Join Whatsapp Group. Join now!
Aster MIMS 10/10/2023

അസീസ്ച്ചാ... നിങ്ങള്‍ നൊമ്പരപ്പെടുത്തുന്നു

ചിലരുടെ ജീവിതം നമ്മെ ഏറെ കൊതിപ്പിക്കുന്നു. അത് അവരുടെ സമ്പത്ത് കണ്ടൊ ആര്‍ഭാട ജീവിതം കണ്ടൊ അല്ല. ജീവിതത്തിലുടനീളം Kasaragod, Article, Remembrance, Choori, Death, Remembrance of Azeez
അനുസ്മരണം/ റഹീം ചൂരി

(www.kasargodvartha.com 11.06.2019) ചിലരുടെ ജീവിതം നമ്മെ ഏറെ കൊതിപ്പിക്കുന്നു. അത് അവരുടെ സമ്പത്ത് കണ്ടൊ ആര്‍ഭാട ജീവിതം കണ്ടൊ അല്ല. ജീവിതത്തിലുടനീളം അവര്‍ പുലര്‍ത്തിയ സൂക്ഷ്മതയാണ് അത്തരം ജീവിതത്തിനായി നമ്മെ ഏറെ കൊതിപ്പിക്കുന്നത്. എന്നാല്‍ ജീവിതം മാത്രമല്ല മരണവും ഏറെ കൊതിപ്പിച്ചു കൊണ്ടാണ് കാസര്‍കോട്ടുകാര്‍ക്ക് സുപരിചിതനായ പഴയ കാല വ്യാപാരിയും വ്യാപാരി സംഘടനാ നേതാവുമായ അസീസ് കരിപ്പൊടിയെന്ന അസീസ്ച്ച പരിശുദ്ധ റമദാനോടൊപ്പം പരിശുദ്ധിപരത്തി റമദാന്‍ 29 ന് ഇഹലോക വാസം വെടിഞ്ഞ് പരലോക ജീവിതത്തിലെക്ക് യാത്രയായത്.

82- 83 കാലഘട്ടത്തില്‍ കാസര്‍കോട്ടെ വ്യാപാരി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന കാലം വ്യാപാരി നേതാവ് ഹമീദ് കരിപ്പൊടിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ല നേടിയെടുക്കുന്നതിന് വേണ്ടി യൂത്ത് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമര പരിപാടികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സമയത്താണ് അസീസ്ച്ചയുടെയും ഹമീദ്ച്ചയുടെയും ഉടമസ്ഥതയില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍സി സ്റ്റോറിലെ സ്ഥിരം സന്ദര്‍ശകനായി ഞാന്‍ മാറിയത്. ഹമീദ്ച്ചയായിരുന്നു എന്റെ സുഹൃത്തെങ്കിലും അസീസ്ച്ച നല്‍കുന്ന ഇളം പുഞ്ചിരി മാത്രമായിരുന്നു എനിക്ക് അസിസ്ച്ചയുമായുള്ള ബന്ധം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ വിശുദ്ധ ഭൂമിയിലെ പ്രവാസ ജിവിതത്തിനിടക്ക് ഒരു ഹജ്ജ് വേളയിലാണ് അസീസ്ച്ചയേയും ഭാര്യ ഖൈറുന്നിസയേയും ഞാന്‍ വിശുദ്ധ മക്കയില്‍ വെച്ച് കണ്ടുമുട്ടുന്നത്. ഹജ്ജ് കാലത്തെ ഒരു മാസം അസിസ്ച്ചയൊടെപ്പം കഴിഞ്ഞ നല്ല നാളുകള്‍ പിന്നീടെനിക്ക് കൂടപിറപ്പിനെപോലെ, ഒരു ജ്യേഷ്ഠ സഹോദരനെയാണ് നാഥന്‍ സമ്മാനിച്ചത്.

മണ്‍മറഞ്ഞ് ദിവസങ്ങള്‍ കടന്നു പോകുമ്പോഴും അസീസ്ച്ചാ... നിങ്ങള്‍ ഞങ്ങളെ ചിന്തിപ്പിച്ചും കരയിപ്പിച്ചും കൊണ്ടേയിരിക്കുന്നു. ജീവിതത്തില്‍ ആരെയും വേദനിപ്പിക്കാതെ ആര്‍ക്കും ഭാരമാകാതെ കഴിഞ്ഞ നിങ്ങള്‍ മരണത്തിലും അത് പൂര്‍ണ്ണമായും പാലിച്ചപ്പോള്‍, മരണം കഴിഞ്ഞുള്ള ദിനങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍ നിങ്ങളുടെ അസാന്നിദ്ധ്യം ഞങ്ങളുടെ ഹൃദയത്തില്‍ ഏറെ വേദന കുത്തിനിറച്ചു കൊണ്ടേയിരിക്കുന്നു.

ഹജ്ജ് കഴിഞ്ഞ് മടങ്ങുമ്പോള്‍ നിങ്ങള്‍ പറഞ്ഞു. പിരിസം വേണം ബന്ധം നിലനിര്‍ത്തണം എല്ലാ പൊയ്മുഖങ്ങളും പൊള്ളയായ വാക്കുകള്‍ മൊഴിയുന്നിടത്ത് നിങ്ങള്‍ വാക്ക് പാലിച്ച് എന്നെ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. എന്തിനായിരുന്നു അസീസ്ച്ച ഇന്ന് ഈ സങ്കടം തന്ന് നിങ്ങള്‍ ഞങ്ങളെ വേദനിപ്പിക്കുന്നത്.

കണ്ണാടി പള്ളിയായിരുന്നല്ലൊ നിങ്ങളുടെ ഇഷ്ട ഇടവും നമ്മുടെ സംഗമ കേന്ദ്രവും. ഫജര്‍ നമസ്‌കാരം കഴിഞ്ഞ് എന്റെ നീണ്ട പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഇടത് വശം ചേര്‍ന്ന് പിന്നിലെ നിങ്ങളുടെ ഇഷ്ട ഇരിപ്പിടത്തിലേക്ക് അറിയാതെ നോക്കുമ്പോള്‍ കാണുന്ന ആ ശൂന്യത എന്നെ ഏറെ നൊമ്പരപ്പെടുത്തുന്നു. ഞാന്‍ മാത്രമല്ല കണ്ണാടി പള്ളിയില്‍ സ്ഥിരം പ്രാര്‍ത്ഥനക്കെത്തുന്ന പലരും അവിടെ ഞങ്ങളുടെ പ്രിയപ്പെട്ട അസീസ്ച്ചാനെ തിരയുന്നതായി എനിക്ക് തോന്നുന്നു.

പതിഞ്ഞ സ്വരത്തില്‍ മൊഴിയുന്ന വാക്കുകള്‍ പോലെ തന്നെയായിരുന്നല്ലൊ ആ നടപ്പും. നിങ്ങള്‍ അറിയുന്നൊ ? അസീസ്ച്ചാ മുനവ്വറിനും മുഷീറക്കും ഖൈറുന്നിസ അമ്മായിക്കും ഇന്ന് വീട്ടില്‍ വിശ്രമമില്ല. പള്ളിമുറ്റം പോലെ വീട്ടുമുറ്റത്തും എന്നും നിറയെ ചെരിപ്പുകളാണ്. നിങ്ങളുടെ മഹിമ പാടി അനുശോചന സന്ദേശങ്ങളുമായെത്തുന്നവര്‍ പ്രാര്‍ത്ഥനകളുമായാണ് നിറകണ്ണുകളോടെ വീട്ടില്‍ നിന്നും മടങ്ങുന്നത്. അത്രത്തോളം കാരണ്യത്തിന്റെ കൈ നീട്ടമാണല്ലൊ കൊട്ടിഘോഷിക്കാതെ ഇരു ചെവി അറിയാതെ കണ്ണുമടച്ച് രോഗികളോടും വേദനിക്കുന്നവരോടും കാണിച്ചു വെച്ചിരിക്കുന്നത്. നന്മയുടെ പൂമരമാണെന്നറിയാമായിരുന്നു. അത് കാസര്‍കോടിനുമപ്പുറം പടര്‍ന്ന് പന്തലിച്ചിരുന്നുവെന്നറിയാന്‍ നിങ്ങളുടെ വേര്‍പ്പാടിന് ശേഷം മഹിമ പാടിയെത്തുവരെ ശ്രവിക്കേണ്ടിവന്നു.

വീടും നിങ്ങള്‍ക്കൊരു സ്വര്‍ഗമായിരുന്നല്ലൊ അസീസ്ച്ചാ, അവിടെ ഗൗരവക്കാരനായ ഒരു പിതാവിനെ ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല പ്രിയതമയേയും മക്കളേയും ചേര്‍ത്ത് വെച്ച് ചിരിയും താമാശകളും കളിയും പങ്കുവെക്കുന്ന ഒരു മാതൃകാ പിതാവായിരുന്നല്ലൊ നിങ്ങള്‍. മനുഷ്യരോടെന്ന പോലെ മരങ്ങളോടും സ്‌നേഹവും സൗഹൃദവും പങ്കുവെച്ചതിന്റെ തെളിവായിരുന്നല്ലൊ മുറ്റത്തെ അലങ്കാര ചെടികളും മരങ്ങളും.

മരണം വന്ന് മാടി വിളിച്ചത് നിങ്ങള്‍ കണ്ടിരുന്നുവോ അസീസ്ച്ചാ? പിന്നെന്തിനാണ് മരണത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് മരിച്ചിട്ടും എന്തെ എന്റെ കണ്ണടഞ്ഞില്ല എന്ന് മുനവ്വറിനോട് ചോദിച്ചത്? അസീസ്ച്ചാ ജീവിതത്തിലെന്നപോലെ മരണത്തിലും അത്ഭുതങ്ങള്‍ കാണിച്ചാണല്ലൊ ഒരു ചെറു പുഞ്ചിരിയോടെ നിങ്ങള്‍ കണ്ണടച്ചത്.

എന്നും കണ്ട് സൗഹൃദം പുതുക്കി പിരിയുമ്പോള്‍ നിങ്ങള്‍ പറയാറില്ലെ ദുആ ചെയ്യണമെന്ന് ഞാന്‍ മാത്രമല്ല നിങ്ങളുമായി ഒരു വട്ടം കണ്ടുമുട്ടി പിരിഞ്ഞവര്‍ പോലും ഇന്ന് ഇരു കൈകളുമുയര്‍ത്തി നാഥനോട് കണ്ണുനീരോടെ നിങ്ങള്‍ക്ക് വേണ്ടി തേടുന്നു. ഇഹലോക ജീവിതത്തെ തണല്‍മരമാക്കി വിലസിയ അസീസ്ച്ചയുടെ പരലോകജീവിതവും സര്‍വ്വ ശക്തനായ നാഥന്‍ തണലും താങ്ങും നിറഞ്ഞതാകട്ടെ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Article, Remembrance, Choori, Death, Raheem Choori, Remembrance of Azeez
  < !- START disable copy paste -->