city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് കോണ്‍ഗ്രസിന്റെ ലിസ്റ്റ് മാറിമറിയുന്നു; ബിജെപിയില്‍ കൃഷ്ണദാസിന്റെ പേരിന് മുന്‍തൂക്കം

കാസര്‍കോട്: (www.kasargodvartha.com 11.03.2019) കാസര്‍കോട്ട് കോണ്‍ഗ്രസിന്റെ ലിസ്റ്റ് മാറിമറിയുന്നു. പതിനേഴാം ലോക്‌സഭയിലേക്ക് കാസര്‍കോട്ടുനിന്നും പാര്‍ട്ടിയിലെ യുവരക്തം പി സി വിഷ്ണുനാഥിനെ മത്സരിപ്പിക്കന്‍ കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചകള്‍ സജീവം. ഇടതുസ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ ശക്തനായ കെ പി സതീഷ് ചന്ദ്രനെ രംഗത്തിറക്കിയതോടെയാണ് കേരള രാഷ്ട്രീയത്തിലെ യുവജനനേതാവിനെ ഇറക്കി കാസര്‍കോട് പിടിക്കാമെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്.
കാസര്‍കോട്ട് കോണ്‍ഗ്രസിന്റെ ലിസ്റ്റ് മാറിമറിയുന്നു; ബിജെപിയില്‍ കൃഷ്ണദാസിന്റെ പേരിന് മുന്‍തൂക്കം

അതേസമയം ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെയും വ്യക്തത ഉണ്ടായിട്ടില്ല. പി കെ കൃഷ്ണദാസിനെയാണ് ബിജെപി പരിഗണിക്കുന്നതെന്നാണ് സൂചന. ഒപ്പം ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തിനെയും പരിഗണിച്ചേക്കും. കൃഷ്ണദാസ് നേരത്തെ കാസര്‍കോട്ട് പയറ്റിത്തെളിഞ്ഞ നേതാവാണ്. സംസ്ഥാന ബിജെപിയിലെ തലമുതിര്‍ന്ന നേതാവ് കൂടിയാണ് പി കെ കൃഷ്ണദാസ്. നേരത്തെ കെ സുരേന്ദരനെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. വോട്ടുവിഹിതത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സുരേന്ദ്രന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ സുരേന്ദ്രനെ പത്തനംതിട്ടയിലേക്ക് പരിഗണിച്ചതിനാലാണ് കൃഷ്ണദാസിന് കാസര്‍കോട് മുന്‍തൂക്കം ലഭിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവയോടൊപ്പം ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മണ്ഡലം കൂടിയാണ് കാസര്‍കോട്.

കോണ്‍ഗ്രസില്‍ അഡ്വ. സുബ്ബയ്യ റായ്, പെരിയ ബാലകൃഷ്ണന്‍, ടി സിദ്ദിഖ്, തുടങ്ങിയ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്. ഇതില്‍ ടി സിദ്ദീഖ് കഴിഞ്ഞ തവണ മത്സരിച്ചുതോറ്റിരുന്നു. മാത്രമല്ല അദ്ദേഹത്തെ പി ജയരാജനെതിരെ വടകരയില്‍ ഇറക്കാനും സാധ്യതയുണ്ട്. സുബ്ബയ്യ റാവു, പി സി വിഷ്ണുനാഥ് എന്നീ പേരുകള്‍ക്കാണ് ഏറെ സാധ്യത. എന്നാല്‍ പി സിയെ ഇറക്കി മണ്ഡലത്തില്‍ യുവമുന്നേറ്റം സാധ്യമാക്കുക എന്ന പ്രചരണത്തോടെ കാസര്‍കോട് പിടിച്ചെടുക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. അത് കൊണ്ടുതന്നെ പി സി വിഷ്ണുനാഥ് അവസാന റൗണ്ടില്‍ വിജയിക്കുമെന്നാണ് കരുതുന്നത്. പി സിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചനയും ഇതുതന്നെയാണ്. 'സാധ്യതയില്ലാതില്ല' എന്ന മറുപടിയാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്നത്.

ഐ ഗ്രൂപ്പ് നേതാവാണ് പി സി വിഷ്ണുനാഥ്. 2006 മുതല്‍ 2016 വരെ കേരളനിയമസഭയിലെ അംഗവുമായിരുന്നു. 2006ല്‍ സിപിഎമ്മിലെ പ്രമുഖനായ സജി ചെറിയാനെയും 2011ല്‍ സിപിഎമ്മിന്റെ കരുത്തയായ വനിതാ നേതാവ് സി എസ് സുജാതയെയും പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥിപ്രസ്ഥാനമായ കെ എസ് യുവിലൂടെയാണ് 41കാരനായ പി സി രാഷ്ട്രീയ രംഗത്തെത്തിയത്. എഐസിസി സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി, 2002 മുതല്‍ 2006 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

അതേസമയം, കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായ രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍കോട്ട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നുവെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഉണ്ണിത്താന് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ കെ പി സി സിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹൈക്കമാന്‍ഡ് ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളേണ്ടത്.

