city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തുള്ളത് കബഡി താരങ്ങളും ക്രിക്കറ്റുമായി പുലബന്ധമില്ലാത്തവരുമെന്ന് മുന്‍ സംസ്ഥാനതാരം; ക്രമക്കേടുകള്‍ തുറന്നുപറഞ്ഞതോടെ താരത്തിന് 4 വര്‍ഷത്തെ വിലക്ക്, ബിസിസിഐ കോച്ച് ആവാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 23.03.2019) കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തുള്ളത് കബഡി താരങ്ങളും ക്രിക്കറ്റുമായി പുലബന്ധമില്ലാത്തവരുമെന്ന് മുന്‍ സംസ്ഥാനതാരത്തിന്റെ വെളിപ്പെടുത്തല്‍. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുന്‍ സംസ്ഥാന ക്രിക്കറ്റ് താരം മുഹമ്മദ് അലി ഫത്താഹ് ക്രിക്കറ്റ് അസോസിയഷനിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ക്രമക്കേടുകള്‍ തുറന്നുപറഞ്ഞതിനെ തുടര്‍ന്ന് തന്നെ നാല് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും ബിസിസിഐ കോച്ച് ആവാനുള്ള അവസരം നഷ്ടപ്പെടുത്തിയതായും ഫത്താഹ് ആരോപിക്കുന്നു.

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുടെ സ്വന്തം സ്ഥാപനമായ സ്‌പോര്‍ട്‌സ് ഗ്യാലറി എന്ന സ്ഥാപനത്തില്‍ നിന്നും ക്രിക്കറ്റ് അസോസിയേഷന് ആവശ്യമുള്ള ഉപകരണങ്ങള്‍ വാങ്ങിക്കുകയും ഇതില്‍ നിന്ന് വന്‍ലാഭം ഉണ്ടാക്കുകയും ചെയ്ത നടപടി കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിയമാവലിക്ക് എതിരാണെന്ന് സമൂഹമാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും അറിയിച്ചതാണ് വിലക്കിന് കാരണമായി ഫത്താഹ് പറയുന്നത്. സംസ്ഥാന താരങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്ത കോച്ചിംഗ് ക്ലാസിന് ജില്ലാ ടീമില്‍ പോലും കളിക്കാത്ത, സെക്രട്ടറിയുടെ സുഹൃത്തായ വ്യക്തിയെയാണ് അസോസിയേഷന്‍ അയച്ചതെന്നും ഇത് താന്‍ ചോദ്യം ചെയ്തിരുന്നതായും ഫത്താഹ് പറഞ്ഞു.

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളില്‍ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റിനെ കുറിച്ചുള്ള അറിവുള്ളവരും ഇല്ലാത്തത് ജില്ലയിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയെ വളരെയേറെ ബാധിക്കുന്നുണ്ടെന്നും ഇത് താന്‍ നിരന്തരം ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ഫത്താഹ് വ്യക്തമാക്കി. ജില്ലയിലെ ജൂനിയര്‍ താരങ്ങള്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍, മത്സരപരിചയം, സ്വന്തമായുള്ള നെറ്റ്‌സ് കോച്ചിംഗ് അക്കാദമി ഇതൊന്നുമില്ലാത്തത് കാസര്‍കോട്ട് മാത്രമാണ്.

രണ്ട് വര്‍ഷം മുമ്പ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌കൂള്‍ ക്രിക്കറ്റ് ഡെവലപ്പ്‌മെന്റിന്റെ ഭാഗമായി തെരഞ്ഞെടുത്ത ജില്ലയിലെ 18 സ്‌കൂളുകള്‍ക്ക് സ്വന്തമായി പ്രാക്ടീസ് നെറ്റ്‌സ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. ഇതിന് മേല്‍നോട്ടം വഹിച്ചത് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഒരു ഭാരവാഹി തന്നെയാണ്. 18 ലക്ഷം രൂപ ചിലവഴിച്ചുണ്ടാക്കിയ ഈ പരിശീലന കേന്ദ്രം ഇന്ന് ഒരു സ്‌കൂളില്‍ പോലും ഉപയോഗിക്കാന്‍ സാധിക്കാത്ത നിലയിലാണ്. അശാസ്ത്രീയമായും നിലവാരം കുറഞ്ഞതുമായ സാധനങ്ങള്‍ ഉപയോഗിച്ചുമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ഫത്താഹ് ആരോപിക്കുന്നു.

കഴിഞ്ഞ 29 വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്ന മുഹമ്മദലി ഫത്താഹ് ജില്ലയിലെ പല താരങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗും ദിനേശ് മോങ്കിയും അടങ്ങുന്ന ഇന്ത്യന്‍ സ്‌കൂള്‍ ടീമിന്റെ ക്യാമ്പംഗവും കൂടിയായിരുന്നു താരം. സംസ്ഥാന സ്‌കൂള്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഫത്താഹ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് ടീമിന് വേണ്ടിയും പാഡണിഞ്ഞിട്ടുണ്ട്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താന്‍ ലണ്ടനിലെ മൈനര്‍കൗണ്ടി ക്രിക്കറ്റില്‍ റെഡ് ലൈറ്റ് ക്രിക്കറ്റ് ക്ലബ്ബിന്റെ അംഗവും കൂടിയാണെന്ന് ഫത്താഹ് വ്യക്തമാക്കി.

ഇവിടെ നടക്കുന്ന ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ട്രയലുകള്‍ ഒരു ചടങ്ങു പോലെയാണ് തീര്‍ക്കുന്നത്. ജില്ലാ മത്സരങ്ങള്‍ക്ക് മുന്നോടിയായി നടത്തേണ്ട സെലക്ഷനുകള്‍ കേവലം രണ്ടോ മൂന്നോ ദിവസങ്ങള്‍ മുമ്പ് മാത്രമാണ് നടത്തുന്നത്. ഇതിലൂടെയാണ് ടീം തെരഞ്ഞെടുത്ത് മത്സരങ്ങള്‍ക്കയക്കുന്നത്. മതിയായ പരിശീലനം ഇല്ലാതെ പോകുന്നതിനാല്‍ പലപ്പോഴും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല. സെലക്ഷന്‍ ട്രയല്‍സിന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കൊടുത്താല്‍ 400 - 500 താരങ്ങള്‍ സെലക്ഷന് എത്തും. പല താരങ്ങള്‍ക്കും അവരുടെ ബോളിംഗിലോ ബാറ്റിംഗിലോ കഴിവ് തെളിയിക്കാനുള്ള അവസരം പോലും ലഭിക്കാറില്ല. ഇത് പലതാരങ്ങളുടെയും ഭാവിയെ തന്നെ ഇല്ലാതാക്കുന്നുണ്ട്. അസോസിയേഷന്‍ ഭാരവാഹികളുടെ മക്കള്‍ സ്ഥിരമായി ടീമില്‍ കയറിപ്പറ്റുന്നതും ജില്ലയിലെ മറ്റു താരങ്ങള്‍ക്ക് അവസരം നഷ്ടപ്പെടാന്‍ ഇടയാക്കുന്നുണ്ടെന്നും ഫത്താഹ് ആരോപിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ കേരളത്തില്‍ നടത്തുന്ന രാജ്യാന്തര മത്സരങ്ങളുടെ ടിക്കറ്റുകള്‍ ജില്ലയിലെ എല്ലാ ക്ലബ്ബുകള്‍ക്കും വിതരണം ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഇത് അസോസിയേഷന്‍ ഭാരവാഹികള്‍ മാത്രം അവര്‍ക്ക് ആവശ്യമുള്ളവര്‍ക്ക് നല്‍കുകയാണ് പതിവ്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി ഒരുപാട് ക്രിക്കറ്റ് ക്ലബ്ബുകള്‍ അസോസിയേഷനില്‍ അംഗങ്ങളാകുവാനും ജില്ലാ ലീഗ് മാച്ച് കളിക്കുന്നതിനും തയ്യാറായി അപേക്ഷ നല്‍കുന്നുണ്ടെങ്കിലും ഒരു ടീമിനെ പോലും പുതുതായി ഇവര്‍ അസോസിയേഷനില്‍ എടുക്കുന്നില്ല. കൂടുതല്‍ ക്ലബ്ബുകള്‍ വരുമ്പോള്‍ ഇവരുടെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതി മൂലമാണ് ഇവര്‍ പുതിയ ക്ലബ്ബുകള്‍ക്ക് അംഗത്വം നല്‍കാത്തത്. ഇത് മലയോരമേഖലയടക്കമുള്ള ക്ലബ്ബുകള്‍ക്ക് കളിക്കുവാനുള്ള അവസരം നഷ്ടപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ താന്‍ നിരന്തരം അസോസിയേഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ അംഗീകരിച്ചില്ല. അതുകൊണ്ട് അസോസിയേഷനില്‍ നടക്കുന്ന ചില കാര്യങ്ങള്‍ ക്രിക്കറ്റ് പ്രേമികളായ നാട്ടുകാര്‍ അറിയുന്നതിന് വേണ്ടിയാണ് ഞാന്‍ സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

ജില്ലയിലെ ക്രിക്കറ്റ് വളര്‍ച്ചയാണ് എന്റെ താല്‍പര്യം. ഞാനൊരു കളിക്കാരനാണ്. അതു കൊണ്ട് തന്നെ ക്രിക്കറ്റിന് വേണ്ടി ശബ്ദിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. അസോസിയേഷനകത്തുള്ള പടലപ്പിണക്കങ്ങളും അഴിമതികളും ജില്ലയിലെ ക്രിക്കറ്റിനെ ബാധിച്ചിട്ടുണ്ട്. കഴിവുള്ള കുറെ കളിക്കാര്‍ ജില്ലയിലുണ്ട്. അവരുടെ ക്രിക്കറ്റ് ഭാവിക്ക് വേണ്ടി ഒരു പഴയ കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അസോസിയേഷന്റെ അഴിമതിയും കെടുകാര്യസ്ഥതയും പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞത്. ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കാതെ നാല് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി എന്നെ നിശ്ശബ്ദനാക്കാമെന്നാണ് അസോസിയേഷന്‍ കരുതുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫത്താഹ് വ്യക്തമാക്കി.

കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തുള്ളത് കബഡി താരങ്ങളും ക്രിക്കറ്റുമായി പുലബന്ധമില്ലാത്തവരുമെന്ന് മുന്‍ സംസ്ഥാനതാരം; ക്രമക്കേടുകള്‍ തുറന്നുപറഞ്ഞതോടെ താരത്തിന് 4 വര്‍ഷത്തെ വിലക്ക്, ബിസിസിഐ കോച്ച് ആവാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും ആക്ഷേപം


Keywords:  Disruptions in Kasargod cricket association, kasaragod, news, Kerala, Sports, cricket, Social-Media.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL