Join Whatsapp Group. Join now!
Aster MIMS 10/10/2023

വഖഫ് ബോര്‍ഡ് മുന്‍ സി ഇ ഒ ഉള്‍പെടെയുള്ളവര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസ്; വഖഫ് ബോര്‍ഡിന്റെ വാദം കേള്‍ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Vigilance case against Waqf board; HC rejected the plea for hearing the argument, Kochi, High-Court, News, Kerala, Waqf board.
കൊച്ചി: (www.kasargodvartha.com 06.12.2018) വഖഫ് ബോര്‍ഡ് മുന്‍ സി ഇ ഒ ഉള്‍പെടെയുള്ളവര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസില്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സ്വന്തക്കാരെ വഖഫ് ബോര്‍ഡില്‍ നിയമിച്ചതിലൂടെ വഖഫിനും ഖജനാവിനും നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് വഖഫ് ബോര്‍ഡ് സംരക്ഷണ സമിതി പ്രസിഡണ്ട് തൃക്കാക്കരയിലെ ടി എം അബ്ദുല്‍ സലീം നല്‍കിയ പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു.

ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം എതിര്‍കക്ഷികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണ്ടെന്നും മുന്‍ സി ഇ ഒ ബി എം ജമാലിനെതിരെ അച്ചടക്ക നടപടിയെടുക്കാവുന്നതുമാണെന്നും റിപോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യം കോടതിയുടെ പരിഗണനയിലിരിക്കെയാണ് വഖഫ് ബോര്‍ഡ് തങ്ങളെ കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഇക്കാര്യം അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചത്.

വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ടില്‍ വിജിലന്‍സ് കോടതി തുടര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി ജഡ്ജ് പി ഉബൈദ് വിലയിരുത്തി. ഈ സാഹചര്യത്തില്‍ കേസില്‍ പങ്കാളിത്തമില്ലാത്ത വഖഫ് ബോര്‍ഡിന്റെ വാദം കേള്‍ക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ ഘട്ടത്തില്‍ പ്രതികളെ പോലും കേള്‍ക്കേണ്ടതില്ലെന്നാണ് ക്രിമിനല്‍ നടപടി ചട്ടം അനുശാസിക്കുന്നത്. അന്വേഷണ നടപടികള്‍ പ്രാഥമിക ഘട്ടത്തിലാണിപ്പോഴുള്ളത്. ഈ ഘട്ടത്തില്‍ വിചാരണ കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. വിജിലന്‍സ് നല്‍കിയ റിപോര്‍ട്ടില്‍ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ വിജിലന്‍സ് കോടതി തീരുമാനമെടുത്തിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

ഈ സാഹചര്യത്തില്‍ വഖഫ് ബോര്‍ഡിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. വഖഫ് സ്വത്ത് സ്വന്തം കുടുംബ സ്വത്ത് പോലെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ടി എം അബ്ദുല്‍ സലാം മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപോര്‍ട്ട് നിയമവിരുദ്ധമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ എം രാജേഷ് ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vigilance case against Waqf board; HC rejected the plea for hearing the argument, Kochi, High-Court, News, Kerala, Waqf board.