city-gold-ad-for-blogger
Aster MIMS 10/10/2023

മോഡി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധരാണെന്ന് കര്‍ഷക സമരങ്ങള്‍ തെളിയിച്ചുവെന്ന് വിജു കൃഷ്ണന്‍; 'കലാപം-2' ന് ശനിയാഴ്ച സമാപനം

കാസര്‍കോട്: (www.kasargodvartha.com 17.05.2019) ബിജെപിയും മോഡി സര്‍ക്കാരും കര്‍ഷക വിരുദ്ധരാണെന്ന് തിരിച്ചറിയാന്‍ കര്‍ഷക സമരങ്ങള്‍ കാരണമായെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ലോങ്മാര്‍ച്ച് നേതാവുമായ വിജുകൃഷ്ണന്‍ പറഞ്ഞു. ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ പ്രകടനപത്രികയില്‍ കര്‍ഷകരുടെ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ രാഷ്ട്രീയപാര്‍ടികള്‍ തയ്യാറായതും കര്‍ഷക സമരങ്ങളെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു. ഈ വാകമരച്ചോട്ടില്‍ ഫേസ്‌കൂട്ടായ്മ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് കലാപം രണ്ടില്‍ 'കനല്‍വഴികള്‍ താണ്ടിയ കര്‍ഷക ലോങ് മാര്‍ച്ചുകള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷക ദ്രോഹനയങ്ങളില്‍ ആത്മഹത്യ ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയാണ് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കര്‍ഷകര്‍ പ്രബലമായ ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി അധികാരത്തില്‍ വന്നതും ഇത്തരത്തിലാണ്. ഇതൊന്നും നടപ്പാക്കാന്‍ പറ്റില്ലെന്നും തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ പതിവാണെന്നുമാണ് ബിജെപി പിന്നീട് പറഞ്ഞത്. ഇത് വ്യക്തമാക്കി  മോഡി സര്‍ക്കാര്‍ സുപ്രീംക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കി.

ഉല്‍പാദന ചെലവിനേക്കാള്‍ 50 ശതമാനം താങ്ങുവില നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്‍വലിഞ്ഞു. കര്‍ഷകരുടെ അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സ് കര്‍ഷക രോഷത്തെ തുടര്‍ന്നാണ് ലോകസഭയില്‍ പിന്‍വലിച്ചത്. മോഡി സര്‍ക്കാര്‍ ആദ്യമായി കീഴടങ്ങിയത് കര്‍ഷകരോടാണ്. 300 സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ഭൂമി അധികാര്‍ അന്തോളനും 210 സംഘടകളുടെ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും കര്‍ഷക സമരങ്ങളുടെ മുന്നിരയിലുണ്ട്. കര്‍ഷക സമരത്തിന്റെ ബലത്തിലാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ബിജെപി ഭരണം മാറിയത്.

കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ സിപിഎമ്മിന് രണ്ട് സീറ്റുകളില്‍ ജയിക്കാനായി. പലയിടത്തും മികച്ച വോട്ട് ലഭിച്ചു. കര്‍ഷകരുടെ പിന്തുണയിലാണ് ഹിമാചല്‍ പ്രദേശില്‍ രകേഷ് സിന്‍ഹ എംഎല്‍എയായി ജയിച്ചത്. ഗോരക്ഷയുടെ പേരില്‍ നടന്ന കൊലപാതകങ്ങള്‍  മതപരമായ വിഷയമായാണ് കണ്ടിരുന്നത്. കന്നുകാലികളുടെ വിഷയം കര്‍ഷകരുടെ കാര്യമാണെന്ന്  തിരിച്ചറിഞ്ഞത് കിസാന്‍സഭയുടെ ഇടപെടലിലാണ്. കര്‍ഷകരുടെ കൂട്ടായ്മകളില്‍ നടന്ന സമരങ്ങള്‍ കൂടുതല്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഐക്യമുണ്ടാക്കാന്‍ കാരണമായി. ഉരുളകിഴങ്ങിന്റെ പേറ്റന്റിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ കേസ് നടപടികളുമായി മുന്നോട്ടുപോയ പെപ്‌സി കമ്പനി പിന്‍വാങ്ങിയത് പെപ്‌സിയും ലെയ്‌സും ബഹിഷ്‌കരിക്കാനുള്ള കിസാന്‍സഭയുടെ ആഹ്വാനത്തെ തുടര്‍ന്നാണെന്ന് വിജു കൃഷ്ണന്‍ പറഞ്ഞു.

ശിവന്‍ ചൂരിക്കാട് മോഡറേറ്ററായി. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍,  വിജു കൃഷ്ണന് ഉപഹാരം നല്‍കി. ക്യാമ്പില്‍ രാവിലെ ചെറിയ ലോകവും വലിയ കവിതയും വിഷയത്തില്‍ കവി വീരാന്‍കുട്ടി സംസാരിച്ചു. പ്രജിത്ത് ഉലൂജി മോഡറേറ്ററായി. സി എം വിനയചന്ദ്രന്‍ (എഴുത്തിന്റെ പുതിയ വഴികള്‍),  മനീഷ നാരായണന്‍ (കെട്ടിയ ചിറകുകളും ഉയരെ പറക്കുന്ന പെണ്‍ക്കുട്ടികളും) എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

സുനില്‍ എരിഞ്ഞിപുഴ, മഞ്ജുള കരിച്ചേരി എന്നിവര്‍ മോഡറേറ്ററായി. വൈകിട്ട് മെഹ്ഫില്‍ ഇ സമായുടെ സൂഫി സംഗീത കച്ചേരി അരങ്ങേറി. ശനിയാഴ്ച എ വി അനില്‍കുമാര്‍ (സത്യാനന്തര കാലത്തെ മാധ്യമങ്ങളുടെ വര്‍ത്തമാനം), ഷഫീഖ് സല്‍മാന്‍ (നവഹിന്ദുത്വം: ഹിന്ദു ദേശീയതയുടെ ഉരുത്തിരിയുന്ന രൂപങ്ങളും സ്ഥല ഭാവ മാനങ്ങളും) എന്നിവര്‍ സംസാരിക്കും. കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ഇഷ കിഷോര്‍ എന്നിവരുമായി മുഖാമുഖം ഉണ്ടാകും.

മോഡി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധരാണെന്ന് കര്‍ഷക സമരങ്ങള്‍ തെളിയിച്ചുവെന്ന് വിജു കൃഷ്ണന്‍; 'കലാപം-2' ന് ശനിയാഴ്ച സമാപനം


Keywords:  Kerala, kasaragod, news, farmer, Programme, CPM, BJP, Viju Krishnan on farmers strike

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL