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

45 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിച്ച യുവതി കാതില്‍ കമ്മല്‍പോലുമില്ലാതെ കരഞ്ഞുകൊണ്ടാണ് കമ്മീഷനു മുന്നിലെത്തിയത്. സ്ത്രീകളുടെ സ്വത്തുക്കള്‍ തിരിച്ചുനല്‍കിയില്ലെങ്കില്‍ ഭര്‍ത്താവിന്റെയോ അവരുടെ മാതാപിതാക്കളുടേയോ സ്വത്തില്‍ നിന്നും കണ്ടുകെട്ടാന്‍ വ്യവസ്ഥയുണ്ട്.
വിവാഹമോചനം പോലും അനുവദിക്കാതെ രണ്ടും മൂന്നും വിവാഹം കഴിക്കുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ചു കമ്മീഷനു പരാതികള്‍ ലഭിക്കുന്നുണ്ടെന്നും കാസര്‍കോട് ജില്ലയില്‍ ഇത്തരം പരാതികള്‍ കൂടൂതലാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ചെറുപ്രായത്തില്‍ വിവാഹിതരായി അമ്മയായിക്കഴിയുമ്പോള്‍ നിയമപരമായി ബന്ധം വേര്‍പ്പെടുത്താതെ ഭര്‍ത്താവ് ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ നിയമപരമായിത്തന്നെ പോരാടണമെന്നും വനിതാ കമ്മീഷന്‍ ഇങ്ങനെയുള്ള പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പലപ്പോഴും നമ്മുടെ സ്ത്രീകള്‍ക്കു നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിവില്ലാത്തതും അവര്‍ കബളിപ്പിക്കപ്പെടുന്നതിനു കാരണമാകുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവത്ക്കരിക്കുന്നതിനായി വനിതാ കമ്മീഷന്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ വിവിധ സെമിനാറുകളും ക്ലാസുകളും നടത്തിവരികയാണ്. അര്‍ധ  ജുഡിഷ്യല്‍ അധികാരമുള്ള കമ്മീഷന്‍ സ്ത്രീകള്‍ക്ക് പരമാവധി നീതി ലഭ്യമാക്കുന്നുണ്ട്.

വനിതാ ഡോക്ടറോട് മൊബൈല്‍ ഫോണിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ അശ്ലീലം പറഞ്ഞ സഹപ്രവര്‍ത്തകനെതിരെ പോലീസ് എടുത്തിരിക്കുന്ന കേസ് ദുര്‍ബലമാണെന്നും 354 പ്രകാരം കേസ് എടുക്കുവാനും കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും സൈബര്‍ നിയമം ശക്തമാക്കണമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.

അദാലത്തില്‍ 43 കേസുകള്‍ പരിഗണിച്ചു
കാസര്‍കോട് കളക്ടറേറ്റില്‍ വനിതാ കമ്മീഷന്‍ നടത്തിയ അദാലത്തില്‍ 43 കേസുകള്‍ പരിഗണിച്ചു. ഏഴു പരാതികള്‍ തീര്‍പ്പാക്കി. ആറു പരാതികളില്‍ വിവിധ വകുപ്പുകളില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. 30 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. കാസര്‍കോട് ജില്ലയില്‍ മറ്റുജില്ലകളെ അപേക്ഷിച്ചു പരാതികള്‍ കുറവാണെന്നും കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ഓരോ ജില്ലകളിലും കമ്മീഷന്‍ നേരിട്ട് അദാലത്ത് നടത്തുന്നത് അതാത് ജില്ലകളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചു മനസിലാക്കി പരിഹാരം കാണുന്നതിനാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും വനിതാ കമ്മീഷനെ സമീപിക്കാമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.

അദാലത്തില്‍ കമ്മീഷന്‍ അധ്യക്ഷയെക്കൂടാതെ അംഗങ്ങളായ ഡോ.ഷാഹിദ കമാല്‍, ഇ.എം രാധ, അഡ്വ.ഷിജി ശിവജി, ലീഗല്‍ പാനല്‍ അംങ്ങളായ അഡ്വ.എ.പി ഉഷ, അഡ്വ.കെ.ജി ബീന, വനിതാ സെല്‍ എസ്‌ഐ:എസ്.ശാന്ത, സിപിഒ:പി ആതിര എന്നിവരും പങ്കെടുത്തു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, gold, Wedding, Women commission on Men's Remarriage
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date