അതേസമയം കാസര്‍കോട് മണ്ഡലത്തെ മുമ്പ് പ്രതിനിധീകരിച്ച ഐ രാമറൈയുടെ മകനും അഭിഭാഷകനുമായ അഡ്വ. സുബ്ബയ്യ റൈയുടെ പേരും സജീവമായി ഉയര്‍ന്നുകേട്ടിരുന്നു. കന്നഡ മേഖലയില്‍ നിന്നുള്ള മികച്ച പിന്തുണ ലഭിക്കുമെന്നതിനാലാണ് സുബ്ബയ്യ റൈയുടെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് പി കരുണാകരന്‍ പ്രതിനിധാനം ചെയ്ത മണ്ഡലത്തില്‍ ഒരു യുവജന നേതാവിനെ ഇറക്കിയാല്‍ അത് തെരഞ്ഞെടുപ്പ് പ്രചരണത്തെ സ്വാധീനിക്കാനാവും എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നിക്ഷ്പക്ഷ വോട്ടുകളെല്ലാം യുവനേതാവെന്ന ലേബലില്‍ പെട്ടിയിലെത്തുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. മാത്രമല്ല, കേരളരാഷ്ട്രീയത്തിലെ പ്രധാനി കൂടിയാണ് പി സി വിഷ്ണുനാഥ്. കോണ്‍ഗ്രസ് നേതാവായ ബാലകൃഷ്ണന്‍ പെരിയയുടെ പേരും പരിഗണിച്ചേക്കും.

കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി സിദ്ദീഖിന്റെ പേരും നേരത്തെ സജീവമായി പരിഗണിച്ചിരുന്നു. കഴിഞ്ഞ തവണ സിറ്റിംഗ് എംപിയും സി പി എമ്മിന്റെ കരുത്തനായ നേതാവുമായ പി കരുണാകരനെ വിറപ്പിച്ചു വിട്ടയാളാണ് സിദ്ദീഖ്. പക്ഷേ ഇത്തവണ അദ്ദേഹത്തിന് കാസര്‍കോട്ട് വലിയ താല്‍പര്യമില്ലെന്നാണറിയുന്നത്. അതേസമയം വടകരയില്‍ സിദ്ദീഖിനെ ഇറക്കുമെന്നും സൂചനയുണ്ട്. സിപിഎമ്മിന്റെ കരുത്തനായ നേതാവ് പി ജയരാജനാണ് വടകരയില്‍ ഇടതുസ്ഥാനാര്‍ത്ഥി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മണ്ഡലത്തിലെ പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം കൂടി പരിഗണിച്ചുകൊണ്ടായിരിക്കും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക. മൊബൈല്‍ എസ് എം എസ് വഴി സാധാരണ പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി അറിയുന്നതിനായി ശക്തി എന്ന പേരില്‍ പദ്ധതിയും ഹൈക്കമാന്‍ഡ് നടപ്പിലാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ ഉറ്റുനോക്കുന്നതിനാല്‍ എല്‍ ഡി എഫിന് ശക്തമായ സ്വാധീനമുള്ള കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പോലും പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

അതേസമയം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി കൈവിടാത്ത തങ്ങളുടെ ഉരുക്കുകോട്ട കാക്കാന്‍ സി പി എം മുന്‍ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് ചെയര്‍മാനുമായ കെ പി സതീഷ് ചന്ദ്രനെയാണ് ഇടതുമുന്നണി നിയോഗിച്ചിരിക്കുന്നത്. അദ്ദേഹം മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ ഇത്തവണ മാറിനിന്നതിനെ തുടര്‍ന്നാണ് സതീഷ് ചന്ദ്രന് മത്സരിക്കുന്നത്.

കാസര്‍കോട് പാര്‍ലമെന്റിന്റെ മുക്കും മൂലയും നന്നായി അറിയാവുന്ന സതീഷ് ചന്ദ്രന്‍ ജനങ്ങള്‍ക്കെല്ലാം സുപരിചിതനുമാണ്. നേരത്തെ തൃക്കരിപ്പൂര്‍ എം എല്‍ എയായി രണ്ടു തവണ വിജയിച്ച അദ്ദേഹം സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായും തിളങ്ങിയിരുന്നു.

Related News:
കാസര്‍കോട് ലോക്‌സഭ: കോട്ട കാക്കാന്‍ കെ പി സതീഷ് ചന്ദ്രന്‍ മണ്ഡലത്തില്‍ സജീവമായി; സുബ്ബയ്യ റൈ, ബാലകൃഷ്ണന്‍ പെരിയ, ടി സിദ്ദീഖ് - കോണ്‍ഗ്രസിനു വേണ്ടി പടക്കളത്തിലിറങ്ങുന്നത് ഇവരില്‍ ആര്?

ഒരുമുഴം മുമ്പേ ഇടതുപക്ഷം; മണ്ഡലത്തിന്റെ മനമറിയാന്‍ കച്ചകെട്ടിയിറങ്ങി സതീഷ് ചന്ദ്രന്‍

കാസര്‍കോട്ട് ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കും; പെരിയ കൊലപാതകം അംഗീകരിക്കാനാവില്ല: പി കരുണാകരന്‍ എംപി

കാസര്‍കോട് കോട്ട കാക്കാന്‍ സതീഷ് ചന്ദ്രന്‍ പ്രചാരണം തുടങ്ങി; ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡിടുക ലക്ഷ്യം

കാസര്‍കോടന്‍ കോട്ട നിലനിര്‍ത്താന്‍ സി പി എം അങ്കത്തിനിറക്കുന്നത് കമ്പല്ലൂര്‍ കോട്ടയിലെ പടക്കുറുപ്പിനെ

ലോക്‌സഭ തിരഞ്ഞെടുപ്പ്; സി പി എം സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയായി; കാസര്‍കോട്ട് പി കരുണാകരനില്ല, സതീഷ് ചന്ദ്രന്‍ മത്സരിച്ചേക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: PC Vishnunath, Kasaragod, News, BJP, Election, Congress, Top-Headlines, LS Polls: PC Vishnunath will contest from Kasargod constituency

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL